കേരളത്തിലെ സിറ്റി ബസ്സുകൾ അഥവാ ഇന്നത്തെ പച്ച നിറമുള്ള ബസ്സുകൾ; ചില വസ്തുതകൾ…

നഗരങ്ങളിലൂടെ ആളെയും പെറുക്കി പോകുന്ന പച്ച ബസുകൾ കണ്ടിട്ടില്ലേ? വലിയ ആർഭാടം ഒന്നുമില്ലാത്ത നാടൻ വണ്ടികൾ. അവയാണ് സിറ്റി ബസുകൾ. കേരളത്തിൽ ഈ വിഭാഗത്തിൽ വരുന്ന ബസുകളിൽ സിംഹഭാഗവും സ്വകാര്യ ബസുകൾ ആണ്. തിരുവനന്തപുരം നഗരത്തിൽ KSRTC ബസുകളും സിറ്റി സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ സിറ്റി സർവീസുകൾ ആണ്. കുറച്ചു കാലം മുൻപ് കൊച്ചി നഗരത്തിൽ ഉണ്ടായിരുന്ന KSRTC തിരു – കൊച്ചി സർവീസുകൾ സിറ്റി പെർമിറ്റുകൾ ആയിരുന്നു. എന്നാൽ ഇന്നവ വ്യാപകമല്ല. അതുപോലെ KSRTC low floor Non AC ബസുകൾ സിറ്റി പെർമിറ്റുകൾ ആയാണ് ഉദ്ദേശിച്ചിരുന്നത് എന്നാണ് അറിവ്. ഇവ ഇന്ന് ആ രീതിയിൽ അല്ലാതെയും സർവീസ് നടത്തുന്നുണ്ട്.

ഒരു യാത്രക്കാരനെ സംബന്ധിച്ചു പറഞ്ഞാൽ അറിയേണ്ടത് ഇത്ര മാത്രം, ഓർഡിനറി ബസിന്റെ അത്ര തന്നെ ചാർജ് ഉളള, എന്നാൽ കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തുന്ന ഒരു ബസ് സർവീസ്. അതാണ് സിറ്റി ബസുകൾ. പെർമിറ്റ്‌ ദൈർഘ്യം പരമാവധി ഒരു 15 -20 കിലോമീറ്റർ വരെ ഒക്കെ ആകാം. മിക്കവയും 5 മുതൽ 10 വരെ കിലോമീറ്റർ താണ്ടുന്ന ഹ്രസ്വദൂര ബസുകൾ ആണെന്ന് പറയാം. ഓർഡിനറി ബസ് ഒരു കിലോമീറ്റർ ദൂരത്തിൽ 4 ഇടത്തു ആണ് നിർത്തുന്നത് എങ്കിൽ, സിറ്റി ബസിന് 8 സ്റ്റോപ്പ്‌ ഉണ്ടായാലും അതിശയിക്കേണ്ട. അതിനാൽ റണ്ണിംഗ് ടൈം കൂടുതൽ എടുക്കും. ഒരു കിലോമീറ്റർ താണ്ടാൻ അനുവദിച്ചിരിക്കുന്ന സമയം ഓർഡിനറിയെക്കാൾ കൂടുതൽ ആകും. ഇതൊക്കെ നാടിന്റെ ആവശ്യം അനുസരിച്ചു മാറിമറിഞ്ഞു വരും. ചെറിയ ദൂരത്തേക്ക് പോകേണ്ടവരെ ആണ് പൊതുവെ സിറ്റി പെർമിറ്റുകൾ ഉദ്ദേശിക്കുന്നത് എന്നു സാരം.

ധാരാളം സ്റ്റോപ്പ്‌ ഉള്ള, ആളുകൾ കയറിയിറങ്ങി പോകേണ്ട നഗരബസുകൾ ആണ് സിറ്റി ബസുകൾ എന്നതിനാൽ സീറ്റുകൾ നന്നേ കുറവ് ആയിരിക്കും. ഇവയിൽ ആളുകൾക്ക് നിൽക്കുവാൻ ഇഷ്ടംപോലെ സ്ഥലംമാണ് ആവശ്യം. അതാണ് കാണാറുള്ള രീതിയും. അതിനാൽ ബസ് രേഖാപരമായി 48 സീറ്റ്‌ ആണെങ്കിൽ കൂടി CF എടുക്കാൻ ചെല്ലുമ്പോൾ, സിറ്റി ബസ് ആണെങ്കിൽ അത്രയും സീറ്റ്‌ അതിൽ കാണണം എന്നില്ല. അതായത് റൂട്ടിലെ സാഹചര്യം അനുസരിച്ചു സീറ്റ്‌ എണ്ണം പരിമിതപ്പെടുത്താൻ ഉടമക്ക് അവകാശം ഉണ്ട്. എന്നാൽ Tax അടക്കേണ്ടത് RC ബുക്കിൽ രേഖപെടുത്തിയിട്ടുള്ള സീറ്റ്‌ എണ്ണത്തിന് അനുസരിച്ചു ആണ്. ഒരുപക്ഷെ പണ്ട് കാലം മുതൽ സെക്കന്റ്‌ ഹാൻഡ് ബസുകൾ കൂടുതൽ ആയി എത്തുന്ന ബസ് പെർമിറ്റുകൾ എന്നതിനാൽ ഇതാണ് പ്രായോഗികവും.

പണ്ട് കേരളത്തിലെ സിറ്റി ബസുകൾക്ക് ടിക്കറ്റ് റേറ്റിൽ ചെറിയ കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇന്നത് ഒഴിവാക്കി. അതുപോലെ തിരുവനന്തപുരം നഗരത്തിൽ പണ്ട് KSRTC സിറ്റി ഫാസ്റ്റ് എന്ന പേരിൽ പച്ച ബസുകൾ ഓടിച്ചിരുന്നു. അല്പം കൂടി വേഗത്തിൽ പോകുന്ന സിറ്റി ബസുകൾ എന്ന് വേണം ഇവയെ പറയാൻ. ഇങ്ങനെ ഒരു വകഭേദം സ്വകാര്യ സിറ്റി ബസ് പെർമിറ്റുകളിൽ ഇല്ല. KSRTC യുടെ സിറ്റി ബസുകളുടെ നിറക്കൂട്ടിൽ ചുവപ്പ് നിറം വരുന്ന ഭാഗത്ത് ഒരുതരം ഇരുണ്ട പച്ച ആയിട്ടായിരുന്നു സിറ്റി ഫാസ്റ്റ് ബസുകൾ കാഴ്ചയിൽ. 2010 വരെ ഒക്കെ അവ വ്യാപകമായി ഉണ്ടായിരുന്നു. സിറ്റി – ഓർഡിനറി ബസുകളെക്കാൾ 50 പൈസ കൂടുതൽ എന്നായിരുന്നു 2008 ൽ ഒക്കെ അവയുടെ നിരക്ക്. പിന്നെ അതു ഒരു രൂപ ആയി കാണാം. ഇന്നത്തെ അനന്തപുരി ഫാസ്റ്റ് ബസുകൾ അവയുടെ മറ്റൊരു രൂപമാണ് എന്നു വേണം കരുതാൻ.

കേരളത്തിൽ സിറ്റിബസുകൾ ഓടുന്ന സ്ഥലങ്ങൾ : നിങ്ങൾ ഒന്നു നിരീക്ഷിച്ചാൽ മനസിലാകും സിറ്റി ബസുകൾ സർവീസ് നടത്തുന്നത് എല്ലാം ജനസംഖ്യ കൂടിയ നാടുകളിലൂടെയാണ് എന്ന്. അതിനാൽ ഒരു നാട്ടിൽ സിറ്റി ബസുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നത് ജനസംഖ്യ തന്നെ ആകാം. കേരളത്തിലെ എല്ലാ കോര്പറേഷനുകളിലും, കോർപറേഷൻ അതിർത്തിയിലുള്ള പഞ്ചായത്തുകളിലും സിറ്റി ബസ് സർവീസുകൾ ഉണ്ട്.

പിന്നെയുള്ളത് ആലപ്പുഴ, കോട്ടയം എന്നി ജില്ലാ ആസ്ഥാനങ്ങൾ ആണ്. ഇവ രണ്ടും കോർപ്പറേഷനുകൾ അല്ല നഗരസഭകൾ ആണ്. എന്നാൽ ആലപ്പുഴയും കോട്ടയവും ജനസംഖ്യ കൂടുതൽ ഉള്ള സ്ഥലങ്ങൾ ആണ് എന്നത് ശ്രദ്ധേയം. അതുപോലെ ഇന്നത്തെ കണ്ണൂർ കോർപ്പറേഷൻ, നഗരസഭ ആയിരുന്ന സമയത്തും ധാരാളം സിറ്റി ബസ് പെർമിറ്റുകൾ ഉണ്ടായിരുന്നു. 1990 കളിൽ കണ്ണൂർ സിറ്റി പെർമിറ്റുകൾക്ക് ഇളം നീല കളർകോഡ് ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. പിന്നെ അതു ഒഴിവാക്കിയത്രെ. അതിനാൽ 2018 വരെ കണ്ണൂരിലെ സിറ്റി ബസുകൾ കളർഫുൾ ആയിരുന്നു. അതുപോലെ പലയിടത്തും.

എറണാകുളം നഗരത്തിൽ ഓടുന്ന സിറ്റി ബസുകൾക്ക് പണ്ട് കാലം മുതൽ 2016 -17 വരെ ചുമപ്പും പിന്നെ നീലയും ( മെട്രോ വന്നതോടെ കുറച്ചു കാലത്തേക്ക്) ആയിരുന്നു നിറം. അതുപോലെ തിരുവനന്തപുരം സിറ്റി ബസുകൾ നീല ആയിരുന്നു. കോഴിക്കോട് ആകട്ടെ കടും പച്ച നിറം ആയിരുന്നു. കോട്ടയത്ത്‌ ഉളള സിറ്റി ബസുകൾ കടും ഓറഞ്ച് നിറത്തിലും, ആലപ്പുഴയിലെ സിറ്റി ബസുകൾ ചന്ദനനിറവും കുങ്കുമവും ചേർന്ന നിറക്കൂട്ടും, കൊല്ലത്തെ സിറ്റി ബസുകൾ ഒരു പ്രത്യേകതരം നീലയിൽ കറുപ്പ് ചേർന്ന ലിവെറിയും ഉപയോഗിച്ച് വന്നിരുന്നു. ഇവ പലതും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ബസ് ഉടമകളും ചേർന്നു തീരുമാനിച്ചു പോന്നിരുന്ന കളർ കോഡ് ആയിരുന്നു.

എന്നാൽ 2018 മാർച്ച്‌ മാസം മുതൽ കേരളമാകെ സ്വകാര്യ ബസുകൾക്ക് ഏകീകൃത കളർ കോഡ് വന്നതോടെ പതിയെ പതിയെ സിറ്റി ബസുകൾ ഇളം പച്ച നിറത്തിലേക്ക് മാറി. ഓർഡിനറിയോ LS ഓ ഓടിയ ഒരു സെക്കന്റ്‌ ഹാൻഡ് ബസ് സിറ്റി പെർമിറ്റിലേക്ക് മാറി എന്ന് വക്കുക. പിന്നെ വരുന്ന ആദ്യത്തെ CF വരെ ആ ബസിനു പഴയ കളറിൽ തന്നെ സർവീസ് നടത്താം. ഫിറ്റ്നസ് പുതുക്കുമ്പോൾ നിറം മാറ്റിയാൽ മതി എന്നാണ് നിയമം. മറ്റു പെർമിറ്റ്‌കളുടെ കാര്യത്തിലും അതു ഇങ്ങനെ തന്നെ ആണ്. ഇതാണ് പെർമിറ്റിന് വിപരീതമായി ചില വണ്ടികൾക്ക് വേറെ നിറങ്ങൾ കാണാൻ കാരണം.

കേരളത്തിൽ സിറ്റി ബസുകൾ ഓടുന്ന ജില്ലകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നി ജില്ലകളിൽ സിറ്റി ബസ് സർവീസ് ഇല്ല എന്നാണ് അറിവ്. പിന്നെ ആലുവ പോലുള്ള നഗരങ്ങളിൽ സർക്കുലർ പെർമിറ്റുകൾ ചിലതുണ്ട്. പക്ഷെ ആലുവയിലെ സർക്കുലർ പെർമിറ്റുകൾ എല്ലാം നീലയാണ് അടിച്ചിരിക്കുന്നത്. അതിനാൽ ഇവ സിറ്റി പെർമിറ്റ്‌ ആണോ അതോ സിറ്റി പോലെ സർവീസ് നടത്തുന്ന ഓർഡിനറി പെർമിറ്റ്‌ ആണോ എന്ന് സംശയം ഉണ്ട്.

അതുപോലെ കണ്ണൂരിൽ സിറ്റി ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ആശുപത്രി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു സിറ്റി ബസ് പോലെ തന്നെ സർവീസ് നടത്തുന്ന നീല ഓർഡിനറി ബസുകൾ ധാരാളം ഉണ്ട്. അവയിൽ പലതും ഒറ്റ ട്രിപ്പ്‌ തന്നെ ഒരു മണിക്കൂർ വരെ ഒക്കെ സഞ്ചരിക്കുന്ന ബസുകൾ ആണ്. ശ്രീകണ്ടാപുരം, ചാലോട് വരെ ഒക്കെ വരുന്ന ബസുകൾ ഉണ്ട്. ഇതൊക്കെ ഓരോ നാടിനും അനുസരിച്ചു വ്യത്യസ്തമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എറണാകുളം സിറ്റി ബസുകളിൽ ഒരു സൈഡിൽ ഏകദേശം 50 കിലോമീറ്റർ ദൂരം ഓടുന്ന ബസുകൾ ഉണ്ട്. ആലുവ – ചെല്ലാനം, ആലുവ – മേനക – പൂത്തോട്ട റൂട്ടിലെ ബസ്സുകളൊക്കെ ഉദാഹരണം. ഏറ്റവും കൂടുതൽ സിറ്റി ബസ് സ്റ്റാൻഡുകൾ ഉള്ളതും എറണാകുളം തന്നെയാകും. കാക്കനാട്, ഫോർട്ട്‌ കൊച്ചി, ഇടക്കൊച്ചി, ഏലൂർ ഫെറി, ചിറ്റൂർ, മട്ടാഞ്ചേരി, പെരുമ്പടപ്പ് തുടങ്ങിയവ ഉദാഹരണം. ഏറ്റവും കൂടുതൽ സിറ്റി ബസുകൾ ഉള്ളത് എറണാകുളത്തും, കുറവ് ഉള്ളത് തൃശൂരും ആണ്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ടൗണുകളിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകളിൽ ഭൂരിഭാഗവും സിറ്റി പെർമിറ്റ്‌ ആണ്. ലുക്കിലല്ല വർക്കിൽ ആണ് കാര്യം എന്നത് സിറ്റി പെര്മിറ്റുകളിൽ 100% സത്യമാണ്.

KSRTC യ്ക്ക് സിറ്റി പെർമിറ്റ്‌ ഉള്ളത് തിരുവനന്തപുരം (അനന്തപുരി, സിറ്റി ഫാസ്റ്റ് etc ), എറണാകുളം (തിരുകൊച്ചി,ഗോശ്രീ ചെയിൻ) എന്നിവിടങ്ങളിലാണ്. എറണാകുളം സിറ്റി പെർമിറ്റ്‌ ബസുകൾ ആലപ്പുഴ – എറണാകുളം ജില്ലാ അതിർത്തിയായ കുമ്പളം വരെയും, കോട്ടയം – എറണാകുളം അതിർത്തിയായ പൂത്തോട്ട വരെയും ഓടുന്നുണ്ട്. അതുപോലെ തന്നെ സംസ്ഥാനത്തെ ആദ്യ CNG സിറ്റി പെർമിറ്റ്‌ ബസ് (KSRTC) ഓടിയത് എറണാകുളതാണ്. സിറ്റി പെർമിറ്റിന് സ്പെഷ്യൽ ഫെയർ ഉള്ളത് തിരുവന്തപുരത്താണ് (KSRRC CITY FAST).

കേരളത്തിൽ സിറ്റി ബസുകൾ ഓടുന്ന പ്രധാന സ്ഥലങ്ങൾ : തിരുവനന്തപുരം കോർപ്പറേഷൻ ഏരിയ. കൊല്ലം കോർപ്പറേഷൻ ഏരിയ – സമീപ പഞ്ചായത്തുകൾ. ആലപ്പുഴ മുൻസിപ്പൽ ഏരിയ – സമീപ പഞ്ചായത്തുകൾ. കോട്ടയം മുൻസിപ്പൽ ഏരിയ – സമീപ പഞ്ചായത്തുകൾ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മുൻസിപ്പൽ ഏരിയ. എറണാകുളം കോര്പറേഷൻ ഏരിയ – സമീപ നഗരസഭകൾ, ചെല്ലാനം, പനങ്ങാട്, പൂത്തോട്ട, പൂക്കാട്ടുപടി, ചൂർണിക്കര പഞ്ചായത്തുകൾ. ആലുവ, ഏലൂർ, നഗരസഭകൾ. തൃശൂർ കോർപ്പറേഷൻ, സമീപ പഞ്ചായത്തുകൾ. പാലക്കാട്‌ മുൻസിപ്പൽ ഏരിയ, മലമ്പുഴ പഞ്ചായത്ത്‌, കോഴിക്കോട് കോർപ്പറേഷൻ ഏരിയ, സമീപ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ. കണ്ണൂർ കോർപ്പറേഷൻ ഏരിയ, സമീപ പഞ്ചായത്തുകൾ –  ഇതൊക്കെ ആണ് സിറ്റി ബസുകൾ എന്ന പച്ചവണ്ടികളുടെ കൂടുതൽ വിവരങ്ങൾ. ഇത് പ്രമുഖ ബസ് ഫാനിങ് ഗ്രൂപ്പായ ബസ് കേരളയിൽ ഉണ്ടായ ഒരു ചർച്ചയിൽ പലർ പങ്കുവച്ച വിവരങ്ങൾ കോർത്തിണക്കി എഴുതിയതാണ്.

എഴുത്ത് – Nighil Abraham Vallomkottayil, റൂട്ട് വിവരങ്ങൾ : Geego V Thomas, Jenit Kunnath, Shåni Cålicut. വിവരങ്ങൾ വായിച്ചു ആധികാരികത ഉറപ്പാക്കിയത് : Jojo Antony. ചിത്രങ്ങൾ – Jenit Kunnath. Albin Manjalil, Ashwin S, Martin Achayan.