കന്യാകുമാരിയ്ക്ക് അടുത്തുള്ള ചിതറാല്‍ ക്ഷേത്രവും ശിലാലിഖിതങ്ങളും

© Sajish Aravankara.

ലേഖകൻ – വിപിൻ കുമാർ

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്താണ് ചിതറാല്‍ ജൈന സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഇവിടുത്തെ ഗുഹാക്ഷേത്രനിര്‍മ്മിതികള്‍ അക്കാലത്തെ വാസ്തുവിദ്യയുടെയും ചിത്രകലകളുടെയും കൊത്തുപണികളുടെയും എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണ്. പല്ലവ രാജാവ് മഹേന്ദ്രവർമ്മൻ ഒന്നാമന്റെ (610-640) കാലത്ത് ഇവിടം പ്രബലമായിരുന്ന ഒരു ജൈനസങ്കേതമായിരുന്നെന്ന് കരുതപ്പെടുന്നു. തിരുച്ചാരണത്തുമലയെന്ന് ചരിതരേഖകള്‍ സൂചിപ്പിക്കുന്ന ചിതരാല്‍ ചോക്കാംതൂങ്ങിമലയെന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിഗംബരസന്ന്യാസിമാര്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ക്ഷേത്രം ഇപ്പോള്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ കുഴിത്തുറ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിതറാല്‍ മലൈകോവിലില്‍ എത്താം. ക്ഷേത്രത്തിലോട്ട് തിരിയുന്ന വഴിയില്‍ ഒരു കമാനം ഉണ്ട്. സഞ്ചാരികള്‍ക്ക് മലയുടെ അടിവാരം വരെ വാഹനത്തില്‍ പോകാവുന്നതാണ്. മലഞ്ചെരിവില്‍ നിന്നും ക്ഷേത്രത്തിലേക്കെത്തുവാനുള്ള പാതയില്‍ ഇടവിട്ട് ചവിട്ടുപടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുത്തനെയുള്ള കയറ്റമല്ലെങ്കിലും ഏകദേശം നാലു കിലോമീറ്റര്‍ നടക്കാനുണ്ട്. വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന പാതയുടെ ഇരുവശവും വിശ്രമത്തിനായി കല്‍ബെഞ്ചുകളും തണല്‍മരങ്ങളുമുണ്ട്.

ക്ഷേത്രത്തിലേക്കുള്ള വഴിയുടെ അവസാനത്തിലായി വലിയ പാറയില്‍ വഴിപാടായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓരോരുത്തര്‍ കൊത്തിവയ്പിച്ചിട്ടുള്ള അനേകം ജൈനതീര്‍ത്ഥങ്കരരുടേയും യക്ഷ/യക്ഷിമാരുടെയും പറക്കുന്ന വിദ്യാധരന്മാരുടെയും വിഗ്രഹങ്ങള്‍ കാണാം. വഴിപാടുകാരില്‍ ചിലര്‍ അവരുടെ പേരുകള്‍ കൂടി വട്ടെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ഥങ്കരവിഗ്രഹങ്ങള്‍ക്ക് ‘തിരുമേനി’ എന്നാണ് രേഖകളില്‍ പറയുന്നത്. തീര്‍ത്ഥങ്കരന്മാരുടെ പരിചാരക ദേവതകളാണ് യക്ഷന്മാരും യക്ഷികളും.

ക്ഷേത്രത്തിന്റെ പ്രധാന മണ്ഡപത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു. ഇടത്തെ ഗര്‍ഭഗൃഹത്തില്‍ പാർശ്വനാഥനും വലത്തേതില്‍ പത്മാവതീദേവിയും മധ്യത്തില്‍ മഹാവീരനുമാണ് പ്രതിഷ്ഠകൾ. മടപ്പള്ളിയും, ബലിപീഠവും, നാഗദേവത ഉപപ്രതിഷ്ഠയുമൊക്കെയുള്ള ഈ ക്ഷേത്രത്തിന്റെ പിൻഭാഗം ഒരു കൂറ്റൻ പാറയ്ക്കുള്ളിലേക്കായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആ പാറയ്ക്ക് മേൽ മൂന്നു നിലയിൽ തീർത്തൊരു ഗോപുരം കാണാം. 1908 ൽ മിന്നലേറ്റ് നശിച്ചു പോയെങ്കിലും പുനുരുദ്ധാരണം നടത്തി മങ്ങിപ്പോയ ശോഭ തിരിച്ചു പിടിച്ച് ആ ഗോപുരം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. പാർശ്വനാഥനും പത്മാവതീദേവിയും നാഗമകുടം അണിഞ്ഞവരാണ്. ജൈനശില്പകലാരീതിയായ മാനസാര ശില്‍പ ശൈലിയനുസരിച്ചാണ് പാര്‍ശ്വനാഥന്റെ പൂര്‍ണ്ണകായവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തിൽ പതിനാറു കൽത്തൂണുകളുണ്ട്. അതിൽ എട്ട് കൽത്തൂണുകൾ ചിത്രാലംകൃതമായി കാണപ്പെടുന്നു.

ചുവര്‍ ശില്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ത്രീരൂപം അംബികയക്ഷിയുടെതാണ് ( ചിത്രം 1 ലെ ശില്പം 27). സാമാന്യം ഉയരവും, അഴകൊത്ത ഉടല്‍ അളവുകളുമായി ശില്പസൗകുമാര്യം തുളുമ്പുന്ന അംബികയുടെ വലതുവശത്തായി വാഹനമായ സിംഹവും, ഇടത് വശത്തായി രണ്ട് പുത്രന്മാരും നില്‍ക്കുന്നു. വലതു കൈയ്യില്‍ മാമ്പഴം വയ്ച്ചിരിക്കുന്നു. കുടുംബസ്ഥയായി കഴിഞ്ഞിരുന്ന അംബിക യക്ഷിയായതിനു പിന്നില്‍ ഒരു കഥയുണ്ട്. പിതൃപൂജക്കായി ബന്ധുക്കള്‍ പുറത്തു പോയ സമയം ഭിക്ഷയാചിച്ച വന്ന ജൈനഭിക്ഷുവിന് പൂജയ്ക്ക് തയ്യാറാക്കി വച്ചിരുന്ന ആഹാരം അംബിക നല്‍കി. ബലിപൂജ കഴിഞ്ഞെത്തിയ ബന്ധുക്കള്‍ ഇതറിഞ്ഞതോടെ കോപിഷ്ഠരാവുകയും അംബികയെ വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്തു.

അഭയം നഷ്ടപ്പെട്ട അംബിക സഹായത്തിനായി ജൈനഭിക്ഷുവിനെ സമീപിച്ചു. സഹായിക്കാന്‍ നിര്‍വ്വാഹമില്ലാതിരുന്ന ഭിക്ഷു ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപ്പോകാനാണ് അംബികയെ ഉപദേശിച്ചത്. തിരിച്ചുചെന്ന അംബികക്ക് കൂടുതല്‍ അപമാനം ഏല്‍ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് അംബിക ആത്മഹത്യ ചെയ്തു. മരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയ അംബിക 22 ആം തീര്‍ത്ഥങ്കരനായ നേമിനാഥന്റെ യക്ഷിയായി (പരിചാരക) മാറി. എന്നാല്‍ പൂര്‍വ്വജന്മത്തിലെ കാര്യങ്ങള്‍ മറക്കാന്‍ കഴിയാതിരുന്ന അംബികയ്ക്ക് ഇന്ദ്രന്‍ ഒരു വരം നല്‍കി. ഭൂമിയിലേക്ക് തിരിച്ചു പോയി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാം, പക്ഷെ യക്ഷിയായിത്തന്നെ കഴിയേണ്ടിവരുമെന്നതായിരുന്നു വരം.

ചിതറാലിനെ കൂടാതെ ജൈനാവശിഷ്ഠങ്ങള്‍ കാണപ്പെടുന്ന മധുരക്കടുത്തുള്ള അണൈമല, ശമനമല എന്നിവിടങ്ങളിലും തിരുമലയിലും എല്ലോറയിലെ ജൈനഗുഹയിലും അംബികയക്ഷിയുടെ ചുവര്‍ ശില്പം കാണപ്പെടുന്നു. എന്നാല്‍ കഴുകുമലയില്‍ കാണപ്പെടുന്ന യക്ഷി അംബികയുടെ ശില്പമാണ് സൂക്ഷ്മശില്പകലാ വൈഭവത്തിന്റെ മൂര്‍ത്തിമത്ഭാവമായി കണക്കാക്കപ്പെടുന്നത്.

1913 ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീമൂലം തിരുനാള്‍ പ്രതിഷ്ഠാസങ്കല്പം പദ്മാവതി ദേവിക്ക് പകരം ഭഗവതിയാക്കി. അതിനു ശേഷം ചിതറാല്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഇവിടെ ദിവസവും ക്ഷേത്രപൂജകള്‍ നടക്കുന്നുണ്ട്. എല്ലാ ചിങ്ങമാസത്തിലും പൊങ്കാലയോടെ ഉല്‍സവം നടക്കാറുണ്ടിവിടെ. ക്ഷേത്രത്തിന്റെ വശത്തായി വീണ്ടും താഴേക്ക് പടവുകളുണ്ട്. തീര്‍ത്ഥക്കുളമായി ഉപയോഗിക്കുന്ന നീരുറവ അവിടെയാണ്. കുളം കഴിഞ്ഞാല്‍, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ്വരയാണ്. അരഞ്ഞാണം പോലെയൊഴുകുന്ന താമ്രപർണ്ണീ നദിയും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചപ്പും ചിതറാല്‍ മലയില്‍ നിന്നുള്ള മറ്റൊരു സമ്പന്നമായ കാഴ്ചയാണ്.

ചിതറാല്‍ ശിലാലിഖിതങ്ങള്‍: ചിതറാല്‍ ക്ഷേത്ര പരിസരത്തുനിന്ന് രണ്ടു ശിലാശാസനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍റെ 21-ാം ഭരണവര്‍ഷം (എ.ഡി. 926) എഴുതപ്പെട്ടതാണ് ആദ്യത്തെ ശിലാശാസനം. ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തായി പാറയില്‍ കാണുന്ന ലിഖിതത്തില്‍, തിരുച്ചാണത്തു മലയിലെ ജൈനക്ഷേത്രത്തിലേക്ക് വിലപിടിച്ച സ്വര്‍ണാഭരണങ്ങള്‍ രാജപണ്ടാരത്തില്‍ നിന്ന് ദാനം ചെയ്തതായി പറയുന്നു. ‘ഭട്ടാരിയാര്‍ക്ക്’ ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തായും പരാമര്‍ശമുണ്ട്. വിക്രമാദിത്യവരഗുണന്‍റെ 28-ാം ഭരണവര്‍ഷം എഴുതപ്പെട്ടതാണ് രണ്ടാമത്തെ ശിലാശാസനം. ഒരു വ്യക്തി ക്ഷേത്രത്തിലേക്ക് സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്തതായി പറയുന്ന ഈ ലിഖിതം അപൂര്‍ണമാണ്.

ചിതറാല്‍ (തിരുച്ചാരണം) ശിലാലിഖിതം -1 “സ്വസ്തിശ്രീ. രാജാവ് വിക്രമാദിത്യവരഗുണര്‍ക്കു ഭരണവര്‍ഷം ഇരുപത്തൊന്നു. ഈ വര്‍ഷം പൈങ്കുനി (മീന) മാസം നാരാണശിഷ്യകളില്‍ മൂത്തവരായ ജൈന ആചാര്യ … നാരണക്കുട്ടിയാര്‍ തിരുച്ചാരണത്ത് എടുപ്പിച്ച ശ്രീകോവിലിന് ഒരു നന്താവിളക്ക് മുടങ്ങാതെ കൊളുത്താന്‍ … പത്തൊന്‍പതു കഴഞ്ച് മാറ്റ് ഏറിയ സ്വര്‍ണവും ഒരു നിലവിളക്കും രാജപണ്ടാരത്തില്‍ നിന്ന് രണ്ടു കഴഞ്ചു സ്വര്‍ണവും മാറ്റേറിയ പൊന്‍പൂവ് ഒന്നും ഭടാരിയാര്‍ക്ക് (ദാനം ചെയ്തു).”

ചിതറാല്‍ (തിരുച്ചാരണം) ശിലാലിഖിതം -2 “സ്വസ്തിശ്രീ. രാജാവ് വിക്രമാദിത്യവരഗുണര്‍ക്കു ഭരണവര്‍ഷം ഇരുപത്തെട്ടു. ഈ വര്‍ഷം പേരായക്കുടിയിലെ അരട്ടനേമിപട്ടാരരുടെ ശിഷ്യയായ കുണന്താങ്കിങ്കുറത്തിങ്കള്‍ തിരുച്ചാരണത്തു ജൈനക്ഷേത്രത്തിലേക്ക് കാഴ്ചവച്ച പന്നും പട്ടവും … സ്വര്‍ണപുഷ്പവും – കഴഞ്ചു സ്വര്‍ണവും ….” (അപൂര്‍ണം).

തൂത്തുകുടി ജില്ലയിലെ കഴുകുമലയില്‍ നിന്നും ലഭിച്ച ശിലാലിഖിതങ്ങളില്‍ നിന്നും, കഴുകുമല എട്ടാം നൂറ്റാണ്ടു മുതല്‍ മൂന്നു നൂറ്റാണ്ടുക്കാലം പാഠശാലയെന്ന നിലയില്‍ പ്രശസ്തി നിലനിര്‍ത്തുകയും, തിരുചരണത്തു നിന്നുള്ള ദിഗംബര സന്യാസിമാരും സന്യാസിനികളും ഇവിടെയെത്തി പഠിപ്പിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ശിലാലിഖിതങ്ങള്‍ അനുസരിച്ച് കുറവന്മാരെന്നും, കുറത്തികളുമെന്നാണ് ഈ അദ്ധ്യാപകര്‍ അറിയപ്പെട്ടിരുന്നത്.

പ്രധാന റഫറൻസ്: കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ – പുതുശ്ശേരി രാമചന്ദ്രൻ.