KSRTC യുടെ ഒരേയൊരു വേളാങ്കണ്ണി ബസ്സിന്‌ ഇപ്പോൾ മടക്കയാത്രയ്ക്കും റിസർവേഷൻ…

തമിഴ്‍നാട്ടിലെ പ്രസിദ്ധ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് മലയാളികൾ ധാരാളമായി പോകാറുണ്ട്. യാത്രക്കാർ അധികമുള്ള ഈ റൂട്ടിൽ ഒരേയൊരു കെഎസ്ആർടിസി ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും പഴനി വഴി വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ്സാണ് ആ ബസ്.

ചങ്ങനാശ്ശേരിയിൽ നിന്നും ദിവസേന ഉച്ചയ്ക്ക് 2.30 നു യാത്രയാരംഭിക്കുന്ന ഈ ബസ് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ട്രിച്ചി, തഞ്ചാവൂർ വഴി പിറ്റേദിവസം രാവിലെ 7.30 നു വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഈ ബസ്സിലെ സീറ്റുകൾ മുൻകൂട്ടി ഓൺലൈനായി യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്.

മുൻപ് ചങ്ങനാശ്ശേരി – വേളാങ്കണ്ണി ട്രിപ്പിൽ മാത്രമേ റിസർവേഷൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. വേളാങ്കണ്ണിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ അത്തരം പരാതികൾക്ക് വിരാമമിട്ടുകൊണ്ട് കെഎസ്ആർടിസി വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള മടക്ക ട്രിപ്പിലും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ്. ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് – https://online.keralartc.com.

പ്രസ്തുത ബസ് ഉച്ചയ്ക്ക് 2.30 നു വേളാങ്കണ്ണിയിൽ നിന്നും മടക്കയാത്ര ആരംഭിക്കുകയും പിറ്റേദിവസം രാവിലെ 7.30 നു തിരികെ ചങ്ങനാശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും. വേളാങ്കണ്ണി തീർത്ഥാടന യാത്രികർക്ക് മാത്രമല്ല, തഞ്ചാവൂർ, ട്രിച്ചി എന്നിവിടങ്ങളിൽ പഠനത്തിനായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്നവർക്കും ഈ ബസ് സർവ്വീസ് വളരെ ഉപകാരപ്രദമാണ്. ഡിണ്ടിഗൽ കഴിഞ്ഞാൽ പിന്നീടുള്ള റൂട്ടിൽ ആകെക്കൂടി കാണപ്പെടുന്ന ഒരേയൊരു കെഎസ്ആർടിസി ബസ്സും ഇതാണ്. ദിവസേന സർവ്വീസ് നടത്തുന്ന ഈ ഷെഡ്യൂളിൽ രണ്ടു ബസ്സുകളാണ് ഉള്ളത്. ഒരെണ്ണം വേളാങ്കണ്ണിയിൽ നിന്നും സർവ്വീസ് ആരംഭിക്കുമ്പോൾ മറ്റേത് ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് യാത്രയാരംഭിക്കും.

ഇനി വേളാങ്കണ്ണിയെക്കുറിച്ച് അൽപ്പം വിവരങ്ങൾ അറിയാം – ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ എത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.