“ഭൂട്ടാൻ”: ഭൂമിയിലെ അവസാന “ഷാംഗ്രി ലാ”!

ലേഖകൻ – ഹരിലാൽ രാജേന്ദ്രൻ (‘ഭൂട്ടാൻ: ലോകത്തിന്റെ ഹാപ്പിലാൻഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്).

“ഭൂട്ടാൻ”: ഭൂമിയിലെ അവസാന “ഷാംഗ്രി ലാ”! ബ്രിട്ടീഷ്‌‌ നോവലിസ്റ്റായ ജയിംസ്‌ ഹിൽട്ടന്റെ “Lost Horizon” എന്ന നോവലിലെ(1933) സാങ്കൽപിക സ്ഥലനാമമാണ്‌ “ഷാംഗ്രി ലാ”! നിഗൂഢസുന്ദരമായ ‘കുൻലുൻ’ എന്ന ഹിമാലയൻ ബുദ്ധിസ്റ്റ്‌ താഴ്‌വരയുടെ കഥയാണത്‌. ഇതരലോകത്തിന്റെ ദുഷ്ടദൃഷ്ടികൾ ചെന്നുവീഴാതെ, പരിപാവനവും ആമോദപൂർണ്ണവുമായ പ്രകൃതിജീവിതമുള്ള താഴ്‌വര. തികച്ചും സാങ്കൽപികമായിരുന്ന ഷാംഗ്രി ലായ്ക്ക്‌ ഭൂമിയിൽ ഒരു പ്രതീകാത്മക ദേശമുണ്ടെന്ന് ലോകം തിരിച്ചറിയുന്നിടത്താണ്‌ ഭൂട്ടാൻ “ഭൂമിയിലെ അവസാന ഷാംഗ്രി ലാ” എന്ന് ഖ്യാതിനേടാൻ തുടങ്ങിയത്‌.

ഹിമാലയ പർവ്വതത്തിന്റെ പൂർവ്വാഗ്രത്തിൽ, പ്രബലരായ ഇന്ത്യയുടേയും ചൈനയുടേയും സംഘർഷഭരിതമായ അതിർത്തിരേഖകൾക്കിടയിലെ ചെറുരാജ്യമാണു ഭൂട്ടാൻ. പ്രകൃതിയുടെ ആവോളമുള്ള അനുഗ്രഹത്തെ സമ്പത്തായി സ്വീകരിച്ച്‌ സന്തോഷത്തോടെ കഴിയുന്ന ഒരു ജനത.

“സ്വർഗസമാനമായ ഒരു ആകാശയാത്ര” : പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാനിലെ ഫുണ്ട്ഷോളിംഗ്‌ വഴി കരമാർഗ്ഗം യാത്ര ചെയ്യാനാകുമെങ്കിലും സമയക്കുറവുകാരണം ഡൽഹിയിൽ നിന്നും ഭൂട്ടാന്റെ “ഡ്രൂക്‌ എയർ” വിമാനത്തിൽ “പാരോ അന്താരാഷ്ട്ര വിമാനത്താവള”ത്തിലേക്ക്‌ തിരിക്കുകയായിരുന്നു ഞങ്ങൾ. ഹിമാലയത്തിനു മുകളിലൂടെ പറക്കുമ്പോൾ താഴെ മേഘങ്ങൾക്കിടയിലൂടെ‌ തലനീട്ടുന്ന ശുഭ്രഗിരിശിഖരങ്ങൾ കാണാം. അവയിലൊന്ന് എവറസ്റ്റും മറ്റൊന്ന് കഞ്ജൻ ജംഗയുമായിരുന്നു. ആ മനോഹരദൃശ്യങ്ങൾ ഹൃദയത്തിൽ പതിപ്പിച്ചാണ്‌ പച്ചപുതച്ച മലനിരകൾക്കു നടുവിൽ പാരോ നദിയുടെ കരയിലെ വിമാനത്താവളത്തിലേക്ക്‌ ലാൻഡ്‌ ചെയ്തത്‌. ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം കൂടിയാണിത്‌.

വിസ നടപടികൾ : ഇന്ത്യാക്കാർക്ക്‌ ഇപ്പോഴത്തെ നിലയ്ക്ക്‌ വിസയുടെ ആവശ്യമില്ല. വിമാനത്താവളത്തിലെ വിസാ നടപടികൾ ലളിതമാണ്‌. ഹോട്ടൽ ബുക്കിംഗ്‌ നോക്കിയാണ്‌ പെർമ്മിറ്റ്‌ നൽകുക. അതുപയോഗിച്ച്‌ പാരോ, തിംഫു നഗരങ്ങളിൽ യാത്രയ്ക്ക്‌ തടസ്സമൊന്നുമില്ല. പുനാഖ, ഹാ, ട്രോംഗ്സ, ബുംതാംഗ്‌ എന്നിവിടങ്ങളിലേക്ക്‌ യാത്ര ചെയ്യാൻ തിംഫുവിലെ ഇമിഗ്രേഷൻ ഓഫീസിൽ നേരിട്ടുപോയി അപേക്ഷ കൊടുത്താൽ അരമണിക്കൂറിനുള്ളിൽ അനുമതിപത്രം കിട്ടും. പാസ്പോർട്ട്‌ കോപ്പിയോ ഇലക്ഷൻ ഐഡി കോപ്പിയോ മാത്രം മതി.

ഒന്നാം ദിവസം:തിംഫു( തലസ്ഥാനം) : യാത്ര തിംഫുവിൽ നിന്ന് തുടങ്ങുക.ആദ്യദിവസം നഗരവും പരിസരവും കണ്ടുതീർക്കണം. എല്ലാം വലിയ അകലത്തിലൊന്നുമല്ലാതെ ഒറ്റയടിക്ക്‌ ഓടിത്തീർക്കാവുന്ന രീതിയിലാണ്‌. ടെക്സ്റ്റെയിൽ മ്യൂസിയം, നാഷണൽ ലൈബ്രറി, സോറിഗ്‌ ചൂസം, ഫോക്‌ ഹെറിറ്റേജ്‌ മ്യൂസിയം എന്നിവ കണ്ട്‌ അവിടുന്ന് ഒരു ഭൂട്ടാനീസ്‌ ലഞ്ചുമടിച്ച്‌ മെമ്മോറിയൽ ചോർട്ടനിലേക്ക്‌ പോകാം. അവിടുന്ന് ബുദ്ധാ പോയിന്റും കണ്ട്‌ വൈകുന്നേരം 5:30നുള്ളിൽ തിംഫു തഷിച്ചോ ദ്സോംഗിലെത്തണം. രാത്രിയിൽ ചാംഗ്ലിമിതാംഗ്‌ സ്റ്റേഡിയവും നഗരവും കണ്ട്‌ അവസാനിപ്പിക്കാം. ഞായറാഴ്ചയാണെങ്കിൽ തിംഫുവിലെ പ്രശസ്തമായ പച്ചക്കറിച്ചന്തയിലും കയറാം. വിഷം കലരാത്ത പച്ചക്കറികൾ വാങ്ങാൻ ഇന്ത്യയിൽ നിന്നുപോലും ആളുകൾ ഇവിടെ വരാറുണ്ട്‌.

രണ്ടാം ദിവസം:പുനാഖ (പഴയ തലസ്ഥാനം) : രാവിലെ 7 മണിക്കേ പുനാഖയിലേക്ക്‌ പുറപ്പെടുക. ആകെ രണ്ടരമണിക്കൂർ യാത്രയാണെങ്കിലും ഡോച്ചുല പാസ്‌, വാംഗ്ഡ്യു ഫോഡ്രാംഗ്‌ എന്നിവ കണ്ട്‌ ഉച്ചയോടെ പുനാഖ ദ്സോംഗിലെത്തുക. സസ്പെൻഷൻ ബ്രിഡ്ജ്‌, ചിമ്മി ല്‌ഹ്ഖാംഗ്‌ എന്നിവ കൂടിക്കണ്ട്‌ ടൈം മിച്ചമുണ്ടേൽ ഫോബ്ജിക വാലി മിസ്സാക്കരുത്‌. ഇരുട്ടുമ്പോഴേക്ക്‌ തിരികെ തിംഫുവിലേക്ക്‌ മടങ്ങാം.

മൂന്നാം ദിവസം:തിംഫു (തലസ്ഥാനം) : കാട്ടിലേക്ക്‌ പോകാം. പുഴയിൽ കുളിക്കാം. അതുവഴി ചാരി ദോർജ്ജിതനിലേക്ക്‌ ട്രക്കിംഗ്‌ നടത്തി ഉച്ചയോടെ നഗരത്തിലേക്ക്‌ മടങ്ങുക. ലഞ്ച്‌ കഴിഞ്ഞ്‌ ടോക്കിൻ പ്രിസർവ്വ്‌ മൃഗശാല,ചംഗംഖ ല്‌ഹഖാംഗ്‌ എന്നിവ കണ്ട്‌ പാരോയിലേക്ക്‌ തിരിക്കുക.

നാലാം ദിവസം: പാരോ : തിംഫുവിൽ നിന്നും ഒന്നരമണിക്കൂർ യാത്രയുണ്ട്‌. രാവിലെ നാഷണൽ മ്യൂസിയം(റ്റാ ദ്സോംഗ്‌), റിൻപുംഗ്‌ ദ്സോംഗ്‌, ഡ്രൂഗ്യാൽ ദ്സോംഗ്‌ എന്നിവ കണ്ട്‌ ലഞ്ചും കഴിഞ്ഞ്‌ ഹാ റോഡിലെ ചെലെ ലായിലേക്ക്‌ മലകയറുക.

അഞ്ചാം ദിവസം: പാരോ ടൈഗേഴ്സ്‌ നെസ്റ്റ്‌ അഥവാ പാരോ തക്ത്സാംഗ്‌ എന്ന ലോകപ്രസിദ്ധവും ഭൂട്ടാന്റെ മുഖമുദ്രയുമായ ട്രക്കിംഗ്‌. രാവിലെ 7ന്‌ അവിടേക്ക്‌ പോകുക. വൈകിട്ട്‌ നാലുമണിയോടെ ക്യിച്ചൂ ല്‌ഹഖാംഗ്‌ കണ്ട്‌ ഹോട്ടലിലേക്ക്‌ മടങ്ങുക.

ഭൂട്ടാന്റെ മികച്ച ടൂറിസ്റ്റ്‌ സീസണുകൾ : വർഷത്തിൽ ഏതുസമയത്തായാലും വ്യത്യസ്ത അനുഭവങ്ങൾ പകരാൻ ഭൂട്ടാനുകഴിയുമെന്നാണ്‌ അനുഭവസാക്ഷ്യങ്ങൾ. എങ്കിലും മികച്ചതിൽ മികച്ചത്‌ എന്നൊന്നുണ്ടല്ലോ!

ബെസ്റ്റ്‌ ടൈം‌: മാർച്ച് അവസാനപകുതി‌, ഏപ്രിൽ, മേയ്‌ (വസന്തകാലം/Spring), സെപ്തംബർ അവസാന പകുതി, ഒക്ടോബർ, നവംബർ (ശരത്കാലം/ Autumn). നല്ല കാലാവസ്ഥയും കാഴ്ചകളും.തെളിഞ്ഞ ഹിമാലയൻ ദൃശ്യങ്ങൾ ഒക്ടോബറിലാണു കിട്ടുക. മാർച്ച്‌,ഏപ്രിൽ മാസങ്ങളിലാണ്‌ ഓർക്കിഡുകളുടെ(Rhododendron) പുഷ്കലകാലം. പ്രസിദ്ധമായ പാരോ ഷേചു ഉത്സവം മാർച്ചിലും തിംഫു ഷേച്ചു ഒക്ടോബർ ആദ്യവുമാണ്‌.

മോശമല്ലാത്ത ടൈം : ഡിസംബർ, ജനുവരി, ഫെബ്രുവരി (മഞ്ഞുകാലം/winter) മഞ്ഞുമൂടിയ ഹിമാലയവും മലമ്പാതകളും ആസ്വദിക്കാം. രാത്രിയിൽ പൂജ്യം ഡിഗ്രീ വരെ ആകും.

വേറേ വഴിയില്ലെങ്കിൽ പോകാവുന്ന ടൈം: ജൂൺ, ജൂലൈ, ആഗസ്റ്റ് (മൺസൂൺ മഴക്കാലം/Rainy). മഴ നല്ലതാണ്‌. പക്ഷേ, സ്ഥലം കാണാൻ പറ്റിയ സമയം അതല്ല. മലകയറ്റങ്ങളൊന്നും നടക്കില്ല. അട്ടയുടെ ശല്യവും കൂടുമെന്നാണു കേട്ടത്‌.

ധനകാര്യമെങ്ങനാ? : ഇന്ത്യൻ രൂപയോ ഭൂട്ടാനീസ്‌ ങുൾട്രമോ യഥേഷ്ടം ഉപയോഗിക്കാം. രണ്ടിനും ഒരേ മൂല്യമാണ്‌. കാർഡുകൾ ഉപയോഗിച്ച്‌ സാധങ്ങൾ വാങ്ങാനും ATM ഉപയോഗങ്ങൾക്കും പറ്റും. നാട്ടിലെ ഫെഡറൽ ബാങ്കിന്റേതുൾപ്പടെയുള്ള ചില ATM കാർഡുകൾ നേപ്പാളിലും ഭൂട്ടാനിലും ഉപയോഗിക്കുന്നതിന്‌ തടസ്സമുണ്ട്‌. അത്‌ കാർഡുകളുടെ പിന്നിൽ എഴുതിയിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയശേഷം യാത്രപോവുക.

ഫോണും ഡേറ്റായും : വിമാനത്താവളത്തിൽ ഇമിഗ്രേഷൻ കൗണ്ടറിനു തൊട്ടടുത്തായി ഭൂട്ടാൻ ടെലികോമിന്റെ കൗണ്ടറിൽ നിന്ന് പാസ്‌പോർട്ട്‌ കോപ്പിയും കാശും കൊടുത്താൽ സിം കാർഡ്‌ കിട്ടും. 500 രൂപയ്ക്ക്‌ ഡേറ്റ എടുത്താൽ കുശാൽ. വേണേൽ കടകളിലൊക്കെ റീച്ചാർജ്ജ്‌ കാർഡ്‌ കിട്ടും. ഡേറ്റായ്ക്കും കാളിനും വെവ്വേറെ കാർഡുകളാണ്‌. നോക്കി വാങ്ങുക. ഫോണിൽ നിന്നും നേരിട്ടുള്ള അന്താരാഷ്ട്ര കാളുകൾ‌ വലിയ ചെലവേറിയതാണ്.

ഹോട്ടൽ ബുക്ക്‌ ചെയ്യണോ? : വേണമെങ്കിൽ ആകാം. പെർമ്മിറ്റ്‌ അപേക്ഷിക്കുമ്പോൾ അറിയുന്ന ഒരു ഹോട്ടലിന്റെ പേരു പറയണം. നെറ്റിൽ തപ്പിയാൽ ഹോം സ്റ്റേ ഓപ്ഷനുകളും ഹോട്ടൽ ലിസ്റ്റും കിട്ടും. വാടക കേരളത്തിലെ ഒരു പട്ടണത്തിലെപ്പോലെ എല്ലാ റേഞ്ചും കിട്ടും. അവിടെപ്പോയി ഒന്നു തപ്പിയാൽ റൂമുകൾ കണ്ട്‌, വിലപേശലൊക്കെ നടത്തി നല്ല ഹോട്ടലുകൾ തെരഞ്ഞെടുക്കാം.

എന്തുകഴിക്കാം? : ഒരു ബുദ്ധിസ്റ്റ്‌ രാജ്യമായതുകൊണ്ട്‌ മാംസാഹാരം കിട്ടില്ലെന്ന് കരുതണ്ട. ബീഫ്‌,ചിക്കൻ,ഹിമാലയൻ യാക്ക്‌ മീറ്റ്,പോർക്ക്‌‌ തുടങ്ങി ഇന്ത്യൻ വെജ്‌ കുറുമയടക്കം കിട്ടും. തനി ഭൂട്ടാനീസ്‌ വിഭവങ്ങൾ ചീസ്‌ ചേർത്താണുണ്ടാക്കുക. ദേശീയഭക്ഷണമായ എരിവിന്റെ റാണി “എമാ ദാക്‌ത്സി”(മുളകും ചീസും)യും സമാനമായ “കേവാ ദാക്ത്സി(പൊട്ടറ്റോയും ചീസും)യും പരീക്ഷിക്കാതെ മടങ്ങരുത്‌! പച്ചക്കറികൾ കെമിക്കൽ വളങ്ങളോ കീടനാശിനികളോ ഇടാതെ ഭൂട്ടാനിൽ വിളഞ്ഞവയാണ്‌. ചീസ്‌ ചേർത്ത “സുജ” എന്ന ചായയും സുലഭമായിക്കിട്ടുന്ന “അറാ” എന്ന നാടൻ മദ്യവും വേണേലാകാം. മദ്യം മിക്ക സ്റ്റേഷനറി കടകളിലും കിട്ടും. എങ്കിലും മദ്യപിച്ച്‌ അവരുടെ ക്ഷേത്രങ്ങളിലോ ഓഫീസുകളിലോ പോയാൽ നമ്മുടെ നാടിന്റെ പേരുപോകും.

പടം പിടിക്കുമ്പോൾ : ഒരുവിധം എല്ലായിടത്തും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുണ്ട്‌. എന്നാൽ ക്ഷേത്രങ്ങൾക്കുള്ളിൽ പറ്റില്ല. എളുപ്പം മനസ്സിലാകാൻ ചെരുപ്പ്‌ ഊരിയിട്ട്‌ കയറാൻ പറയുന്ന ഇടങ്ങളിൽ ഫോട്ടോ എടുക്കാതിരുന്നാൽ മതി. ആളുകളൊക്കെ ഫോട്ടോ ഫ്രണ്ട്ലിയാണ്‌. എടുക്കും മുൻപ്‌ ഒന്നനുവാദം ചോദിച്ചാൽ നല്ലത്‌. രാജകുടുംബാംഗങ്ങളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ അകത്താവും.

അവധി ദിനങ്ങൾ : യാത്രയ്ക്ക്‌ മുൻപ്‌ ഭൂട്ടാനിലെ പൊതുവധി ദിവസങ്ങൾ അതിൽ പെടുന്നുണ്ടോയെന്നു നോക്കണം. പെർമ്മിറ്റെടുക്കാനൊക്കെ ഓഫീസ്‌ ആവശ്യങ്ങളുണ്ടാകും. വർഷം മുഴുവൻ ജില്ലാടിസ്ഥാനത്തിൽ ഉത്സവങ്ങളും അവധിദിനങ്ങളും ഉണ്ട്‌. അതുകൊണ്ട്‌ പ്ലാൻ ചെയ്യും മുൻപ്‌ ഓരോ വർഷത്തെയും ഉത്സവകലണ്ടർ ഒന്നു നോക്കിവയ്ക്കുക.

“ഭൂട്ടാൻ: ലോകത്തിന്റെ ഹാപ്പിലാന്റ്‌” എന്ന യാത്രാവിവരണം ഞാൻ ഭൂട്ടാനിലേക്ക്‌ തിരിച്ച ആദ്യദിവസമായ 2017 സെപ്തംബർ 20 മുതൽ എഴുതി ഫേസ്ബുക്ക്‌ വഴി സഞ്ചാരപ്രിയരായ വായനക്കാരിൽ എത്തിക്കാൻ ശ്രമിച്ചു. സെപ്തംബർ 28ന്‌ ദുബായിൽ മടങ്ങിയെത്തി. 2018 സെപ്തംബറിൽ അത്‌ പുസ്തകമായി.

ഭൂട്ടാൻ എനിക്കെന്താണു നൽകിയത്‌? : മറ്റേതൊരു ദേശത്തേയും പോലെ യാത്രികരെക്കാത്തിരിക്കുകയാണ്‌ ഭൂട്ടാനും! മുൻപേ നടക്കുന്ന ഏതൊരു സഞ്ചാരിയും പിന്നാലെ വരുന്നവർക്ക്‌ വഴിവിളക്കുതെളിക്കാൻ നോക്കണം.തിരികെമടങ്ങുമ്പോൾ ഹൃദയത്തിൽ അസംഖ്യം വർണ്ണചിത്രങ്ങളായി ഭൂട്ടാൻ കുടിയിരിക്കും. ഉപേക്ഷിച്ചുപോകാൻ, നിങ്ങൾ‌ മനസ്സിലിട്ടുവലുതാക്കിയ സംഘർഷങ്ങളുടെ ഭാണ്ഡമാണുണ്ടാവുക. ശാന്തമായ ഭൂട്ടാന്റെ ശീതളഭൂമിയിൽ അവയെ മറവുചെയ്ത്‌ മടങ്ങണം. ആ പ്രകൃതിയോടും അതിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളോടും അവരുടെ പ്രിയങ്കരനായ രാജാവിനോടും നന്ദി പറഞ്ഞ്‌ മനസ്സ്‌ തിരികെ വിമാനം കയറണം.