ഭൂട്ടാനിൽ നിന്നും തിരിച്ച് 14 മണിക്കൂർ ഡ്രൈവ് ചെയ്ത് ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു യാത്ര…

ഭുംതാംഗിലെ റിസോർട്ടിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഭൂട്ടാനിലെ ഞങ്ങളുടെ അവസാനത്തെ ദിവസമായിരുന്നു അത്. അന്ന് വൈകീട്ടോടെ ഭൂട്ടാനിൽ നിന്നും പുറത്തു കടക്കണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ഇവിടേക്ക് വന്ന വഴിയിലൂടെയൊക്കെ വേണം ഇനി തിരിച്ചു ഇന്ത്യയിലേക്ക് പോകുവാൻ. അങ്ങനെ ഞങ്ങൾ യാത്രയായി.

പോകുന്ന വഴിയിൽ ചുരത്തിൽ വെച്ച് ഒരു കൂട്ടം യാക്കുകൾ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഞങ്ങൾക്കു നേരെ വരുന്നതു കണ്ടു. ആദ്യം ഒന്നു പേടിച്ചുപോയെങ്കിലും അവറ്റകൾക്ക് പിന്നാലെ മേയ്ക്കാൻ ആളുണ്ട് എന്നു കണ്ടപ്പോൾ സമാധാനമായി. സലീഷേട്ടൻ വണ്ടിയിൽ നിന്നിറങ്ങി യാക്കിനെ മേയ്ച്ചുകൊണ്ടു വരികയായിരുന്ന ആ ഭൂട്ടാൻകാരന്റെ ചിത്രം എടുക്കുകയും ചെയ്തു. അയാളാകട്ടെ മനോഹരമായി പോസ് ചെയ്തു കൊടുക്കുകയും ചെയ്തു. അവയെല്ലാം കടന്നു കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി വഴിയുടെ ഒത്തനടുക്ക് ഒരു വലിയ പാറക്കല്ല് വീണു കിടക്കുന്നു. ഒരുകണക്കിന് ഞങ്ങൾ അവിടെ നിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടു.

പിന്നെ പോകുന്ന വഴിയിൽ അവിടവിടങ്ങളിലായി മണ്ണിടിച്ചിലുകൾ ഉണ്ടായതായി കാണാമായിരുന്നു. ഞങ്ങൾ വണ്ടി എങ്ങും നിർത്താതെ അടുത്ത മണ്ണിടിച്ചിലിനു മുന്നേ അവിടെ നിന്നും സ്കൂട്ടായി. പലതരത്തിലുള്ള റോഡുകളും കാഴ്ചകളുമൊക്കെ കടന്നു ഞങ്ങൾ ട്രോംഗ്‌സ ചെക്ക്‌പോസ്റ്റിൽ എത്തിച്ചേർന്നു. ഞങ്ങൾ അവിടെ വണ്ടി നിർത്തിയിറങ്ങി, പെർമിറ്റ് എക്സിറ്റ് അടിച്ചു. ചെക്ക്പോസ്റ്റിനു സമീപം ഒരു നദി ഒഴുകുന്നുണ്ടായിരുന്നു. വളരെ മനോഹരമായിരുന്നു അവിടത്തെ കാഴ്ച. ഞങ്ങൾ കഴിഞ്ഞ ദിവസം അതുവഴി പോയപ്പോൾ നേരം ഇരുട്ടിയതിനാൽ അവിടത്തെ പ്രകൃതിഭംഗിയൊന്നും ശരിക്കു ആസ്വദിക്കുവാൻ സാധിച്ചിരുന്നില്ല. നദിയിലെ വെള്ളമൊക്കെ രുചിച്ചു നോക്കി ഞങ്ങൾ പതിയെ അവിടെ നിന്നും ഫ്യുണ്ട്ഷോലിംഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു.

പോകുന്ന വഴിയിൽ ഒരിടത്ത് ഒരു യുവതി പച്ചക്കറികൾ വിൽക്കുന്ന കാഴ്ച കണ്ടു. ഞങ്ങൾ ആ കടയിലേക്ക് ചെന്ന് കുക്കുമ്പർ വാങ്ങി കഴിച്ചു. ടൂറിസ്റ്റ് ഏരിയ ആയതിനാൽ എല്ലാ സാധനങ്ങൾക്കും അത്യാവശ്യം കത്തി വിലയായിരുന്നു. അങ്ങനെ ഞങ്ങളുടെ ഉച്ചഭക്ഷണം കുക്കുമ്പറിൽ ഒതുക്കി വീണ്ടും യാത്ര തുടർന്നു. പോകുന്നതിനിടയിൽ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി ദമ്പതികളെ പരിചയപ്പെട്ടു. സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളുടെ ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കൊക്കെ വന്നിരുന്നു എന്നറിയുന്നത്. അവർ പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വരികയും ചെയ്തു. അവർ നാട്ടിൽ നിന്നും ട്രെയിനിൽ വന്നിട്ട് ബുള്ളറ്റ് വാടകയ്ക്ക് എടുത്തു കറങ്ങുവാൻ ഇറങ്ങിയതാണ്. കുറച്ചു സമയം അവരോടു സംസാരിച്ചിട്ട് ഞങ്ങൾ വീണ്ടും യാത്രയായി.

പിന്നീട് പോകുന്ന വഴിയ്ക്ക് വെച്ച് ഭൂട്ടാൻ രാജാവിന്റെ വാഹനവ്യൂഹം ഞങ്ങൾക്ക് എതിരേ കടന്നു വന്നു. രാജാവിന്റെ വണ്ടി കണ്ടമാത്രയിൽ അത്ഭുതപ്പെട്ടുപോയ എമിൽ വണ്ടി ഒതുക്കി നിർത്തുവാൻ മറന്നു. രാജാവിന്റെ പൈലറ്റ് വാഹനം ഞങ്ങളോട് ലൈറ്റ് അടിച്ചു കാണിക്കുകയും ഉണ്ടായി. അതോടൊപ്പം തന്നെ വാഹനവ്യൂഹത്തിന്റെ പിന്നിൽ വന്നിരുന്ന പൈലറ്റ് വാഹനം ഞങ്ങൾക്കു നേരെ ഓടിച്ചുകൊണ്ടു വരികയും ചെയ്തു. ഞങ്ങൾ ഈ സമയം പേടിച്ചു വണ്ടി നിർത്തി. ഞങ്ങളുടെ കേരള രജിസ്‌ട്രേഷൻ വാഹനം കണ്ടപ്പോൾ അവർക്ക് കാര്യം മനസ്സിലായി, അറിവില്ലായ്മ കൊണ്ടാണെന്ന്. അങ്ങനെ ഞങ്ങളെ കലിപ്പിച്ച് ഒരു നോട്ടവും നോക്കിയിട്ട് അവർ കടന്നുപോയി.

ഈ സമയമത്രയും ഞങ്ങൾ പേടിച്ചിരിക്കുകയായിരുന്നു. വേറെ രാജ്യമാണെന്നോർക്കണം. രാജാവിന്റെയോ കൊട്ടാരത്തിലെ മറ്റുള്ള വണ്ടികളോ എതിരെ വാഹനവ്യൂഹമായി വരികയാണെങ്കിൽ മറ്റുള്ളവർ ആദരവോടെ വാഹനം നിർത്തിക്കൊടുക്കണമെന്നാണ് അവിടത്തെ നിയമം. ഞങ്ങൾ വരുന്ന വഴിയ്ക്ക് ഇതേപോലെ രാജ്ഞിയെ കണ്ടപ്പോൾ വണ്ടി നിർത്തിക്കൊടുത്തിരുന്നെങ്കിലും ഇത്തവണ അത് മറന്നുപോയതായിരുന്നു. എന്തായാലും രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതി.

അങ്ങനെ ഞങ്ങൾ പുനാഖായും കടന്നു ഡോച്ചുലാ പാസ്സിലൂടെ തിംഫുവിൽ എത്തി പിന്നീട് രാത്രിയോടെ ഞങ്ങൾ ഫ്യുണ്ട്ഷൊലിംഗ് എത്തിച്ചേർന്നു. ഏതാണ്ട് 14 മണിക്കൂറോളമാണ് ഞങ്ങൾ ഇവിടെയെത്തുവാനായി എടുത്ത സമയം. ഭൂട്ടാനിൽ നിന്നും എക്സിറ്റ് അടിച്ച ശേഷം, ഇന്ത്യയിലേക്ക് കടക്കുന്നതിനു മുൻപായി ഞങ്ങൾ ഭൂട്ടാനിലെ പമ്പിൽ നിന്നും വണ്ടിയിൽ ഡീസൽ നിറച്ചു. അവിടെ വെച്ച് ഞങ്ങൾ കോട്ടയംകാരനായ നമ്മുടെ ഒരു ഫോളോവറെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞങ്ങൾ അന്നത്തെ ദിവസം ഭൂട്ടാൻ അതിർത്തിക്കുള്ളിലെ ഒരു ഹോട്ടലിൽ റൂമെടുത്തു താമസിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ വണ്ടി അവിടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട്, കാൽനടയായി അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നടന്നു. അവിടെ നിന്നും ഭക്ഷണം കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഇത്രയും ദിവസങ്ങൾക്കു ശേഷം തിരികെ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം.

ഇന്ത്യയിൽ വന്നിട്ട് ഞങ്ങൾ ഒരു ഹോട്ടലിൽ കയറി മസാലദോശയൊക്കെ കഴിച്ചു. എന്നിട്ട് ഓൺലൈനായി ഫ്യുണ്ട്ഷൊലിംഗിൽ തന്നെ ഞങ്ങൾ ഒരു റൂമെടുത്തു. 2000 രൂപയ്ക്ക് ഞങ്ങൾക്ക് അവിടെ ഒരു നല്ല റൂം കിട്ടി. അങ്ങനെ നിയമപരമായി ഭൂട്ടാനിലെ നിന്നും എക്സിറ്റ് അടിച്ച ശേഷം ഞങ്ങൾ ഒരു രാത്രി കൂടി ആ രാജ്യത്തു തങ്ങി. ഇനി അടുത്ത ദിവസം രാവിലെ തന്നെ അതിർത്തി കടന്നു ഇന്ത്യയിലെത്തി, അവിടെ നിന്നും ആസ്സാമിലെ ഗുവാഹത്തിയിലേക്ക് പോകണം. ആ വിശേഷങ്ങളൊക്കെ അടുത്ത എപ്പിസോഡിൽ…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.