ചവിട്ടുനാടകം; കേരളത്തിലെ മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കലാരൂപം

കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.

കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്‌ പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത്.  ക്രൈസ്തവ പുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽസ്മാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.

യുദ്ധം, വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്. അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്. ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.

മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. തുള്ളലിന്റെ ചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ സ്ഥാനം തന്നെയാണ് ചവിട്ടുനാടകത്തിന്റെ കാര്യത്തിൽ അണ്ണാവിക്കുള്ളതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു. അണ്ണാവി ക്രിസ്തീയ വേദപ്രചാരകനായിരുന്നു എന്നും വാദമുണ്ട്.

തമിഴുകലർന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു. വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ്. ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .

ചവിട്ടുനാടകങ്ങൾ അച്ചടിയ്ക്കപ്പെട്ടിട്ടില്ല, മറിച്ച് കൈയ്യെഴുത്തുപ്രതികൾ, ‘ചുവടികൾ’ ആയി സൂക്ഷിയ്ക്കപ്പെട്ടുവരുന്നതാണ്.

പ്രധാന ചവിട്ടുനാടകങ്ങൾ – വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം എന്നീ ചവിട്ടുനാടകങ്ങൾ ധീരോദാത്തരായ വീരസേനാനികളുടെ ദ്വിഗ്വിജയങ്ങളെയും , വീരസമരങ്ങളെയും പ്രകീർത്തിയ്ക്കുന്നു.

ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം, ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, എന്നീ നാടകങ്ങൾ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ളതാണ്.

ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നീ സാമൂഹ്യനാടകങ്ങളും ചവിട്ടുനാടകരൂപത്തിലുള്ളവയാണ് .

സാധാരണ നാടകവേദികൾക്കുള്ള അളവിൽ നിന്നു വ്യത്യസ്തമായാണ് ആദ്യകാലങ്ങളിൽ ചവിട്ടുനാടകങ്ങൾക്കുള്ള വേദി ഒരുക്കിയിരുന്നത്. വീതികുറവായതും നീളത്തിലുമുള്ള തട്ടാണ് ഇതിനക്കാലത്ത് ഒരുക്കിയിരുന്നത്. ചവിട്ടുമ്പോൾ ശബ്ദം ഉയർന്നുകേൾക്കാനായിരുന്നു ഇത്. മുപ്പതുപേരെവരെ ഉൾക്കൊള്ളാനുള്ള സ്ഥലം ആദ്യകാലവേദികൾക്കുണ്ടായിരുന്നു.

6 അടി വീതം ഉയരത്തിലുള്ള മേടകൾ അഭിമുഖമായി ചില നാടകങ്ങളിൽ കാണാം. ഗോവണികളും ഘടിപ്പിച്ചിട്ടുണ്ടാകും. മേടകൾക്കു പിന്നിലായി 4 അടി വീതിയിൽ ഒരു കിളിവാതിലുമുണ്ടായിരിയ്ക്കും.ആശാനും മേളക്കാരും വിളക്കിനരികിൽ വേദിയിൽ തന്നെയാണ് നിലയുറപ്പിയ്ക്കുന്നത്.നടന്മാർ വശങ്ങളിൽ ഉള്ള തിരശ്ശീല നീക്കിയാണ് രംഗത്തു വരിക. വേദിയ്ക്കു മുന്നിലായി നിരയായി ഉയർത്തിയ വിളക്കുകൾ വേദി പ്രകാശമാനമാക്കും.

ആശാൻ – ആശാന്മാരെ അണ്ണാവി എന്നു ആദ്യകാലത്ത് വിളിച്ചിരുന്നു. അണ്ണാവി എന്നതിൻ്റെ അർത്ഥം അദ്ധ്യാപകൻ എന്നാണ്. നാടകാവതരണത്തിന്റെ പൂർണ്ണചുമതല ആശാൻ വഹിയ്ക്കുന്നു. താളബോധവും സംഗീതജ്ഞാനവും ആശാന് കൂടിയേ തീരൂ. അഭ്യസനത്തിനു പുറമേ പയറ്റുവിദ്യകളും ആശാനു തരമായിരിയ്ക്കണം. കൂടാതെ അഭിനയത്തിലും സാഹിത്യത്തിലും നല്ല ധാരണ ആശാനുണ്ടായിയ്ക്കണം.

തമിഴിൽ അറിവുണ്ടെങ്കിൽ മാത്രമേ നാടക സാഹിത്യം ശിഷ്യർക്കും കഥാപാത്രങ്ങൾക്കും പകർന്നുകൊടുക്കാൻ കഴിയൂ. ആദ്യകാലങ്ങളിൽ കളരിയിലായിരുന്നു പ്രാഥമികമായ നൃത്തച്ചുവടുകളും മെയ് വഴക്കവും പരിശീലിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് നാടകാഭ്യസനം അഥവാ ചൊല്ലിയാട്ടം തുടങ്ങുന്നത്. ഈ കാലത്തെ ആശാന്റെ ചെലവുകൾ ശിഷ്യർ വഹിക്കണം. നാടകാഭ്യസനത്തിനു പ്രത്യേകം പ്രതിഫലം ആശാൻ വാങ്ങുകയില്ല.

ബൃശീനാ നാടകം : ചിന്നത്തമ്പി അണ്ണാവി രചിച്ച ഒരു പ്രധാന നാടകമാണ് ബൃശീനാ നാടകം. അദ്ദേഹത്തിന്റെ പ്രഥമ കൃതിയായി ഇതിനെ കരുതിപ്പോരുന്നുണ്ട്,ആശയ സമ്പുഷ്ടവും മിഴിവുറ്റ വർണ്ണനയും ഒത്തുചേർന്ന ഈ നാടകത്തിൽ സുന്ദരിയായ ബൃശീനയുടെ ജീവിതകഥ കെട്ടഴിക്കപ്പെടുന്നു. ധർമ്മമാർഗ്ഗത്തിലും സദാചാരപൂർണ്ണതയിലും ജീവിതം നയിയ്ക്കുന്ന ബൃശീനയെ ഇതിൽ നിന്നു വ്യതിചലിപ്പിക്കാൻ അൾവാൻ എന്ന കഥാപാത്രം നടത്തുന്ന കുടില തന്ത്രങ്ങളും അതുമൂലം ബൃശീന അനുഭവിയ്ക്കുന്ന നരകയാതനകളുമാണീ നാടകത്തിൽ. ഒടുവിൽ ബൃശീന തന്ത്രങ്ങളെ അതിജീവിച്ച് വിജയം വരിയ്ക്കുന്നതോടെ നാടകം അവസാനിയ്ക്കുന്നു.

അല്ലേശുനാടകം : ഈ നാടകത്തിൽ നായകൻ അലക്സിയൂസ് (അല്ലേശു) റോമിലെ പ്രതാപശാലിയായ ഒരു പ്രഭുവിന്റെ ഏക സന്താനമാണ്. സമർത്ഥനായ അലക്സിയൂസിനെ ഒരു സൈന്യാധിപനായിക്കാണാനാണ് പ്രഭുവിന്റെ ആഗ്രഹം.എന്നാൽ ക്രിസ്തുവിനെ അനുകരിച്ച് ഒരു ബ്രഹ്മചാരിയാകാനും ആ ദർശനങ്ങളെ പിന്തുടരുവാനും ആണ് അലക്സിയൂസ് ആഗ്രഹിയ്ക്കുന്നത്. എന്നാൽ പിതാവ് നിർബന്ധമായി അല്ലേശുവിനെ വിവാഹം കഴിപ്പിയ്ക്കുന്നു.

”മങ്കേ മണിയറയട , നാൻ പോയ് വരേൻ” എന്നു ചൊല്ലി വീട് ഉപേക്ഷിച്ച് ഇറങ്ങിയ അല്ലേശു നഗരങ്ങളിലും ഗ്രാമങ്ങളിലും ഭിക്ഷാംദേഹിയായി അലഞ്ഞ് യേശുവിനെ വാഴ്ത്തി ജീവിതം കഴിയ്ക്കുന്നു. റോമിലേയ്ക്കു തിരിച്ചുവന്ന അല്ലേശു പിതാവിനെക്കാണുന്നു. എന്നാൽ പിതാവിനു പുത്രനായ അല്ലേശുവിനെ വേഷംകൊണ്ട്തിരിച്ചറിയാൻ കഴിയുന്നില്ല. തുടർന്ന്അല്ലേശു അദ്ദേഹത്തോട് തന്റെ ഭവനത്തിൽ അഭയം നൽകണമെന്ന് അപേക്ഷിയ്ക്കുന്നു. പതിനേഴ് വർഷങ്ങൾ തിരിച്ചറിയപ്പെടാതെ തികഞ്ഞ അവഗണനയിൽ കഴിഞ്ഞ അല്ലേശു മരണപ്പെടുകയും മൃതദേഹത്തിൽ ഉണ്ടായിരുന്ന രേഖയിൽ നിന്ന് കുടുംബം കാത്തിരുന്ന ആൾ തന്നെയാണിതെന്ന് ഭാര്യയും മറ്റും മനസ്സിലാക്കുകയും ചെയ്യുന്നു.

കാറൾസ്മാൻ ചരിതം : ചവിട്ടുനാടകങ്ങളിൽ വീരരസത്തിലും ആവിഷ്കരണത്തിലും മുഖ്യസ്ഥാനം കാറൾസ്മാൻ നാടകത്തിനുണ്ട്. യൂറോപ്യൻ ഭരണാധികാരിയായിരുന്ന ചാറൾസ്മാൻ ചക്രവർത്തിയുടേയും അദ്ദേഹത്തിന്റെ പന്ത്രണ്ടു പടനായകരുടേയും കഥയാണിതിൽ. മലയാളത്തിലെ കാറൾസ്മാൻ ഫ്രഞ്ചുപദമായ ഷാർലിമെയ്ൻ എന്ന പദത്തിൽ നിന്നുത്ഭവിച്ചതാണ്. അഞ്ചുഭാഗങ്ങളിലായി ഈ നാടകം തിരിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാം ഭാഗത്തിൽ കാറൾസ്മാന്റെ സഹോദരിയായ ബെട്ത്തയുടെ കഥകളും റോൾദാൻ എന്ന കുട്ടിയുടെ ബാല്യവും ആണ്. രണ്ടും മൂന്നും ഭാഗങ്ങൾ യുദ്ധഗതികളാണ്. ആഞ്ചലിക്കയുടെ കഥയാണിതിൽ പ്രധാനം. നാലാം അങ്കത്തിൽ വാൾദു എന്ന പടയാളിയുടെ വീരപരാക്രമങ്ങളും അഞ്ചിൽ യുദ്ധവിജയവും രക്തസാക്ഷിത്വവും ഘോഷിയ്ക്കുന്നു.

നാടകത്തിന്റെ അവസാനം ആശാന്റെ നേതൃത്വത്തിൽ എല്ലാ നടന്മാരും മംഗളസ്തുതിപാടി ചുവടുവച്ച് സദസ്സിനെ വണങ്ങി അണിയറയിലേയ്ക്കു പോകുന്നതോടെ ചവിട്ടുനാടകത്തിനു പരിസമാപ്തിയാകുന്നു.

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് കേരളീയമായ ഒരു വ്യക്തിത്വമുണ്ട്. വിവിധ സഭാപാരമ്പര്യങ്ങളുടെ സ്വാധീനം നിലനില്‍ക്കെത്തന്നെ കേരളീയ സാംസ്കാരിക പാരമ്പര്യത്തില്‍ ഊന്നിയുള്ളതാണ് ഈ വ്യക്തിത്വരൂപീകരണം. ഈയൊരു പ്രക്രിയയില്‍ ചവിട്ടുനാടകം പോലുള്ള രംഗകലകള്‍ വഹിച്ച പങ്ക് പ്രധാനമാണ്. വിശ്വാസികളെ പ്രാദേശിക സംസ്കാരത്തോട് അടുത്തുനില്‍ക്കാൻ ഇത്തരം കലാരൂപങ്ങള്‍ സഹായിച്ചു എന്നു പറയാം.

കടപ്പാട് – വിക്കിപീഡിയ, ചിത്രം – സുനിൽ അമ്മാടം.