കേരളം അവഗണിച്ച ധീരൻ… മഹാവീരചക്ര നേടിയ ആദ്യ മലയാളി…

എഴുത്ത് – Bhaskaran Nair Ajayan.

കേരളം അവഗണിച്ച ധീരൻ… മഹാവീരചക്ര നേടിയ ആദ്യ മലയാളി… മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവങ്ങളുടെ കൂടെ മോർച്ചറിയിൽ… രാജ്യം കണ്ട യുദ്ധവീരൻ… ഇതിനൊക്കെയുള്ള ഏക ഉത്തരം ആറന്മുള കിടങ്ങന്നൂർ സ്വദേശിയായ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ആണ്.

1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോ റിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ യുദ്ധത്തിലെ പ്രകടനത്തെ മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്. ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്. മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.

1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരുതിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി.ഫിലിപ്പോസ്. പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിരവധി ആളുകൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോസിന്റെ നേതൃത്വത്തിൽ യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരുക്കേറ്റു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ഫിലിപ്പോസിന്റെ പോരാട്ടവീര്യം അവശേഷിച്ച വിരലിൽ എണ്ണാവുന്ന സൈനികരെയും ഉത്തേജിപ്പിച്ചു. അവർ സംഘടിതമായി തിരിച്ചടിച്ച് പിടിച്ചു നിന്നു.

പരുക്കേറ്റ് വീണ ഫിലിേപ്പാസ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർ ചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു. 1971 ൽ പാകിസ്ഥാന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതി രണ്ട് ദിവസ൦ മോ൪ച്ചറിയിൽ സൂക്ഷിച്ചശേഷ൦ പുറത്തെടുത്ത അദ്ദേഹ൦ മരിച്ചത് പിന്നീട് 47 വ൪ഷങ്ങൾക്ക് ശേഷ൦ (8 ജൂൺ 2018).

1962 ലെ ചൈന യുദ്ധം, 1965 ലെ പാകിസ്താൻ യുദ്ധം, 1967 ലെ നാഗാ ഓപ്പറേഷൻ, 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം, 1983 ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം, 1983 ലെ മിസോറം ഓപ്പറേഷൻ, 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, 1987 ൽ വാ​ഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ എന്നിവയിൽ പങ്കെടുത്ത ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് 1992 ൽ സൈന്യത്തിൽനിന്ന് വിരമിച്ചു.

തോമസ് ഫിലിപ്പോസിനോടുള്ള ആദരവ് പ്രകടിപ്പിച്ച് നീലഗിരി വെല്ലിങ്ടൺ സെന്ററിലെ ജവാൻസ് ഫാമിലി ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിനുള്ള ജിംനേഷ്യം എന്നിവയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നീലഗിരിയിലെ മ്യൂസിയത്തിൽ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തോമസ് ഫിലിപ്പോസ് എൻക്ലേവ് എന്ന മറ്റൊരു കെട്ടിടസമുച്ചയവും നിർമ്മിച്ചു. ജമ്മു കശ്മീരിൽ തോമസ് ഫിലിപ്പോസ് റോഡ്, ജമ്മുവിലെ ആർ.എസ്.പുരയിലെ ഓഡിറ്റോറിയത്തിൽ പ്രതിമ എന്നിവയും രാജ്യത്തിന്റെ ആദരമാണ്. മദ്ധ്യപ്രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിൽ 12 അടി ഉയരത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമയുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ മഹാവീരചക്ര തോമസ് ഫിലിപ്പിന്റെ പേരിൽ നിരവധി പാലങ്ങളും റോഡുകളും ഉണ്ടായിരുന്നെങ്കിലും കേരളം ആ ധീര സൈനികനെ അവഗണിച്ചു. കേരളത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിനു മാത്രമാണ് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുള്ളത്. പല സ൦സ്ഥാനങ്ങളിലെ സ്കൂൾ പാഠപുസ്തകങ്ങളിലു൦ ക്യാപ്റ്റ൯ ഫിലിപ്പോസിന്റെ വീരകഥ പഠിക്കാനുണ്ടെന്നറിയുമ്പോഴാണ് നമ്മൾ മലയാളിയുടെ പ്രബുദ്ധതയു൦ ദേശസ്നേഹവു൦ എവിടെ നില്ക്കുന്നു എന്ന് മനസ്സിലാകുന്നത്. ദേശ സ്നേഹികളേയും യുദ്ധവീരൻമാരേയും ധീര ദേശാഭിമാനികളേയും കേരളം എന്നെന്നും അവഗണിച്ചിട്ടേയുള്ളു എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ?