വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി പട്ടായയിലെ കോറൽ ഐലന്റിലേക്ക് ഒരു യാത്ര..!!

ഇന്ന് രാവിലെ ഉറക്കമേഴുന്നേറ്റപ്പോള്‍ മുതല്‍ വല്ലാത്തൊരു ആകാംക്ഷയാണ്. കാരണം ഇന്നാണ് പട്ടായ ട്രിപ്പിലെ പ്രധാനപ്പെട്ടതായ കോറല്‍ ഐലന്റ് യാത്ര… രാവിലെ തന്നെ ഞാനും പ്രശാന്തും യാത്രയ്ക്കായി ഹോട്ടലില്‍ നിന്നും ഇറങ്ങി. ഞങ്ങളുടെ ഹോട്ടലിനു തൊട്ടടുത്തുള്ള ഒരു ഓപ്പണ്‍ റെസ്റ്റോറന്റില്‍ ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തുകൊണ്ട് ഹാരിസ് ഇക്കയും ക്യാറ്റും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ചിക്കന്‍ വിഭവങ്ങളും ചോറും സൂപ്പും അടങ്ങിയതായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രഭാത ഭക്ഷണം. രാവിലെ തന്നെ ചോറും ചിക്കനുമോ എന്നായിരിക്കും ഇപ്പോള്‍ ഇതു വായിക്കുന്നവരുടെ ചിന്ത… ആദ്യം എനിക്കും അങ്ങനെയായിരുന്നു. പക്ഷേ ഇത് കഴിച്ചു തുടങ്ങിയപ്പോള്‍ ആ ചിന്ത ഇല്ലാതെയായി. വളരെ രുചികരമായാണ് ഈ ഫുഡ് കോമ്പിനേഷന്‍ എനിക്ക് തോന്നിയത്. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ കോറല്‍ ഐലന്റിലേക്കുള്ള ഫെറിയിലേക്ക് യാത്രയായി. ഒരു ടുക്ടുക് വിളിച്ചായിരുന്നു ഞങ്ങള്‍ ഫെറിയിലേക്ക് യാത്ര തിരിച്ചത്.  ഇതിനിടെ ഹാരിസ് ഇക്ക ടുക്ടുകില്‍ തൂങ്ങിക്കിടന്നൊക്കെ സാഹസികമായി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. മറ്റൊരു രസമെന്തെന്നുവെച്ചാല്‍ തലേദിവസം രാത്രി കണ്ട തെരുവല്ല രാവിലെ കാണുന്നത്.  വാക്കിംഗ് സ്ട്രീറ്റ് ഒക്കെ ഉറങ്ങിക്കിടക്കുന്നത് പോലെ…

അങ്ങനെ ഞങ്ങള്‍ ഫെറിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ധാരാളം പ്രൈവറ്റ് സ്പീഡ് ബോട്ടുകള്‍ യാത്രയ്ക്കായി തയ്യാറായിക്കിടപ്പുണ്ടായിരുന്നു. വില പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങള്‍ ഒരു സ്പീഡ് ബോട്ടില്‍ കയറി. ഞങ്ങളെ കൂടാതെ കുറച്ച് ഇംഗ്ലീഷുകാരായ ടൂറിസ്റ്റുകളും ബോട്ടിലുണ്ടായിരുന്നു. മന്ദംമന്ദം ബോട്ട് പട്ടായയില്‍ നിന്നും യാത്രയാരംഭിച്ചു. കുറച്ചു മീറ്ററുകള്‍ ഉള്ളിലേക്കു കടന്നതോടെ ബോട്ടിന്‍റെ പ്രകടനം ആകെ മാറി. പിന്നെയങ്ങു പറപ്പിക്കുകയായിരുന്നു തടിച്ച ശരീരമുള്ള ആ തായ് ഡ്രൈവര്‍. സത്യത്തില്‍ ഞാനടക്കമുള്ള യാത്രക്കാര്‍ ആദ്യം ഒന്നു ഭയന്നു. പിന്നീട് ആ ഭയം ഒരു ത്രില്‍ ആയി മാറി. ഹാരിസ് ഇക്കയും ക്യാറ്റും ‘ഇതെത്ര കണ്ടതാ’ എന്ന ഭാവത്തിലായിരുന്നു ഇരിപ്പ്.  സത്യത്തില്‍ ഈ ബോട്ട് യാത്രയായിരുന്നു കോറല്‍ ഐലന്റ് യാത്രയിലെ മറക്കാനാവാത്ത ഒന്ന്.

ശരിക്കും ഞങ്ങള്‍ക്കു പോകേണ്ട ബീച്ചിലേക്കായിരുന്നില്ല ബോട്ട് അടുപ്പിച്ചത്. കാര്യം തിരക്കിയപ്പോള്‍ അവിടെ തിരമാലകള്‍ ശക്തമായതുകൊണ്ടാണ് എന്ന മറുപടിയാണ് ആ തായ് ബോട്ട് ഡ്രൈവര്‍ പറഞ്ഞത്. അങ്ങനെ കോറല്‍ ഐലന്റിലെ ‘മങ്കീ ബീച്ച് ‘ എന്നറിയപ്പെടുന്ന ആ ബീച്ചില്‍ ഞങ്ങള്‍ ഇറങ്ങി. ഈ ബീച്ചും ഒട്ടും മോശമല്ല കെട്ടോ… കുറച്ചൊക്കെ നടന്നാസ്വദിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്നും ഒരു ടുക് ടുക് വിളിച്ച് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന തവാന്‍ എന്ന ബീച്ചിലേക്ക് യാത്രയാരംഭിച്ചു. സത്യത്തില്‍ ബീച്ച് മാറിയിറങ്ങിയത് ഞങ്ങള്‍ക്ക് അനുഗ്രഹമായാണ് തോന്നിയത്. കാരണം ഐലന്റിലൂടെ ഒരു റോഡ്‌ യാത്രയും ഇതുമൂലം തരപ്പെട്ടു.

കുറച്ചുസമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ തവാന്‍ ബീച്ചില്‍ എത്തിച്ചേര്‍ന്നു. അടിപൊളി കാഴ്ചകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു അവിടം. കൂടാതെ ഒട്ടനവധി സാഹസിക ആക്ടിവിറ്റികളും അവിടെയുണ്ടായിരുന്നു.

ബീച്ചില്‍ കുറച്ചുനേരം ചിലവഴിച്ച ശേഷം ഞങ്ങള്‍ പാരച്യൂട്ട് റൈഡിനായി ഒരു സ്പീഡ് ബോട്ട് വിളിച്ച് യാത്രയായി. ഈ സ്പീഡ് ബോട്ട് യാത്രയും ആദ്യത്തെപ്പോലെ ത്രില്ലിംഗ് ആയിരുന്നു. ഞങ്ങള്‍ നാലുപേരെ കൂടാതെ രണ്ടു വിദേശ വനിതകളും ബോട്ടില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.

കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു വലിയ ബോട്ട്. അവിടെ നിന്നാണ് പാരച്യൂട്ട് റൈഡ്. ചെന്നപാടെ അവര്‍ വിളിച്ച് ദേഹത്ത് പാരച്യൂട്ടും ഒരു ലൈഫ് ജാക്കറ്റും ധരിപ്പിച്ചു. സെക്കന്‍ഡുകള്‍ക്കകം പാരച്യൂട്ടിനെ ബന്ധിപ്പിച്ച ഒരു സ്പീഡ് ബോട്ട് യാത്രയായി. ഒപ്പം ആകാശത്തുകൂടെ ഞാനും. കിടിലന്‍ അനുഭവമായിരുന്നു അത്. പക്ഷികളെപ്പോലെ പറക്കാന്‍ കഴിയുന്ന ഒരു നിമിഷം. ജീവിതത്തില്‍ ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമല്ലേ ഇത്? നങ്കൂരമിട്ടിരിക്കുന്ന ബോട്ടിനെ ഒന്നു വലം വെച്ച ശേഷം പാരച്യൂട്ട് എന്നെ തിരികെ ബോട്ടിന്‍റെ ഡെക്കില്‍ പറന്നിറക്കി. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടിപ്പോയി. വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകും. എന്‍റെ പറക്കല്‍ കഴിഞ്ഞശേഷം പിന്നീടുള്ള ഊഴം ഹാരിസ് ഇക്കയുടെയായിരുന്നു. ഇക്കയും പറക്കല്‍ കഴിഞ്ഞു ലാന്‍ഡ് ചെയ്തതിനു ശേഷം ഞങ്ങള്‍ കുറച്ചപ്പുറത്തുള്ള അണ്ടര്‍ സീ ആക്ടിവിറ്റിയ്ക്കായി പോകുവാന്‍ റെഡിയായി. ഇത്രയും സമയം ഞങ്ങളെയും കാത്ത് ബോട്ട് ഡ്രൈവര്‍ കിടപ്പുണ്ടായിരുന്നു. വീണ്ടും അതേ ബോട്ടില്‍ക്കയറി ഇതുപോലെ നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു വലിയ ബോട്ടിലേക്ക്..

അണ്ടര്‍ സീ വാക്കി (Under Sea Walk) നായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് ഈ വലിയ ബോട്ട്. സഞ്ചാരികള്‍ ഞങ്ങളെപ്പോലെ ഓരോ ബോട്ടുകളില്‍ വന്നും പോയുമിരിക്കുകയാണ്. കടലിന്നടിയിലെ കാഴ്ചകള്‍ കാണുവാന്‍ ഞാനും ഹാരിസ് ഇക്കയും തയ്യാറായി നിന്നു. ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ അവര്‍ വിളിച്ച് തലയില്‍ ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ച ഒരു ഹെല്‍മറ്റ് വെക്കുകയുണ്ടായി. എന്നിട്ട് ബോട്ടില്‍ നിന്നും താഴെ കടലിന്നടിയിലേക്ക് നീണ്ടുകിടക്കുന്ന ഒരു കോണിയിലൂടെ നടന്നിറങ്ങണം. കടലിന്‍റെ അടിയില്‍ ഇറങ്ങിയ ശേഷം പിന്നീട് മൂന്നാലുപേര്‍ കൈകോര്‍ത്ത് നടത്തമാണ്. ഈ സഞ്ചാരികളെയെല്ലാം കൈപിടിച്ച് ഒരു ലൈഫ് ഗാര്‍ഡും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ ഒപ്പം കൈപിടിച്ചു നടന്നത് ഗുജറാത്തില്‍ നിന്നും വന്ന രണ്ടു യുവാക്കളായിരുന്നു. കടലിന്നടിയില്‍ മറ്റൊരു മാസ്മരിക ലോകമായിരുന്നു ഞങ്ങള്‍ കണ്ടത്. മീനുകള്‍ തൊട്ടു മുന്നിലൂടെ കൂട്ടംകൂട്ടമായി പോകുന്നു… കൂടെയുണ്ടായിരുന്ന ഗാര്‍ഡ് ഞങ്ങളെ നന്നായി എന്‍ജോയ് ചെയ്യിച്ചു.

15-20 മിനിറ്റോളം ഞങ്ങള്‍ കടലിന്നടിയില്‍ ചെലവഴിച്ചു. തിരിച്ച് ബോട്ടിലേക്ക് കയറിയപ്പോള്‍ ഞങ്ങളുടെ വരവും കാത്ത് ക്യാമറയും പൊസിഷനില്‍ പിടിച്ചുകൊണ്ട് പ്രശാന്ത് നില്‍ക്കുന്നുണ്ടായിരുന്നു. മിനിട്ടുകള്‍ക്കകം പ്രകൃതിയുടെ രൂപം മാറിയിരുന്നു. നല്ല ഉശിരന്‍ മഴ.. വെറും മഴയല്ല തായ്- മഴ എന്നു വേണം പറയാന്‍… (ചുമ്മാ..).

മഴ തോര്‍ന്നശേഷം ഞങ്ങള്‍ തവാന്‍ ബീച്ചിലേക്ക് മടങ്ങി. അവിടെയുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞശേഷം മറ്റൊരു സ്പീഡ് ബോട്ടില്‍ ഞങ്ങള്‍ പട്ടായയിലേക്കുള്ള മടക്കയാത്രയാരംഭിച്ചു. മഴ പെയ്തു തോര്‍ന്നതോടെ കടലിലെ തിരമാലകളെല്ലാം ശാന്തമായിരുന്നു. അതുകൊണ്ട് പോയപ്പോള്‍ ഉണ്ടായിരുന്നപോലെ ഇളക്കിമറിച്ചുള്ള ബോട്ട് യാത്രയായിരുന്നില്ല തിരിച്ചു വന്നപ്പോള്‍.

അങ്ങനെ ശാന്തമായ യാത്രയ്ക്കുശേഷം ഞങ്ങള്‍ പട്ടായ തീരത്തെത്തി.  അവിടെ പട്ടായ സിറ്റി എന്നെഴുതിയിരിക്കുന്നതിനു മുന്നില്‍ നിന്നുകൊണ്ട് സഞ്ചാരികളില്‍ പലരും സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളും എടുത്തു ചിത്രങ്ങള്‍. അതിനിടെ ചൈനയില്‍ നിന്നും വന്ന കുറച്ചു വനിതാ സഞ്ചാരികള്‍ ഹാരിസ് ഇക്കയുടെ കൂടെ ഫോട്ടോയെടുക്കുവാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. ഹാരിസ് ഇക്ക ഓക്കേ മൂളിയപ്പോള്‍ അതാ ചൈനക്കാരികള്‍ മാറി മാറി നിന്നുകൊണ്ട് ചറപറാ ഫോട്ടോകള്‍… അവരും ഹാപ്പി.. ഞങ്ങളും ഹാപ്പി.. അതുകണ്ടുനിന്നവരും ഹാപ്പി… അതെ.. ഇതാണ് പട്ടായ… സൌഹൃദങ്ങള്‍ മാത്രം കണ്ണില്‍ കൊണ്ടുനടക്കുന്ന സഞ്ചാരികള്‍….

കഴിഞ്ഞ രണ്ടു ദിവസം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന തായ്‌ ഗൈഡായ ക്യാറ്റ് ഇന്നു ഞങ്ങളോട് വിടപറയുകയാണ്. രാത്രിയിലെ ബസ്സില്‍ ക്യാറ്റ് പട്ടായയില്‍ നിന്നും 900 കി.മീ. ദൂരെയുള്ള അവളുടെ നാട്ടിലേക്ക് പോകുകയാണ്. പരസ്പരം ഹസ്തദാനത്തോടെ ഞങ്ങള്‍ ക്യാറ്റിനെ യാത്രയാക്കി. ഇനി റൂമില്‍ച്ചെന്ന് കുറച്ചുസമയം റെസ്റ്റ്‌ എടുത്ത ശേഷം പട്ടായയിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് ഷോയായ ‘അല്‍കസാര്‍ ഷോ’ കാണുവാന്‍ പോകണം. അല്‍കസാര്‍ ഷോയുടെ വിശേഷങ്ങള്‍ ഇനി അടുത്ത എപ്പിസോഡില്‍…

തായ്‌ലൻഡ് പാക്കേജിനായി നിങ്ങള്‍ക്ക് ഹാരിസ് ഇക്കയെ നേരിട്ടു വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800.