ചിക്കൻ ഫ്രൈയുടെ സുൽത്താന – ആരിഫാ ബീവിയും കൂട്ടരും

വിവരണം – വിഷ്ണു എ.എസ്.നായർ.

രുചികൾ തേടിയുള്ള യാത്രകളിൽ തീർത്തും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ചില രുചിയിടങ്ങളുണ്ട്. ഒരു പക്ഷേ നഗരത്തിലെ പേരുകേട്ട പല കൊമ്പന്മാർക്കും നല്കാനാകാത്ത രുചിയിലും ഗുണത്തിലും വർഷങ്ങളായി ജനങ്ങളെ ഊട്ടുന്നവർ. അവർക്ക് പേരും പ്രശസ്തിയുമൊന്നും ആവശ്യമില്ല. നമ്മൾ അറിയുന്നതിന് മുൻപേ അവർ നിലനിന്നിരുന്നു. അതിനു ശേഷവും അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും. കാരണം പരസ്യവും തന്ത്ര-കുതന്ത്രങ്ങളുമല്ലാ അവരുടെ നിലനിൽപ്പിന്റെ ആധാരം. കഠിനാധ്വാനവും കൈപ്പുണ്യവും പിന്നെ മുകളിരിക്കുന്ന വല്യ ശാപ്പാട്ടുരാമന്റെ അനുഗ്രഹങ്ങളും മാത്രമാണ് അവരുടെ കൈമുതൽ.

ഒരു നാൾ രാവിലെ കഴക്കൂട്ടം വരെ ഒരാവശ്യത്തിന് വന്നപ്പോഴാണ് കാപ്പി കുടിച്ചില്ല എന്ന സിഗ്നൽ ‘ഏമ്പക്ക’ രൂപേണ ശരീരം പുറപ്പെടുവിച്ചത്. അങ്ങനെ കാപ്പി കുടിക്കാനായി അവിടുള്ള ഹോട്ടലിൽ കയറിയപ്പോഴാണ് തലേ ദിവസത്തെ കെട്ട് വിടാഞ്ഞിട്ടോ അതോ രാവിലെത്തന്നെ ‘കൈ വിറയലിനുള്ള മരുന്ന്’ കഴിച്ചതോയായ ഒരു ചേട്ടൻ രംഗപ്രവേശം ചെയ്തത്. ഹോട്ടലിലെ സപ്ലൈയറുമായുള്ള സംഭാഷണത്തിനിടയ്ക്ക് പുള്ളി പറയുന്നുണ്ടായിരുന്നു “ചിക്കൻ ഫ്രൈ !! അത് കഴിക്കണമെങ്കിൽ മേലെ-ചന്തവിളയിൽ തന്നെ പോകണം…” ഇതു കേട്ടതും എന്റെ ശ്രദ്ധ അതിലേക്കായി. പൂസായി നിൽക്കുന്നവൻ കള്ളം പറയില്ല എന്നൊരു പൊതു തത്വം നിലവിലുണ്ടല്ലോ!! അങ്ങനെ ചന്തവിളയിലെ ആ രുചിയിടത്തിന്റെ സ്ഥാനത്തെക്കുറിച്ചു ഒരുദ്ദേശ ധാരണ ചോദിച്ചറിഞ്ഞു. പിന്നെ താമസിപ്പിച്ചില്ല നേരെ വച്ചു പിടിച്ചു ചന്തവിളയിലേക്ക്…

കഴക്കൂട്ടം ജംഗ്ഷൻ കഴിഞ്ഞ് ആറ്റിങ്ങൽ റൂട്ടിലേക്ക് പോകുമ്പോൾ ആദ്യത്തെ ട്രാഫിക്ക് സിഗ്നലിൽ നിന്നും വലത്തേക്കുള്ള വഴിയാണ് ചന്തവിളയിലേക്ക്. അവിടെ കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് കഴിഞ്ഞ് കൃത്യം 1.3 കിലോമീറ്റർ പോകുമ്പോൾ വലതു വശത്തായി ഒരു വീടിന്റെ ചായ്പ്പ് കാണാം. കടയ്ക്ക് പേരൊന്നുമില്ല. സ്ഥലം ഉറപ്പിക്കാനായി റോഡിന്റെ മറുവശത്ത് മരുപ്പൻകോട് ദേവീ ക്ഷേത്രത്തിന്റെ ആർച്ച് കാണാം. പുറമേ കണ്ടാൽ ഒരു ഹോട്ടലിന്റെ യാതൊരു വിധ ലക്ഷണങ്ങളും കണ്ടെത്താൻ സാധിക്കുകയില്ല. ഒരു വീടിനോട് ചേർന്നു ഷീറ്റടിച്ച് ചായ്പ്പ് പരുവത്തിലാക്കിയ ഒരു സെറ്റപ്പാണ്. എട്ട് പേർക്കിരിക്കാവുന്ന ഒരു തീന്മേശ, അതിൽ അഡ്ജസ്റ്റ് ചെയ്ത് പത്ത് പേർക്കിരിക്കാം. അതാണ് സീറ്റിങ് കപ്പാസിറ്റി. അതേ ചായ്പ്പിൽ തന്നെയാണ് അടുക്കളയും.

അടുക്കളയിൽ ഒരു ചേച്ചിയും ചായ അടിക്കാനും ഭക്ഷണം വിളമ്പാനും മേശ വൃത്തിയാക്കാനുമായി തലയിൽ തട്ടമിട്ട ഒരു ഉമ്മയും – ഈ ഭക്ഷണശാലയുടെ ‘അമരക്കാരിയായ ആരിഫാ ബീവി. രാവിലെ ആറര മണിക്ക് തുറക്കുന്ന ഈ കടയിലാകെ ഒരൊറ്റ ഐറ്റം മാത്രമേയുള്ളു. അപ്പം !!! കൂടെ ചിക്കൻ കറിയും, മുട്ട കറിയും, ഉള്ളിക്കറിയും മറ്റും ലഭ്യമാണെങ്കിലും ഇവിടം പ്രസിദ്ധമായത് അപ്പത്തിന്റെ കൂടെകിട്ടുന്ന ചിക്കൻ ഫ്രൈയ്യുടെ പേരിലാണ്. അതാണെങ്കിൽ ഏഴരയ്ക്ക് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. അകത്തും പുറത്തുമൊക്കെ നന്നായി മസാലയൊക്കെ പിടിച്ച ആ കുഞ്ഞു ചിക്കൻ കഷ്ണങ്ങളെ എണ്ണയിൽ സ്ഫുടം ചെയ്തെടുത്ത് ഒരു പിടി സവാളയുടെ മേമ്പൊടിയോടെ ചൂടോടെ തന്നെ നമ്മുടെ മുന്നിൽ ആരിഫാ ബീവി കൊണ്ട് വയ്ക്കും. അതിന്റെ കൂടെ ലൈവായി ചുട്ട നല്ല കിടുക്കാച്ചി അപ്പവും.

പൊരിച്ച കോഴീന്റെ മണവും ആസ്വദിച്ച് ഒരു കഷ്ണം അടർത്തിയെടുത്ത് ചൂടപ്പത്തിന്റെ അകത്തു വച്ച് കഴിക്കണം. എരിവ് അകത്ത് കയറും മുൻപേ ആ ചൂട് ചായയും കൂടെ. അമ്പോ!! അറജ്ജം പുറജ്ജം കിടുക്കാച്ചി. കഴിക്കുമ്പോൾ ശ്രദ്ധിച്ചു കഴിക്കണം, ചൂടപ്പം ആയതിനാൽ ചുമ്മാതങ്ങ് കഴിച്ചു കൊണ്ടേയിരിക്കും. Mark my words. ഒരു പക്ഷെ തിരുവനന്തപുരം നഗരത്തിൽ ഏറ്റവും നല്ല സ്വാഭാവിക രുചിയുള്ള ചിക്കൻ ഫ്രൈ ലഭിക്കുന്ന ഭക്ഷണശാലകളുടെ പട്ടികയെടുത്താൽ അതിന്റെ മുൻനിരയിൽ തന്നെയുണ്ടാകും ആരിഫാ ബീവിയുടെ ചിക്കൻ ഫ്രൈ. അത്രയ്ക്ക് കിടുക്കാച്ചി… ചിക്കന്റെ ആ പൊടി മാത്രം മതി നാലഞ്ച് അപ്പം ചുമ്മാ ആമാശയത്തിലേക്കിറങ്ങും.

അളവിന്റെ കാര്യത്തിലായാലും രുചിയുടെ കാര്യത്തിലായാലും വമ്പന്മാരോട് കിടപിടിക്കാൻ ഈ കൊച്ചു രുചിയിടത്തിന് കഴിയുമെന്നത് നിസ്സംശയം പറയാം. എല്ലാം നമ്മുടെ കണ്ണിൻമുന്നിൽ ഉണ്ടാക്കുന്നതിനാൽ മായവും മന്ത്രവുമൊന്നുമില്ല. ഉണ്ടെങ്കിൽ കുറച്ച് കൈപ്പുണ്യവും നന്മയും മാത്രം. ചിക്കൻ ഫ്രൈ ഞാൻ 101% ഗ്യാരന്റി. കിടുക്കാച്ചി. ആദ്യ ദിവസം കഴിച്ചതിന്റെ രുചിപിടിച്ചാണ് അടുത്ത ദിവസവും ബീവിയുടെ കടയിൽ പിന്നെയും പോയത്. ഇത്തവണ വാങ്ങിയത് അപ്പവും ഹാഫ്-ചിക്കൻ കറിയും കട്ടനും. ഹാഫ് ചിക്കൻ കറിയെന്നു പറഞ്ഞാൽ സിറ്റിയിലെ ഫുൾ കറിയുടെ അത്ര വരും. അതും കിടിലം തന്നെ… നാടൻ കോഴിയാണോയെന്ന് ചോദിച്ചാൽ “അതൊന്നും എനിക്കറിയില്ലേ മക്കളേ… ഇവിടടുത്തുള്ള വീട്ടിലെ ഫാമിൽ വളർത്തണ കോഴിയാണ്” ഇതായിരിക്കും മറുപടി. കഴിച്ചതിന്റെ അനുഭവത്തിൽ നാടൻ കോഴിയല്ലെന്നാണ് തോന്നുന്നത്.

മുപ്പത് വർഷങ്ങൾക്ക് മേലെയായി കെട്ട്യോനും ആരിഫാ ബീവിയും ചേർന്ന് ഈ ചായക്കട തുടങ്ങിയിട്ട്. ആദ്യകാലങ്ങളിൽ ബൈപ്പാസിൽക്കൂടി പോകുന്ന ഡ്രൈവർമാർക്ക് തൈരും മോരും പഴവും വിൽക്കുന്ന ഒരു ചെറിയ തട്ടായി തുടങ്ങിയതാണ്. ക്രമേണ അതൊരു ചായക്കടയായി മാറി. എന്നാൽ 14 വർഷങ്ങൾക്ക് മുൻപ് റോഡ് വികസനത്തിന്റെ ഭാഗമായി റോഡിനരുകിലെ കടകൾ ഒഴിപ്പിക്കപ്പെട്ടപ്പോൾ ചായക്കട പൊളിക്കേണ്ടി വന്നു. അതിനു ശേഷമാണ് വീടിനോട് ചേർത്തൊരു ചായ്പ്പിറക്കി ഇന്ന് കാണുന്ന രീതിയിൽ കച്ചവടം തുടങ്ങിയത്. ആരിഫാ ബീവിയെക്കുറിച്ച് പറയാതിരുന്നാൽ അതൊരു നെറികേടാകും. ഏതാണ്ട് അറുപതിനോടടുത്ത പ്രായം. എന്നാലും ഊർജ്ജസ്വലതയ്ക്ക് കുറവൊന്നുമില്ല.

ഈ കടയിൽ വരുന്ന ഭൂരിഭാഗം പേർക്കും അവരുടെ കുഞ്ഞുനാൾ മുതലേ ബീവിയെ അറിയാം. അവരോട് പഴയ കാര്യങ്ങളും കഥകളും ഓർത്തെടുത്ത് ബീവി പറയും. കൂടെ നമ്മളോടും ബീവി ചോദിക്കും “ശെരിയല്ലേടാ?” എന്തു പറയണമെന്നറിയാതെ അന്ധാളിച്ച് നമ്മൾ ബീവിയുടെ മുഖത്തേക്ക് നോക്കുമ്പോഴേക്കും പുള്ളിക്കാരി അടുത്ത കഥയിലേക്ക് കടന്നിട്ടുണ്ടാകും. സത്യത്തിൽ പഴയ അമ്മച്ചിമാരുടെ അതേ സ്വഭാവം. ചിലപ്പോൾ നമ്മുടെ വല്യമ്മയോടോ കുഞ്ഞമ്മയോടൊ കൂട്ടി ചേർക്കാൻ തോന്നും അത്ര സാധുവാണ്. കടയിൽ വരുന്ന കുട്ടികൾക്കും മറ്റും ബീവി സൗജന്യമായാണ് ആഹാരം കൊടുക്കുന്നത്. അതിന്റെ കാരണം ചോദിക്കുമ്പോൾ “അവനൊരു അപ്പം കൊടുത്തത് കൊണ്ട് ഇതങ് നഷ്ടത്തിലായിപ്പോണെങ്കിൽ അങ്ങു പോട്ട്” എന്നാണ് മറുപടി. അതുപോലെ ചിക്കൻ വിഭവങ്ങൾ ബീവി തന്നെ നോക്കിയെടുത്ത് കൊടുക്കണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്.

നമ്മളായാലും ചിക്കൻ ഫ്രൈയ്യോ കറിയോ മറ്റോ ലുബ്ദിച്ചു കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ ചോദ്യവും പറച്ചിലുമൊന്നുമില്ല. വയറു നിറയെ തീറ്റിച്ചിട്ടേ വിടൂ. കൂടുതൽ തരുന്ന കറികൾക്കും കഷ്ണങ്ങൾക്കും പൈസ ഈടാക്കുന്നതല്ല. വിലവിവരം : 4 അപ്പം + 1 ചിക്കൻ ഫ്രൈ + 1 പാൽ ചായ :- ₹.100/- 6 അപ്പം + ഹാഫ് ചിക്കൻ കറി + 1 കട്ടൻ :- ₹.100/- (വിലയൊക്കെ വായുവിൽ അപ്പോൾ തോന്നുന്നത് എഴുതികൂട്ടിയാണ് പറയുന്നത്. വില അങ്ങോട്ടോ ഇങ്ങോട്ടോ ആകാം). കൈകഴുകാൻ പൈപ്പില്ല… സ്ഥലസൗകര്യം കുറവ്… കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ട്… ആമ്പിയൻസ് തൊട്ടു തീണ്ടിയിട്ടില്ല… അങ്ങനെ അനവധി-നിരവധി കുറവുകളുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ ആരിഫാ ബീവി ഒരുപടി മുന്നിൽ തന്നെ, അത് ഡെഫിനിറ്റാ !!

സ്ഥലസൗകര്യങ്ങൾ കുറവായതിനാൽ കൂടുതൽ ആൾക്കാരും പാർസലാണ് വാങ്ങുന്നത്. എത്ര മണി വരെ കടയുണ്ടാകുമെന്നു ചോദിച്ചാൽ ചിക്കൻ തീരുന്നത് വരെ ഉണ്ടാകും എന്നാണ് ആരിഫാ ഉമ്മ പറഞ്ഞിരിക്കുന്നത്. അതിപ്പോൾ പകൽ പത്തുമണിയാകാം പതിനൊന്നു മണിയാകാം. പതിനൊന്നരയ്ക്കുള്ളിൽ സർവതും കഴിയുമെന്നാണ് കേട്ടത്. അതിനാൽ കഴിവതും നേരത്തേ പോകാൻ ശ്രമിക്കുക. ഉച്ചയ്ക്കും വൈകുന്നേരം സമയങ്ങളിലും കടയില്ലെന്നാണ് അറിവ്. Pls note the point. ലൊക്കേഷൻ :- Kazhakoottam – Thaikod Rd Kazhakoottam – Thaikod Rd, Thiruvananthapuram. https://maps.app.goo.gl/u63Uo.