കാറ്ററിങ്ങും പ്ലേറ്റ് കഴുകലും; ഇതാണ് ഞങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം

വിവരണം – Ganesh Satya Kumar.

എന്നെ പോലെ പലരുടേം പ്രധാന വരുമാന മാർഗമാണ് കാറ്ററിങ്ങും പ്ലേറ്റ് വാഷും. നമ്മടെ കാര്യങ്ങൾ ഒക്കെ നൈസ് ആയിട്ട് നടന്ന് പോകാനുള്ള വക കിട്ടും. പുതിയ ഡ്രസ്സ്‌ മേടിക്കാനും ഷൂസ് മേടിക്കാനും വണ്ടിക്ക് എണ്ണയടിക്കാനും അത്യാവശ്യമുള്ള കറക്കത്തിനും അത് തന്നെ ധാരാളം. വീട്ടുകാരെ ഡിപെൻഡ് ചെയ്യണ്ട എന്നുള്ളതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്.

പഴേ ഫോട്ടോസ് നോകീപ്പോ അതിൽ കിടന്നതാണ് ഈ ഫോട്ടോ. അന്ന് കയ്യിൽ ബുള്ളറ്റ് ഉണ്ട് രാവിലെ വർക്കിന്‌ പോകുന്നത് മിക്കപ്പോഴും അതിലാവും. വൻ കോമഡി സീനാണ് രാവിലെ കുളിച്ചു സെറ്റ് ആയി നല്ല ഷർട്ട്‌ ഒക്കെ ഇട്ട് (ഉള്ളിൽ ഒരു കൂറ ടീഷർട് കാണും) ബൈക്കിൽ കല്യാണ സൈറ്റിലേക്ക് ചെല്ലുമ്പോ “ആരടെ ഇവൻ” എന്നുള്ള മട്ടിൽ അവിടിവിടെയായ് നിൽക്കുന്ന സ്ത്രീ ജനങ്ങളും പുരുഷകേസരികളും നോക്കി നിൽക്കാറുണ്ട്.

അവരെയൊക്കെ കണ്ടില്ല എന്ന മട്ടിൽ നേരെ പാചകപുരയിലേക്ക് എയർ പിടിച്ചു നടന്ന് പോകും (എയർ പിടിച്ചു നടക്കുന്നത് ജാഡ ആയോണ്ടായിരുന്നില്ല സെക്കന്റ്‌ പാർട്ടിൽ വരാൻ പോകുന്ന ട്വിസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടാണ്). നേരെ പാചകപുരയിൽ ചെന്ന് രണ്ട് വലിയ അണ്ടാവും എടുത്ത് വെച്ച് ഇട്ടിരുന്ന ഷർട്ടും ഊരി ഒരു സൈഡിലോട്ട് മാറ്റിയിട്ട് ഒരു വലിയ പാക്കറ്റ് സബീന പൗഡറും ഒരു പാക്കറ്റ് ഉപ്പും ഒരു സ്ക്രബ്ബറും (സ്ക്രബ്ബർ കിട്ടാത്ത സാഹചര്യങ്ങളിൽ ചകിരിയുമായ്) എടുത്തിട്ട് കസേരയും പിടിച്ചിട്ട് ഒരൊറ്റ ഇരുത്തയാണ്.

വൈകുന്നേരം ആകുമ്പോ ഒരു 2000 പ്ലേറ്റ് കഴുകി തീർത്തിട്ടുണ്ടാവും. പ്ലേറ്റ് ഒന്നിന് ഒരു രൂപ വെച്ച് നോക്കുമ്പോ ഒരു ദിവസം കൊണ്ട് 2000 രൂപ കയീ കിട്ടും. ആഹാ അന്തസ് !! പൊറം വേദന കാരണം രണ്ടീസം ക്ലാസ്സിൽ പോകാൻ പറ്റൂല അത് വേറെ കാര്യം. സബീനയുടെ അമിതമായ ഉപയോഗം മൂലം കൈയിലെ തൊലിയുടെ കാര്യത്തിലും ഒരു തീരുമാനം ആയിട്ടുണ്ടാവും.

ട്വിസ്റ്റ്‌ ഇതാണ് ബുള്ളറ്റിൽ വന്ന് കേറിയപ്പോ “ആരെടെ ഇവൻ” എന്ന മട്ടിൽ നോക്കി നിന്നിരുന്ന ടീംസ് എന്തേലും ആവശ്യത്തിനായി പാചകപുരയിലേക്ക് വരുമ്പോ കാണുന്നത് ഒരു പൈപ്പിന്റെ മൂട്ടിൽ ഇരുന്ന് ചകിരി ഇട്ട് ഒരയ്ക്കുന്ന എന്നെയാണ്. കാണുന്ന ഉടനെ അവരുപോലും അറിയാതെ അവരുടെ മുഖത്തു ഒരു ഇളിച്ച ചിരി വരും ഞാൻ അത് ഏറ്റുവാങ്ങി നിർത്താതെ ഒരച്ചോണ്ടിരിക്കും. ഒരു പ്രത്യേകതരം അവസ്ഥയാണ് ക്യാഷ്. ക്യാഷ് കിട്ടുന്നൊണ്ട് പോടെ പുല്ലേ എന്ന് മനസ്സിൽ പറഞ്ഞു നിർത്താതെ ഒരയ്ക്കും.

എട്ടാം ക്ലാസ്സ്‌ മുതലാണ് കാറ്ററിംഗിനും മറ്റും പോയി തുടങ്ങിയത്. അങ്ങനെ പല പരിപാടികൾക്കും പോയിട്ടുണ്ട്. ഇപ്പോഴും പോയികൊണ്ടിരിക്കുന്നു. കാറ്ററിങ്ങിനും മറ്റും പോയിട്ടുള്ള എന്നെപ്പോലുള്ള ഏതൊരാൾക്കും ഇത് നന്നായി ആസ്വദിക്കാനും ഫീൽ ചെയാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.