ദക്ഷിണചിത്ര – ചെന്നൈയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു മനോഹരസ്ഥലം..

ഭാര്യ ശ്വേതയുടെ കുടുംബവുമായി ചെന്നൈയിൽ എത്തിയപ്പോഴാണ് ദക്ഷിണ ചിത്ര സന്ദർശിക്കുവാൻ അവസരം വന്നത്. ചെന്നൈ നഗരത്തിൽ നിന്നും കുറച്ചു മാറി ഈസ്റ്റ് കോസ്റ്റ് റോഡി(ECR) ൽ മുട്ടുകാട് എന്ന സ്ഥലത്താണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്. എന്താണീ ദക്ഷിണ ചിത്ര എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. പറഞ്ഞു തരാം. ദക്ഷിണേന്ത്യയിലെ സംസ്‌കാരങ്ങൾ, കലാരൂപങ്ങൾ, ഹാൻഡി ക്രാഫ്റ്റ് തുടങ്ങിയ കലാപരവും സർഗ്ഗാത്മകവുമായ കാര്യങ്ങൾ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ചിട്ടുള്ള ഒരു മ്യൂസിയം (അങ്ങനെ വേണമെങ്കിൽ പറയാം) ആണ് ദക്ഷിണ ചിത്ര. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്ക് ഇവിടെ പ്രത്യേകം ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷൻ ആണ് ഈ സംരഭത്തിന് ചുക്കാൻ പിടിക്കുന്നത്. വിവിധ എക്സിബിഷനുകള്‍, ഗൈഡിനൊപ്പമുള്ള ടൂര്‍, തീം ബേസ്ഡ് ഡിന്നര്‍, വര്‍ക്ക് ഷോപ്പുകള്‍, ഫോക്ക് തീയേറ്റര്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

ഒരു മ്യൂസിയം എന്നതിലുപരി കുടുംബവുമൊത്ത് ചുറ്റിക്കറങ്ങുവാൻ പറ്റിയ ഒരു മനോഹരമായ ഒരു പാർക്ക് കൂടിയാണിത്. ഇവിടേക്ക് കയറുവാൻ മുതിർന്നവർക്ക് 130 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്. ടിക്കറ്റുമെടുത്ത് അകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്നത് കേരള സ്റ്റൈൽ നാലുകെട്ട് ആണ്. കേരളത്തിന് പുറത്തു ചെന്നിട്ട് നമ്മുടെ സംഭവങ്ങൾ കാണുന്നത് ഒരു വല്ലാത്തൊരു ഫീൽ തന്നെയാണ്. ഇവിടെ കാഴ്ചകൾ കാണുക മാത്രമല്ല വ്യത്യസ്തങ്ങളായ ഫുഡ് ഐറ്റംസ്, സ്നാക്സ് ഒക്കെ രുചിക്കുകയും ചെയ്യാം. കനത്ത ചൂടിൽ ആകെ തളർന്നു ചെന്ന ഞങ്ങൾക്ക് ഒരു തണുത്ത കരിക്കിൻ വെള്ളം കുടിച്ച പ്രതീതിയാണ് ദക്ഷിണചിത്രയിലെ കാഴ്ചകൾ സമ്മാനിച്ചത്. ചെന്നൈ നഗരത്തിലെ തിരക്കുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞുകൊണ്ട് അൽപ്പം തണലുള്ള കാലാവസ്ഥയാണ് ഇവിടെ എന്നു തോന്നിപ്പോകും. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഏതൊക്കെയോ സ്‌കൂളുകളിൽ നിന്നും ടൂർ വന്നിട്ടുള്ള കുട്ടികളുടെ തിരക്കായിരുന്നു. കുട്ടികൾക്കായി അവിടെ ഒരു കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.

പുരാതന രീതിയിലുള്ള വീടുകൾ അതേപടി നിർമിച്ചെടുത്ത് അതിനുള്ളിൽ പഴയകാല ഉപകരണങ്ങളും സാധനസാമഗ്രികളും തനിമ ചോർന്നുപോവാതെ സൂക്ഷിച്ചിരിക്കുകയാണ് ഇവിടെ. ഞങ്ങൾ അവിടെയെല്ലാം കറങ്ങി നടന്നു കാണുന്നതിനിടയിൽ പക്ഷിശാസ്ത്രം നോക്കുന്ന ഒരാൾ ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കൗതുകം തോന്നിയതിനാൽ ഞങ്ങൾ പക്ഷിശാസ്ത്രം വെച്ച് ഭാവി ഒന്നു നോക്കാമെന്നു കരുതി. തത്തയും ശാസ്ത്രം പറയുന്ന ചേട്ടനും വളരെ സ്മാർട്ട് ആയിരുന്നു. നല്ലൊരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്. എല്ലാം കഴിഞ്ഞു ചേട്ടന് 50 രൂപയും കൊടുത്ത് ഞങ്ങൾ അടുത്ത ഇടത്തേക്ക് നീങ്ങി.

ദക്ഷിണ ചിത്രയിലെ അംബൂർ ആർട്ട് ഗാലറി, കാദംബരി ആർട്ട് ഗാലറി എന്നിവയൊക്കെ വളരെ ആകര്ഷണീയമായാണ് സജ്ജീകരിച്ചിരിക്കുന്നത്. കർഷകരുടെ വീട്ടിലെ കാഴ്ചകൾ മനസ്സിലാക്കി തരുന്ന സത്തനൂർ ഹൗസ് കണ്ടപ്പോൾ ചില തമിഴ് സിനിമകളിൽ കണ്ടിട്ടുള്ള വീടുകൾ ഓർമ്മ വന്നു. ഇതുപോലെ പല തരത്തിലുള്ള വീടുകൾ ഇവിടെ നമുക്ക് കാണാവുന്നതാണ്. അങ്ങനെ ഞങ്ങൾ നടന്നു നടന്നു തമിഴ്‌നാട്, കേരള, കർണാടക, ആന്ധ്ര സ്റ്റൈലിലുള്ള വീടുകൾ എല്ലാം കണ്ടു. പഴയകാലത്തെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം നേരിൽക്കണ്ടു അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു അവ. നല്ല ചൂടുള്ള ഈ സമയത്തൊക്കെ ഇതുപോലുള്ള വീട്ടിൽ താമസിച്ചാൽ വല്ലാത്തൊരു കുളിർമയായിരിക്കും അനുഭവപ്പെടുക.

പിന്നീട് ഞങ്ങൾക്ക് അവിടെ കാണാനായത് ചെറിയ ഇടനാഴി പോലുള്ള വഴിയും അതിനിരുവശത്തുമായി കടകളുമാണ്. പഴയകാലത്തെ ഒരു ചെറിയ തെരുവിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇത് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഇതെല്ലാം കണ്ടുകഴിഞ്ഞു പിന്നെ ഞങ്ങളെ ആശ്ചര്യപ്പെടുത്തിയത് അവിടെ നടന്ന കലാപരിപാടികളായിരുന്നു. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രൈബൽസ് അടക്കമുള്ളവരുടെ കലാപ്രകടനങ്ങൾ ഒന്നു കാണേണ്ടതു തന്നെയാണ്. വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്.

പേര് പോലെ തന്നെ സൗത്ത് ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഒരിടം തന്നെയാണ് ചെന്നൈയിലുള്ള ദക്ഷിണചിത്ര. നമ്മുടെ കേരളത്തിൽ പോലുമില്ല കേരളത്തെക്കുറിച്ചുള്ള ഇത്തരം ഒരു സംരംഭം. ചെന്നൈയിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ദക്ഷിണചിത്ര. എന്തായാലും ഇനി നിങ്ങൾ അടുത്ത തവണ ചെന്നൈയിൽ പോകുമ്പോൾ ‘ദക്ഷിണചിത്ര’ എന്നയീ മനോഹര സ്ഥലം കൂടി സന്ദർശിക്കുവാൻ ശ്രമിക്കുക.