208 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാർ പണിത കണ്ണൂരിലെ ഒരു പള്ളി

കണ്ണൂർ എയർപോർട്ട് കാണുവാനായി ഉത്ഘാടനത്തിനു രണ്ടു ദിവസം മുന്നേതന്നെ ഞങ്ങൾ കണ്ണൂരിൽ എത്തി. കണ്ണൂർ നഗരത്തിൽ തന്നെയുള്ള CSI ഇംഗ്ലീഷ് ചർച്ച് എന്ന പഴയ ഒരു പള്ളിയിലായിരുന്നു അന്ന് ഞങ്ങൾ തങ്ങിയത്. പള്ളിയിലെ ഫാദറായ രാജു ചീരൻ എന്റെയൊരു സുഹൃത്ത് ആയതിനാലാണ് ഞങ്ങൾക്ക് അവിടെ താമസം തരപ്പെട്ടത്.

പഴയൊരു പള്ളി എന്നതിലുപരി ഞങ്ങൾക്ക് ആ പള്ളിയെക്കുറിച്ച് അധികമൊന്നും അറിവുണ്ടായിരുന്നില്ല. ഫാദറാണ് ഈ പള്ളിയുടെ ചരിത്രപരമായ കാര്യങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നത്. 208 വർഷത്തോളം പഴക്കമുള്ള ഈ പള്ളി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. 1811 ൽ ഈ പള്ളി നിർമ്മിക്കുകയും പിന്നീട് ആരാധനയ്ക്കായി തയ്യാറാകുകയുമായിരുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ പട്ടാളക്കാർക്ക് ആരാധനാ നടത്തുവാനായി മാത്രം പണികഴിപ്പിച്ച ഒരു ആരാധനാലയമായിരുന്നു ഈ പള്ളി. പുറമെ നിന്നുള്ളവർക്ക് പള്ളിയ്ക്കുള്ളിൽ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ അവരെല്ലാം പുറത്തു നിന്നുകൊണ്ടായിരുന്നു അന്നൊക്കെ ആരാധനകളിൽ പങ്കെടുത്തിരുന്നത്.

ഇന്ത്യൻ – ഗ്രീക്ക് മോഡലിലാണ് പള്ളിയുടെ വാതിലുകൾ പണിതിരിക്കുന്നത്. വമ്പൻ വാതിലുകൾക്കുള്ളിൽ ചെറിയ വാതിലുകളും തയ്യാറാക്കിയിരുന്നു. അവയെല്ലാം ഇന്നും അതേപടി നിലനിർത്തിയിരിക്കുകയാണിവിടെ. അതുപോലെതന്നെ 207 വര്ഷം പഴക്കമുള്ള ‘മണി’യാണ് ഇന്നും ഇവിടെ ഉപയോഗിക്കുന്നത്. ഇന്ന് സാധാരണയായി നാം കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഇവിടെ പള്ളിമണി പള്ളിയ്ക്ക് അകത്തുതന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂരിൽ വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ഈ പള്ളിയുടെ ചരിത്രപ്രധാനമായ വിശേഷങ്ങൾ അറിവില്ല. എന്തിനേറെ പറയുന്നു, കൂടുതൽ കണ്ണൂർക്കാർക്ക് പോലും ചിലപ്പോൾ ഇതൊന്നും അറിയാൻ കഴിയണമെന്നില്ല. ബ്രിട്ടീഷ് നിർമ്മിതമായ ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയവ ഇന്ന് പള്ളിയിൽ കാണാം. പക്ഷെ പണ്ടുകാലത്ത് ഫാനുകൾക്ക് പകരം പ്രത്യേകതരം പങ്കകൾ ആയിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നതത്രെ. പുറമെ നിന്നും ആളുകൾ വലിക്കുമ്പോൾ ആയിരുന്നു ഇതിൽ നിന്നും കാറ്റ് വന്നിരുന്നത്. പിന്നീട് കാലാന്തരത്തിൽ ഈ സംവിധാനമെല്ലാം നശിക്കുകയായിരുന്നു.

പള്ളിയുടെ അകത്ത് ഒരു ഫലകത്തിൽ ഇവിടെ വെച്ച് മരണമടഞ്ഞിട്ടുള്ള ബ്രിട്ടീഷുകാരായ പട്ടാളക്കാരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വസൂരി പോലുള്ള മാരകരോഗങ്ങൾ അക്കാലത്ത് ഈ പരിസരങ്ങളിൽ വ്യാപിച്ചിരുന്നതിനാൽ വളരെ പ്രായം കുറഞ്ഞവർ പോലും മരണപ്പെട്ടവരിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ മരണപ്പെട്ടവരെയെല്ലാം ഇവിടെത്തന്നെയാണ് അടക്കിയിരിക്കുന്നതും. അതുപോലെ ബ്രിട്ടീഷുകാർ ഇവിടെ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ നമ്മിലേക്ക് എത്തിക്കുന്ന ഫലകങ്ങളും പള്ളിയ്ക്ക് അകത്തുണ്ട്.

പള്ളിയുടെ അടുത്ത് തന്നെയായി വലിയ ഒരു ഏരിയയിലാണ് ബ്രിട്ടീഷുകാരെ അടക്കിയിട്ടുള്ള സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ഏകദേശം ഇരുന്നൂറിനു മുകളിൽ ആളുകളെ ഇവിടെ സംസ്ക്കരിച്ചിട്ടുണ്ട്. ഇവിടത്തെ ശവകുടീരങ്ങളിൽ പ്രത്യേകതയായി നമുക്ക് കാണാൻ സാധിക്കുന്നത് എന്തെന്നാൽ അന്ന് പട്ടാളത്തിൽ ലഫ്റ്റനന്റ് കേണൽ പദവിയിലിരുന്നു മരിച്ചവരെ നിർത്തിയും ഇരുത്തിയും ഒക്കെയായിരുന്നു സംസ്ക്കരിച്ചിരുന്നത്. അതുകൊണ്ട് അവരുടെ ശവകുടീരങ്ങൾ നല്ല ഉയർന്ന രീതിയിലായിരുന്നു കാണപ്പെട്ടത്.

ഇന്ന് പള്ളിയ്ക്കകത്ത് കാണുന്ന എല്ലാ സാധനങ്ങളും ബ്രിട്ടീഷുകാരുടെ കാലത്തു തന്നെയുള്ളതാണ്. ഇപ്പോൾ ഈ പള്ളി ഏറ്റെടുക്കുവാനായി പുരാവസ്തു വകുപ്പ് മുന്നോട്ടു വന്നിരിക്കുകയാണ്. പള്ളിയുടെ പഴമ നിലനിർത്തിക്കൊണ്ട് ചെറിയ മോടിപിടിപ്പിക്കൽ നടത്തി പണ്ടുകാലത്തെപ്പോലെതന്നെ സൂക്ഷിക്കുവാനാണ് പുരാവസ്തു വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ചരിത്രങ്ങൾ അറിയുവാൻ ആഗ്രഹമുള്ളവർക്കും വിദ്യാർത്ഥികൾക്കും ഒക്കെ സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് കണ്ണൂർ കന്റോൺമെന്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ CSI ഇംഗ്ലീഷ് ചർച്ച്.

അവിടെ നിന്നും ഞങ്ങൾ തിരികെ മടങ്ങുന്നതിനു മുൻപായി രാജു അച്ചൻ തന്നെ ഡിസൈൻ ചെയ്ത ഒരു ചിത്രം ഞങ്ങൾക്ക് സമ്മാനമായി നൽകി. അച്ചൻ ഒരു കലാകാരൻ കൂടിയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? എന്തായാലും ഇനി കണ്ണൂരിൽ വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ഈ പള്ളിയും പരിസരവുമെല്ലാം. നിങ്ങൾക്ക് എന്തു സഹായത്തിനും രാജു അച്ചൻ അവിടെയുണ്ടാകും.