തൃശ്ശൂരിലെ തണ്ണീർതടങ്ങളുടെ സൗന്ദര്യം തേടിയൊരു കൊച്ചു യാത്ര

വിവരണം – ദീപ ഗംഗേഷ്.

ലോക്ക്ഡൗണിൽ ദൂരയാത്രകളുടെ ഓർമ്മകൾ അയവിറക്കുന്നതിനിടയിലാണ് വീണ്ടും ചെമ്മണ്ട പാടശേഖരത്ത് എത്തിയത്. സുഹൃത്ത് സന്ധ്യയെ കോൾപാടങ്ങളുടെ സൗന്ദര്യം കാണിച്ചു കൊടുക്കാനായിരുന്നു ആ യാത്ര. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കടുത്ത് കാറളം ഗ്രാമപഞ്ചായത്തിലാണ് ഈ സുന്ദരമായ സ്ഥലം. തിരക്കൊഴിഞ്ഞ് പ്രകൃതിയെ തൊട്ടറിയാൻ ഇവിടെ നിങ്ങൾക്കു കഴിയും.

140 ഏക്കറോളം വരുന്ന പാടശേഖരത്തിന് നടുവിലൂടെ കെ.എൽ.ഡി.സി കനാൽ കടന്നു പോകുന്ന കാഴ്ച അതിമനോഹരമാണ്. ഏകാന്തമായ, സഞ്ചാരികൾ അറിപ്പെടാത്ത സുന്ദരമായ ഒരു സ്ഥലം. ജല പക്ഷികളുടെയും ദേശാടന പക്ഷികളുടെയും വിഹാരകേന്ദ്രം കൂടിയാണ് ഈ തണ്ണീർതടങ്ങൾ. ബേർഡ് ഫോട്ടോഗ്രാഫർമാർക്ക് ഇത് ഒരു പറുദ്ദീസയാണ്. ഇവിടുത്തെ അസ്തമയങ്ങൾക്ക് അസാധ്യഭംഗിയാണ്. നാച്ചർ ഫോട്ടോഗ്രഫിക്കും പറ്റിയ ഒരു സ്ഥലം തന്നെ.

പ്രഭാതങ്ങളിലാണ് ഞങ്ങൾ സാധാരണയായി ഇവിടെ പോവാണ്. പക്ഷികളുടെ ഫോട്ടൊ എടുക്കൽ തന്നെ മുഖ്യ ലക്ഷ്യം. കനാലിലെ വെള്ളത്തിൽ ചുവന്ന താമരകളും ആമ്പലുകളും വിടർന്നു നിൽക്കുന്നുണ്ടാവും. മീനെ പിടിക്കാൻ കുറ്റികളിൽ ഇരിക്കുന്ന നീർകാക്കകൾ, പലതരത്തിലുള്ള പൊന്മാനുകൾ, താമരക്കോഴി, നീലക്കോഴി, ചെറിയ ഇനം കുരുവികൾ, ബീ ഈറ്റർ, വിവിധ തരം കൊക്കുകളുടെ ഒരു വലിയ കളക്ഷൻ ഇതൊക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. നെല്ലു വിതക്കുന്ന കർഷകർക്ക് ഇവ ഉണ്ടാക്കുന്ന ഉപദ്രവവും ചില്ലറയല്ലെന്നു കേൾക്കുന്നു. ഒരിക്കൽ ഫോട്ടോ എടുക്കാൻ ചെന്ന ഞങ്ങളോട് ഇവയെ മൊത്തത്തിൽ പിടിച്ചു കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞ കർഷകൻ്റെ തമാശകലർന്ന വാക്കുകൾ ഇന്നും ഓർമ്മയുണ്ട്.

സന്ധ്യയെയും കൊണ്ട് പോയപ്പോൾ കിളികളെ അധികം കണ്ടില്ല. പാടത്ത് വിളവെടുപ്പ് കഴിഞ്ഞ് കിടക്കുന്നത് കൊണ്ടാവാണം. ചെറിയ ചെറിയ തുമ്പികളുടെ ഫോട്ടോകളായിരുന്നു അന്ന് എടുത്തത്. ഏകാന്തമായ കനാലിനു വശത്തുള്ള ചെമ്മണ്ണ് പാതയിലൂടെ കുറെ ദൂരം ഞങ്ങൾ നടന്നു. വിജനതയുടെ സ്വാതന്ത്ര്യത്തിൽ. ദൂരെ ആരൊക്കെയോ മീൻ പിടിക്കുന്നു. കനാലിൽ നിന്ന് പിടിച്ച കറുത്തചെമ്മീൻ പാലത്തിനടുത്ത് ഒരാൾ വിൽക്കാൻ വച്ചിരിക്കുന്നു. വിൽക്കാൻ കഴിയാത്ത പൊടിമീനുകളെ പൂച്ചക്ക് കൊടുത്ത് അയാൾ നടന്നു പോയി. സ്ഥലവാസി ആയിരിക്കും.

കഴിഞ്ഞ ദിവസം ഞാനും മോനും കൂടി അസ്തമയം കാണാനിറങ്ങി. ഇത്രയും മനോഹരമായ ഒരു അസ്തമയം അടുത്ത കാലത്ത് കണ്ടിട്ടില്ല. കനാലിൽ തോണി തുഴഞ്ഞ് വലയിട്ട് മീൻ പിടിക്കുന്ന മേരി ചേച്ചി ഫോട്ടോഗ്രഫിക്ക് നല്ലൊരു പശ്ചാത്തലം ഒരുക്കി തന്നു. അസ്തമന സൂര്യൻ്റെ ജലത്തിലെ പ്രതിഫലനം. പച്ചപ്പ്… അതിൻ്റെ മാസ്മരികത.