ഓട്ടത്തിനിടെ ബസ് ഡ്രൈവറുടെ മൊബൈൽ ഉപയോഗം; പണികൊടുത്ത് യാത്രക്കാരിയും…

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അത് വളരെ വലിയ അപകടങ്ങളിലേക്ക് നയിക്കും എന്നുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോഴും ചിലർക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഒന്നുകിൽ മൊബൈലിൽ വാട്സ്ആപ്പ് നോക്കണം, അല്ലെങ്കിൽ ഫോൺ വിളിക്കണം. പ്രത്യേകിച്ച് ചില ബസ് ഡ്രൈവർമാർക്ക്. ഇതിൽ പ്രൈവറ്റ് എന്നോ കെഎസ്ആർടിസി എന്നോ വ്യത്യാസമില്ലാതെ ചില ഡ്രൈവർമാർ ഇത്തരത്തിൽ യാത്രക്കാരുടെ മുന്നിൽ ഫോൺകളി നടത്താറുണ്ട്. മിക്കയാളുകളും പ്രതിഷേധം ഒരു നോട്ടത്തിൽ ഒതുക്കാറാണ് പതിവ്.

എന്നാൽ ചിലർ പ്രതികരിക്കുകയും ഫോട്ടോയോ വീഡിയോയോ പകർത്തി പരാതി നൽകുകയും ചെയ്യാറുണ്ട്. തൽഫലമായി കുറ്റം ചെയ്ത ഡ്രൈവർക്ക് പണി കിട്ടുകയും ചെയ്യും. അത്തരത്തിൽ കഴിഞ്ഞ ദിവസം താൻ യാത്ര ചെയ്ത ബസ്സിലെ ഡ്രൈവറുടെ ‘ഡ്രൈവിംഗ് വിത്ത് മൊബൈൽഫോൺ’ പ്രകടനം ധന്യ എസ് ദേവയാനി എന്ന യുവതി പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു പ്രതിഷേധിച്ചിരുന്നു. ആ പോസ്റ്റ് താഴെ കൊടുക്കുന്നു.

“രാവിലെ ഹസ്ബന്റിന്റെ നാടായ തൈക്കാട്ടുശ്ശേരി വരെ പോകണമായിരുന്നു. വൈക്കത്തു നിന്നും ബോട്ട് കയറി തവണക്കടവിൽ എത്തി. തൈക്കാട്ടുശ്ശേരിയിലേക്കുള്ള ബസ് നോക്കി നിന്നു. പതിനഞ്ചു മിനിറ്റോളം കാത്തുനിന്നപ്പോൾ ബസ് വന്നു. ഭാഗ്യത്തിന് പെട്ടിപ്പുറത്താണെങ്കിലും സീറ്റ്‌ കിട്ടി. ഏതാണ്ട് അൻപതോളം യാത്രക്കാർ ബസിൽ ഉണ്ട്‌. ഞാൻ അലസമായി നോക്കുന്നതിനിടയിൽ ബസ് ഡ്രൈവർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈലിൽ വാട്സപ്പിൽ കുത്തിക്കളിക്കുന്നു.

തവണക്കടവിൽ നിന്നും ഒറ്റപ്പുന്നയിലേക്കു അപകടകരമായ വളവുകളിലൂടെ ഡ്രൈവർ വാട്സപ് കുത്തി നിസ്സാരമായി ഡ്രൈവ് ചെയ്യുന്നു. ഡ്രൈവറുടെ ഈ പ്രവൃത്തി കണ്ട് എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഡ്രൈവർ കെട്ട്യോന്റെ ഒരു പഴയ കൂട്ടുകാരൻ. അതുകൊണ്ട് നേരിട്ട് ഒന്നും പറയാൻ തോന്നിയില്ല. എന്നാൽ ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടറോട് “പത്തന്പതു പേരുടെ ജീവൻ കയ്യിൽ വച്ചോണ്ടാണോ നിങ്ങടെ ഡ്രൈവറുടെ വാട്സാപ്പിൽ കുത്തിക്കളി” എന്ന് ചോദിച്ചു.

ഞാനെന്തു ചെയ്യാനാ എന്ന ഭാവത്തിൽ ടിക്കറ്റിന്റെ ക്യാഷും മേടിച്ചു അവൻ പോയി. പിന്നെ ഡ്രൈവറുടെ പിന്നിൽ ചെന്നു അടക്കത്തിൽ എന്തോ പറയുകയും എന്നെ ചൂണ്ടികാണിക്കുകയും ചെയ്തു. എന്നെ നോക്കി ലാവിഷായി ചിരിച്ചു. ഞാനും. കുറച്ചു നേരം ചേട്ടൻ മൊബൈല് കുത്താൻ പോയില്ല. എങ്കിലും ചേട്ടൻ പിന്നെ മൊബൈൽ ചെവിയിൽ വച്ച് അതിസാഹസികമായി ഡ്രൈവ് ചെയ്തോണ്ടിരുന്നു. ആയുസ്സുള്ളതു കൊണ്ടാവാം ഞാൻ സേഫ് ആയി തൈക്കാട്ടുശേരിയിൽ ഇറങ്ങി.

ഇനി ഡ്രൈവറു ചേട്ടനോട് പറയാനുള്ളത്, ചേട്ടന് വളരെ സമർത്ഥമായി മൊബൈലിൽ കളിച്ചു വണ്ടി ഓടിക്കാൻ അറിയുമായിരിക്കാം. പക്ഷേ അതു യാത്രക്കാരുടെ ജീവൻ കയ്യിൽ വച്ചോണ്ട് വേണ്ടാ. ചേട്ടന്റെ സ്വന്തം വണ്ടിയിയില് കെട്ട്യോളേം കുട്ടികളേം വച്ചോണ്ട് പോകുമ്പോൾ മതി. തിരികെയെത്തുമെന്നോർത്തു കാത്തിരിക്കുന്ന പ്രിയപ്പെട്ടവർ ഞങ്ങൾ യാത്രക്കാർക്കും ഉണ്ട്.”