ബിക്കിനി എയർലൈൻസ്; വസ്ത്രധാരണത്തിലൂടെ പ്രശസ്തമായ ഒരു എയർലൈൻ

ബിക്കിനി എയർലൈൻസ്… ഇങ്ങനെയും പേരുള്ള ഒരു വിമാനക്കമ്പനിയോ എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. എന്നാൽ സംഭവം സത്യമാണ്. വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിയജെറ്റ് എന്ന ലോകോസ്റ്റ് എയർലൈനിൻ്റെ വിളിപ്പേരാണ് ബിക്കിനി എയർലൈൻസ് എന്നത്. ഇനി വിയജെറ്റിൻ്റെ വിശേഷങ്ങളിലേക്ക് കടക്കാം.

വിയറ്റ്നാമിലെ ആദ്യത്തെ പ്രൈവറ്റ് എയർലൈൻ കമ്പനിയാണ് വിയ ജെറ്റ്. 2011 ലായിരുന്നു വിയജെറ്റ് തങ്ങളുടെ പ്രവർത്തനമാരംഭിക്കുന്നത്. വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുവേന്‍ തി ഫുയോംഗ് ആണ് വിയറ്റ്‌നാമിലെ ചെലവുകുറഞ്ഞ ഈ വിമാനക്കമ്പനിയുടെ ഉടമ. 2011 ഡിസംബർ 25 ക്രിസ്‌മസ്‌ ദിവസം വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നും ഹാനോയിലേക്ക് ആയിരുന്നു വിയജെറ്റിന്റെ ആദ്യത്തെ സർവ്വീസ്.

2012 ൽ പ്രമുഖ ടൂറിസ്റ്റ് ഹബ്ബായ നാത്രാങ്ങിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് വിയറ്റ്‌നാം ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ യുവതികളെ അല്പവസ്ത്രാധാരികളാക്കി ഹവായിയൻ ഡാൻസ് പെർഫോമൻസ് ചെയ്യിച്ചതിന് വിയജെറ്റിന് 960 USD പിഴ ചുമത്തുകയുണ്ടായി. എന്നാൽ വിയജെറ്റിന് ഈ സംഭവം കൂടുതൽ മൈലേജ് നൽകുകയാണുണ്ടായത്.

2013 ഫെബ്രുവരിയിൽ വിയജെറ്റ് തങ്ങളുടെ ഇന്റർനാഷണൽ സർവ്വീസിന് തുടക്കം കുറിച്ചു. ഹോമിച്ചിൻ സിറ്റിയിൽ നിന്നും ബാങ്കോക്കിലേക്ക് ആയിരുന്നു ആദ്യ ഇന്റർനാഷണൽ സർവ്വീസ്. ഇതോടെ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന ആദ്യത്തെ വിയറ്റ്നാമീസ് പ്രൈവറ്റ് എയർലൈൻ എന്ന ഖ്യാതി വിയജെറ്റ് സ്വന്തമാക്കി.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിയജെറ്റ് കൂടുതൽ പ്രശസ്തി നേടിയത് ജീവനക്കാരുടെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണ സവിശേഷത കൊണ്ടാണ്. എയര്‍ ഹോസ്റ്റസുമാര്‍ ബിക്കിനിയിട്ടും ജീവനക്കാര്‍ അല്‍പ്പവസ്ത്രം ധരിച്ചുമെത്തുന്ന വിയറ്റ് ജെറ്റ് വളരെ പെട്ടെന്നാണ് യാത്രക്കാര്‍ക്കിടയില്‍ സുപരിചിതമായത്.

നഗ്നതയിലൂടെ വിപണി കീഴടക്കുകയെന്ന തന്ത്രം വളരെ പെട്ടെന്ന് തന്നെ ക്ലിക്കാകുകയായിരുന്നു. മോഡലുകളെ പോലെ ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെയും ഗ്രൗണ്ട് സ്റ്റാഫുകളുടെയും കലണ്ടര്‍ ഇറക്കിയതും സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. 2017 ൽ 17 ദശലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്‌ത വിയജെറ്റ് 986 ദശലക്ഷത്തോളം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്.

2018 ൽ ചൈനയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിയറ്റ്‌നാമിന്‌റെ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിൽ എയർഹോസ്റ്റസുമാർ ബിക്കിനിയണിഞ്ഞ് പാർട്ടി നടത്തിയതും വാർത്തകളിലും വിവാദങ്ങളിലും ഇടംനേടിയ സംഭവമായി മാറി. ഇതിനു വിയജെറ്റിന് പിഴ നൽകേണ്ടി വന്നെങ്കിലും വാർത്തകളിലും സോഷ്യൽമീഡിയയിലും വിയജെറ്റ് തിളങ്ങി നിന്നു.

2014 ൽ തായ് വിയജെറ്റ് എന്നപേരിൽ വിയജെറ്റിന്റെ സബ്‌സിഡിയറി എയർലൈൻ ആരംഭിച്ചു. വിയറ്റ്നാമിനും തായ്‌ലാൻഡിനും പുറമെ സിംഗപ്പൂർ, മലേഷ്യ, മ്യാന്മാർ, ഇൻഡോനേഷ്യ, ഇന്ത്യ, കംബോഡിയ, തായ്‌വാൻ, സൗത്ത് കൊറിയ, ചൈന, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിൽ വിയജെറ്റ് സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ ദിനേന 400 വിമാനങ്ങളാണ് വിയജെറ്റിൻ്റേതായി ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും പറക്കുന്നത്. Airbus A320, Airbus A321, Airbus A321neo, Airbus A330 എന്നീ എയർക്രാഫ്റ്റ് മോഡലുകളാണ് വിയജെറ്റിന്റെ ഫ്‌ളീറ്റിൽ നിലവിലുള്ളത്.