ഡ്യൂട്ടിക്കിടയിൽ മകളെ ഓമനിക്കുന്ന ബസ് കണ്ടക്ടർ; ഹൃദയത്തിൽ തൊടുന്ന ഒരു ദൃശ്യം….

എല്ലാവരും ജീവിക്കുന്നത് നമ്മുടെ കുടുംബത്തിനു വേണ്ടിയാണ്. അതിനാണല്ലോ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ വരെ പോയി ഉറ്റവരെയും ഉടയവരെയും കാണാതെ നിന്നുകൊണ്ട് കഷ്ടപ്പെട്ട് ജോലിയെടുക്കുന്നത്. എന്നാൽ പ്രവാസികളെപ്പോലെ തന്നെ തങ്ങളുടെ കുടുംബവുമായി അധികസമയം ചെലവഴിക്കാൻ സാധിക്കാത്തവർ നമ്മുടെ സമൂഹത്തിലുമുണ്ട്. അതിൽ പ്രധാനമായും എടുത്തുപറയേണ്ട ഒരു കൂട്ടരാണ് ബസ് ജീവനക്കാർ.

അതിരാവിലെ വീട്ടിൽ നിന്നും ബസ് ജീവനക്കാർ ജോലിയ്ക്കായി പോകുന്ന സമയത്ത് അവരുടെ മക്കൾ ചിലപ്പോൾ എഴുന്നേറ്റിട്ടു കൂടിയുണ്ടാകില്ല. കിടന്നുറങ്ങുന്ന മക്കൾക്ക് മുത്തവും കൊടുത്തായിരിക്കും മിക്ക ജീവനക്കാരും റൂട്ടിലേക്ക് പോകുന്നത്. പിന്നെ ഇവർ ജോലി കഴിഞ്ഞു തിരികെയെത്തുമ്പോൾ രാത്രി വൈകിയിട്ടുണ്ടാകും. അപ്പോൾ മക്കളെല്ലാം ഉറങ്ങിയിട്ടുമുണ്ടാകും. വീടിനടുത്തുകൂടി സർവ്വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാർക്ക് ചെറിയൊരു ഭാഗ്യം കൂടിയുണ്ട്. ഇടയ്ക്ക് അവരുടെ മക്കളെയും ഭാര്യയെയുമൊക്കെ അതുവഴി പോകുമ്പോൾ ഒരുനോക്കു കാണാം, അതും സെക്കൻഡുകൾ മാത്രം.

ഉച്ചയ്ക്ക് മുൻപുള്ള ട്രിപ്പ് പോകുമ്പോൾ വീടിനു മുന്നിലോ അടുത്ത വഴിയിലോ ഒക്കെ ഇവർക്ക് ഊണ് കൊടുക്കുവാനായി ഭാര്യയോ മക്കളോ ഒക്കെ വന്നു നിൽക്കും. ഊണുപൊതി വാങ്ങുമെന്നതിനൊപ്പം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ടൗണിൽ നിന്നും വാങ്ങി ബസ്സുകാർ വീട്ടുകാർക്ക് കൊടുക്കുകയും ചെയ്യാറുണ്ട്. ചിലപ്പോൾ മക്കൾക്ക് ഒരു ചോക്കലേറ്റ് എങ്കിലും.. എന്നിട്ട് സെക്കൻഡുകൾക്കുള്ളിൽ ഇതെല്ലം കഴിഞ്ഞു തിരികെ ബസ്സിൽക്കയറി യാത്ര തുടരുമ്പോൾ ഡോറിൽ നിന്നുകൊണ്ടൊരു കൈവീശൽ… അടുത്ത കുറച്ചു നിമിഷത്തേക്ക് ഇവിടാരുടെ മുഖത്തു നോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ് ആ നിസ്സാര സെക്കൻഡുകൾ സമ്മാനിച്ച സന്തോഷം അവർക്ക് എത്ര വലുതാണെന്ന്.

സോഷ്യൽ മീഡിയയിൽ വൈറലായ, ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ട്രിപ്പിനിടയിൽ വീടിനു മുന്നിൽ ബസ് നിർത്തി ഓടിച്ചെന്നു വീടിന്റെ ഉമ്മറത്തെ തിണ്ണയിലിരിക്കുന്ന മകൾക്ക് ബാഗോ മറ്റോ കൊടുത്തിട്ട് പൊതിച്ചോറുമായി ഓടിവരുന്ന ബസ് കണ്ടക്ടർ. കുറച്ചു സമയത്തേക്ക് ബസ് കണ്ടക്ടർ എന്ന തലവേദനയുള്ള, ഉത്തരവാദിത്തമുള്ള പദവിയിൽ നിന്നും വാത്സല്യനിധിയായ ഒരു അച്ഛനായി മാറുന്നത് നിങ്ങൾക്ക് ഈ ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

പരപ്പനങ്ങാടി – വേങ്ങര – പാണക്കാട് – മലപ്പുറം – മഞ്ചേരി – കരുവാരക്കുണ്ട് റൂട്ടിലെ PKB (KTP) എന്ന ബസ്സിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് വീഡിയോയുടെ വിവരണത്തിൽ നിന്നും മനസ്സിലാകുന്നത്. ബസ്സിലെ ജീവനക്കാരോ, യാത്രക്കാരോ പകർത്തിയ ദൃശ്യമാണിത്. വീഡിയോ എടുത്തത് ടിക്ടോക്കിൽ ഇട്ടു വൈറൽ ആക്കുവാനോ എന്തിനെങ്കിലും ആയിക്കൊള്ളട്ടെ, എല്ലാ മനുഷ്യരിലും നന്മയും സ്നേഹവുമൊക്കെ ഉണ്ടെന്നു ഈ വീഡിയോ നമ്മെ കാണിച്ചു തരുന്നു.

ബസ് ജീവനക്കാരെ ഒന്നടങ്കം കുറ്റം പറയുന്നവർ ഒന്നോർക്കുക – അവരിലും നല്ലയാളുകൾ ഉണ്ട്. അവരും നമ്മളെപ്പോലെ കുടുംബം പോറ്റാനാണ് ഈ കഷ്ടപ്പാടൊക്കെ പെടുന്നതും. കൂട്ടത്തിലെ ചിലർ ചെയ്യുന്ന കുറ്റങ്ങൾക്ക് എല്ലാവരെയും ഉത്തരവാദികളാക്കരുതേ…