ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കൂ… എൽ.പി.ജി. ലാഭിയ്ക്കൂ…

വീടും പരിസരവും മാലിന്യ വിമുക്തമാക്കാൻ ബയോഗ്യാസ് പ്ലാൻറ്. ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കൂ… എൽ.പി.ജി. ലാഭിയ്ക്കൂ.
വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. എന്താണ് ബയോഗ്യാസ്?

ഓക്സിജന്റെ അഭാവത്തിൽ അഴുകുന്ന മാലിന്യങ്ങളിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വാതകത്തിനെയാണ് ബയോഗ്യാസ് എന്ന് പറയുന്നത്. ജൈവാവശിഷ്ടങ്ങളിൽ പ്രവർത്തിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകമായതിനാൽ ഇതിനെ ജൈവ ഇന്ധന മായി കണക്കാക്കുന്നു. കൂടാതെ ഫംഗസുകൾ, ആക്ടീനോ മൈസീറ്റുകൾ തുടങ്ങിയ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം കാരണം മാലിന്യങ്ങൾ അഴുകുകയും ബയോഗ്യാസ് ഉത്പാദനം ഉണ്ടാകുകയും ചെയ്യുന്നു.

പ്രവർത്തനം – നമ്മൾ നിക്ഷേപിക്കുന്ന ജൈവവസ്തുക്കൾ അഴുകുമ്പോൾ ഒരു കൂട്ടം വാതകങ്ങൾ ഇതിൽ ഉണ്ടാകുന്നു. പ്രധാനമായും മീഥേൻ (55%-65%), കാർബൺ ഡൈ ഓക്സൈഡ്(30%), ഹൈഡ്രജൻ, ഹൈഡ്രജൻ സൾഫൈഡ്, അമോണിയ എന്നിവയാണ്. പ്രവർത്തനത്തെ അടിസ്ഥാനമാക്കി പല തരം ബയോഗ്യാസ് പ്ലാൻറുകളും നിലവിൽ ഉണ്ട്.

ബയോഗ്യാസ് പ്ലാൻറിനുള്ള സ്ഥലം തിരഞ്ഞെടുക്കൽ സൂര്യപ്രകാശം ധാരാളം ലഭ്യമാകുന്നിടത്ത് വേണം പ്ലാൻറ് സ്ഥാപിക്കുവാൻ
നന്നായി വാതകങ്ങൾ ഉൽപാദിപ്പിക്കണമെങ്കിൽ പ്ലാൻറിനുള്ളിൽ 25 ഡിഗ്രി മുതൽ 45 ഡിഗ്രി വരെ ശരാശരി ഊഷ്മാവ് ഉണ്ടാവണം.

പ്ലാൻറിൽ നിക്ഷേപിക്കുന്ന ജൈവവസ്തുക്കൾ – അഴുകുന്ന ഏത് ജൈവവസ്തുക്കളും നിക്ഷേപിക്കാം. ചാണകം മുതലുള്ള എല്ലാ പക്ഷിമൃഗാദികളുടെയും വിസർജ്യങ്ങൾ, അടുക്കള വേസ്റ്റ്, ഇറച്ചി വേസ്റ്റ്, മീൻ മീൻ വേസ്റ്റ് എല്ലാം ഇതിൽ നിക്ഷേപിക്കാം. ജൈവവസ്തുക്കളുടെ അത്ര തന്നെ 1:1 എന്ന അനുപാതത്തിൽ അതിൽ ശുദ്ധജലവും ഒഴിക്കുക.

നിക്ഷേപിക്കാൻ പാടില്ലാത്ത വസ്തുക്കൾ – തൊണ്ട്, ചിരട്ട, ഉപ്പുപൊടി, രാസവസ്തുക്കൾ, കീടനാശിനികൾ, ഉപയോഗശൂന്യമായ മരുന്നുകൾ, പുളി, നാരങ്ങാനീര്, സോപ്പ്, സോപ്പ് ലായനികൾ, പ്ലാസ്റ്റിക്, പേപ്പർ എന്നിവ യാതൊരു കാരണവശാലും പ്ലാൻറിൽ നിക്ഷേപിക്കരുത്.

ഗാർഹിക ബയോഗ്യാസ് പ്ലാൻറിലേക്ക് മാലിന്യം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കൃത്യമായ ഒരു സമയത്ത് മാത്രം മാലിന്യം നിക്ഷേപിക്കുക. അണു ജീവികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താതിരിക്കാനാണിത്. മാലിന്യങ്ങൾ ചെറുകഷണങ്ങളാക്കി യോ കലക്കിയോ മാത്രം നിക്ഷേപിക്കുക. പ്ലാൻറി നുള്ളിൽ മാലിന്യങ്ങൾ ഒട്ടി പിടിക്കുവാനോ, പതയ്ക്കുവാനോ അവസരം ഒരുക്കരുത്. പ്ലാൻറിൻ്റെ വലുപ്പത്തിന് അനുസരിച്ചുള്ള അളവിൽ മാത്രമേ മാലിന്യങ്ങൾ ഇടാവൂ. അധിക ഫീഡിങ് നന്നല്ല.

പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. കൊതുക്, പുഴു, ദുർഗന്ധം എന്നിവ ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ. പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നതിലൂടെ മാലിന്യ നിർമ്മാർജ്ജനം, പാചകവാതകം, പരിസര ശുചിത്വം, ജൈവ സ്ലറി എന്നിവയെല്ലാം നേടിയെടുക്കാം.