ബെംഗളൂരുവിലുള്ളവർക്ക് ചുറ്റിക്കാണുവാൻ ബന്നാർഘട്ട നാഷണൽ പാർക്ക്…

ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ബെംഗളൂരുവിൽ ധാരാളം മലയാളികൾ ജീവിക്കുന്നുണ്ട്. അവരിൽ ഫാമിലിയായി സെറ്റിലായവരും ഉണ്ട്. വീക്കെൻഡ് ദിവസങ്ങളിൽ സിനിമയും പുറത്തു നിന്നുള്ള ഭക്ഷണവും ഒക്കെയായാണ് മിക്കവരും സമയം തള്ളിനീക്കുന്നത്. എന്നാൽ ബെംഗളൂരു നഗരത്തിനു സമീപമായി കുട്ടികളുമായി കറങ്ങാന്‍ ‌പറ്റിയ മികച്ച ഒരു സ്ഥലമുണ്ട്. അതാണ് ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്. മൃഗശാ‌ലയും പാര്‍‌ക്കും ജംഗിള്‍ സഫാരിയുമാണ് ഇവിടു‌ത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.

ഇത്രയും തിരക്കേറിയ നഗരത്തിൽ ഇങ്ങനെ ഒന്നുണ്ടാകുമോ? സംശയങ്ങൾ ഉണ്ടോ നിങ്ങൾക്ക്? എന്താണ് ഒരു നാഷണൽ പാർക്ക്? ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ ചരിത്രപ്രാധാന്യമുള്ള മനുഷ്യനിര്‍മിത സ്മാരകങ്ങള്‍ നിലനില്ക്കുന്ന പ്രദേശങ്ങളെയോ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം. 1971-ല്‍ ‘പ്രോജക്റ്റ് ടൈഗര്‍’ പദ്ധതിക്കു രൂപംനല്കി ഘട്ടംഘട്ടമായി എല്ലാ കടുവാസങ്കേതങ്ങളെയും ഈ പദ്ധതിയിലുള്‍പ്പെടുത്തുകയും ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ എണ്‍പതോളം ദേശീയോദ്യാനങ്ങളുണ്ട്. അവയിലൊന്നാണ് ബന്നാർഘട്ട. 1974 ലാണ് ബന്നാർഘട്ടയ്ക്ക് ദേശീയോദ്യാനം എന്ന പദവി ലഭിച്ചത്.

104 ചതുരശ്ര കിലോമീറ്ററാണ് ഈ ഉദ്യാനത്തിന്റെ വിസ്തൃതി. സുവർണമുഖി കുന്നിൽനിന്ന് ഉദ്ഭവിക്കുന്ന സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്. വരണ്ട ഇലപൊഴിയും വനങ്ങൾ, മുൾക്കാടുകൾ എന്നിവ ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. സഞ്ചാരികൾ ധാരാളമായി ഇവിടേക്ക് സന്ദർശനത്തിനായി വരാറുണ്ട്. ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് BMTC യുടെ വോൾവോ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടെ വരുന്നതിനായി ഈ ബസ്സുകളെ ആശ്രയിക്കാവുന്നതാണ്. വീക്കെൻഡ് സമയത്ത് ബന്നാർഘട്ടയിൽ തിരക്ക് കൂടും.

തിരക്കുള്ള സമയങ്ങളിൽ ഇവിടെ വരുന്നവർക്ക് ടിക്കറ്റ് എടുക്കുവാനായി നല്ലൊരു ക്യൂവിൽത്തന്നെ നിൽക്കേണ്ടി വരും. ഇതിൽ നിന്നും രക്ഷ നേടുവാനായി ഒരു വഴി പറഞ്ഞുതരാം. http://bannerghattabiologicalpark.org എന്ന വെബ്‌സൈറ്റിൽ കയറി ഓൺലൈനായി ഇവിടേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഫീസുകളിൽ ഇളവുകൾ ലഭിക്കുന്നതാണ്. അതാകുമ്പോൾ ക്യൂവും നിൽക്കണ്ട സമയവും ലാഭം. ബന്നാർഘട്ടയിലെ പ്രധാന ആകർഷണം കാടിനുള്ളിലേക്കുള്ള സഫാരി ആണ്. അവരുടെ വാഹനത്തിൽ നമ്മളെ കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. സഫാരിയ്ക്കായി പലതരം വാഹനങ്ങൾ ഇവിടെ ലഭ്യമാണ്. സാധാരണ മിനി ബസ്, എ സി ബസ്, ജീപ്പുകൾ മുതലായവ വിവിധ നിരക്കുകളിൽ സഫാരിയ്ക്കായി നമുക്ക് തിരഞ്ഞെടുക്കാം.

ഇവിടത്തെ സഫാരി ഒരു ഒന്നൊന്നര അനുഭവം തന്നെയായിരിക്കും നിങ്ങൾക്ക് നൽകുക. കാട്ടുപോത്തുകളേയും മാനുകളേയും അതോടൊപ്പം തന്നെ കരടിക്കൂട്ടങ്ങളെയും ഇവിടെ കാണാവുന്നതാണ്. മിക്കവാറും റോഡിനു നടുക്ക് ആയിരിക്കും ഈ കരടിക്കൂട്ടങ്ങൾ വെയിൽ കായുന്നത്. സിംഹങ്ങൾ, വെള്ളക്കടുവകൾ മുതലായ ദൃശ്യ വിസ്മയങ്ങൾ വേറെയും ഉണ്ട്. 2017 ൽ ഇവിടെ മറ്റു കടുവകളുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരു വെള്ളക്കടുവ മരിച്ചിരുന്നു. ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതീക്ഷിതമായി പ്രവേശിച്ചതാണ് ആക്രമണത്തിന് കാരണമായത്. ഇത് ആ സമയത്ത് വാർത്തകളിൽ ഇടംനേടിയിരുന്നു.

വിവിധതരം ചിത്രശലഭങ്ങളുടെ ഒരു പാർക്കും ഇവിടെയുണ്ട്. ശനി-ഞായര്‍ ദിവസങ്ങളില്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ 10 മണിയ്ക്കുള്ള ആദ്യ സഫാരി ലക്ഷ്യം വെച്ച് പോവുന്നതാവും നല്ലത്. എന്തായാലും ഇവിടെ വരുന്നവർ ഒരിക്കലും സഫാരി മിസ് ചെയ്യാൻ പാടില്ല. നിങ്ങളുടെ അടുത്ത ട്രിപ്പ് ബെംഗളൂരു ബന്നാർഘട്ട നാഷണൽ പാർക്കിലേക്ക് ആകട്ടെ…