സ്വർണ്ണപ്പല്ല് കാട്ടി ചിരിക്കുന്ന കാര എന്ന കടുവയുടെ കഥ

എഴുത്ത് – പ്രകാശ് നായർ മേലില.

കാര (CARA) ഇപ്പോൾ ചിരിക്കുന്നത് സ്വർണ്ണപ്പല്ലുകൾ കാട്ടി. 6 വയസ്സുകാരിയായ ഒരു കടുവയാണ് കാര അഥവാ ക്യാര. 2013 ൽ ഇറ്റാലിയൻ തസ്ക്കരരിൽ നിന്ന് ജർമ്മൻ പൊലീസാണ് അവളെ മോചിപ്പിച്ചെടുത്തത്. കാരയുടെ പല്ലുകൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ഒരു ഇരുമ്പുപകരണം കടിച്ചുപൊട്ടിച്ചതിനാൽ ഒടിഞ്ഞുപോയിരുന്നു. പല്ലുകൊഴിഞ്ഞ ഈ ബംഗാൾ ടൈഗറിന് അതിൽപ്പിന്നെ ഇഷ്ടപ്പെട്ട എല്ലുകളുള്ള ആഹാരം കഴിക്കാനാകുമായിരുന്നില്ല.

സർക്കാർ ഡെന്മാർക്കിലെ വിദഗ്ധരെ ബെർലിനിലേക്ക് ക്ഷണിക്കുകയായിരുന്നു. ബർലിൻ മ്യൂസിയയത്തിന്റെ അഭിമാനമായിരുന്ന കാരയുടെ പല്ലുകൾ എങ്ങനെ വച്ചുപിടിപ്പിക്കാമെന്നായി ആലോചനകൾ. ഡെന്മാർക്കിലെയും ജർമ്മനിയിലെയും ഡെന്റിസ്റ്റുകൾ രണ്ടു ഘട്ടമായാണ് ഓപ്പറേഷനിലൂടെ കാരക്ക് കൃത്രിമപ്പല്ലുകൾ വച്ചുപിടിപ്പിച്ചത്. വെറും പല്ലുകളല്ല. കാരയ്ക്കനുയോജ്യമായ കൂർത്ത സ്വർണ്ണപ്പല്ലുകൾ.

രണ്ടു ഘട്ടമായാണ് ഓപ്പറേഷൻ നടന്നത്. ആഗസ്റ്റ് അവസാനവാരം ഒടിഞ്ഞ പല്ലുകൾ രാകിമിനുക്കി ഷേപ്പുവരുത്തി. ഇതിനു രണ്ടു മണിക്കൂറെടുത്തു. 2019 ഒക്ടോബർ ആദ്യവാരം സ്വർണ്ണ പ്പല്ലുകൾ വച്ചുപിടിപ്പിച്ച 4 മണിക്കൂർ നീണ്ട ഓപ്പറേഷൻ വിജയകരമായിരുന്നു.

ഓപ്പറേഷനുശേഷം മൂന്നാഴ്ചവരെ കാരയുടെ ശ്രദ്ധ മുഴുവൻ സ്വർണ്ണപ്പല്ലുകളിലായിരുന്നു. സദാ പല്ലുകളിൽ നാക്കു ചുഴറ്റി അവൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് പതിവായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ 15 ദിവസം എല്ലുകളില്ലാത്ത മാംസമായിരുന്നു കൊടുത്തിരുന്നത്. സ്വർണ്ണപ്പല്ലുകൾ കൊണ്ട് ആഹാരം കഴിക്കാൻ ശീലമാക്കിയതോടെ ഇപ്പോൾ എല്ലുകൾ നൽകാൻ തുടങ്ങിയത് ആർത്തിയോടെയാണവൾ കടിച്ചു പൊട്ടിച്ചു കഴിക്കുന്നത്.

എക്‌സ് റേ എടുത്തതിൽ സ്വർണ്ണപ്പല്ലുകൾ നന്നായി മേൽത്താടിയിൽ ഉറച്ചുകഴിഞ്ഞതായും ബോദ്ധ്യപ്പെട്ടു. കാരയെ പരിശോധിക്കുന്ന ജീവശാസ്ത്രജ്ഞയായ ബെർലിനിലെ ലിൻഡൻ സ്മിത്തിന്റെ അഭിപ്രായത്തിൽ കാര പഴയതുപോലെ എല്ലും മാംസവും കടിച്ചു മുറിച്ചു തിന്നാൻ തുടങ്ങിയതു കൂടാതെ സന്ദർശകരെ തന്റെ ആകർഷകമായ സ്വർണ്ണപ്പല്ലുകൾ കാട്ടി ചിരിക്കാനും തുടങ്ങിയെന്നാണ്.