ബസ് കണ്ടക്ടറിൽ നിന്നും IAS ഓഫീസറിലേക്ക് ഒരു കർണ്ണാടകക്കാരൻ

ഐ.എ.എസ്. എന്ന പദവി എല്ലാവരിലും ഒരു സ്വപ്‌നം തന്നെയാണ്. അതിലേക്ക് എത്തണമെങ്കിൽ ഒരുപാട് കടമ്പ കടക്കേണ്ടതായിട്ടുണ്ട്. കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത ഒരുപാട് പേരെ നമുക്കറിയാം. അതിൽ ഒരാളാണ് ബെംഗളൂരുവിൽ BMTC യിൽ ബസ് കണ്ടക്ടറായ മധു എൻ.സി. എന്ന 29 കാരൻ.

ഒരു ബസ് കണ്ടക്ടറുടെ ജോലിഭാരം എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. ആ ജോലി ചെയ്തു കൊണ്ട് പഠിച്ചാണ് മധു IAS ലേക്കുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നത്. ദിനവും 8 മണിക്കൂർ ജോലിയും 5 മണിക്കൂർ പഠനവുമാണ് ഉള്ളത്. ഈ നിലയിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പാടുകൾ മധു അനുഭവിച്ചിട്ടുണ്ട്. ടെസ്റ്റുകൾ കഴിഞ്ഞു. ഇനിയുള്ളത് ഇന്റർവ്യൂ മാത്രമാണ്.മാർച്ച് 25 നാണു ഇന്റർവ്യൂ. അത് കൂടി ജയിച്ചാൽ ബസ് കണ്ടക്ടറിൽ നിന്നും ഐഎഎസുകാരനിലേക്കുള്ള കുതിപ്പാണ് അങ്ങോട്ട്.

തന്റെ ഈ വിജയത്തെകുറിച്ച് മധുവിന് പറയാനുള്ളത് ഇങ്ങനെ, “ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാൽ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എല്ലാ ദിവസവും വെളുപ്പിനെ നാലുമണിക്ക് എഴുന്നേൽക്കും. ജോലിക്ക് പോകുന്നതിന് മുൻപ് രണ്ടരമണിക്കൂർ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂർ പഠനത്തിനായി ചെലവഴിക്കും. പഠനം ദിനചര്യയായി മാറുകയായിരുന്നു. 2018ൽ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല.”

തൻ്റെ കുടുംബത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ആദ്യത്തെയാളാണ് മധു. തൻ്റെ പത്തൊൻപതാമത്തെ വയസ്സിലാണ് ബസ് കണ്ടക്ടർ ജോലിയിലേക്ക് മധു എത്തിപ്പെടുന്നത്. അതിനിടയിൽ വിദൂര പഠനം വഴി ബിരുദവും, ബിരുദാനന്തര ബിരുദവും മധു നേടിയെടുത്തു. പൊളിറ്റിക്കൽ സയൻസിലാണ് മധു പോസ്റ്റ് ഗ്രാജ്വേഷൻ എടുത്തിട്ടുള്ളത്.

ബി.എം.ടി.സി. മാനേജിംഗ് ഡയറക്ടറും ഐ.എ.എസ്. ഓഫീസറുമായ സി. ശിഖയാണ് മധുവിനെ ഐ.എ.എസ്. നേടുന്നതിനായി വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളുമൊക്കെ ചെയ്യുന്നത്. ഇന്റർവ്യൂ പാസ്സായിക്കഴിഞ്ഞാൽ തൻ്റെ ഇപ്പോഴത്തെ കണ്ടക്ടർ ജോലി മറ്റാർക്കെങ്കിലും നൽകി സ്ഥാനമൊഴിഞ്ഞശേഷം ഐ.എ.എസ്. ഓഫീസർ എന്ന പദവിയിലേക്ക് മാറും.

ധാരാളം സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും പഠിക്കാതെ ഉഴപ്പി നടക്കുന്നവരെല്ലാം മധുവിനെപ്പോലുള്ളവരെ കണ്ടു പഠിക്കണം. അവരെ മാതൃകയാക്കണം. കാരണം വിദ്യാഭ്യാസം എല്ലാറ്റിന്റെയും നട്ടെല്ലാണ്. മധു എല്ലാവർക്കും ഒരു പ്രചോദനമാണ്. പ്രയത്നിക്കാൻ മനസ്സുണ്ടെങ്കിൽ എന്തും നേടാമെന്ന ഒരു പോസിറ്റീവ് എനർജ്ജി… മധുവിന് എല്ലാവിധ ആശംസകളും നേരുന്നു.