കോമോസ് അഥവാ കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ്, കൊല്ലം

കോമോസ് – കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് , കൊല്ലം

കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറെ സുപരിചിതമായ ഒരു ബസ് ഓപ്പറേറ്ററാണ് കോമോസ് (COMOS). കൊമോസ് എന്നത് ബസ് സർവ്വീസുകൾ നടത്തുന്നതിനായി രൂപീകരിച്ച ഒരു സൊസൈറ്റിയാണ്. കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് എന്നാണു കൊമോസ് എന്നതിന്റെ പൂർണ്ണരൂപം.

ആർ.എസ്.പി നേതാവും പിന്നീട് മന്ത്രിയുമായ ആർ എസ് ഉണ്ണിയുടെ ആഭിമുഖ്യത്തിൽ 1969 ലായിരുന്നു കോമോസ്സിന്‍റെ ഉത്ഭവം. കൊല്ലം -പത്തനംതിട്ട റൂട്ടിലായിരുന്നു ആദ്യത്തെ സർവ്വീസ്. തുടര്‍ന്നു കൊല്ലം – മലയാലപ്പുഴ, കൊല്ലം – ചിറ്റാര്‍, ഓച്ചിറ – പുനലൂര്‍, കരുനാഗപ്പള്ളി – പത്തനംതിട്ട തുടങ്ങിയ സര്‍വീസുകളും കൊമോസ് ആരംഭിച്ചു.

വാഹനങ്ങൾ ദുർലഭമായിരുന്ന അക്കാലത്ത് ആളുകളുടെ പ്രധാന ആശ്രയമായിരുന്നു കൊമോസ് ബസ്സുകൾ. ജീവിതത്തിലെ ഏതെങ്കിലുമൊരു നിർണ്ണായകഘട്ടത്തിൽ കോമോസ് ഉപകാരപ്രദമായി മാറാത്ത കൊല്ലം, പത്തനംതിട്ടക്കാർ വളരെ കുറവായിരിക്കും എന്ന് ഉറപ്പിച്ചു പറയാം..

അക്കാലത്ത് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രശസ്തമായ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ അവസാനരാവുകളിൽ ഓച്ചിറയിലേക്ക് കോമോസിന്റെ സ്പെഷ്യൽ ട്രിപ്പുകളുണ്ടാകും. മാന്യവും ഹൃദ്യവുമായ പെരുമാറ്റങ്ങളിലൂടെ കോമോസിലെ തൊഴിലാളികളും യാത്രക്കാരുടെ പ്രിയപ്പെട്ടവരായിരുന്നു.

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ബസ്സപകടങ്ങളിൽ ഒന്നായിരുന്നു 1979 മാർച്ച് 30-നു പത്തനംതിട്ട കുമ്പഴയിൽ നടന്ന കോമോസ് ബസപകടം. കേരളക്കരയാകെ ഞെട്ടിച്ച ആ അപകടത്തിൽ 46 പേരായിരുന്നു മരണമടഞ്ഞത്. അന്നത്തെ അപകടത്തെത്തുടർന്ന് ചില നിയമപ്രശ്നങ്ങൾ കൊമോസിനെ ബാധിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് SOCIETY എന്ന പേരിൽ ഒരു സഹോദര സംഘടന രൂപീകരിക്കുകയും, COMOS തങ്ങളുടെ ബസ് പെര്മിറ്റുകളിൽ ചിലത് SOCIETY യിലേക്ക് മാറ്റുകയും ചെയ്തു.

കാലത്തിന്‍റെ കുത്തൊഴുക്കില്‍ COMOS ൻ്റെ പല സര്‍വീസുകളും നിലച്ചു. എന്നാല്‍ ഇന്നും കൊമോസ് പതിനഞ്ചോളം സര്‍വീസുകള്‍ നടത്തിപോരുന്നു. കൊല്ലം-അയിലറ, കൊല്ലം-പുത്തയം,കൊല്ലം-കുളത്തുപ്പുഴ ,ചവറ-പത്തനംതിട്ട,ഓച്ചിറ-അടൂര്‍, തുടങ്ങിയവയാണ്‌ നിലവിലുള്ള പ്രധാന സര്‍വീസുകള്‍.

പൊതുവേ മറ്റു സ്വകാര്യ ബസ്സുകള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ കോമോസിനെയും ബാധിക്കുന്നുണ്ട്. എങ്കിലും കാലത്തിനൊത്തുള്ള മാറ്റങ്ങൾ തങ്ങളുടെ സർവ്വീസുകളിൽ കൊണ്ടുവരാൻ COMOS പരമാവധി ശ്രമിക്കുന്നുണ്ട്. പുത്തന്‍ ബസ്സുകള്‍ ഇറക്കി തങ്ങളുടെ പ്രൌഡി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോമോസ്. തങ്ങളുടെ സര്‍വീസുകള്‍ ജനസേവനപരമാക്കുവാന്‍ കോമോസിനു കൂടുതല് ഊര്‍ജ്ജവും ശക്തിയും ഉണ്ടാകട്ടെ.

കടപ്പാട് – Babu Mon Puthenpadam, Travancore Riders.