ഭാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ്സിൽ വഡോദരയിൽ നിന്നും എറണാകുളത്തേക്ക്

Photo - Sumanth Udupi‎.

ഞങ്ങളുടെ ഗുജറാത്ത് കറക്കമെല്ലാം കഴിഞ്ഞു നാട്ടിലേക്കുള്ള മടക്കത്തിനു സമയമായി. വഡോദരയിൽ നിന്നും ഭാവ്നഗർ കൊച്ചുവേളി എക്സ്പ്രസിലെ 2 ക്ലാസ് എസി കമ്പാർട്ട്മെന്റിലായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ട്രെയിൻ പ്രേമിയായ അനിയൻ അഭിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഞങ്ങൾ ഈ ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തത്. സ്റ്റേഷനിൽ ചെന്നു കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു.

ഞങ്ങളുടെ കോച്ചിൽ ഞങ്ങൾക്കായി പുതപ്പും പില്ലോയും ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ടാട്ടിരുന്നു. അനിയൻ അഭി കാഴ്ചകൾ കാണുന്നതിനായി വിൻഡോ സീറ്റ് പിടിച്ച് ഇരിപ്പായി. അങ്ങനെ ട്രെയിൻ ഞങ്ങളെയും വഹിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. ഞങ്ങൾ കയറിയ ട്രെയിനിൽ പാൻട്രി കാർ ഇല്ലായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കുവാനായി ഏതെങ്കിലും സ്റ്റേഷനിൽ എത്തുമ്പോൾ കയറുന്ന കച്ചവടക്കാരെ ആശ്രയിക്കേണ്ടി വരും. ഞങ്ങൾക്കാണെങ്കിൽ വിശന്നു തുടങ്ങിയിരുന്നു. പഴയ മോഡൽ കോച്ച് ആയിരുന്നതിനാൽ സൗകര്യങ്ങളെല്ലാം ആവറേജ് ആയിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. വണ്ടി സൂറത്തിൽ എത്തിയപ്പോൾ ഞങ്ങൾ ചായയും കഴിക്കുവാൻ എന്തെങ്കിലുമൊക്കെ വാങ്ങുവാനായി പുറത്തേക്ക് ഇറങ്ങി.

സൂറത്തിൽ നിന്നും ഞങ്ങളുടെ കോച്ചിനു തൊട്ടു മുൻപുണ്ടായിരുന്ന ജനറൽ കോച്ചിൽ കയറുവാനായി ആളുകൾ തിരക്ക് കൂട്ടുകയായിരുന്നു. തിരക്കിനിടയിലൂടെ ഞങ്ങൾ സ്റ്റേഷനിലെ ഒരു കടയിൽ ചെന്നിട്ട് ചായയും സമൂസയും ബോണ്ടയും പഫ്‌സും ഒക്കെ ഞങ്ങൾ വേഗം വാങ്ങിക്കൊണ്ടു വന്നു. ഇത്രയും ദൂരം സഞ്ചരിക്കുന്ന ഒരു ട്രെയിനിൽ പാൻട്രി സൗകര്യം ഇല്ലാത്ത വളരെ കഷ്ടം തന്നെയാണ്. ഈ കാര്യം പറഞ്ഞു ഞങ്ങളെല്ലാവരും അഭിയെ കളിയാക്കി. അവനാണല്ലോ യാത്രയ്ക്കായി ഈ ട്രെയിൻ സജസ്റ്റ് ചെയ്തത്. അങ്ങനെ ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ഞങ്ങൾ യാത്ര ആസ്വദിച്ചു. രാത്രിയായപ്പോൾ എല്ലാവരും ക്ഷീണം കാരണം ഉറങ്ങുവാൻ കിടന്നു. ഞാൻ കുറച്ചു സമയം വീഡിയോകൾ എഡിറ്റ് ചെയ്യുവാൻ ചെലവഴിക്കുകയും ചെയ്തു.

പിറ്റേദിവസം ഞങ്ങളെല്ലാം എഴുന്നേറ്റപ്പോൾ ട്രെയിൻ ഒരു മണിക്കൂർ ലേറ്റായിട്ട് ഗോവയിലെ തിവിം സ്റ്റേഷനിൽ എത്തിയിരുന്നു. അതിനുശേഷം മറ്റൊരു സ്ഥലത്ത് ഒരു പാസഞ്ചർ ട്രെയിൻ കടന്നു പോകുന്നതിനായി ഞങ്ങളുടെ ട്രെയിൻ ഇരുപതു മിനിറ്റോളം പിടിച്ചിടുകയുണ്ടായി. 20 മിനിട്ടിനു ശേഷം ഞങ്ങളെ പോസ്റ്റ് അടിപ്പിച്ച ആ പാസഞ്ചർ ട്രെയിൻ കടന്നുപോയി. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഞങ്ങൾക്കാണെങ്കിൽ നന്നായി വിശക്കുന്നുണ്ടായിരുന്നു. വണ്ടി ഗോവയിലെ തന്നെ മഡ്‌ഗാവ് സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾ ഓടിച്ചെന്നു ബ്രേക്ക് ഫാസ്റ്റ് വാങ്ങിക്കൊണ്ടു വന്നു. ഇഡ്ഡലിയും വടയും ഉരുളക്കിഴങ്ങ് കറിയും. ദോശയ്ക്കും ചപ്പാത്തിയ്ക്കും പൂരിയ്ക്കുമെല്ലാം ഇതേ ഉരുളക്കിഴങ്ങ് കറിയായിരുന്നു ഉണ്ടായിരുന്നത്. വേറെ നിവൃത്തിയില്ലാത്തതു കാരണം ഞങ്ങൾ അത് കഴിച്ചു അഡ്ജസ്റ്റ് ചെയ്തു.

അങ്ങനെ വിശപ്പൊക്കെ അടക്കി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ട്രെയിൻ ഗോവ സംസ്ഥാനവും പിന്നിട്ട് കർണാടകയിലേക്ക് കയറി. ഉഡുപ്പി എത്തുന്നതിനു മുൻപായി ട്രെയിൻ നീളമുള്ള ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയുണ്ടായി. ആ സമയത്ത് ഞങ്ങൾ ഉൾപ്പെടെയുള്ള ചില യാത്രക്കാർ സന്തോഷം കൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഉഡുപ്പി സ്റ്റേഷനിൽ ഞങ്ങൾ ഉച്ചഭക്ഷണം വാങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. ബിരിയാണിയും വാങ്ങി വന്നപ്പോഴേക്കും ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ ഞങ്ങളുടെ കോച്ച് നോക്കാൻ നിൽക്കാതെ കിട്ടിയ ഒരു സ്ലീപ്പർ കോച്ചിൽ കയറി. പിന്നീട് ട്രെയിൻ ഒരിടത്ത് നിർത്തിയപ്പോൾ വീണ്ടും ഞങ്ങളുടെ എസി കൊച്ചിലേക്ക് കയറി.

എല്ലാവരും നല്ലപോലെ വിശന്നിരിക്കുകയായിരുന്നതിനാൽ കൊണ്ടുവന്നപാടേ പൊതി അഴിച്ചു ബിരിയാണി ശാപ്പിടാൻ ആരംഭിച്ചു. നമ്മൾ ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന ബിരിയാണിയുടെ ഏഴയലത്ത് എത്തില്ലായെങ്കിലും അഡ്ജസ്റ്റ് ചെയ്തു കഴിച്ചു. അല്ലാണ്ട് എന്തോ ചെയ്യാനാ? ഇങ്ങനൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവർ മാത്രം ട്രെയിൻ യാത്രയ്ക്ക് തയ്യാറായാൽ മതിയെന്നാണ് ഇന്ത്യൻ റെയിൽവേയുടെ ഭാവം. ഗോവയിൽ ഒരുമണിക്കൂർ വൈകിയെത്തിയ ഞങ്ങളുടെ ട്രെയിൻ മംഗലാപുരത്ത് അരമണിക്കൂർ നേരത്തെ എത്തി മികവ് തെളിയിച്ചു. മംഗലാപുരവും പിന്നിട്ട് ഞങ്ങൾ പിന്നെ കേരളത്തിലേക്ക് കയറി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ എത്തിയപ്പോൾ ട്രെയിൻ സമയത്തിൽ നിന്നും അഞ്ചു മിനിറ്റ് നേരത്തെ ആയിരുന്നു. കണ്ണൂരിൽ നിന്നും ഞങ്ങൾ ഉഴുന്നുവടയും ചായയുമൊക്കെ വാങ്ങിക്കഴിച്ചു വിശപ്പടക്കി. തലശ്ശേരിയും വടകരയും കോഴിക്കോടുമെല്ലാം പിന്നിട്ട് ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. രാത്രി പത്തുമണിയ്ക്ക് ശേഷമാണ് ട്രെയിൻ എറണാകുളത്ത് എത്തിച്ചേരുകയുള്ളൂ എന്നതിനാൽ ഡിന്നർ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വാങ്ങുവാൻ തീരുമാനിച്ചു. പൊറോട്ട, ചപ്പാത്തി, മുട്ടക്കറി, കടലക്കറി എന്നിവ ഞങ്ങൾ വാങ്ങിച്ചു. ഡിന്നറും കഴിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ട്രെയിൻ അരമണിക്കൂർ ലേറ്റ് ആയിരുന്നതിനാൽ ഞങ്ങൾ എറണാകുളത്തു ഇറങ്ങുന്ന പ്ലാൻ മാറ്റി ആലുവയിൽ ഇറങ്ങാൻ തീരുമാനിച്ചു. ഞങ്ങളുടെ കാർ കാക്കനാടുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഇട്ടിരിക്കുകയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓൺലൈൻ ടാക്സി വിളിച്ച് ഞങ്ങൾ കാക്കനാടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയും അവിടെ നിന്നും ഞങ്ങളുടെ കാറുമെടുത്തുകൊണ്ട് കോഴഞ്ചേരിയിലെ വീട്ടിലേക്ക് യാത്രയാകുകയും ചെയ്തു. അങ്ങനെ ഒരു തകർപ്പൻ യാത്രയ്ക്ക് അവസാനം കുറിച്ചു.