ചെലവ് 35000 രൂപയിൽ താഴെ; വീട്ടിൽ ഒരു സിനിമാ തിയേറ്റർ തയ്യാറാക്കാം

എഴുത്ത് – പ്രശാന്ത് പറവൂർ.

ചെറുപ്പം മുതലേ തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് എൻ്റെ വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. പിന്നീട് പ്രായമായപ്പോൾ തിയേറ്ററുകൾ കയറിയിറങ്ങി പടം കാണുന്ന ഒരു വ്യക്തിയായി ഞാൻ മാറി. ചില തിയേറ്ററുകളിലെ എക്സ്പീരിയസ് കിട്ടാൻ വേണ്ടി മാത്രം സിനിമയ്ക്ക് പോയ ചരിത്രവുമുണ്ട്. പണ്ടുമുതലേ വീട്ടിൽ ഒരു തിയേറ്റർ സെറ്റപ്പ് ഉണ്ടായിരുന്നെങ്കിൽ എന്നൊരു സ്വപ്നം ഉള്ളിലുണ്ടായിരുന്നു. എന്നാൽ അതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം അതൊരു സ്വപ്നം മാത്രമായി നിലനിന്നു പോന്നു.

പിന്നീട് 2016 ഒക്കെ ആയപ്പോൾ 5500 രൂപയ്ക്ക് ഒരു പ്രൊജക്ടർ വാങ്ങി ബെഡ്‌റൂമിൽ സെറ്റ് ചെയ്ത് ബിഗ്‌സ്‌ക്രീൻ ആസ്വാദനം ഒരുപരിധിവരെ വീട്ടിൽ സജ്ജമാക്കി. വില കുറവായതിനാൽ Full HD ക്വാളിറ്റിയിൽ കാണാൻ പറ്റില്ലെന്നത് ഉൾപ്പെടെ പോരായ്മകൾ പലതും പ്രൊജക്ടറിന് ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കൊറോണ വ്യാപനം മൂലം നമ്മുടെ നാട്ടിലെ തിയേറ്ററുകളെല്ലാം അടച്ചിടുന്നത്. അതോടെ സിനിമകൾ ഭൂരിഭാഗവും OTT പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്യുവാനും തുടങ്ങി. തിയേറ്റർ കാണാത്ത ഒരു വർഷം…

ഈ സമയത്തു തന്നെയാണ് വീടിൻ്റെ മുകളിലെ നിലയിൽ റൂമെടുക്കുവാൻ പ്ലാനിടുന്നതും. അങ്ങനെ മുകളിൽ ബെഡ്‌റൂം കൂടാതെ ഒരു വലിയ റൂം തിയേറ്ററിനായി തയ്യാറാക്കി. പ്രൊഫഷണലായി ചിന്തിക്കാതെ, സാധാരണക്കാർക്ക് പറ്റുന്ന തരത്തിൽ ഇന്റീരിയർ തയ്യാറാക്കി. നാലു ചുവരുകൾക്കും ഇരുണ്ട നിറം നൽകി. ജനാലകൾ ഒരു ഭാഗത്തു മാത്രമാക്കി. സ്‌ക്രീൻ വരേണ്ട ഭാഗത്ത് ആ സൈസിൽ വെള്ള നിറം പെയിന്റ് ചെയ്തു. അങ്ങനെ ചുരുങ്ങിയ ചെലവിൽ ഇന്റീരിയർ തയ്യാറായി.

ഇനി വേണ്ടത് പ്രൊജക്ടറാണ്. നിലവിലുള്ളത് ഉപയോഗിച്ചു പഴകിയതിനാൽ പ്രൊജക്ടർ ഒരെണ്ണം പുതിയത് തന്നെ വാങ്ങി. AUN AKEY6S എന്ന ആൻഡ്രോയ്‌ഡ് വൈഫൈ പ്രൊജക്ടർ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഏകദേശം 19,000 രൂപയ്ക്ക് കിട്ടി. വൈഫൈ, ബ്ലൂടൂത്ത്, ഇൻ-ബിൽറ്റ് സ്പീക്കർ തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രൊജക്ടറിലുണ്ട്. കൂടാതെ യൂട്യൂബ്, ഹോട്ട്സ്റ്റാർ തുടങ്ങിയ ആപ്പുകൾ പ്രൊജക്ടറിൽ തന്നെ ഡൗൺലോഡ് ചെയ്യുവാനും, വൈഫൈ കണക്ട് ചെയ്ത് സിനിമകൾ അവയിൽ നിന്നും നേരിട്ട് തന്നെ കാണുവാനും സാധിക്കും. USB, മെമ്മറി കാർഡ്, HDMI, VGS, AV തുടങ്ങിയവ വഴിയും ഇൻപുട്ട് സാധ്യമാണ്.

പ്രൊജക്ടർ വാങ്ങിയതിനൊപ്പം തന്നെ അതിനു ചേരുന്ന ഒരു Wall Mount ഉം കൂടി വാങ്ങിയിരുന്നു. ഇതിന് ഏകദേശം 600 രൂപയോളമാണ് ചെലവായത്. വീട്ടിൽ മറ്റു ചില പണികൾ നടക്കുന്ന സമയമായതിനാൽ Drill ചെയ്യുവാനും, Wall Mount ൽ പ്രൊജക്ടർ സെറ്റ് ചെയ്യുവാനും പണിക്കാരുടെ സഹായം ലഭിച്ചു.

പ്രൊജക്ടർ കഴിഞ്ഞാൽ പിന്നെ വേണ്ടത് നല്ലൊരു സൗണ്ട് സിസ്റ്റമാണ്. വീട്ടിൽ PHILIPS ൻ്റെ ഒരു 5.1 ഹോം തിയേറ്റർ സിസ്റ്റം ഉണ്ടായതിനാൽ അതിനു വേറെ പണം മുടക്കേണ്ടി വന്നില്ല. 2016 ൽ ഈ ഹോം തിയേറ്റർ സിസ്റ്റം 5500 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്. ഇലക്ട്രീഷ്യനെക്കൊണ്ട് ഹോം തിയേറ്ററിൻ്റെ സ്പീക്കറുകൾ ഭിത്തിയിൽ വരേണ്ടയിടത്ത് ഭംഗിയായി സെറ്റ് ചെയ്യിച്ചു.

സാമ്പത്തികം അനുവദിക്കാത്തതിനാൽ നിലവിൽ എ.സി വേണ്ട, ഫാൻ മതി എന്നു തീരുമാനിച്ചു. എങ്കിലും എ.സിയ്ക്കുള്ള പ്ലഗ് പോയിന്റ് ഇപ്പോഴേ തയ്യാറാക്കിയിട്ടുണ്ട്. പുതിയ റൂം ആയതിനാൽ ശബ്ദത്തിന് നല്ല Echo അനുഭവപ്പെടുന്നുണ്ട്. ഇത് ഇല്ലാതാക്കുവാനായി ജിപ്സം ബോർഡ് ഉപയോഗിച്ച് എക്സ്ട്രാ സീലിംഗ് ചെയ്യുവാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നം മൂലം അത് പിന്നീടേയ്ക്ക് മാറ്റി. സീറ്റുകൾ ഒന്നും വെച്ചിട്ടില്ല. തറയിൽ ബെഡ് ഇട്ടു കിടന്നാണ് സിനിമകൾ കാണുന്നത്.

പലരും ലക്ഷങ്ങൾ മുടക്കി വീട്ടിൽ തിയേറ്റർ സെറ്റ് ചെയ്യാറുണ്ട്. അവയ്ക്ക് അതിൻ്റെ പ്രൊഫഷണൽ ക്വാളിറ്റിയും ഉണ്ടാകും. ഇവിടെ ഇന്റീരിയർ വർക്കുകൾ അടക്കം എനിക്ക് ചെലവായത് ആകെ 35000 രൂപയിൽ താഴെ മാത്രമാണ്. കാരണം ഇത് നമ്മുടെ ബഡ്ജറ്റ് അനുസരിച്ചു തയ്യാറാക്കിയ ഒരു സാധാരണ സെറ്റപ്പാണ്. എങ്കിലും ബിഗ്‌സ്‌ക്രീൻ എക്സ്പീരിയൻസ് നന്നായി കിട്ടുന്നുണ്ട്. ‘സാർപ്പട്ട പരമ്പര’ പോലെ തിയേറ്ററിൽ കാണുവാൻ സാധിക്കാത്ത പല സിനിമകളും വീട്ടിൽ ബിഗ്‌സ്‌ക്രീനിൽത്തന്നെ കണ്ടു സംതൃപ്തിയടയുവാൻ സാധിച്ചു.

കാര്യം വീട്ടിൽ തിയേറ്റർ ഒക്കെയുണ്ടെങ്കിലും, സിനിമാ തിയേറ്ററുകൾ തുറന്നാൽ ഉറപ്പായും അവിടെപ്പോയി സിനിമകൾ ഇനിയും കാണും. അതിന്റെയൊരു സുഖം വേറെതന്നെയാ. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള വീഡിയോ ഒന്നു കണ്ടുനോക്കൂ.