മുരുകൻ മാമനും മുപ്പത്തിയൊന്നു കാകന്മാരും; ഇത് കാക്കയൂട്ടിൻ്റെ കഥ..

എഴുത്ത് – വിഷ്ണു എ.എസ്. നായർ.

കാ…കാ…കാ…. ഈ സ്വരം ദിനവും കേൾക്കാത്ത ഒരു മലയാളിയും നമുക്കിടയിൽ ഉണ്ടാകില്ല. നേരം വെളുത്തു എന്നറിയിക്കുന്നത് മുതൽ വിരുന്നുകാരുടെ വരവറിയിക്കാൻ വരെ കാക്ക എന്ന പക്ഷി നമുക്കിടയിൽ നമ്മളൊലൊരാളായി ഇടകലർന്ന് പോകുന്നു. കുഞ്ഞു ക്ലാസ്സിൽ ‘പ്രകൃതിയുടെ തോട്ടി’ എന്ന വിശേഷണം മുതൽ നമ്മുടെയൊക്കെ കുട്ടിക്കാലം മുതലേ സ്ഥിരമായി കാണുന്ന ഒരു പക്ഷിയേതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ – കാക്ക. നമ്മുടെയൊക്കെ ബാല്യകാലത്തിലെയോ അതിനുശേഷമോ ഉള്ള അനുഭവങ്ങളിൽ എവിടെയെങ്കിലുമൊക്കെ മൂകസാക്ഷിയായി ഒരു കാക്ക തല വെട്ടിച്ചരിച്ചു കൊണ്ട് എവിടെയെങ്കിലുമൊക്കെ കാണും. അത്രയേറെ പ്രഭാവമുണ്ട് മനുഷ്യരും കാക്കകളും തമ്മിൽ…

ഐതിഹ്യങ്ങളും ചരിത്രങ്ങളും സാഹിത്യസൃഷ്ടികളിലും ഈ കറുത്ത പക്ഷിക്കുള്ള സ്ഥാനം അനിർവചനീയമാണ്. കവിത്രയങ്ങളിലെ ഉജ്ജ്വല ശബ്ദാഢൃനായ ഉള്ളൂർ.എസ്. പരമേശ്വയ്യരുടെ “കാക്കേ.. കാക്കേ.. കൂടെവിടെ ” എന്ന നഴ്സറി ഗാനം മുതൽ കദളിവാഴ കൈയ്യിലിരുന്നു വിരുന്നുവിളിച്ച കാക്കയും കാവതികാക്കയുടെ കൂട്ടിൽ മുട്ടയിട്ട കള്ളിപ്പൂങ്കുയിലിനെയും നമുക്കറിയാം. ഐതിഹ്യമനുസരിച്ച് ശനി ദേവന്റെ വാഹനവും അവലോകിതീശ്വരന്റെ പുനർജ്ജന്മമായ ബുദ്ധ സന്യാസിയായ ദലൈലാമയെ കുട്ടിക്കാലത്ത് സംരക്ഷിച്ചതും ദൈവ നിർദേശപ്രകാരം ഒളിവിൽപ്പോയ ഏലിയാ പ്രവാചകന് ഭക്ഷണമെത്തിച്ചു കൊടുത്തതും മറ്റാരുമല്ല കാക്കകളാണ്. ഐതിഹ്യങ്ങളിലെ ഇത്തരം പരാമർശങ്ങൾതന്നെ കാക്ക തലമുറകൾക്ക് മുമ്പ്‌തന്നെ മനുഷ്യരുമായി എത്രത്തോളം ജീവിതചര്യയിലും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വരച്ചിടുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കാക്ക പലപ്പോഴും നമുക്കിടയിൽ ഒരു ദുശ്ശകുനത്തിന്റെ വക്താവാണ്. തലമുറകളിൽ കൈമാറിവന്ന ഐതിഹ്യങ്ങളുടെ പ്രഭാവമോ കറുത്ത നിറമോ മറ്റുമാകാം അതിന്റെ കാരണം. ബലിതർപ്പണ സമയത്ത്‌ ആത്മാക്കൾ കാക്കകളുടെ രൂപംപൂണ്ട് വരുമെന്ന വിശ്വാസം ഇത്തരം ചിന്താഗതികൾക്ക് ആക്കംകൂട്ടിയെന്നേ പറയാനാകൂ. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കഴിഞ്ഞ പതിനൊന്നു വർഷമായി ‘കാക്കയൂട്ട്’ നടത്തുന്ന ഒരാൾ നമുക്കിടയിലുണ്ട്. കീശയുടെ വലുപ്പമല്ല നിറഞ്ഞ മനസ്സും സഹജീവികളോടുള്ള സഹാനുഭൂതിയുമാണ് മിണ്ടാപ്രാണികളോടുള്ള സ്നേഹത്തിന്റെ മൂലാധാരമെന്ന് പ്രവർത്തികൊണ്ട് കാണിച്ചു തരുന്ന ഒരു പാവം ചായക്കടക്കാരൻ. പേര് മുരുകൻ.

തിരുവനന്തപുരം വലിയശാല സ്വദേശിയാണ് മുരുകൻ മാമനെങ്കിലും പുള്ളിയുടെ ഉപജീവന മാർഗ്ഗമായ ചായക്കട നടത്തുന്നത് പടിഞ്ഞാറേക്കോട്ടായിലാണ്. കുറച്ചുംകൂടെ കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറേക്കോട്ട കെട്ടിടത്തിന്റെ തൊട്ടടുത്തിരിക്കുന്ന ഫിഷറീസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിന് നേരെ എതിരെയാണ് മുരുകൻ മാമന്റെ ചായക്കട.

2008 ലാണ് ഇന്നും അദ്ദേഹം തുടർന്നു പോകുന്ന കാക്കയൂട്ടിന്‌ ഹേതുവായ ഒരു സംഭവം അരങ്ങേറുന്നത്. അക്കാലത്ത് മുരുകൻ മാമൻ വൈകുന്നേരം കടയിൽ മിച്ചം വരുന്ന പലഹാരങ്ങളും മറ്റും കാക്കകൾക്ക് കൊടുക്കുന്ന സ്ഥിരമല്ലാത്ത ഒരു ഹോബിയുണ്ടായിരുന്നു. അതിന്റെ കൂടെ കാക്കകൾക്ക് കൂടൊരുക്കാൻ കനം കുറഞ്ഞ കെട്ടുകമ്പികൾ(കോണ്ക്രീറ്റ് കമ്പികൾ തമ്മിൽ കെട്ടാൻ ഉപയോഗിക്കുന്നത്) കൊടുക്കുന്ന ഒരു ശീലവുമുണ്ടായിരുന്നു. അങ്ങനെയൊരുനാൾ ഒരു കാകൻ മുരുകൻ മാമൻ കൊടുത്ത കമ്പിയുമായി പറന്നുയരുകയും അദ്ദേഹം നോക്കി നിൽക്കെ തന്നെ ആ പാവം പക്ഷി വൈദ്യുതി ലൈനിൽ കൂട്ടിമുട്ടി ചേതനയറ്റൊരു ജഡമായി അദ്ദേഹത്തിന്റെ മുന്നിൽ വീഴുകയും ചെയ്തു. നിമിഷങ്ങൾക്ക് മുൻപ് താൻ ലാളിച്ച പക്ഷി മൃതശരീരമായി തന്റെ മുന്നിൽ വീണമർന്ന കാഴ്ച മുരുകൻ മാമനെ വല്ലാതെ സ്പർശിച്ചു. ഇന്നും ആ കാക്കയുടെ സ്മരണയ്‌ക്കയാണ് മുരുകൻ മാമൻ കാക്കയൂട്ട് തുടരുന്നത്.

രാവിലെ ഒൻപത് മണിയോടെ മുരുകൻ മാമൻ ചായതട്ട് തുറക്കും. നല്ല രസികൻ ചായയും വടകളും മോദകവും പഴംപൊരിയും ബജികളുമായി ആ ചായതട്ട് ചൂട് പിടിക്കും. സ്ഥിരമായി വരുന്ന ആൾക്കാരും ഓട്ടോറിക്ഷ അണ്ണൻമാരും കൂടെയാകുമ്പോൾ അവിടം ആകെ കലപില തന്നെ. ശേഷം ഉച്ചയോടെയാണ് രംഗം മാറുന്നത്… ഒരു പന്ത്രണ്ടേ മുക്കാൽ ഒരു മണിയോടെ കാക്കകൾ ചായക്കടയിൽ തലകാണിക്കാൻ തുടങ്ങും. അതിൽ ചിലർ ചായ കുടിക്കാൻ വരുന്നവർ കൊടുക്കുന്ന ആഹാരത്തിന്റെ പങ്കുപറ്റാൻ എത്തിയവർ തന്നെ.. രൂപസാദൃശ്യം മൂലം നമുക്ക് കാക്കളൊക്കെ ഒരുപോലെയെങ്കിലും മുരുകൻ മാമന് ഓരോ കാക്കയെയും വേർതിരിച്ചറിയാം. അദ്ദേഹം അവർക്കോരോ പേരുകൾ നൽകിയിട്ടുമുണ്ട്. കഷണ്ടിതലയൻ, ഒറ്റക്കാലൻ, ഒറ്റകണ്ണൻ, മുറിച്ചുണ്ടൻ, കുഞ്ഞൻ അങ്ങനെയങ്ങനെ.
അതിൽ കഴിഞ്ഞ പത്തുവർഷമായി സ്ഥിരം സന്ദർശകനായ കഷണ്ടിതലയൻ തന്നെയാണ് ഇവരിൽ ഏറ്റവും സീനിയർ. അവന് മനുഷ്യരുമായി ബന്ധപ്പെടാൻ യാതൊരു മടിയുമില്ല. എന്നിരുന്നാലും മുരുകൻ മാമൻ ഇരുത്തിയൊന്നു മൂളിയാൽ മറ്റുള്ളവർ എന്ത് തന്നെ കൊടുത്താലും കാക്കകൾ കഴിക്കില്ല. ഞാൻ ഇപ്പറഞ്ഞത് നുണയാണെന്ന് പറയാൻ വരട്ടെ… ചെറിയൊരു അനുഭവസാക്ഷ്യം പറയാം…

കഴിഞ്ഞ ദിവസം മുരുകൻ മാമന്റെ കടയിൽ പോയപ്പോൾ ചായ കുടിക്കാൻ വന്നൊരു വ്യക്തി കഷണ്ടിത്തലയന് പരിപ്പവടയുടെ ഒരു തുണ്ട് കൊടുത്തു. അതു സ്വീകരിച്ച കഷണ്ടിത്തലയൻ അത് കഴിക്കാൻ തുടങ്ങിയപ്പോഴാണ് കൊടുത്തയാളുടെ വീരവാദം,”കണ്ടോ മുരുകാ, നീ മാത്രമല്ല നമ്മൾ കൊടുത്താലും കാക്കകൾ ആഹാരം വാങ്ങും” ഇതും പറഞ്ഞ് പുള്ളി മുരുകൻ മാമനെ ആക്കിയൊരു ചിരി. ചായ അടിച്ചുകൊണ്ടിരുന്ന മുരുകൻ മാമൻ ഒരു ചെറു ചിരിയോടെ, തല തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ വാചകം “ഡെയ്,കഷണ്ടി എന്നും അപ്പോൾ ഇവിടുന്നാ ?? അവിടുന്നാ ??” അടുത്ത നിമിഷം ആ കാക്ക തന്റെ ചുണ്ടിലിരുന്ന ആ വട താഴെയിട്ടു. ചുണ്ടിൽ നിന്നും അറിയാതെ വീണതാണെന്നു കരുതി ഞാനും മറ്റുള്ളവരും നോക്കിയിരുന്നെങ്കിലും കഷണ്ടി അത് തൊട്ട് പോലും നോക്കിയില്ല. പരാജയം സമ്മതിക്കാതെ ഭക്ഷണം കൊടുത്ത വ്യക്തി താഴെ വീണ കഷ്ണം വീണ്ടും കൊടുത്തു നോക്കിയെങ്കിലും ‘ഊട്ടിയവന്റെ വാക്കിന് മറുവാക്കില്ല’ എന്നതുപോലെ കഷണ്ടി തല തിരിച്ചു നിന്നു. ഇതൊക്കെ ഞാൻ അത്ഭുതത്തോടെ കണ്ടു നിന്നെങ്കിലും അവിടുത്തെ സ്ഥിരം ആൾക്കാർക്ക് ഇതൊക്കെ കണ്ടു മടുത്ത കാഴ്ചകളാണ്.. അതായിരിക്കണം ഇതുകണ്ടുനിന്ന ഒരു മലക്കറി അമ്മച്ചി പറഞ്ഞത് “കണ്ടാ, അവൻ കാക്കയെ വരെ മര്യാദ പഠിപ്പിച്ചു വച്ചിരിക്കെയാണ്”.

പുള്ളി പറയുന്നതൊക്കെ ഈ പക്ഷികൾക്ക് എത്രത്തോളം മനസ്സിലാകുന്നുണ്ടെന്നു ചോദിച്ചാൽ എനിക്കറിയില്ല. പുള്ളി ഇവറ്റകളെയൊക്കെ പരിശീലിപ്പിച്ചിട്ടുമില്ല. അപ്പോൾ പിന്നെ മനസ്സിലാകുന്നത് ഒരൊറ്റ കാര്യം മാത്രം. ചില വികാരങ്ങൾക്ക് തിരിച്ചറിവുകൾ വേണ്ടാത്തത് പോലെ ചിലർ തമ്മിലുള്ള ബന്ധങ്ങളുടെ ഊട്ടിയുറപ്പിനും സംഭാഷണത്തിനും ഭാഷയുടെ നൂലാമാലകൾ അന്യമാണ്.. അവിടെ കരുതലിനും സ്നേഹത്തിനും മാത്രമേ സ്ഥാനമുള്ളൂ…

ഒരു മണി കഴിയുന്നതോടെ കാക്കകൾ കൂട്ടത്തോടെ വന്ന് മുരുകൻ മാമനെ “ഞങ്ങളെത്തി” എന്ന് കരഞ്ഞറിയിക്കും. പാത്രങ്ങളെല്ലാം കഴുകി വൈകിട്ടത്തേക്കുള്ള പാൽ ചൂടാക്കാൻ വിരലുകൊണ്ട് പൊട്ടിച്ചൊഴിച്ച ശേഷം രാവിലെ വറുത്ത വടയുടെയും പഴംപൊരിയുടെയും മറ്റും പൊട്ടും പൊടികളും ശേഖരിച്ചു കൊണ്ട് മുരുകൻ മാമൻ പുറത്തേക്കിറങ്ങും. എന്നാൽ ഈ കൊതിയന്മാരുടെ പ്രധാന ലക്ഷ്യം ഇതല്ല. പകരം മറ്റൊന്നാണ്. ദിനവും രാവിലെ പൊട്ടിച്ചൊഴിക്കുന്ന പാലിന്റെ പാട മുരുകൻ മാമൻ ശേഖരിച്ചു വയ്ക്കും. അതിനെ അവസാനം ഒരു ഉണ്ട പരുവമാക്കി കാക്കകൾക്ക് കൊടുക്കും.. അതിനാണ് അവരുടെ അടിപിടി…

വേനലിൽ മാത്രമല്ല വർഷങ്ങളായി അടുത്തുള്ള മതിലിൽ മുറിച്ച കുപ്പിയിൽ വയ്ക്കുന്ന വെള്ളതിനടുത്തായി വടയുടെയും മറ്റും തുണ്ടുകൾ തട്ടി വയ്ക്കും. പാൽപ്പാട നേരിട്ട് കൊടുക്കും അതാണ് പതിവ്… അതിനായി ദിനവും മുപ്പത്തിയൊന്നു കാക്കകൾ ഈ അൻപതിയൊന്നുകാരനെ കാണാനായി വരും. അവർ നിരനിരയായി അവരുടെ ഊഴമനുസരിച്ച് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആഹാരം കഴിക്കും കൊടിയ വെയിലിൽ ആശ്വാസമായി അവർക്കായി വച്ചിരിക്കുന്ന വെള്ളം കുടിക്കും… ശുഭം !!

ഇവരുടെ കൂട്ടത്തിൽ പാവങ്ങൾ മാത്രമല്ല വില്ലന്മാരുമുണ്ട് കേട്ടോ… അവരിൽ പ്രമുഖനാണ് ബലി കാക്കകൾ(Jungle Crow). പൂർണ്ണമായി എണ്ണ കറുപ്പാർന്ന മേനിച്ചന്തം കൊണ്ടും പേന കാക്കളേക്കാൾ(House crow – സാധാരണ കാക്കകൾ) മുന്തിയ ആകാരവടിവുകൾ കൊണ്ടും തീർത്തും വ്യത്യസ്തമാണിവർ. ഇവർ വന്നു വിളിച്ചാൽ മുരുകൻ മാമൻ ആഹാരം വൈകിക്കാറില്ല, കാരണം അവറ്റകളുടെ കൂട്ടിൽ അവൻ തിരികെ വരുന്നതും കാത്ത് പൊൻകുഞ്ഞുങ്ങൾ ഇരിപ്പുണ്ട്. മാത്രമല്ല ഇവൻ അവിടുണ്ടെങ്കിൽ മറ്റുള്ള കാക്കകളെ ആഹാരം കഴിക്കാൻ സമ്മതിക്കാറില്ല… ചുരുക്കിപ്പറഞ്ഞാൽ കാക്കകൾക്കിടയിലെ ‘റാവുത്തറാണ്’ ഈ ബലികാക്ക… (ഒരു പൊടിക്ക് മുരുകൻ മാമന് ഇവനോട് സ്നേഹക്കൂടുതലുമുണ്ട് !!).

ഇതൊക്കെയാണെങ്കിലും ഇന്നുവരെ ഒരു കാക്ക പോലും കടയിൽ നിന്നോ വരുന്ന ആളുകളിൽ നിന്നോ ആഹാരം തട്ടിപ്പറിച്ചു എന്നൊരു ചരിത്രം ഇവിടുണ്ടായിട്ടില്ല.. എന്തിന് ഉണ്ടാകണം ?? അത്യാഗ്രഹം മനുഷ്യന്റെ മാത്രം മൗലികാവകാശമാണല്ലോ.. കാക്കകൾ മാത്രമല്ല ചിത്തിരപ്പക്ഷികളും തരം കിട്ടുമ്പോൾ അണ്ണാറക്കണ്ണന്മാരും വയറു നിറയ്ക്കാനും തൊണ്ട നനയ്ക്കാനും മുരുകൻ മാമന്റടുത്ത് ഹാജർ വയ്ക്കാറുണ്ട്. ചില വികാരങ്ങൾ പൊതുവാണല്ലോ മാത്രവുമല്ല ഇവരും നാം മുച്ചൂടും മുടിക്കുന്ന ഭൂമിയുടെ അവകാശികളാണ്. മുൻപും പല പത്രങ്ങളിലും മുരുകൻ മാമന്റെയും കാക്കകളുടെയും കഥകൾ അച്ചടിച്ചു വന്നിട്ടുണ്ട്. മാതൃഭൂമിയും സിറ്റി എക്സ്പ്രസ് ഉൾപ്പടെ പലരും ഇദേഹത്തെക്കുറിച്ചെഴുതിയിട്ടുണ്ട്.

കാക്കകളുമായുള്ള ബന്ധം മാത്രമല്ല പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് സമയത്ത് തന്റെ കടയ്ക്ക് സമീപമുള്ള മതിലുകളിൽ വിളക്ക് കത്തിക്കുന്നതും കീശയിലെ ദമ്പടിയനുസരിച്ച് അനാഥാലയങ്ങളിൽ അന്നദാനം നടത്തുന്നതും ആറ്റുകാൽ പൊങ്കാല സമയത്ത് എണ്ണൂറോളം ആളുകൾക്ക് പാൽചായയും വടയും കൊടുക്കുന്നതും ഈ ചായക്കടക്കാരനാണ്. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്ക് കയ്യിൽ ആവശ്യത്തിന് കാശില്ലാഞ്ഞിട്ടും കടം വാങ്ങിയാണ് ഈ മനുഷ്യൻ ചായയും കടിയും ആ പൊരിവെയിലത്ത് ആറ്റുകാൽ അമ്മയുടെ അനുഗ്രഹത്തിന് തേടിയെത്തിയവർക്ക് നൽകിയത്. ഇതൊക്കെ കണ്ടിട്ട് ദേവി ആർക്ക് അനുഗ്രഹം കൊടുത്തു എന്നുള്ളത് മറ്റൊരു ചോദ്യചിഹ്നമാണ് !! എന്തിനിത്ര കഷ്ടപ്പെട്ട് കൊടുക്കണം എന്ന എന്റെ ചോദ്യത്തിന്റെ മറുപടിയിങ്ങനെ ” ഒരിക്കൽ നമ്മൾ കൊടുത്താൽ അവർ അടുത്ത തവണയും അത് പ്രതീക്ഷിക്കും മാത്രമല്ല അധികമാരും ചായ കൊടുക്കാറില്ല. മൂപ്പിലാൻ(ശ്രീ.പദ്മനാഭ സ്വാമി) ഉള്ളത് കൊണ്ട് എനിക്ക് അല്ലലില്ലാതെ പോകുന്നു. അപ്പോൾ ഞാനും എന്തേലുമൊക്കെ ചെയ്യണ്ടേ..” ഇതും പറഞ്ഞു മുൻവശത്തെ ഒരു പല്ലുമാത്രമുള്ള മോണ കാട്ടിയൊരു ചിരിയും..

കൂടാതെ വിശന്നു വലഞ്ഞ ഭിക്ഷക്കാർക്കും മറ്റും ചായയും കടിയും മുരുകൻ മാമന്റെ വക സൗജന്യമാണ്. ഇപ്പോഴത്തെ ഈ കൊടുംചൂടിൽ പക്ഷികൾക്കായി മാത്രമല്ല മനുഷ്യർക്കായും ഈ മനുഷ്യൻ കുപ്പിയിൽ വെള്ളം കരുതി വച്ചിട്ടുണ്ട്. ഇതൊക്കെ അറിയുമ്പോൾ മനസ്സറിഞ്ഞു കൊടുക്കാം ഈ ചായക്കടക്കാരന് ഒരു കിടുക്കാച്ചി സല്യൂട്ട്.. !!

തന്റെ പ്രവർത്തികളിൽ ഭാര്യയും ഗുണശേഖർ – രാജശേഖർ എന്നീ രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെയും പൂർണ്ണമായ പിന്തുണയുള്ളതിനാൽ മുരുകൻ മാമൻ സന്തുഷ്ടനാണ്. വർഷത്തിൽ ഒരിക്കൽ മാത്രം നാം ഈറൻ കൈകൊണ്ട് കൊട്ടിവിളിച്ചു ഊട്ടുകയും ബാക്കി ദിനങ്ങളിൽ ആട്ടി വിടുമ്പോൾ കരഞ്ഞുകൊണ്ട് പറന്നകലുന്ന അരിഷ്ടങ്ങളുടെ അഭീഷ്ടങ്ങൾക്കായി മുരുകൻ മാമൻ ശ്രീപദ്മനാഭസ്വാമിയുടെ മണ്ണിലുണ്ട്, പരാതിയും പരിഭവങ്ങളുമില്ലാത്ത വെറുമൊരു ചായക്കടക്കാരനായി, അതിലേറെ ഒരു മനുഷ്യനായി…

ക്ഷണികമായ ഈ ജീവിതത്തിൽ നമ്മൾ നോക്കി പോകുന്ന പലരുമുണ്ട് എന്നാൽ കാണുന്ന വളരെക്കുറച്ചാളുകളേയുള്ളൂ. നോട്ടവും കാഴ്ചയും രണ്ടും രണ്ടാണ്… ഒന്നാലോചിച്ചു നോക്കൂ. തിരുവനന്തപുരത്തിന്റെ മണ്ണിൽ ഈ കാക്കപുരാണം കാണാനും അറിയാനും വല്ലപ്പോഴുമൊക്കെ നമുക്കും ശ്രമിക്കാം. അല്ലാ ശ്രമിക്കണം. വിലവിവരം – ഒരു കടുപ്പം കൂടിയ ചായയും ഒന്നര മണിക്കൂർ സംസാരവും – ₹6/-.

വെറുമൊരു ഹോബിയായി തുടങ്ങി ശെരിക്കും ഇപ്പോൾ മുരുകൻ മാമന്റെ ദിനചര്യകളിലൊന്നാണ് കാക്കയൂട്ട്. മെരുങ്ങാൻ ബുദ്ധിമുട്ടാണെങ്കിലും തങ്ങളുടെ അന്നദാതാവിന്റെ മുന്നിൽ പൈതങ്ങളെപ്പോലെ ആ മുപ്പത്തിയൊന്നു കാകന്മാരും. അവരും അവരുടെ ജീവിതവും… അതങ്ങനെത്തന്നെ തുടർന്നിടട്ടെ…

“കൂരിരുട്ടിന്‍റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലുമേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.” – വൈലോപ്പിള്ളി സാറിന്റെ വരികളാണ്… അതേ സത്യം.. സത്യം മാത്രം…

ലൊക്കേഷൻ :- West Fort, Pazhavangadi, Thiruvananthapuram, Kerala. Map –
https://maps.app.goo.gl/VEQ4z .