ഭൂതത്താൻകെട്ടും പരിസരവും; എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടല്ലേ….

എറണാകുളം എന്നു കേൾക്കുമ്പോൾ കൊച്ചിക്കായലും, ബോട്ട് യാത്രയും, ലുലു മാളും മെട്രോയുമൊക്കെയായിരിക്കും മിക്കയാളുകളുടെയും മനസ്സിൽ ഓടിയെത്തുക. എറണാകുളത്തുകാർ ഒരു ദിവസം തിരക്കുകളിൽ നിന്നും മാറി നിൽക്കുവാനായി കൂടുതലായും പോകുന്നത് തൊട്ടടുത്ത ജില്ലയായ ഇടുക്കിയിലെ മൂന്നാറിലേക്കും ആണ്. എന്നാൽ എറണാകുളം ജില്ലയിൽ തന്നെ ഒരു ദിവസം സ്വസ്ഥമായി, ശുദ്ധവായുവും ശ്വസിച്ചുകൊണ്ട് പ്രകൃതിയെ അടുത്തറിയാനും താമസിക്കുവാനുമൊക്കെ ഇടങ്ങളുണ്ട്. അവയിൽ ഒന്നാണ് കോതമംഗലത്തിനു സമീപത്തുള്ള തട്ടേക്കാടും, ഭൂതത്താൻകെട്ടും ഒക്കെ.

ഈ കഴിഞ്ഞയിടയ്ക്ക് അവിടെ താമസിക്കുവാൻ ഒരവസരം ലഭിച്ചപ്പോൾ ആണ് എറണാകുളം ജില്ലയിൽ നമ്മളാരും വിചാരിക്കാത്ത തരത്തിലുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങൾ ഉണ്ടെന്നു മനസ്സിലായത്. അതുകൊണ്ടു തന്നെയായിരിക്കണം പുലിമുരുകൻ, ശിക്കാർ തുടങ്ങി ധാരാളം സിനിമകൾക്ക് ഈ പ്രദേശങ്ങൾ ലൊക്കേഷൻ ആയി മാറിയതും. തട്ടേക്കാട് വരുന്നവർ സന്ദർശിക്കുന്ന ഒരു പ്രധാന സ്ഥലമാണ് ഭൂതത്താൻകെട്ട്.

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻകെട്ടിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്(പെരിയാർ അണക്കെട്ട്). കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി. 1964 ൽ കമീഷൻ ചെയ്ത അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്.

ഭൂതൻ എന്നത് ബുദ്ധൻ എന്നതിന്റെ ഗ്രാമ്യ രൂപമാണ്. ഭൂതത്താൻ എന്നത് ബൗദ്ധരിലെ മുതിർന്ന സന്യാസിയോ ശ്രീബുദ്ധനോ തന്നെയായിരിക്കാം. പുത്തൻ, പൂതൻ എന്നൊക്കെയും ഗ്രാമ്യരൂപങ്ങൾ ഉണ്ട്. കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ പ്രമുഖ കേന്ദ്രമായിരുന്നതും ഇവിടെ നിരവധി ബൗദ്ധ കേന്ദ്രങ്ങൾ ഉണ്ടായിരുന്നതു കൊണ്ടും ആദ്യകാലത്തെ അണകെട്ടിയത് ചേര രാജാവായിരിക്കാമെന്നും അത് ബുദ്ധനെ നാമത്തിൽ അറിയപ്പെട്ടതുമായിരിക്കാം. പൂതത്താൻ കെട്ട് സംസ്കൃതവൽകരണത്തിനുശേഷം ഭൂതത്താൻ കെട്ടായി. എന്നാൽ ഭൂതഗണങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തള്ളിക്കയറ്റി യഥാർത്ഥ ചരിത്രം ഇന്നും അന്യമായി തുടരുന്നു.

ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ – ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.

ഫാമിലിയായും കപ്പിൾസ് ആയുമൊക്കെ സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഭൂതത്താൻകെട്ട്. ബോട്ടിംഗ്, ഫോറസ്റ്റ് ട്രെക്കിംഗ്, വാച്ച് ടവർ, കുട്ടികളുടെ പാർക്ക് അങ്ങനെ കുറെ കാഴ്ചകൾ ഇവിടെ കാണാനുണ്ട്. പറ്റുമെങ്കിൽ അവിടെ ഒരു ദിവസം താമസിച്ചുകൊണ്ട് സമീപ പ്രദേശങ്ങളിലെ കാഴ്ചകളും കൂടി ഒന്നാസ്വദിക്കാൻ ശ്രമിക്കുക. ഒരിക്കലും നിങ്ങൾക്ക് അതൊരു നഷ്ടമാകില്ല.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.