പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ കഥ

പഠിക്കുന്ന കാലത്ത് കണ്ട് ഇഷ്ടപ്പെട്ട്, ഒടുവിൽ വർഷങ്ങൾക്ക് ശേഷം സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കിയ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇതേപോലെ പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ അനുഭവകഥയാണ് തൃശ്ശൂർ സ്വദേശി അലക്സ് ജോയ് പറയുന്നത്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ.

ഒരു 9 വർഷത്തെ പ്രണയ കഥയാണ് ഇനി പറയുവാൻ പോകുന്നത്. 2010 ൽ തൃശ്ശൂർ കേരളവർമ്മ കോളേജിൽ പഠിക്കുന്ന കാലം. ചെറുപ്പം തൊട്ടേ ലേശം, അല്ല നല്ല മുഴുവണ്ടിഭ്രാന്തൻ ആയതിന്റെ കാരണം കൊണ്ട് ഒരു വീട്ടിൽ ഇവനെ തനിച്ചാക്കി അവർ എവിടെയോ പോയി. കുറെ കാലം പ്രണയിക്കുന്ന പെണ്കുട്ടി സ്വന്തമാക്കുന്ന ഒരു കാലം വരുമെന്ന ആ തോന്നൽ ഉള്ളിൽ ഉള്ളതുകൊണ്ട് 2010 ൽ തുടങ്ങിയ ആ പ്രണയം 2019 ജൂലൈ 16ന് സാഫല്യം ആയി എന്ന് പറയാം. എങ്ങനെ എന്ന് അല്ലെ?

മ്മടെ ജങ്ക് ജിപ്സനെയും കൂട്ടി തൃശൂർ പോയി വരുമ്പോ ആ വഴി ഒന്നു പോയി നോക്കി മുതല് അവിടെ തന്നെ കിടക്കുന്നില്ലേ എന്ന്. അപ്പൊ എല്ലാം ഒരു അത്ഭുതം എന്നപോലെ പൂട്ടി കിടക്കുന്ന വീട്ടിൽ അതാ 2 പണിക്കാർ പണിയുന്നു. ലോകത്ത് ഇത്രയും മനുഷ്യന്മാർ ഉണ്ടെകിലും ആ 2 പണിക്കാരെ കണ്ടപ്പോ ലാലേട്ടനും മമ്മൂക്കയും മുന്നിൽ നിന്നാലും അവരെക്കാൾ എന്തോ ഇവർക്ക് ഉണ്ട് എന്നപോലെ അവരുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ “അണ്ണാ ഈ വണ്ടിയുടെ ഓണർ എവിടെയാ?”

“അതോ അത് വന്ത് തൃശൂർ ചാക്കമുക്ക് ഇല്ലെയാ അങ്ങേതാ വാസിക്കിറെ.” ഒന്നും നോക്കിയില്ല നേരെ വണ്ടി വെച്ചു പിടിച്ചു അങ്ങോട്ട്. അവിടെ എത്തി “ചേട്ടാ ഞങ്ങൾ ആ 118 കണ്ടിരുന്നു. കൊടുക്കാൻ ഉള്ളതാണേൽ ഞാൻ എടുത്തോളം.” അപ്പോ ആൾ പറഞ്ഞു “ഞങ്ങളും ഒരാളെ തപ്പി നടക്കായിരുന്നു. പൊളിക്കാൻ കൊടുക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.”

“അയ്യോ ചേട്ടാ അങ്ങനെ ഒന്നും ചെയ്യല്ലേ. ഞങ്ങൾ അത് പൊന്നുപോലെ നോക്കിക്കൊള്ളാം” എന്ന് പറഞ്ഞു ടോക്കൻ കൊടുത്തു ഇവനെ അങ്ങട് പൊക്കി. പിന്നെ നേരെ പോയി പുറം രാജ്യങ്ങളിലെ “ലാഡ” എന്ന വാഹനത്തിന്റെ രൂപത്തിൽ ഇന്ത്യയിൽ അവതരിച്ച ഈ മൂർത്തിക്ക് 118 ne എന്ന പേര് കൊടുത്തെങ്കിലും ലാഡ മോഡൽ റൗണ്ട് ഹെഡ്ലൈറ്റ് ആക്കി മുന്നിലെ ഗ്രിൽ ഒന്ന് മാറ്റി പണികഴിച്ചു.

പിന്നെ മുമ്പത്തെ പദ്മിനി നിറം ചാർത്തി തന്ന പഴയകാല വണ്ടികളുടെ പെയിന്റിംഗിൽ പുലി ആയ കേച്ചേരി സേവ്യർ ചേട്ടന്റെ മിനുക്ക് പുരയിലേക്ക്. അങ്ങനെ അവിടെ നിന്നും നിറം മാറ്റം സംഭവിച്ചു ഡബിൾ ഷെഡ് കളറിൽ ഇവനെ അങ്ങട് ഇറക്കി. ആരും തിരിഞ്ഞു നോക്കാതെ ആ വീട്ടിൽ കിടന്നിരുന്ന 1990 മോഡൽ 118NE പെട്രോൾ കാർ അങ്ങനെ ഒരു രാജാവിനെപ്പോലെയായി… അല്ല, രാജാവിനെപ്പോലെ ആക്കി ഞങ്ങൾ.