കാശ്മീരിലേക്ക് ബൈക്ക് ട്രെയിനിൽ കയറ്റിക്കൊണ്ടു പോകുന്നവരുടെ ശ്രദ്ധയ്ക്ക് !!

ലഡാക്കിലാണ് സ്ഥിരതാമസം. പക്ഷെ മഞ്ഞു കാലത്ത് നാട്ടിലേക്ക് വരും. ഇത്തവണ കുറച്ചു വൈകി ഞാനും ഭാര്യയും മടക്കം രണ്ടായിട്ടായിരുന്നു. ജമ്മു വരെ ട്രെയിനിലും, ശേഷം ലേഹ് വരെ പാർസൽ ചെയ്തു കൊണ്ട് പോകുന്ന എന്റെ ബൈക്കിലും ഭാര്യയുടെ ആക്ടിവയിലുമായി കൂടെ വരുന്ന സുഹൃത്തുക്കൾക്കൊപ്പം റൈഡ് ചെയ്തു പോകാൻ തീരുമാനിച്ചു.

ലഡാക്കിലേക്ക് വരുന്ന ഒട്ടുമിക്ക മലയാളികളും 200 രൂപയ്ക്ക് മുറി കിട്ടുമോ എന്ന ചോദ്യം കേട്ട്, ഉണ്ടെന്നും ഇല്ലെന്നും പറയാനാവാത്ത അവസ്ഥയിൽ പല ലേയിലെ ഹോം സ്റ്റേക്കാരുടെയും കാലുപിടിച്ച് ഒരു ബെഡിനു 200ഉം ചിലപ്പോ അതിനും താഴെയും ഞാൻ വാങ്ങിക്കൊടുക്കാറുണ്ട്. അതുകൊണ്ട് ഒരു ഡോർമെട്രി തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചതിന്റെ ഭാഗമായി ലേഹ് ടൗണിൽ കരാറിനെടുത്ത ബിൽഡിങ്ങിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു.

ലഡാക്കിൽ മേസ്തിരിപ്പണി, പ്ലംബിങ്, ഇലക്ട്രിക് ജോലികൾക്കൊക്കെ ആളെ കിട്ടാൻ പ്രയാസമാണ്. കിട്ടിയാൽ തന്നെ ഒരു പണി കഴിയുമ്പോഴേക്കും കുടുംബം വെളുക്കും. അങ്ങനെ പ്ലംബിങ്ങും ഇലക്ട്രിക് വർക്കും അത്യാവശ്യം മേസ്തിരിപ്പണിയും അറിയുന്ന സുഹൃത്തിനെ ലഡാക്ക് ചുറ്റിക്കാണിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് കൂടെകൂട്ടി, ഒപ്പം ലഡാക്ക് കറങ്ങാൻ വന്ന വകയിൽ സുഹൃത്തായ ലക്ഷദ്വീപ് സ്വദേശി, ഭാവിയിലെ ഞങ്ങളുടെ കേരളാ ഹൗസ് ഡോർമെട്രി ഷെഫ് ഫയാസ് ഖാനെയും കൂടെക്കൂട്ടി.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ജമ്മു താവി പോകുന്ന കേരളത്തിൽ നിന്നുള്ള ഒരേയൊരു ട്രെയിനാണ് ഹിമസാഗർ എക്സ്പ്രസ്സ്. അതിനെയാണ് ഇപ്പോൾ ജമ്മു താവി എക്സ്പ്രസ്സ് എന്നു വിളിക്കുന്നത്. ഹിമസാഗർ അഥവാ ജമ്മു താവി എക്സ്പ്രസ്സ് എന്ന് കേട്ട് തഴമ്പിച്ച ട്രെയിനിൽ ലാസ്റ്റ് സ്റ്റേഷൻ താവി ആണെന്ന് കരുതി അങ്ങോട്ടേക്ക് കൺഫേം ടിക്കറ്റും എടുത്തു. ട്രെയിനിൽ കൺഫേം ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ അതെ ട്രെയിനിൽ തന്നെ വാഹനങ്ങൾ ലഗേജ് ആയി കൊണ്ട് പോകാൻ സാധിക്കൂ.

അങ്ങനെ കുറച്ചു ചമ്മന്തിപ്പൊടിയും അച്ചാറും ഉണക്കമീനും മറ്റ് അത്യാവശ്യ സാധങ്ങളും കെട്ടിപ്പെറുക്കി ഞാനും കൂട്ടുകാരും കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. കോട്ടയത്ത് നിന്നായിരുന്നു ട്രെയിൻ. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒരു സത്യം ഞാനറിഞ്ഞത്, ഞാൻ പോകുന്ന ട്രൈയിനായ ഹിമസാഗർ എക്സ്പ്രസിന്റെ അവസാന സ്റ്റേഷൻ ജമ്മു താവി അല്ല! ഏതെങ്കിലും കാരണവശാൽ താവിയിൽ പാർസൽ ചെയ്ത വണ്ടി ഇറക്കാൻ കഴിയാതെ പോയാൽ പിന്നെ ട്രൈയിൻ അവസാന സ്റ്റേഷനായ കെട്രയിലെ ശ്രീ മാതാ വിഷ്ണവ് ദേവി ക്ഷേത്രം വരെപ്പോയി മടങ്ങി വരും വഴിയേ പാർസൽ ചെയ്ത വണ്ടി ഇറക്കാൻ സാധിക്കൂ.

പണി പാളി എന്ന് മനസിലായതോടെ സ്റ്റേഷനിൽ എത്തിയാൽ എത്രയും പെട്ടന്ന് വണ്ടി ഇറക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ മൂന്നു പേരും പ്ലാൻ ചെയ്തു. രണ്ടുപേരിൽ ഒരാൾ മുഴുവൻ സാധനങ്ങൾ ഇറക്കാനും മറ്റു രണ്ടു പേർ വണ്ടി നിൽക്കുന്നയുടനെ വണ്ടിയിറക്കാനുമൊക്കെ പ്ലാൻ ചെയ്തു. പക്ഷെ രണ്ടു ദിവസത്തെ യാത്രക്കൊടുവിൽ ജമ്മു താവിയിൽ എത്തിയപ്പോൾ പ്ലാൻ ഫ്ലോപ്പായി.

പതിനൊന്നു മണിയോടെ അടുപ്പിച്ച് സ്റ്റേഷനിൽ എത്തിയ വണ്ടി വെറും രണ്ടു മിനിട്ടാണ് പ്രസ്തുത സ്റ്റേഷനിൽ നിർത്തിയത്. ആക്ടിവ മാത്രം കഷ്ടിച്ച് ഇറക്കി. ഒടുവിൽ ലഗേജും ആക്ടിവയും കൂട്ടുകാരെ ഏൽപ്പിച്ച് ഞാൻ അതേ ട്രെയിനിൽ തുടർന്നു. സാഹചര്യം മുൻകൂട്ടി കണ്ട് ഇടക്ക് ഞാൻ താവിയിൽ നിന്ന് കട്രയിലേക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അതുകൊണ്ട് ഫൈൻ കിട്ടിയില്ല. അങ്ങനെ കട്രയിൽ ചെന്ന് മടങ്ങിയെത്തിയ ട്രെയിനിൽ നിന്ന് വണ്ടിയിറക്കി പുറത്തിറങ്ങിയപ്പോൾ നഷ്ടമായത് ഒരു മുഴുവൻ പകൽ ആണ്. രാത്രി ശ്രീനഗറിൽ ഭാര്യയുടെ കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴേക്കും പുലർച്ചയായി.

രാവിലെ അടുത്ത പണി അകമ്പടിയായി കിട്ടി. കാർഗിലിലേക്കുള്ള വണ്ടികൾ വൺവേ സിസ്റ്റത്തിലാണ് കടത്തിവിടുന്നത്. എത്തിയ പുലർച്ചെ ശ്രീനഗറിൽ നിന്ന് വഴി തുറക്കുന്ന ദിവസമായിരുന്നു. ഉറക്കക്ഷീണം കാരണം അതും മുടങ്ങി. അങ്ങനെ ഒരു പേരിൽ സംഭവിച്ച തെറ്റിൽ തെറ്റില്ലാത്ത തുകയും രണ്ടു ദിവസത്തെ സമയവും നഷ്‌ടമായ ഞാൻ ഈ പണി ഇനിയാർക്കും കിട്ടാതിരിക്കാൻ ഇപ്പോൾ ഈ പോസ്റ്റ് എഴുതി പൂർത്തിയാക്കിയിരുന്നു.

NB: പ്ലാനിങ് ഗംഭീരമായിരുന്നെങ്കിലും കട്രയിൽ നിന്ന് താവിയിലേക്ക് മടങ്ങുവാനുള്ള ടിക്കറ്റ് എടുത്തിരുന്നില്ല. അതിൽ ഫൈൻ കിട്ടിയ പണിയും ഒപ്പം ചേർക്കുന്നു. ആവശ്യങ്ങൾക്ക് വിളിക്കാം, സുധീഷ് പുല്ലംപ്ലാവിൽ : 8848392395