കെഎസ്ആർടിസിയുടെ ചാലക്കുടി – മലക്കപ്പാറ ഒറ്റയാൻ മൂന്നാം വർഷത്തിലേക്ക്

മലക്കപ്പാറ ഒറ്റയാൻ മൂന്നാം വർഷത്തിലേക്ക്… ഉച്ചയ്ക്ക് 12.50 നു ചാലക്കുടിയിൽ നിന്നുള്ള മലക്കപ്പാറ KSRTC സർവീസ് തുടങ്ങിയിട്ട് സെപ്തംബർ 30 ന് രണ്ട് വർഷം തികയുന്നു. ഒന്നാം വാർഷികം ഗംഭീരമായാണ് ഫാൻസും ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റക്കെട്ടായി നടത്തിയത്. മൂന്നാം വർഷത്തിലേക്ക് നീങ്ങിയ ഈ കാലയളവിൽ ഈ സർവീസ് തകർക്കാൻ സ്വകാര്യ ബസ് ലോബിയും ഡിപ്പോയിലെ ചില ജീവനക്കാരും ചേർന്ന് ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷെ ചാലക്കുടിയുടെ മലക്കപ്പാറ സർവീസുകൾ കേരളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിക്കുകയാണുണ്ടായത്.

നിരവധി ആളുകളാണ് ഇതിനകം ഒറ്റയാൻ ആരാധകരായി മാറിയത്. ഈ അവസരത്തിൽ നന്ദി പറയേണ്ടത് ചാലക്കുടി മുതൽ മലക്കപ്പാറ വരെയുള്ള നാട്ടുകാരോടും ടൂറിസ്റ്റുകളോടുമാണ്. കൂടാതെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഇവൻ്റെ ജീവനക്കാരും കൂടി ആയപ്പോൾ ഒറ്റയാൻ ഒരു വികാരമായി.

ചാലക്കുടി ഡിപ്പോയിൽ നിന്ന് 4 സർവീസുകളാണ് മലക്കപ്പാറയിലേക്ക് ഉള്ളത്. സമയവിവരങ്ങൾ ഈ പറയുന്നതു പോലെയാണ്. 1. കാലത്ത് 7.40 ന് ഡിപ്പോയിൽ നിന്നും മുനിസിപ്പൽ സ്റ്റാന്റിൽ എത്തി 8.10 ന് പുറപ്പെടുന്ന ബസ് 11.50ന് ‘മലക്കപ്പാറ എത്തിച്ചേരുന്നു. തിരികെ ഉച്ചക്ക് 12.50 ന് പുറപ്പെട്ട് വൈകിട്ട് 4.30ന് ചാലക്കുടിയിൽ എത്തിച്ചേരുന്നു.
2. ഉച്ചക്ക് 12.20 ന് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 12.50 ന് മുനിസിപ്പൽ സ്റ്റാന്റിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.40 ന് മലക്കപ്പാറ എത്തുന്നു. വൈകിട്ട് 5.10 ന് മലക്കപ്പാറയിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 8.50 ന് ചാലക്കുടിയിൽ എത്തുന്നു.

3. വൈകിട്ട് 3.00 മണിക്ക് ഡിപ്പോയിൽ നിന്ന് മുനിസിപ്പൽ സ്റ്റാന്റിൽ എത്തി 3.20 ന് മലക്കപ്പാറക്ക് പുറപ്പെടുന്ന ബസ് രാത്രി 7.00 മണിക്ക് മലക്കപ്പാറ എത്തി അവിടെ സ്റ്റേ ചെയ്ത് അടുത്ത ദിവസം കാലത്ത് 7.10 ന് പുറപ്പെട്ട് 10.50ന് ചാലക്കുടിയിൽ എത്തിച്ചേരുന്നു. 4. വൈകിട്ട് 4.40 ന് ഡിപ്പോയിൽ നിന്ന് മുനിസിപ്പൽ സ്റ്റാന്റിൽ എത്തി 5.10 ന് പുറപ്പെട്ട് രാത്രി 8.50 ന് മലക്കപ്പാറയിൽ എത്തി സ്റ്റേ ചെയ്ത് പിറ്റേ ദിവസം കാലത്ത് 8.00 മണിക്ക് പുറപ്പെട്ട് 11.40 ന് ചാലക്കുടിയിൽ എത്തിച്ചേരുന്നു (താൽക്കാലികമായി ഓടുന്നില്ല).

ബസ് യാത്രികർക്കായുള്ള നിർദേശങ്ങൾ – മാലിന്യങ്ങൾ വനത്തിനകത്ത് നിക്ഷേപിക്കരുത്, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്, രാത്രി യാത്രയിൽ ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കരുത്, ബസ് ജീവനക്കാരുടെയും വനപാലകരുടെയും നിർദേശങ്ങൾ പാലിക്കുക.