ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്? ചാലക്കുടി പോലീസിൻ്റെ നല്ല മുഖം…

ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്..! പോലീസിന്റെ ഈ നല്ല വശങ്ങളും നമ്മൾ കാണാതെ പോകരുത്.

ഞാനെന്റെ മകളുമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെല്ലുമ്പോൾ നമ്മുടെ സ്റ്റേഷനിലെ നാലു പൊലീസുകാർ വിവിധ ആവശ്യങ്ങളുമായി താലൂക്ക് ആശുപത്രിയിൽ ഉണ്ട്.ഒരു വനിതാ പൊലീസ് ഒരു സ്ത്രീയുമായി വന്നിരിക്കുന്നു. രണ്ടു പൊലീസുകാർ ഒരു അന്യസംസ്ഥാന തൊഴിലാളിയുമായി ഗുസ്തി പിടിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞു തന്റെ വീട്ടിലേക്ക് പോകാൻ നിൽക്കുന്ന പോലീസുകാരനും മറ്റുള്ളവരും വളരെ കഷ്ടപ്പെട്ട് ആണ് ആ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

മദ്യപിച്ച് ലക്കുകെട്ട് റോഡിൽ കിടന്ന അയാളെ ആംബുലൻസിൽ ആണ് ആശുപത്രിയിൽ എത്തിച്ചത്. യാതൊരു വിധ വെളിവും വെള്ളിയാഴ്ചയുമായില്ലാത്ത പരുവത്തിലാണ് അന്യസംസ്ഥാന തൊഴിലാളി. ചെറുപ്പക്കാരനായ അയാൾ എന്താണ് പറയുന്നത് എന്നു അയാൾക്കുപോലും അറിയാൻ പറ്റാത്ത അവസ്ഥയിലാണ്. വളരെ വയലന്റ് ആയ അയാളെ ആശ്വസിപ്പിക്കാൻ പോലീസുകാർ ഏറെ പണിപ്പെടുന്നു. റോഡിൽ കിടന്ന അയാളെ എടുത്തുകൊണ്ടു വന്നു അയാളെ വളരെ സ്നേഹപൂർവ്വമാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ പരിചരിക്കുന്നത്.

സത്യം പറഞ്ഞാൽ നമ്മുടെ പഴയ പോലീസിൽ നിന്നും എത്ര മാറിയിരിക്കുന്നു നമ്മുടെ ഇന്നത്തെ പോലീസ്. ജനമൈത്രി എന്നു പറഞ്ഞാൽ ഇതൊക്കെയാണ്. നമ്മുടെ പൊലീസ് സ്റ്റേഷനിൽ വളരെ കുറച്ചു പൊലീസുകാർ മാത്രമുളള അവസ്ഥയിലാണ് രണ്ടും മൂന്നും പേര് അന്യസംസ്ഥാന തൊഴിലാളിയുടെ സംരക്ഷണവുമായി ആശുപത്രിയിൽ കഷ്ടപ്പെടുന്നത്. ശരിക്കും പറഞ്ഞാൽ പോലീസ് ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മൾ പലപ്പോഴും അറിയാതെ പോകുന്നു.

മണിക്കൂറികളോളം അയാളുടെ കാര്യങ്ങൾക്കായി അവർ ചിലവഴിച്ചു. അയാളുടെ മദ്യലഹരിയുടെ കെട്ട് വിടുന്നവരെ അയാളെ പരിചരിക്കാൻ അവർ വല്ലാതെ പാടുപെട്ടു എന്നു തന്നെ പറയണം. ആ അന്യസംസ്ഥാന തൊഴിലാളിയുടെ അപ്ലോഴത്തെ ചെയ്തികൾ കണ്ടാൽ നമ്മൾക്ക് പോലും ഒന്നു കൊടുക്കാൻ തോന്നും. എന്നിട്ടും ഏറെ ക്ഷമയോടെ അയാളുടെ കൂടെ നിന്ന്‌ അയാൾ നോർമൽ ആയതിനു ശേഷം ആശുപത്രി അധികൃതരെ ഏല്പിച്ചാണ് അവർ മടങ്ങിയത്.

എവിടെ നിന്നോ വന്നു എവിടെയോ ബോധമില്ലാതെ കിടന്നവനെ ആരും തിരിഞ്ഞു നോക്കാനില്ലാതെ അവസ്ഥയിൽ അയാളെ കൊണ്ടു വന്നു മണിക്കൂറുകൾ കൂടെ നിന്നു സംരക്ഷണം നൽകാനുള്ള പോലീസിന്റെ ഉത്തരവാദിത്വം വളരെ ആത്മാർത്ഥമായി ചെയ്യുന്നത് കണ്ടപ്പോൾ നമ്മുടെ പൊലീസിനെക്കുറിച്ച് അഭിമാനം തോന്നി. എന്നും പഴികൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ട ആ വർഗ്ഗം ചെയ്യുന്ന നന്മകളും നമ്മൾ കാണാതെ പോകരുത്.

എവിടെയോ നിന്നു വന്നവനെ കൊണ്ടാക്കി അവരുടെ പാട്ടിനു പോകാതെ വളരെ സംയമനത്തോടെ കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോ ഏറെ സന്തോഷവും അഭിമാനവും തോന്നി. കുറ്റവാളികളെ പിടികൂടാൻ മാത്രമല്ല അശരണരായവരെ സംരക്ഷിക്കാനും പോലീസ് ഉണ്ട് എന്നത് തിരിച്ചറിയണം. അതേ… അതാണ് ജനമൈത്രി. അഭിനന്ദനങ്ങൾ ചാലക്കുടി ജനമൈത്രി പോലീസ്.

കടപ്പാട് – Sunil Sarovaram, Njangal Chalakudikkar media.