1984 ലെ സിഡ്നിയിലെ സിനിമാ സ്റ്റൈൽ ബാങ്ക് റോബ്ബറി

വിവരണം – അജോ ജോർജ്ജ്.

1984 ജനുവരി 31, സിഡ്നി ഓസ്ട്രേലിയ, സമയം രാവിലെ പത്തരമണി. കോമൺ വെൽത് ബാങ്ക്. ബാങ്ക് തുറന്ന സമയം ആയതുകൊണ്ട് തിരക്ക് കുറവാണു. വെളിയിൽ നിന്നും ഒരു കറുത്ത കുട ചൂടി സുമുഖൻ ആയ ഒരാൾ കടന്നു വന്നു. കാഷിയറിൻ്റെ അടുത്തെത്തി അയാൾ സ്വയം പരിചയപ്പെടുത്തി. “ഹലോ സർ..ഞാൻ ഹക്കി അഥാൻ..”

കാഷ്യർ പറഞ്ഞു “സർ പറയു..ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത്..” “എനിക്ക് മാനേജരെ ഒന്ന് കാണണം..ഒന്ന് വിളിക്കാമോ” “അതിനെന്താ സർ..ഇപ്പോൾതന്നെ വിളിക്കാം…” വന്നിരിക്കുന്നത് ഏതോ വലിയ ഒരു കോടിശ്വരൻ ആണെന്ന് വിചാരിച്ചിട്ടാണ് അയാൾ അങ്ങിനെ പറഞ്ഞത്..അയാൾ മാനേജരുമായി തിരിച്ചെത്തി.

മാനേജർ വളരെ ഭവ്യതയോടെ ചോദിച്ചു..”പറയൂ സർ..എന്താണ് എന്നെകൊണ്ട് ആവിശ്യം..” “ഞാൻ ഇവിടെ വന്നത് ഒരു രഹസ്യം പറയാൻ ആണ്”..തന്റെ കയ്യിലുള്ള ബാഗ് തുറക്കുന്നതിനു ഇടയിൽ അയാൾ പറഞ്ഞു…ബാഗിൽ നിന്നും ഒരു കവർ പുറത്തെടുത്തു. അതിനുള്ളിൽ കൈയിട്ടുകൊണ്ട് അയാൾ തുടർന്നു. “ഈ ബാങ്ക് ഞാൻ കൊള്ളയടിക്കാൻ പോവുകയാണ്. എന്നോട് സഹകരിച്ചാൽ ജീവനോടെ എനിക്കും നിങ്ങൾക്കും പുറത്തു പോകാം. ഇല്ലങ്കിൽ ഞാൻ മാത്രം പുറത്തു പോകും…”

അയാൾ കാഷ്യറെ ഒന്ന് നോക്കി. എന്നിട്ടു കൈ നീട്ടി. “ആ ലോക്കറിന്റെ താക്കോൽ ഇങ്ങു തന്നേക്കു. അതിനു മുന്നേ ആ വാതിൽ അങ്ങ് ലോക്ക് ചെയ്തേക്കു…” അയാൾ പോയി വാതിൽ അടച്ചു.

ഹക്കി പതുക്കെ എഴുനേറ്റു. കയ്യിലെ തോക്കു മുകളിലേക്ക് ഉയർത്തി. “എല്ലാവരും ഇവിടെ ശ്രദ്ധിക്കുക. ഈ ബാങ്ക് ഞാൻ കൊള്ളയടിക്കാൻ പോവുകയാണ്. എല്ലാവരും താഴെ നല്ല കുട്ടികളായി ഇരിക്കുക. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

പക്ഷെ അതിടയിൽ മാനേജർ പൊലീസിലേക്ക് സിഗിനൽ അയച്ചിരുന്നു. ഒരു പത്തു മിനിറ്റുള്ളിൽ പോലീസ് അവിടെ എത്തി. ഹക്കി പുറത്തേക്കു നോക്കി. ബാങ്കിന് മുന്നിൽ നിറയെ പോലീസുകാർ. സർവവിധ ആയുധങ്ങളും ആയി നൂറോളം പേർ. മുകളിൽ ഒരു ഹെലികോപ്റ്റർ വട്ടം ഇട്ടു പറക്കുന്നുണ്ട്. ഹക്കി ആ കസേരയിൽ ചുമ്മാതിരുന്നു. മാനേജരെ നോക്കി ചിരിച്ചു കൊണ്ട്.

“പിന്നെ പറയു സർ..വീട്ടിൽ എല്ലാവർക്കും സുഖം അല്ലെ..”അയാൾ തോക്കു മാനേജർക്ക് നേരെ നീട്ടി. അയാൾ പേടിച്ചു കണ്ണുകൾ അടച്ചു. “അയ്യേ സാറെന്തിനാ പേടിക്കുന്നത്. സാറിനെ കൊന്നാൽ ഇവിടെ നിന്നും ഞാൻ എങ്ങിനെ പോകും. അതുകൊണ്ടു ഞാൻ സാറിനെ ഒന്നും ചെയ്യില്ല. പക്ഷെ..” അയാൾ ഒന്ന് ഉറക്കെ ചിരിച്ചു. മാനേജർ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി

“സാറ് എന്താ വിചാരിച്ചതു. എനിക്ക് വട്ടാണ് എന്നോ. അല്ല സർ. ഒരിക്കലും അല്ല. ഇതു എന്റെ പതിനേഴാമത്തെ ബാങ്ക് മോഷണം ആണ്. പതിനാറെണ്ണത്തിലും ഞാൻ പിടിക്കപ്പെട്ടില്ല. ഇതിലും പിടിക്കപ്പെടില്ല.” അയാളുടെ ആത്മവിശ്വാസം അവിടെ ഉള്ളവരെ അത്ഭുതപ്പെടുത്തി.

സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. മാനേജരുടെ മുറിയിലെ ഫോൺ ബെല്ലടിച്ചു. മാനേജർ പതുക്കെ എഴുനേറ്റു. ഹക്കി തോക്കുകൊണ്ട് അയാളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു “അത് എനിക്കുള്ള ഫോൺ ആണ്.” അയാൾ കാഷ്യറെയും കൂട്ടി അകത്തേക്ക് പോയി. തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. “അതേ…ആരും അതിബുദ്ധി കാണിക്കരുത്. കാണിച്ചാൽ ഇവന്റെ തല ഞാൻ ചിതറിക്കും” ഹക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. മാനേജരുടെ കസേരയിൽ കാഷ്യറെ ഇരുത്തി കൊണ്ട് ഹക്കി ഫോൺ എടുത്തു.

“ഹലോ” “ഇതു പോലീസിൽ നിന്നും ആണ്..എന്താണ് നിങളുടെ ഡിമാൻഡ്…” “എനിക്ക് അങ്ങിനെ ഡിമാൻഡ് ഒന്നും ഇല്ല. കുറച്ചു പണം. അതിവിടെ ഉണ്ടല്ലോ. ആ പിന്നെ എനിക്ക് വിശക്കുന്നുണ്ട്. ഭക്ഷണം വേണം. ആ എനിക്ക് മാത്രം അല്ല. ഇവിടെ ഉള്ള എല്ലാവർക്കും വേണം.”

“നിങ്ങൾക്ക് എന്തിനാണ് ഇത്രയും ആളുകൾ. ബാങ്കിന്റെ ആളുകളെ അവിടെ നിറുത്തിയിട്ടു ബാക്കിയുള്ളവരെ പുറത്തു വിട്ടൂടെ.” ഹക്കി ഒന്ന് ഒരു നിമിഷം ആലോചിച്ചു..”ശരി അവരെ വിട്ടയക്കാം..”

ഹക്കി തിരിച്ചെത്തി. ആളുകളോട് വരി വരിയായി നിൽക്കാൻ ആവശ്യപ്പെട്ടു. ആളുകൾ അതുപോലെ നിന്നു. അയാൾ മാനേജറെ അരികിലേക്ക് വിളിച്ചു. “സാറെ ആ വാതിൽ ഒന്ന് തുറന്നു കൊടുത്തേക്ക്. അവർ പൊക്കോട്ടെ. എനിക്ക് നിങൾ അഞ്ചു പേര് മതി. ആ പിന്നെ സാറെ വാതിൽ തുറക്കുമ്പോൾ ഓടാൻ ഒക്കെ തോന്നും. ആലോചിച്ചിട്ടു ഓടണം. നാലുപേർ ഇവിടെ തന്നെ ഉണ്ട്.”

മാനേജർ പോയി വാതിൽ പകുതി തുറന്നു. ആളുകളെ പുറത്തിറക്കി. തിരിച്ചു കയറി വാതിൽ ലോക്ക് ചെയ്തു. “അതെ..നിങ്ങൾക്കാർക്കും വീട്ടിൽ പോണ്ടേ..”ഹക്കി അവരെ നോക്കി ചോദിച്ചു. അവർ മറുപടി ഒന്നും പറഞ്ഞില്ല.

“നിങ്ങൾക്ക് പോണ്ടെങ്കിൽ പോണ്ട. എനിക്ക് പോണം. കാരണം എന്റെ കൂട്ടുകാരി ഞാൻ വരുന്നതും കാത്തു വീട്ടിൽ ഇരിക്കുന്നുണ്ട്. എനിക്ക് പോയെ പറ്റു.” അയാൾ പതുക്കെ ജനലിനു നീങ്ങി. പുറത്തു പോലീസുകാർ എന്തിനും തയ്യാറായി നിൽക്കുന്നുണ്ട്. ദൂരെ ഹെലികോപ്റ്റർ വട്ടം ഇട്ടു പറക്കുന്നത് കാണാം. അയാൾ തിരികെ സീറ്റിൽ എത്തി.

“എനിക്ക് മരിക്കാൻ പേടി ഒന്നും ഇല്ല. കാരണം ജീവിത്തിൽ അനുഭവിക്കാൻ ഉള്ള സുഖം ഒക്കെ അനുഭവിച്ചു തീർത്തു. ഈ റോബെറി കൂടി കഴിഞ്ഞാൽ അവളുടെ കൂടെ സ്വസ്ഥമായി ജീവിക്കണം.” അയാൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

സമയം മൂന്നര മണി. “സാറെ നമ്മക്ക് പോകാം. പക്ഷെ ഒരു പ്രശ്നം ഉണ്ട്. എനിക്ക് പുറത്തു കടക്കണം എങ്കിൽ നിങളുടെ സഹായം വേണം. ബുദ്ധിമുട്ടുണ്ടെൽ ഇപ്പോൾ പറയണം..എനിക്ക് നാലുപേരായാലും കുഴപ്പമില്ല..”ആരും ഒന്നും മിണ്ടിയില്ല.

“ശരി..മാനേജർ മുന്നിൽ നിൽക്കു. ബാക്കി എല്ലാവരും ചുറ്റും. അയാൾ മാനേജറുടെ തലയിൽ തോക്കു വച്ചു. ബാക്കിയുള്ളവരെ ചുറ്റും നിറുത്തി. മാനേജരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. അയാൾ വാതിൽ തുറന്നു. അവർ പുറത്തിറങ്ങി.

നൂറോളം പോലീസുകാരുണ്ട് ചുറ്റും. അയാൾ അവർക്കിടയിലൂടെ നടന്നു നീങ്ങി തന്റെ കാറിനു അടുത്തെത്തി. പോക്കറ്റിൽ നിന്നും കാറിന്റെ കീ എടുത്തു മാനേജർക്ക് നൽകി. “വണ്ടി ഓടിക്കുമല്ലോ അല്ലെ. വലിയ സ്പീഡ് ഒന്നും വേണ്ട. ആരും എന്നെ ഒന്നും ചെയ്യില്ല.” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരെയും വണ്ടിയിൽ കയറ്റി അയാൾ വണ്ടി എടുക്കാൻ പറഞ്ഞു. അയാൾ വണ്ടി എടുത്തു. റോഡ് മുഴുവൻ വിജനം ആണ്. എല്ലാവരും റോഡിനു ഇരുവശവും നിൽപ്പുണ്ട്. കാറുകൾ എല്ലാം വഴിയരുകിൽ പാർക്ക് ചെയ്തിരിക്കുന്നു. പോലീസുകാർ ഹക്കിക്കു പോകാൻ വഴി ഒരുക്കി കൊടുക്കുകയായിരുന്നു.

മാനേജർ കാറും ആയി വിജനമായ വഴിയിലൂടെ നീങ്ങി. ഇരുവശവും പോലീസു വണ്ടികൾ ഉണ്ട്. മുകളിൽ ഹെലികോപ്റ്റർ അവരെ നിരീക്ഷിക്കുണ്ട്. പകുതി വഴി കഴിഞ്ഞപ്പോൾ വഴിയുടെ നടുക്ക് വെള്ളം നിറച്ച ബാരലുകൾ നിരത്തി വച്ചിരിക്കുന്നു. ഡ്രൈവർ ഹക്കിയെ ഒന്ന് നോക്കി. അത് തട്ടി തെറിപ്പിച്ചു പോകാൻ അയാൾ പറഞ്ഞു. ബാരലുകൾ തട്ടി തെറിപ്പിച്ചു അയാൾ വണ്ടി മുന്നോട്ടു എടുത്തു.

വണ്ടിക്കു വേഗത കൂട്ടാൻ ഹക്കി നിർദേശം നൽകി. അയാൾ വണ്ടിക്കു വേഗത കൂട്ടി. പുറകെ പോലീസ് വണ്ടികൾ വന്നു തുടങ്ങിയത് ഹക്കി അറിയുന്നുണ്ടായിരുന്നു. ഹക്കി വണ്ടി എടുക്കാൻ പറഞ്ഞത് അവന്റെ വീട്ടിലേക്കു ആയിരുന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ തന്റെ കാമുകി അവിടെ നിൽക്കുന്നുണ്ടായിരുന്നു.

ബാക്കിൽ ഇരുന്ന ഒരാളെ തോക്കു ചൂണ്ടി അയാളെ പുറത്തു ഇറക്കി. ആ സ്ഥലത്തു അവളെ കയറ്റി ഇരുത്തി. അവൻ അയാളെ നോക്കി പറഞ്ഞു. “അടുത്ത റോബ്ബറിക്കു കാണാം..മറക്കരുത് എന്നെ..” അവൻ അയാളെ നോക്കി ചിരിച്ചു. “ഡ്രൈവർ വണ്ടി എടുത്തോളൂ.” അയാൾ വണ്ടി എടുത്തു.

ഇടറോഡുകൾ എല്ലാം പോലീസ് ബ്ലോക്ക് ചെയ്തിരിക്കുന്നു. മൈൻറോഡിലൂടെ അയാൾ വണ്ടി വേഗത്തിൽ വിട്ടു. സ്പിറ്റ് ബ്രിഡ്ജിലേക്കുള്ള വഴി ആണ് എന്ന് ഹക്കിക്കു മനസ്സിലായി. പത്തു കിലോമീറ്റർ ആണ് ആ പാലത്തിന്റെ നീളം. നടുക്ക് വച്ചു രണ്ടായി തുറക്കും. അവർ പാലത്തിനു അടുത്തെത്തി. പുറകിൽ ആറു പോലീസ് കാറുകളും. പോലീസ് വണ്ടികൾ റോഡ് ബ്ലോക്ക് ചെയ്തു അവനു പുറകിലായി നിറുത്തി.

അവൻ പാളത്തിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു. അയാൾ വണ്ടി എടുത്തു. കാറിനു മുകളിൽ ഹെലികോപ്റ്റർ വട്ടം ഇട്ടു പരക്കുന്നുണ്ട്. കുറച്ചു മുന്നോട്ടു നീങ്ങായപ്പോൾ ഡ്രൈവർ വണ്ടി നിറുത്തി. പാലം തുറന്നിരിക്കുന്നു. ഇനി പോകാൻ വഴിയില്ല. ഹക്കിക്കു താൻ പിടിക്കപ്പെട്ടു എന്ന് മനസിലായി. അയാൾ മാനേജരെ നോക്കി ചിരിച്ചു. പുറകോട്ടു തിരിഞ്ഞു തന്റെ കാമുകിക്ക് അയാൾ ഒരു ചുംബനം നൽകി.

അപ്പോഴേക്കും മൂന്ന് പോലീസുകാർ അയാളുടെ സമീപത്തേക്കു എത്തി. സമാധാന ചർച്ചക്കായി വന്നവർ ആണവർ. അയാൾ അവനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. അവൻ ചിരിച്ചുകൊണ്ട് കാറിന്റെ ഗ്ലാസ് താത്തി. ഒരു പോലീസുകാരൻ അവന്റെ അടുത്തെത്തി. അയാൾ എന്തോ സംസാരിക്കാൻ ആയി മുന്നോട്ടു ആഞ്ഞു. ഹക്കി ഒന്ന് ചിരിച്ചുകൊണ്ട് അയാളുടെ മൂക്കിന് നേരെ നിറയൊഴിച്ചു.

അയാളുടെ മൂക്കിന് പറ്റെ ആ ബുള്ളറ്റ് കടന്നു പോയി. പക്ഷെ പേടിച്ചു അയാൾ താഴെ വീണു. നിമിഷ നേരം കൊണ്ട് മറ്റു രണ്ടു പോലീസുകാരും ഹക്കിക്കു നേരെ നിറയൊഴിച്ചു. അകെ മൊത്തം ആറു ബുള്ളറ്റുകൾ മൂന്നെണ്ണം നെഞ്ചിലും, ഒരണ്ണം കൈയ്യിലും, രണ്ടെണ്ണം തലയിലും. നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. ഹക്കിക്കു അറിയാമായിരുന്നു തനിക്കു രക്ഷ ഇല്ല എന്ന്.

പതിനാറോളം വിജയിച്ച റോബറികൾ. അതിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാവേണ്ടതാണ്. എന്നാൽ മരിക്കുമ്പോൾ അയാളുടെ അക്കൗണ്ടിൽ വെറും നാനൂറ്റിഎഴുപതു ഡോളർ മാത്രം. ആർഭാടജീവിതവും ചൂതുകളിയും അയാളെ വീണ്ടും വീണ്ടും ദരിദ്രനാക്കി. പിന്നെയും ആർഭാടജീവിതത്തിനായി പിന്നെയും ബാങ്ക് കൊള്ളകൾ അയാൾ ആസൂത്രണം ചെയ്തു..പണത്തിനായി. The event was described as “Australia’s most dramatic hostage chase” with “scenes likened to a Hollywood movie.”