17000 ദ്വീപുകളുള്ള ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് ഒരു യാത്ര

വിവരണം – വർഷ വിശ്വനാഥ്.

17,000… പതിനേഴായിരത്തോളം ദ്വീപുകളുള്ള ഒരു രാജ്യം – അതാണ്‌ ഇന്തോനേഷ്യ. വിസ്തൃതിയില്‍ ഏറ്റവും വലിയ ദ്വീപു രാഷ്ട്രം. ലോകത്തിലെ 14-ആമത് വലിയ രാജ്യം. ഏഴാം നൂറ്റാണ്ട് തൊട്ടേ ഇന്ത്യയുമായി നല്ല ബന്ധമുണ്ട് ഇവിടത്തെ ദ്വീപുകള്‍ക്ക്. എല്ലാം ഒന്നിച്ച് ഇന്തോനേഷ്യ എന്ന ഒരു രാജ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് 1945-ഇലാണ്‌. അത് ഡച്ച് അംഗീകരിക്കുന്നത് 1949 ലും.

ബാലി: ഇന്തോനേഷ്യയിലെ ഒരു കൊച്ചു ദ്വീപാണ്‌ ബാലി. ചുറ്റിനും ഭംഗിയുള്ള കടലും ബീച്ചും കാടും മലകളും അനേകം അമ്പലങ്ങളും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ഉള്ള ഒരു ദ്വീപാണ്‌ ബാലി. പ്രകൃതിയും സംസ്കാരവും ഭക്ഷണവും ആസ്വദിക്കാനുള്ളവര്‍ക്ക് അതും ഷോപ്പിങ്ങ് പ്രിയര്‍ക്ക് അതും രാത്രി പാര്‍ട്ടി ആസ്വദിച്ച് രാവുകള്‍ പകലുകള്‍ ആക്കേണ്ടവര്‍ക്ക് അതും ബാലിയിലാകാം. വെറും 5780 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്‌ ബാലിയുടെ വിസ്തൃതി. മുഖ്യകരയായ ബാലി ദ്വീപില്‍ കിഴക്കുനിന്ന് പടിഞ്ഞാറു വശത്തേക്ക് 153 കിലോമീറ്റര്‍ വീതിയും വടക്കു നിന്നു തെക്കു ഭാഗത്തേക്ക് കൂടിയ നീളം 112 കി.മി.യുമാണ്‌. ഈ ഒരു വിസ്തൃതിയിലാണ്‌ ഇത്രയും അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

എങ്ങനെ ഒരു ബാലിയാത്ര പ്ലാന്‍ ചെയ്യാം? 2019-ഇലാണ്‌ ഞാന്‍ ബാലിയിലേക്ക് ആദ്യ യാത്ര ചെയ്യുന്നത്. ഒരു സുഹൃത്തിനൊപ്പം. അതിനും മുന്നെ 2017 ല്‍ ബാലിയാത്ര പ്ലാന്‍ ചെയ്തിരുന്ന സമയത്ത് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വിമാനയാത്രകള്‍ നിര്‍ത്തിയതിനാല്‍ ആ പ്ലാനും മുടങ്ങിപ്പോയിരുന്നു.

ബാലിയില്‍ പ്രധാനമായും രണ്ട് കാലവസ്ഥയേ ഉള്ളൂ. മഴക്കാലവും വേനല്‍ക്കാലവും. ഏപ്രിലിലെ മഴക്കാലം കഴിഞ്ഞ് വേനല്‍ക്കാലം തുടങ്ങുന്ന സമയത്താണ്‌ ഞാന്‍ യാത്ര ചെയ്തത്. അത് വളരെ നല്ലൊരു സമയമായി എനിക്ക് തോന്നി. കാരണം ആവശ്യത്തിനു തണുപ്പുണ്ടായിരുന്നു. വെയിലിന്റെ കാഠിന്യം അനുഭവിക്കേണ്ടിയും വന്നില്ല. എന്നാല്‍ പാശ്ചാത്യര്‍ ഇവിടെ ചൂടും വേനലും ആഘോഷിക്കാനാണ്‌ പ്രധാനമായും വരുന്നത്. ജൂലൈ ആണ്‌ അവരുടെ ഇഷ്ടപ്പെട്ട യാത്രാസമയം.

ഇവിടെ ഏറ്റവും കൂടുതല്‍ കാണുന്നത് ആസ്ട്രേലിയയില്‍ നിന്നുള്ള യാത്രികരെയാണ്‌. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിലപ്പോഴെല്ലാം ഇവിടത്തെ സംസ്കാരത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും യോഗ, ആയുര്‍വേദം എന്നിവ അനുഭവിക്കുന്നതിനുമായി ഒന്നോ രണ്ടോ മാസങ്ങള്‍ താമസിക്കാറുണ്ട്.

2010 ല്‍ ഇറങ്ങിയ ജൂലിയ റോബേര്‍ട്ട്സ് മുഖ്യ കഥാപാത്രം ചെയ്ത “EAT, PRAY, LOVE” എന്ന അമേരിക്കന്‍ ചിത്രത്തിന്റെ നല്ലൊരു ഭാഗം ബാലിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. എന്റെ ബാലിയാത്ര 8 ദിവസമായിരുന്നു. ആദ്യ 4 ദിവസം സ്ഥലങ്ങള്‍ കണ്ടുപ്പിടിച്ച് കാണാനും അടുത്ത 4 ദിവസം കൂടുതലും ഉല്ലാസം, വിനോദം, വിശ്രമം എന്നിവയ്ക്കായി മാറ്റിവെച്ചുമായിരുന്നു യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ ആദ്യ 4 ദിവസം ഉബുദിലും അടുത്ത 4 ദിവസം കൂട്ടയിലുമാണ്‌ താമസിച്ചത്.

സ്ഥല പരിചയം: ബാലിയിലെ ഡെന്‍പസാര്‍ വിമാനത്താവളത്തില്‍ നിന്ന് 1 മണിക്കൂര്‍ (35 കിമി) യാത്ര ചെയ്യാനുണ്ടായിരുന്നു ഉബുദിലെ Sacred Monkey Forest എന്ന സ്ഥലത്തുള്ള ഞങ്ങളുടെ താമസയിടത്തേയ്ക്ക്. 2 ദിവസങ്ങള്‍ കാര്‍ വാടയ്കക്കെടുത്തും ബാക്കി ദിവസങ്ങളില്‍ സ്കൂട്ടര്‍ വാടകക്കെടുത്ത് സ്വയം വഴി കണ്ടു പിടിച്ചുമാണ്‌ ഞങ്ങള്‍ യാത്ര ചെയ്തത്. സ്കൂട്ടര്‍ യാത്ര വളരെ എളുപ്പവും ചെലവു കുറഞ്ഞതുമായിരുന്നു. 10 ദിര്‍ഹത്തിന്നടുത്തായിരുന്നു ദിവസ വാടക. എന്നാല്‍ ഒരുപാട് ദൂരെയുള്ള. 150 ലേറെ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ ഒരുമിച്ച് കൂട്ടി കാറെടുത്ത ദിവസങ്ങളില്‍ കണ്ടു തീര്‍ത്തു.

റോഡിന്നിരുവശവും കുറച്ച് ഭാഗം കടകളും റെസ്റ്റോറന്റുകളും ബാറുകളും ഉള്ള എന്നാല്‍ ബാക്കിയെല്ലാഭാഗത്തും കാടുമുള്ള സ്ഥലം. അതായിരുന്നു ഞങ്ങള്‍ താമസിച്ചയിടം. റിസോര്‍ട്ടില്‍ കേറിയാല്‍ പൂര്‍ണ്ണ ശാന്തത..

ബേശാഖി അമ്പലം, തമന്‍ തീര്‍ത്ഥ ഗംഗ, ആലിങ്ങ് ആലിങ്ങ് വെള്ളച്ചാട്ടം, ബാലി സ്വിങ്ങ്, ഗിത് ഗിത് വെള്ളച്ചാട്ടം, ജതിലുവീ റൈസ് ടെറെസസ്, തനാ ലോട്ട് എന്നിവ കാറിലാണ്‌ സന്ദര്‍ശിച്ചത്. ബേശാഖി അമ്പലം – “ബാലിയിലെ Mother Temple” എന്നാണ്‌ ഈ അമ്പല സമുച്ചയത്തെ വിളിക്കുന്നത്. ഏകദേശം എണ്‍പതിലേറെ അമ്പലങ്ങളുണ്ട് ഈ സമുച്ചയത്തില്‍. അഗുന്‍ഗ് അഗ്നിപര്‍വ്വതത്തിന്നടുത്താണീ സമുച്ചയം. Must See ആണിവിടം.

ഗുണുങ്‌കവി, ഉളുവാതു, തീര്‍ത്ഥ എംപുള്‍, ടെഗനുങ്ങാന്‍ വെള്ളച്ചാട്ടം, ചില ബീച്ചുകള്‍ എന്നിങ്ങനെ പലതും സ്കൂട്ടറിലാണ്‌ explore ചെയ്തത്. ആദ്യ ദിവസം ഞങ്ങള്‍ 2 പേരും 2 സ്കൂട്ടറിലാണ്‌ യാത്ര ചെയ്തത്. പക്ഷെ അതിലും എളുപ്പം ഒരു വണ്ടിയില്‍ പോകാനായിരുന്നു. പുറകിലെ ആള്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടു പിടിക്കാന്‍ എളുപ്പമാണല്ലോ.

ഉബുദിലെ 4 ദിവസങ്ങള്‍ കഴിഞ്ഞ് പിന്നെ താമസിച്ചത് കൂട്ടയിലാരുന്നു. 2002 ലെ ഒക്ടോബറില്‍ ബാലിയിലെ നൈറ്റ് ക്ലബ്ബിന്നടുത്തുണ്ടായ ഒരു ബോംബു സ്ഫോടനത്തെക്കുറിച്ച് വായിച്ചിട്ടുള്ളത് ഓര്‍മയിലുണ്ടോ? അന്നു 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതില്‍ 80 ല്‍ കൂടുതല്‍ ആളുകളും ആസ്ത്രേലിയക്കാരായിരുന്നു. അതേ സ്റ്റ്രീറ്റിലാണ്‌ ഞങ്ങള്‍ കൂട്ടയില്‍ താമസിച്ചത്.

പാഡീസ് പബ്ബും ബൌണ്ടി ഡിസ്കോത്തെക്കും ഒരുപാട് കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകളും മസാജ് പാര്‍ലറുകളും ഒക്കെയുള്ള സ്റ്റ്രീറ്റാണത്. ആ ബോംബു സ്ഫോടനത്തില്‍ മരിച്ചവര്‍ക്കായി നിര്മിച്ച സ്മാരകം അവിടെ കാണാം. കൂട്ട, സെമിന്യാക് എന്നിവ ചുറ്റിക്കാണാന്‍ സ്കൂട്ടറാണേറ്റവും നല്ലത്. കൂട്ടയിലെ വാട്ടര്‍ സ്പോര്‍ട്ട്സിനായി ഒരു പകല്‍ മാറ്റി വെക്കാന്‍ മറക്കരുത്.

എത്ര ചുറ്റിയടിച്ചാലും രാത്രി ഉറക്കമൊഴിച്ചാലും വിയര്‍ത്തു നടന്നാലും മലകേറിയിറങ്ങിയാലും അനേകം വെള്ളച്ചാട്ടങ്ങളില്‍ കുളിച്ചാലും ഒരിക്കലും ബാലി മതിയാകില്ല. കണ്ടു തീരില്ല.