കൊറോണ വൈറസും കോവിഡ് 19 ഉം; നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ

നമ്മുടെ കേരളമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് ഭീതിപരത്തുകയാണ്. എന്നാൽ ഭീതിയല്ല, മറിച്ച് മുൻകരുതലുകളാണ് ഈ അവസരത്തിൽ നമുക്ക് ആവശ്യം. അതിനായി എന്താണ് കൊറോണ വൈറസ് എന്നും അവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങളും, വൈറസിനെ ചെറുക്കാനുള്ള മുൻകരുതൽ നടപടികളുമെല്ലാം നമ്മൾ അറിഞ്ഞിരിക്കണം. ആ വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കൊറോണ കുടുംബത്തില്‍ ജനിതകമാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ് 19.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. രോഗികളില്‍ 80% പേരും ചികിത്സയില്ലാതെതന്നെ രോഗമുക്തി നേടും.

കൊറോണയെ പേടിച്ച് എല്ലാവരും മുഖാവരണം ധരിക്കേണ്ടതില്ല. ആരെല്ലാം മുഖാവരണം ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച ഒരാളെ പരിചരിക്കുകയോ ചികിത്സിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ മുഖാവരണം ധരിക്കേണ്ടതുള്ളൂ. കൊറോണ പടരുന്ന മേഖലകളിലുള്ളവരില്‍ ചുമയും തുമ്മലും ഉണ്ടെങ്കില്‍ അവര്‍ മുഖാവരണം ധരിക്കണം. നിരന്തരം കൈകള്‍ ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് റബുകളും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നവരില്‍ മാത്രമേ മുഖാവരണം ഫലപ്രദമാകൂ.

മാസ്ക് തെറ്റായ രീതിയിൽ ധരിക്കുക, കൈകൾ കഴുകാതെ ഇടയ്ക്കിടെ മുഖത്തുള്ള മാസ്കിൽ സ്പർശിക്കുക , ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കുക, അത് അലക്ഷ്യമായി വലിച്ചെറിയുക എന്നിവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. മാസ്ക് ധരിച്ചതു കൊണ്ട് സുരക്ഷിതരാണെന്നു കരുതിക്കൊണ്ട് മറ്റു വ്യക്തി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കപ്പെടാം.

എല്ലാവരും മാസ്ക്കുകൾ വാങ്ങിക്കൂട്ടിയാൽ അത് ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്ക്കുകൾ ലഭിക്കുന്നതിനു തടസ്സം സുഷ്ടിച്ചേക്കാം. N95 മാസ്ക്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മറ്റുള്ളവർ 3 ലെയർ സർജിക്കൽ മാസ്കാണ് ധരിക്കേണ്ടത്. അത് 4-6 മണിക്കൂർ കഴിയുമ്പോഴോ നനയുകയോ മറ്റോ ചെയ്താൽ മാറ്റുകയും വേണം.