ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില സൈക്കിൾ ഓർമ്മകൾ

എഴുത്ത് – അരുൺ പുനലൂർ.

സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഫാക്ടറിപ്പണിക്കാരനായ അപ്പന്റെ സന്തത സഹചാരിയായ സൈക്കിൾ കഴുകിയും, തുടച്ചും, മെല്ലെ ഉരുട്ടിയും, മറിച്ചിട്ടും അതിനു ആവശ്യത്തിന് തല്ലുകൊണ്ടുമൊക്കെയാണ് സൈക്കിളിനോടുള്ള മോഹം തുടങ്ങിയത്. പിന്നീട് മെല്ലെ അപ്പൻ കാണാതെ വീട്ടുമുറ്റത്തിട്ടു കറക്കി പെടലിൽ കയറാനുള്ള പരിശ്രമം തുടങ്ങി. ഒരിക്കൽ ഞാനും വണ്ടിയും കൂടി ഒരു വീഴ്ച വീണു. ദേഹമെല്ലാം മുറിഞ്ഞു. ആവശ്യത്തിന് അടിയും കിട്ടി മേലിൽ സൈക്കിളിൽ തൊടരുതെന്നു കൽപ്പനയും വന്നു.

അതോടെ സ്കൂളിൽ സഹപാഠിയായിരുന്ന ഈറ്റി കുഞ്ഞെന്നു ഓമനപ്പേരുള്ള സജി ടി തോമസിന്റെ ബി എസ് എ സൈക്കിളിലും, പാലത്തിനിക്കരെ ടി ബി ജംഗ്‌ഷനിലുള്ള ഷായുടെ കടയിൽ നിന്നും മണിക്കൂറിനു ഒരു രൂപാ നിരക്കിൽ വാടകയ്ക്ക് കിട്ടിയിരുന്ന അര സൈക്കിളിലുമൊക്കെയായി സൈക്കിള് പഠിത്തത്തിൽ ഏതാണ്ട് ഡിഗ്രിയെടുത്തു. പത്താം ക്ലാസിൽ ജയിച്ചാൽ സൈക്കിൾ മേടിച്ചു തരാമെന്നുള്ള അപ്പന്റെ വാഗ്ദാനം ശിരസാ വഹിച്ചു മത്സരബുദ്ധിയോടെ കോപ്പിയടിച്ചു 273 മാർക്ക് വാങ്ങി എസ്എസ്എൽസി പാസായ ഞാൻ വീട്ടുകാരെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.

ഞാൻ ജയിക്കില്ലെന്നുറപ്പിൽ അപ്പൻ പറഞ്ഞതാണെങ്കിലും അപ്പന്റെ പ്രതീക്ഷകളെ ഞാൻ തകിടം മറിച്ചപ്പോൾ വേറെ നിവർത്തിയില്ലാതെ ചെങ്കോട്ടയിൽ എന്നെകൂടി കൊണ്ടു പോയി ഒരു നീല ബി എസ് എ സൈക്കിൾ മേടിച്ചു തന്നു. ആ യാത്രയിലാണ് ഞാനാദ്യമായി കൊല്ലം ചെങ്കോട്ട ട്രെയിനിൽ യാത്ര ചെയ്യുന്നത്. പ്രീ ഡിഗ്രിക്ക് കോളേജിലേക്ക് പോയത് സൈക്കിളിലായിരുന്നു. ശേഖറിലെ റ്റിയൂഷൻ കഴിഞ്ഞു കോളേജിലേക്ക് പോകുമ്പോൾ സൈക്കിൾ ഉള്ളവരെല്ല്ലാം മത്സരിച്ചു പെൺപിള്ളേർക്കിടയിലൂടെ ശരവേഗത്തിൽ പായും. പിന്നേ വൈകിട്ട് ടൗണിലൂടെ ഞാനും സാമുമൊക്കെ മത്സര ചവിട്ടാണ്.

അങ്ങിനെ സൈക്കിൾ കൊണ്ടു കാണിക്കാൻ പറ്റുന്ന ഒട്ടുമിക്ക അഭ്യാസങ്ങളും കാണിക്കും ബന്ധുവീടുകളിലേക്കൊക്കെ സൈക്കിൾ ചവിട്ടിപ്പോകും. ഇഷ്ടമുള്ള പെണ്പിള്ളേരുടെ പിന്നാലെ പോകുമ്പോൾ താളത്തിൽ ബെല്ലടിക്കും. ആ ബെൽ കേൾക്കുമ്പോൾ നീണ്ട മുടിക്കെട്ടൊക്കെ വെട്ടിച്ചു സ്ലോമോഷനിൽ പാവടക്കാരികളായ അവളുമാര് പിന്നോട്ടൊരു നോട്ടമുണ്ട്. ന്റെ സാറേ അതൊരു ഒന്നൊന്നര സുഖമാണ്.

അവധി ദിവസങ്ങളിൽ ഇതുമെടുത്തോണ്ടു പെണ്പിള്ളേരുടെ വീടുകളുടെ പരിസരങ്ങളിൽ പോയി അതേ താളത്തിൽ ബെല്ലടിച്ചു കൊണ്ടു റോഡിലൂടെ കറങ്ങും. മുന്നിലും പിന്നിലും ഓരോരുത്തന്മാരെ ലോഡ് കേറ്റിക്കൊണ്ട് സിനിമാ തീയേറ്ററിലേക്ക് പായും. പോലീസിനെ കണ്ടാൽ പിറകിലിരിക്കുന്നവനെ ഇറക്കിവിട്ടിട്ടു ഓടിത്തള്ളും. മധ്യപ്രദേശിൽ ജോലിക്കു പോയപ്പോളും മ്മടെ യാത്രാവാഹനം സൈക്കിളായിരുന്നു. ജിഞ്ചക്കമൊക്കെ ചെയ്തു ഫുൾ സ്ലീവോക്കെ ഇട്ടു രാവിലെ ജബൽപ്പൂരിലെ മിലിട്ടറി ഏരിയായിൽ കൂടി ഡ്യൂട്ടിക്കായി പായും.

ഒരിക്കൽ വഴിയിൽ നിർത്തി ഒരു ജോഡി പ്ലാസിറ്റിക് ഷൂവിന് വില ചോദിച്ചു അവൻ 100 രൂപാ പറഞ്ഞു. അപ്പൊ ഞാൻ എഴുപത്തഞ്ചാക്കി. അവനത് ഒക്കെ പറഞ്ഞപ്പോൾ ഞാൻ ബാർഗെയിൻ ചെയ്തു 50 പറഞ്ഞു. ന്ത് പണ്ടാരമേലും ആട്ടെ അൻപതെങ്കിൽ അൻപതെന്നു പറഞ്ഞപ്പോൾ ഞാൻ വീണ്ടും ബാർഗെയിൻ ചെയ്തു 35 പറഞ്ഞത് മാത്രം ഓർമ്മയുണ്ട്. അവന്റെ ക്ഷമ കേട്ടിട്ട് പൂര തെറി വിളിച്ചു കൊണ്ടു ഒരു വടിയുമെടുത്ത് തല്ലാൻ വന്നു. ഞാനോടി സൈക്കിൾ സ്റ്റാൻഡിൽ നിന്നു തട്ടി പെടൽ കറക്കി സ്ലോമോഷനിൽ ചാടിക്കേറി എണീറ്റു നിന്നു ചവിട്ടിയതും ടപ്പെന്നൊരു സൗണ്ടിൽ ചെയിൻ പൊട്ടിയതും ഒരുമിച്ചു.

കാണക്കാ പുണ്ണാക്കാന്നു സൈക്കിൾ ബാലൻസ് തെറ്റി അപ്പുറത്തെ ഓടയിൽ പോയി മറിഞ്ഞു. അവിടുന്ന് എണീറ്റു സൈക്കിൾ പൊക്കിയെടുക്കുന്ന എന്റെ രൂപം കണ്ടു തല്ലാൻ വന്നവൻ വടിയും പിടിച്ചു നിന്ന് തലയറഞ്ഞു ചിരിച്ചു. എപ്പോളാ അവന്റെ ചിരി മാറി അടി തുടങ്ങുക എന്നറിയില്ല. അത്‌ കൊണ്ടു ആ ചെളി പുരണ്ട രൂപവുമായി സൈക്കിളും തള്ളിക്കൊണ്ട് ഞാൻ ഓടി. അങ്ങിനെ സൈക്കിൾ കാലത്തെ എത്രയെത്ര അനുഭവങ്ങൾ.

ഇന്നു മ്മടെ ലീഗൽ അഡ്വൈസർ ചങ്ക് ബ്രോ അനീസിനൊപ്പം ബൈക്കിൽ പോകുമ്പോൾ ചായകുടിക്കാൻ നിർത്തിയ കടയ്ക്കരുകിൽ സൈക്കിൾ നന്നാക്കുന്ന ഈ അപ്പാപ്പനെയും വണ്ടി പണിഞ്ഞു കിട്ടാനായി കാത്തിരിക്കുന്ന പയ്യനെയും കണ്ടപ്പോ മ്മടെ സൈക്കിൾ ജീവിതത്തിന്റെ പഴയ എപ്പിസോഡുകളിലേക്കു ഓർമ്മകൾ പാഞ്ഞു പോയി. ഞാനും പണ്ടിതു പോലെ മാധവൻ മേശിരിയുടെ സൈക്കിള് കടക്കുമുന്പിൽ കാത്തിരുന്ന എത്രയോ ദിവസങ്ങൾ.

ചില കാലങ്ങളും ഇഷ്ടങ്ങളുമൊക്കെ അങ്ങിനെയാണ് വർഷങ്ങൾക്കിപ്പുറവും നമ്മളെ വിടാതെ പിന്തുടരും ഇടക്കെപ്പോളെങ്കിലുമൊക്കെ തോണ്ടി വിളിക്കും. പഴയവഴികളിലൂടെ കൊണ്ടുപോകും. ചിരിപ്പിക്കും കരയിക്കും നൊമ്പരപ്പെടുത്തും ആരെയൊക്കെയോ ഓർമ്മിപ്പിക്കും. ഞാനിപ്പോളും എന്റെ പ്രണയിനിയെത്തേടി ഞങ്ങളുടെ നാടിന്റെ ഇടവഴികളിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ടേയിരിക്കുന്നു.