മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ക്രൂയിസ് ഷിപ്പിൽ പോയാലോ?

എല്ലാവരുടെയും ആഗ്രഹമായിരിക്കും കപ്പലിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യുക എന്നത്. വിമാനയാത്രകൾ ഇക്കാലത്ത് സജീവമാണെങ്കിലും കപ്പൽ യാത്ര അൽപ്പം പണച്ചെലവുള്ളതിനാൽ അധികമാളുകളും അത് എക്സ്പീരിയൻസ് ചെയ്യാറില്ല. എന്നാൽ കുറഞ്ഞ ചെലവിൽ ഒരു ക്രൂയിസ് ഷിപ്പ് യാത്ര പോകുവാൻ ഇതാ നിങ്ങൾക്കൊരവസരം വന്നിരിക്കുകയാണ്.

മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് അടിപൊളി ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC). ആഭ്യന്തര വിപണി ലക്ഷ്യമാക്കി ആദ്യമായി ക്രൂയിസ് ബിസിനസ്സിലേക്ക് പ്രവേശിക്കുന്ന IRCTC കോർഡേലിയ ക്രൂയിസുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു.

മുംബൈയിൽ നിന്ന് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിലവിൽ ക്രൂയിസ് ഷിപ്പ് യാത്ര IRCTC വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ മുതൽ, വിനോദസഞ്ചാരികൾക്ക് ക്രൂയിസ് സേവനം ലഭ്യമാകും. രണ്ടു രാത്രി – മൂന്നു പകൽ, അഞ്ചു രാത്രി – ആറു പകൽ എന്നിങ്ങനെ വ്യത്യസ്തമായ പാക്കേജുകൾ ലഭ്യമായിരിക്കും.

മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള രണ്ടു രാത്രി – മൂന്നു പകൽ യാത്രയ്ക്ക് 19,898 രൂപ മുതൽ 66,287 രൂപ (സ്യൂട്ട്) വരെ ചാർജ്ജ് വരും. ഇനി മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്കാണ് യാത്രയെങ്കിൽ അഞ്ചു രാത്രി – ആറു പകൽ പാക്കേജിന് 49,745 രൂപയാകും. മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള രണ്ടു രാത്രി – മൂന്നു പകൽ പാക്കേജിന് 23,467 രൂപയുമാണ്.

IRCTC വാഗ്ദാനം ചെയ്യുന്ന ടൂറിസം പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോദിക വെബ്സൈറ്റായ irctctourism.com ൽ നിന്ന് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയിലെ തീരപ്രദേശത്തുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.