നെയ്യാറ്റിൻകരയിലൊള്ളൊരു ചിക്കൻ പീറ്റ്സ

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

പലതരം പീറ്റ്സകൾ കഴിച്ചിട്ടുണ്ട്. പലതരം രുചികൾ ഉള്ളത്. പക്ഷേ ഇത് വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. എല്ലിന്റെ പീസുകൾ അടങ്ങിയ പീറ്റ്സ. ഇവിടെ മാത്രമേ കണ്ടിട്ടുള്ളു. പീറ്റ്സയിൽ എല്ലുകളോ? നെറ്റി ചുളിയണ്ട. അതിൽ ആണ് ആ പീറ്റ്സയുടെ രുചിയും. ആ രുചി അറിഞ്ഞു കഴിച്ചാൽ നെയ്യാറ്റിൻകരയിൽ പിന്നെയും ചെല്ലുമ്പോൾ ഇത് വാങ്ങിച്ചിരിക്കും.

ഇത് മനുപ്രിയ ബേക്കറി, നെയ്യാറ്റിൻകരയിൽ ആലുംമൂട് ജംഗ്ഷനിൽ ഉള്ളത്. പ്രഭാകരൻ നായർ ചേട്ടന്റെ ഉടമസ്ഥതതയിൽ 1992 ൽ തുടങ്ങിയത്. ചേട്ടന്റെ മക്കളായ മനു, പ്രിയ എന്നവരുടെ പേരുകൾ ചേർത്ത് വച്ചൊരു പേര് – മനുപ്രിയ. പണ്ട് തൊട്ടേ കേക്ക്, പഫ്‌സ്, ബർഗർ, കട്ലറ്റ്, മഫിൻ, പിസ്‌ത തുടങ്ങിയവ, വെജ് ആയാലും ചിക്കൻ ആയാലും, ബേക്കറിയിൽ തന്നെ ഉണ്ടാക്കുന്നവയാണ്. ഇന്നും അവയൊക്കെ മനുപ്രിയയുടെ സ്വന്തം പലഹാരങ്ങളായി തന്നെ തുടരുന്നു. കേക്കുകളെല്ലാം തന്നെ ഹോംമെയ്ഡ് കേക്കുകളായി വിശ്വസിച്ചു വാങ്ങിക്കാം. വേറെ കെമിക്കലുകൾ ഒന്നും ചേർക്കാറില്ല. ബേക്കറി തുടങ്ങിയ അന്ന് മുതൽ തന്നെ കേക്കുകൾ വാങ്ങിക്കുന്ന പല കുടംബങ്ങളുടെയും അനുഭവ സാക്ഷ്യം.

ഇവിടെ നിന്ന് പീറ്റ്സ (₹ 50) കഴിച്ചപ്പോൾ തന്നെ തീരുമാനിച്ചു വീട്ടുകാരും അതിന്റെ രുചി അറിയട്ടെ. അത് കൊണ്ട് തന്നെ അവർക്കും പാർസൽ വാങ്ങിച്ചു. അത് പോലെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി ശുപാർശ ചെയ്‌ത കാരറ്റ് കേക്കും (₹ 20 ) മേടിച്ചു. അതും പൊളിച്ചു. പലയിടത്തു നിന്നും കാരറ്റ് കേക്ക് വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെ. കൂട്ടത്തിൽ 4 മുട്ട പഫ്‌സും (₹ 13). അതും ഇഷ്ടപ്പെട്ടു.

നെയ്യാറ്റിൻകര – ചരിത്രപരമായ ഒരുപാട് കഥകളും വസ്തുതകളും വ്യക്തികളും കൊണ്ട് ഹൃദയത്തിൽ കുടിയിരിത്തിയത് പോലെ, ഇവിടത്തെ രുചിയിടങ്ങളും ഒരിക്കൽ രുചിച്ചാൽ പിന്നെ മറക്കാതെ ഹൃദയത്തിൽ അങ്ങനെ കിടക്കും.

27 വർഷമായി ഭക്ഷണപ്രേമികളുടെ രുചിയുടെ മധുരിക്കുന്ന നിറവായി നിൽക്കുന്ന മനുപ്രിയക്ക് എല്ലാ ആശംസകളും.നെയ്യാറ്റിൻകര … അന്നും ഇന്നും എന്നും ഇഷ്ടം 🙏❤️

Alummoodu, Neyyattinkara, Kerala 695121, 📞-094474 71169, Timings: 9 AM to 8:30 PM. Location : https://goo.gl/maps/XWczXPiz6AYdRXav9