പോലീസ് മാമൻ്റെ സ്നേഹം നിറഞ്ഞ ഐസ്ക്രീം നുണഞ്ഞു കുഞ്ഞുങ്ങൾ – ചിത്രം വൈറൽ…

പണ്ടുകാലത്ത് പോലീസ് എന്നു കേട്ടാൽ എല്ലാവരും പേടിക്കുമായിരുന്നു. അന്നൊക്കെ കുട്ടികൾ ഭക്ഷണം കഴിക്കാതെ വരുമ്പോൾ പോലീസിന്റെ പേര് പറഞ്ഞായിരുന്നു അമ്മമാർ അവരെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. പോലീസ് എന്നത് സമൂഹത്തിന്റെ തന്നെ വികാരമായി മാറിയ നന്മ നിറഞ്ഞ സംഭവങ്ങൾ ഉണ്ടായി. തൽഫലമായി പോലീസുകാർ ജനങ്ങളോട് കൂടുതൽ അടുത്തു. ജനങ്ങൾ തിരികെയും. അങ്ങനെയാണ് ജനമൈത്രി പോലീസ് എന്ന വാക്കൊക്കെ ഉണ്ടായതും.

ഇതൊക്കെ ഇവിടെ പറയുവാൻ കാരണം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് വൈറലായി മാറിയ ഒരു ചിത്രമാണ്. പോലീസുകാരിൽ കർക്കശ സ്വഭാവമുള്ളവർ ഉണ്ടാകും. എന്നാൽ അക്കൂട്ടത്തിൽ നന്മ നിറഞ്ഞ മനസുള്ളവരും ഉണ്ടെന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. പോലീസ് ജീപ്പിനു മുന്നിൽ ഐസ്ക്രീം നുണഞ്ഞു കൊണ്ടിരിക്കുന്ന മൂന്നു നാടോടി കുഞ്ഞുങ്ങളുടെയും അത് നോക്കി വാത്സല്യത്തോടെ നിൽക്കുന്ന പോലീസുകാരന്റെയും ചിത്രമാണ് വൈറലായി മാറിയത്. ‘വിശപ്പിന്റെ വിളിയല്ലേ സാറേ’ എന്ന് ആരോ തലക്കെട്ട് നല്‍കിയ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നു തന്നെ ശ്രദ്ധ നേടി.

എല്ലാവരുടെയും മനസ്സും കണ്ണും നിറച്ച ഈ ചിത്രത്തിനു പിന്നിലെ കഥ ഇങ്ങനെയാണ് – ഔദ്യോഗിക ആവശ്യത്തിന് വഴിവക്കിൽ പോലീസ് വാഹനം നിർത്തി പോയ കൊച്ചി ക്രൈം ബ്രാഞ്ചിലെ പോലീസുകാരൻ ജീമോൻ ആന്റണി തിരികെ വന്നപ്പോൾ ജീപ്പിനു മുന്നിൽ മൂന്നു നാടോടിക്കുഞ്ഞുങ്ങൾ കളിക്കുന്ന കാഴ്ചയാണ് കണ്ടത്. തെരുവിലെ നാടോടിക്കുട്ടികള്‍ക്ക് അറിയില്ലല്ലോ കളിയ്ക്കാന്‍ വന്നു ഇരിക്കുന്നത് പോലീസ് വണ്ടിയുടെ മുന്നിലാണെന്ന്. പക്ഷേ വണ്ടിയെടുക്കാന്‍ വന്ന പോലീസുമാമന് അറിയാം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്തോഷത്തിന്റെയും വില. പോലീസ് വേഷം കാണിച്ചും മീശ പിരിച്ചുമൊക്കെ കുട്ടികളെ ഓടിക്കുന്നതിനു പകരം ജീമോൻ ചെയ്തത് തൊട്ടടുത്തുള്ള കടയിൽ നിന്നും മൂന്നു പേർക്കും ഓരോ ഐസ്ക്രീം വാങ്ങിക്കൊടുക്കുകയായിരുന്നു.

ഔദ്യോഗിക വാഹനത്തിനു മുന്നിലിരുന്നു കൊണ്ട് തന്നെ ആ പാവം കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഐസ്ക്രീം കഴിക്കുന്ന കാഴ്ച വാത്സല്യത്തോടെ നോക്കി നിൽക്കുന്ന ജീമോന്റെ ചിത്രം ആരോ എടുക്കുകയും പിന്നീട് അത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയുമായിരുന്നു. ചിത്രം വൈറലായതോടെ ‘ജനമൈത്രി പോലീസ്’ തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഈ ചിത്രം ഷെയർ ചെയ്യുകയുണ്ടായി. ഇതോടെയാണ് ചിത്രവും ചിത്രത്തിനു പിന്നിലെ കഥയും കൂടുതൽ ആളുകൾ അറിയുവാനിടയായത്.

ചിത്രം കൂടുതൽ വൈറലായതോടെ കുട്ടികൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥനായ ജീമോന് ധാരാളം ആളുകളാണ് അഭിനന്ദന സന്ദേശങ്ങളുമായി എത്തുന്നത്. പോലീസുകാരുടെ കുറ്റങ്ങളും കുറവുകളും മാത്രം കാണുന്നവർ ഈ നന്മനിറഞ്ഞ സംഭവം (ചിത്രം) കൂടി ഒന്ന് കാണുക. കാക്കിക്കുള്ളിൽ കലാകാരൻ മാത്രമല്ല അച്ഛനും സഹോദരനും സുഹൃത്തുമൊക്കെ ഉണ്ട് എന്ന്ഇതുപോലുള്ള സംഭവങ്ങളും വാർത്തകളുമൊക്കെ സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കുന്നു.