രണ്ടായിരത്തിൻ്റെ ബാക്കി വാങ്ങാതെ യാത്രക്കാരൻ പോയി; സൂക്ഷിച്ചു വെച്ച തുക തിരികെ കൊടുത്ത് കണ്ടക്ടർ…

വിവരണം – Amesh Thulaseedharan.

നന്മ മരിച്ചിട്ടില്ല… 16.06.2019 (ശനി): രാത്രി 8:00 മണിക്കുള്ള തിരുവനന്തപുരം – എറണാകുളം KSRTC Low Floor ബസിൽ കയറി കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. കൊട്ടിയം ആണ് ഇറങ്ങേണ്ട സ്റ്റോപ്. എന്നാലും ഫെയർ കൊല്ലത്തു ഇറങ്ങുന്നതിന് തുല്യം ആയതു കൊണ്ട് ടിക്കറ്റ് എടുക്കുമ്പോൾ കൊല്ലം എന്നെ പറയാറുള്ളൂ. 140 Rs ടിക്കറ്റ്. കഷ്ട കാലത്തിനു കയ്യിൽ ഉള്ളത് 2000 Rs നോട്ട് മാത്രം. അതു കൊടുത്തതും കണ്ടക്ടർ പറഞ്ഞു ഇറങ്ങുമ്പോ ബാലൻസ് തരാമെന്നു. ശെരി ആയിക്കോട്ടെന്നു പറഞ്ഞു. ഇടയ്ക്കു 2-3 തവണ മനസിനെ സ്വയം ഓർമിപ്പിച്ചു. ഇറങ്ങുമ്പോൾ മറക്കല്ലേന്നു. എന്തായാലും അതു തന്നെ സംഭവിച്ചു.

കൊട്ടിയത്ത്‌ ഇറങ്ങാൻ നേരം ബാലൻസ് വാങ്ങാൻ മറന്നു. നാട്ടിലെ ഒരു അനുഭവം വച്ചു ആ കാശ് പോയി എന്ന് തന്നെ വിചാരിച്ചു. ഒന്നു രണ്ടു സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ വ്യത്യസ്ത അഭിപ്രായം. ചിലർ പറഞ്ഞു ഡിപ്പോയിൽ പരാതി കൊടുത്താൽ ചിലപ്പോ കിട്ടുമെന്നു. ചിലർ പറഞ്ഞു അതേ ബസിൽ ഒന്നു കേറി നോക്കു, കണ്ടക്ടർ same ആണേൽ ചിലപ്പോ കിട്ടുമെന്നു. ഇനി കണ്ടക്ടർ വേറെ ആണേൽ ശനി ആഴ്ചത്തെ കണ്ടക്ടറിന്റെ നമ്പർ വാങ്ങി വിളിച്ചു നോക്കു. അങ്ങനെ പല അഭിപ്രായം. എന്തായാലും അതിനൊന്നും മുതിർന്നില്ല. സ്വതവേ ഉള്ള മടി.

18.06.2019 ചൊവ്വാഴ്ച വീണ്ടും തിരുവനന്തപുരം to കൊല്ലം യാത്ര ചെയ്യേണ്ടി വന്നു. കയറിയത് 8:00 മണിക്കുള്ള നമ്മുടെ Low Floor ഇൽ തന്നെ. 2 ദിവസമേ ആയിട്ടുള്ളു എങ്കിലും കണ്ടക്ടറുടെ മുഖം ഓർമയിൽ ഇല്ലായിരുന്നു. തീരെ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും അന്നത്തെ കണ്ടക്ടർ വന്നപ്പോ കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തി കളഞ്ഞു. അദ്ദേഹം ആദ്യം പറഞ്ഞത് മനസിൽ നിന്നും വലിയ ഒരു ഭാരം ഇറങ്ങി എന്നാണ്. അദ്ദേഹം തന്നെ ആയിരുന്നു ശനിയാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ശനിയാഴ്ചയ്ക്കു ശേഷം പിന്നെ ഇന്നാണ് ഡ്യൂട്ടിയിൽ വന്നതും. എന്റെ മുഖം പുള്ളിയും മറന്നിരുന്നു.

അന്നു ഞാൻ കൊല്ലത്തേക്ക് ടിക്കറ്റ് പറഞ്ഞതു കൊണ്ടു ഞാൻ കൊട്ടിയത്ത്‌ ഇറങ്ങിയപ്പോ പുള്ളി ശ്രദ്ധിച്ചില്ല. കൊല്ലം എത്തി ബാലൻസ് തരാൻ നോക്കിയപ്പോ ആളെ കാണാനുമില്ല. എന്തായാലും പറഞ്ഞ മാത്രയിൽ തന്നെ 1860 Rs എണ്ണി കയ്യിൽ തന്നു. ഒരു ചെറു ചിരിയോടെ… അതു തന്നപ്പോൾ ആ മുഖത്തെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്നെക്കാൾ കൂടുതൽ സന്തോഷവും ആശ്വാസവും പുള്ളിക്ക് ആണെന്ന് തോന്നി പോയി.

ക്യാഷ് തിരിച്ചു കിട്ടിയതിനെക്കാൾ കൂടുതൽ സന്തോഷം തോന്നിയത് നന്മയും മനസാക്ഷിയും ഇപ്പോഴും ബാക്കി ഉണ്ട് എന്ന തോന്നലാണ്. ഇതു പോലുള്ള ചെറിയ ചെറിയ നന്മകൾ ലോകം അറിയേണ്ടതാണ്. ഒരാൾക്കെങ്കിലും അതു പ്രചോദനം ആയാൽ അത്രയും നല്ലതു. അതു കൊണ്ടു പോസ്റ്റ് ചെയുന്നു. ആളെ ഒന്നു പരിചയപെട്ടു. പ്രസാദ് ഏട്ടൻ. നെടുമുടി സ്വദേശം. ആളുടെ ഫോട്ടോ കൂടെ ചേർക്കുന്നു. ഒരായിരം നന്ദി പ്രസാദ് ചേട്ടന്. നന്മയും ആത്മാർത്ഥതയും ഉള്ള ആൾകാർ ഇപ്പോഴും ഉണ്ടെന്നു തന്റെ ചെറിയ വലിയ പ്രവർത്തിയിലൂടെ വീണ്ടും തെളിയിച്ചതിനു. ആളെ തിരിച്ചറിഞ്ഞു അംഗീകരിക്കാൻ ഈ പോസ്റ്റ് ഉപകാരപ്പെടുമെങ്കിൽ ആ വലിയ മനസിന്‌ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഉപഹാരവും ഇതു തന്നെ ആവും.