ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ട്രെയിനുകൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ഡൽഹിയും മുംബൈയും. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ചെലവു കുറച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ ഏറ്റവും നല്ല മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഡൽഹിയിൽ നിന്നും ട്രെയിൻ മുംബൈയിൽ എത്തിച്ചേരുവാൻ ഏറ്റവും കുറഞ്ഞത് 16 മണിക്കൂറോളം സമയമെടുക്കും. അതും വിരലിലെണ്ണാവുന്നവ മാത്രമാണ് ഈ സമയത്തിനുള്ളിൽ എത്തിച്ചേരുന്നത്. സാധാരണ ട്രെയിനുകൾ ആണെങ്കിൽ സമയം വേണ്ടുവോളം എടുക്കും. ഡൽഹി – മുംബൈ റൂട്ടിലെ വേഗതയേറിയ ട്രെയിൻ യാത്രയെക്കുറിച്ചാണ് ഇന്നത്തെ അറിവുകൾ.

ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, പഹർഗഞ്ചിനടുത്തുള്ള ന്യൂഡൽഹി റെയിൽവേ സ്റ്റേഷനാണ്. എങ്കിലും മുംബൈയിലേക്കുള്ള ട്രെയിനുകൾ ഹസ്രത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂടി ലഭിക്കുന്നതാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ഹസ്രത് നിസാമുദീൻ റെയിൽവേ സ്റ്റേഷനും തമ്മിൽ ഏകദേശം 20 മിനിറ്റ് സമയത്തെ യാത്രയ്ക്കുള്ള ദൂരമേയുള്ളൂ.

ഡൽഹിയിൽ നിന്നും സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളും മുംബൈയിലേക്ക് സർവ്വീസ് നടത്തുന്നുണ്ടെങ്കിലും എളുപ്പത്തിൽ എത്തിച്ചേരുവാൻ ഏറ്റവും നല്ലത് സ്റ്റോപ്പുകൾ കുറവായ രാജധാനി, തുരന്തോ പോലുള്ള പ്രീമിയം ട്രെയിനുകളാണ്. ഈ ട്രെയിനുകളുടെ ചാർജ്ജുകളിൽ സീസൺ അനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചേക്കാം. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പം എത്തിച്ചേരുവാൻ കഴിയുന്ന, യാത്രക്കാരുടെ മികച്ച അഭിപ്രായം നേടിയ 5 ട്രെയിനുകളെ പരിചയപ്പെടുത്തി തരാം.

ട്രെയിൻ നമ്പർ 12952 ന്യൂഡൽഹി – മുംബൈ സെൻട്രൽ രാജധാനി എക്സ്പ്രസ്സ് : ഈ ട്രെയിൻ ന്യൂഡൽഹി സ്റ്റേഷനിൽ നിന്നും വൈകീട്ട് 4.25 നു പുറപ്പെടുകയും പിറ്റേദിവസം രാവിലെ 8.15 നു മുംബൈ സെൻട്രലിൽ എത്തിച്ചേരുകയും ചെയ്യും. ഏകദേശം ആറോളം സ്റ്റോപ്പുകളാണ് ഇതിനിടയിലുള്ളത്. കുറഞ്ഞത് 16 മണിക്കൂറോളം സമയമെടുക്കും ഇത് മുംബൈയിലെത്തിച്ചേരുവാൻ. ദിവസേന ഓടുന്ന ഈ ട്രെയിനിൽ നല്ല ഭക്ഷണവും ലഭിക്കും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് വൃത്തിയും സമയനിഷ്ഠയും പാലിക്കുന്ന ഒരു ട്രെയിനാണിത്.

ട്രെയിൻ നമ്പർ 12954 ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസ്സ് : ഹസ്രത് നിസാമുദീൻ സ്റ്റേഷനിൽ നിന്നും വൈകീട്ട് 4.50 നു എടുക്കുന്ന ഈ ട്രെയിൻ പിറ്റേന്ന് രാവിലെ 9.45 നു മുംബൈ സെൻട്രലിൽ എത്തിച്ചേരും. രാജധാനി ട്രെയിനുകളുടെ അതേ നിരക്കുകളാണ് ഇതിലും.12 സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ കുറഞ്ഞത് 17 മണിക്കൂറോളം എടുത്താണ് മുംബൈയിൽ എത്തുന്നത്.

ട്രെയിൻ നമ്പർ 22210 ന്യൂഡൽഹി – മുംബൈ സെൻട്രൽ തുരന്തോ എക്സ്പ്രസ്സ് : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.25 നു എടുക്കുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.15 നാണു മുംബൈ സെൻട്രലിൽ എത്തിച്ചേരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ മാത്രമാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്.

ട്രെയിൻ നമ്പർ 09004 ഹസ്രത് നിസാമുദീൻ – ബാന്ദ്ര ടെർമിനസ് രാജധാനി സ്പെഷ്യൽ : ഹസ്രത് നിസാമുദീൻ സ്റ്റേഷനിൽ നിന്നും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4.15 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10 നു ബാന്ദ്ര ടെർമിനസിൽ എത്തിച്ചേരുന്ന ഈ ട്രെയിനാണ് ഈ റൂട്ടിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരുന്നത്. ഇടയ്ക്ക് മൂന്നു സ്റ്റോപ്പുകൾ മാത്രമേയുള്ളൂ എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രത്യേകത. എളുപ്പത്തിൽ എത്തിച്ചേരുന്നതു കൊണ്ട് സാധാരണ രാജധാനിയേക്കാൾ ചാർജ്ജ് കൂടുതലായിരിക്കും ഇതിൽ.

ട്രെയിൻ നമ്പർ 12910 ഹസ്രത് നിസാമുദീൻ – ബാന്ദ്ര ടെർമിനസ് ഗരീബ് രഥ്‌ എക്സ്പ്രസ്സ് : ഈ റൂട്ടിലെ മികച്ച ട്രെയിനുകളിൽ ഏറ്റവും ചാർജ്ജ് കുറവുള്ള സർവ്വീസാണിത്. സാധാരണക്കാരായ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുള്ള യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ ഗരീബ് രഥ്‌ ട്രെയിനുകൾ ഇറക്കിയിരിക്കുന്നത്. ഹസ്രത് നിസാമുദീനിൽ നിന്നും വൈകീട്ട് 3.35 നു എടുക്കുന്ന ഈ ട്രെയിൻ പിറ്റേന്ന് രാവിലെ 8.10 നു ബാന്ദ്ര ടെർമിനസിൽ എത്തിച്ചേരും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രമേ ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുള്ളൂ.

ഡൽഹിയിൽ നിന്നും ഇവയെക്കൂടാതെ മറ്റു ട്രെയിനുകളും മുംബൈയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. എങ്കിലും കൃത്യനിഷ്ഠ, വൃത്തി എന്നിവയുടെ അടിസ്ഥാനത്തിൽ യാത്രക്കാരിൽ നിന്നും മികച്ച അഭിപ്രായം നേടിയവയായതു കൊണ്ടാണ് ഈ അഞ്ചു ട്രെയിനുകൾ പ്രധാനമായും എടുത്തു പറഞ്ഞത്. മറ്റു ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ അറിയുന്നതിനായി – CLICK HERE.

ട്രെയിനുകളുടെ വിവരങ്ങൾക്ക് കടപ്പാട് – Trip Savy, indiarailinfo.