പാലക്കാട് – മംഗലാപുരം റൂട്ടിലെ ബസ്, ട്രെയിൻ സമയവിവരങ്ങൾ അറിയാം..

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന നഗരമാണ്‌ മംഗളൂരു അഥവാ മംഗലാപുരം. ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ്‌ നടക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള മംഗലാപുരത്തെ ആരോഗ്യ കേന്ദ്രങ്ങൾ ലോകപ്രശസ്തമാണ്. നിരവധി മെഡിക്കൽ കോളേജുകൾ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ ആരോഗ്യ തലസ്ഥാനമായും മംഗലാപുരത്തെ വിശേഷിപ്പിക്കാം. നിരവധി യൂണിവേഴ്സിറ്റികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിൽ നിന്നും നിരവധിയാളുകളാണ് പഠനത്തിനായും ജോലിയാവശ്യങ്ങൾക്കായും മറ്റു വാണിജ്യാവശ്യങ്ങൾക്കായും ഒക്കെ മംഗലാപുരത്തേക്ക് എത്തുന്നത്.

കേരളത്തിന്റെ പ്രധാന നഗരങ്ങളിൽ നിന്നും മംഗലാപുരത്തേക്ക് കെഎസ്ആർടിസി സർവ്വീസുകൾ ലഭ്യമാണ്. അവയിൽ അധികമാരും അറിയപ്പെടാത്ത എന്നാൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സർവീസാണ് പാലക്കാട് നിന്നുള്ള മംഗലാപുരം സൂപ്പർ ഡീലക്സ്. പാലക്കാട് നിന്നും ദിവസേന രാത്രി 9.20 നു പുറപ്പെടുന്ന ഈ സൂപ്പർ ഡീലക്സ് ബസ് മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് വഴി സഞ്ചരിച്ച് പിറ്റേന്ന് വെളുപ്പിന് 5.55 നു മംഗലാപുരത്തു എത്തിച്ചേരും.

മംഗലാപുരത്തു നിന്നും തിരികെ രാത്രി 8 മണിക്ക് യാത്രയാരംഭിക്കുന്ന ഈ ബസ് വന്ന വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് പിറ്റേ ദിവസം വെളുപ്പിന് 4 മണിയോടെ പാലക്കാട് എത്തുകയും ചെയ്യും. ഒരു ദിവസത്തെ ആവശ്യങ്ങൾക്കായി പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്നവർക്ക് ഈ സർവ്വീസിനെ ആശ്രയിക്കാവുന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുവാനും സാധിക്കും. ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ വെബ്‌സൈറ്റ് ലിങ്ക് – https://bit.ly/2CjMtfZ . പാലക്കാട് നിന്നും മംഗലാപുരത്തേക്ക് ഈ ബസിലെ ടിക്കറ്റ് ചാർജ്ജ് 431 രൂപയാണ്. പുഷ്ബാക്ക് സീറ്റുകളുള്ള സൂപ്പർ ഡീലക്സ് ബസ് ആയതിനാൽ യാത്രക്കാർക്ക് രാത്രിയിൽ സുഖമായി ഉറങ്ങുവാനും സാധിക്കും.

ഈ ബസ്സിനു പുറമെ പാലക്കാട് നിന്നും (വഴി) ദിവസേന (DAILY) അഞ്ചോളം ട്രെയിനുകളും മംഗലാപുരത്തേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ആ ട്രെയിനുകളുടെ സമയവിവരങ്ങൾ താഴെ കൊടുക്കുന്നു.

ട്രെയിൻ നമ്പർ 12685, ചെന്നൈ സെൻട്രൽ – മംഗളൂരു മെയിൽ : പാലക്കാട് നിന്നും വെളുപ്പിന് 1.45 നു പുറപ്പെടുന്ന ഈ ട്രെയിൻ രാവിലെ 9.05 നു മംഗലാപുരത്തു എത്തിച്ചേരും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 131, സ്ലീപ്പർ – 255.

ട്രെയിൻ നമ്പർ 12601, ചെന്നൈ സെൻട്രൽ – മംഗളൂരു മെയിൽ : പാലക്കാട് നിന്നും വെളുപ്പിന് 4.40 നു പുറപ്പെടുന്ന ഈ ട്രെയിൻ ഉച്ചയ്ക്ക് 12.25 നു മംഗലാപുരത്തു എത്തിച്ചേരും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 131, സ്ലീപ്പർ – 255.

ട്രെയിൻ നമ്പർ 22610, കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : പാലക്കാട് നിന്നും രാവിലെ 7.40 നു പുറപ്പെടുന്ന ഈ ട്രെയിൻ ഉച്ചയ്ക്ക് 1.50 നു മംഗലാപുരത്തു എത്തിച്ചേരും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 131, 2nd സിറ്റിങ് – 150.

ട്രെയിൻ നമ്പർ 56323, കോയമ്പത്തൂർ – മംഗളൂരു പാസഞ്ചർ : പാലക്കാട് നിന്നും രാവിലെ 9 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകീട്ട് 6.50 നു മംഗലാപുരത്തു എത്തിച്ചേരും.

ട്രെയിൻ നമ്പർ 16859, ചെന്നൈ എഗ്മോർ – മംഗളൂരു എക്സ്പ്രസ്സ് : പാലക്കാട് നിന്നും ഉച്ചയ്ക്ക് 12.30 നു പുറപ്പെടുന്ന ഈ ട്രെയിൻ രാത്രി 10.15 നു മംഗലാപുരത്തു എത്തിച്ചേരും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 116, 2nd സിറ്റിങ് – 135, സ്ലീപ്പർ – 225.

ട്രെയിൻ നമ്പർ 22637, വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : പാലക്കാട് നിന്നും രാത്രി 9.20 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേന്ന് വെളുപ്പിന് 4.30 നു മംഗലാപുരത്തു എത്തിച്ചേരും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 131, സ്ലീപ്പർ – 255.