ഫിഷിംഗ് ബോട്ടിൽക്കയറി മീൻപിടിച്ച് ബംഗാരം ദ്വീപിലേക്ക് ഒരു യാത്ര

ലക്ഷദ്വീപിലെ അഗത്തി ദ്വീപിലായിരുന്നു ഞങ്ങൾ. തലേന്ന് നാസറിക്ക പറഞ്ഞ പ്രകാരം അതിരാവിലെ ആറരയോടെ ഞങ്ങൾ ബോട്ട് ജെട്ടിയിൽ ഹാജരായി. അവിടെ ഞങ്ങളെക്കാത്ത് ഒരു ഫിഷിംഗ് ബോട്ട് തയ്യാറായിക്കിടക്കുന്നുണ്ടായിരുന്നു. കടലിൽ ഒരു മീൻപിടുത്തവും പിന്നെ ബംഗാരം എന്ന ദ്വീപിലേക്ക് ഒരു യാത്രയും. അതായിരുന്നു ഞങ്ങളുടെ പ്ലാൻ.

വൈകാതെ തന്നെ ഞങ്ങൾ കടലിലേക്ക് യാത്രയായി. ബോട്ടിൽ ഞങ്ങളെക്കൂടാതെ അഞ്ചോളം മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. കടൽ പ്രക്ഷുബ്ധമല്ലാത്തതിനാൽ അധികം പേടിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ബോട്ട് കരയിൽ നിന്നും വിട്ടതോടെ ബോട്ടിലെ ഒരു ചേട്ടൻ എല്ലാവർക്കുമായി ചായയുണ്ടാക്കി. ഞങ്ങളുടേത് കൂടാതെ മറ്റു ഫിഷിംഗ് ബോട്ടുകൾ കൂടി കടലിൽ സമീപത്തായി കാണപ്പെട്ടു. ചില ബോട്ടുകളിൽ ആളുകൾ നിസ്‌കരിക്കുന്ന കാഴ്ചയും കാണാമായിരുന്നു.

അങ്ങനെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ ആവി പറക്കുന്ന കട്ടൻചായ റെഡിയായി. കടലിലേക്ക് പോകുന്തോറും വെള്ളത്തിന് നല്ല ഓളം ഉണ്ടായി വന്നു. അത്രയും നേരം മുകൾഭാഗത്ത് ഇരുന്നിരുന്ന ഞങ്ങൾ അതോടെ താഴേക്ക് ഇരുന്നു. ബാലൻസിംഗ് തന്നെയാണ് പ്രശ്നം. സമയം രാവിലെ ആകുന്നതേയുണ്ടായിരുന്നുള്ളൂ. സൂര്യൻ ഉദിച്ചു വരാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. കടലിൽ നിന്നും ആയിരുന്നു ഞങ്ങൾ അന്നത്തെ സൂര്യോദയം കണ്ടത്.

യാത്രയ്ക്കിടയിൽ ബോട്ടിലെ ചേട്ടന്മാർ പല തമാശകളും പറയുന്നുണ്ടായിരുന്നു.അവർ ഞങ്ങളോട് പലതരം വിശേഷങ്ങളും പങ്കുവെച്ചു. കടലിലെ മീൻപിടുത്തവും അതിനിടയിലെ അവരുടെ അവിസ്മരണീയമായ മുഹൂർത്തങ്ങളുമൊക്കെ അവർ ഞങ്ങളോട് വിവരിച്ചു. അതൊക്കെ കേട്ട് അന്തംവിട്ടുകൊണ്ട് ഞങ്ങളും ഇരുന്നു.

നേരം നന്നായി വെളുത്തപ്പോൾ ബോട്ടിലെ ചേട്ടന്മാർ ബ്രേക്ക്ഫാസ്റ്റ് തയാറാക്കുന്ന തിരക്കിലായി. തേങ്ങ ചേർത്തുണ്ടാക്കിയ അവിൽ നനച്ചതും പിന്നെ പഴവും ആയിരുന്നു ബോട്ടിലെ പ്രഭാത ഭക്ഷണം. രണ്ടുപേർ അതിനായുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ, മറ്റു രണ്ടുപേർ ബോട്ടിനു പിന്നിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന തിരക്കിലായിരുന്നു. കടലിലെ വെള്ളം നല്ല തെളിഞ്ഞതായിരുന്നതിനാൽ അടിത്തട്ടിൽ നിന്നുള്ള കാഴ്ചകൾ ഒക്കെ അത്യാവശ്യം നന്നായി കാണുവാൻ സാധിച്ചിരുന്നു.

ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ മീൻ പിടിക്കുന്ന തിരക്കിലായി. നമ്മുടെ നാട്ടിൽ കാണാത്ത തരത്തിലുള്ള (ഞാൻ ഇതുവരെ കണ്ടിട്ടില്ല) മഞ്ഞ നിറത്തിലുള്ള മീനുകൾ ആയിരുന്നു ബോട്ട് ക്യാപ്റ്റന്റെ ചൂണ്ടയിൽ കുടുങ്ങിയത്. അങ്ങനെ ഞാനും മാനുക്കയും ഒക്കെ ചൂണ്ടയിട്ടു മീനുകളെ പിടിക്കുവാൻ തുടങ്ങി. നല്ലൊരു അനുഭവം തന്നെയായിരുന്നു അത്. കടലിൽപ്പോയി മീൻപിടിക്കാനും വേണം ഒരു ഭാഗ്യം.

ചെറിയ മീനുകളും ഒപ്പംതന്നെ വലിയ ഇടത്തരം മീനുകളും ഞങ്ങൾ പിടിച്ചു ബോട്ടിൽ ശേഖരിച്ചു. പിടിച്ച മീനുകളെല്ലാം ബോട്ടിൽ വെച്ച് തന്നെ അവ കറിവെക്കുവാൻ തയ്യാറാക്കുവാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ ബംഗാരം ദ്വീപിലേക്ക് ലക്ഷ്യമാക്കി ബോട്ട് പായിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ അത് നിയന്ത്രിക്കുന്ന രീതിയും മറ്റുമെല്ലാം ഞാൻ മനസ്സിലാക്കി.

ഇനി ഞങ്ങളുടെ ലക്ഷ്യമായ ബംഗാരം ഐലൻഡിനെക്കുറിച്ച് ഒരൽപം വിവരണം. ലക്ഷദ്വീപിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ബംഗാരം ദ്വീപ്. അഗത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഗത്തിയിൽ നിന്നും 15-20 മിനിറ്റുകൾ കൊണ്ട് ബോട്ട് മാർഗ്ഗം ഇവിടേക്ക് എത്താവുന്നതാണ്. ഹണിമൂൺ ആഘോഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് ആണിത്. കൂടാതെ സ്‌കൂബാ ഡൈവിംഗ്, കയാക്കിംഗ് തുടങ്ങിയ ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്.

കടലിൽ പോയി മീൻ പിടിക്കുക എന്നതൊരു സ്വപ്നമായിരുന്നു. ലക്ഷദ്വീപ് യാത്രയിൽ അത് സാധിച്ചു. ചൂണ്ടയിട്ട് ചെറുമീനുകൾ പിടിച്ച് അവയെ വെച്ച് വലിയ മീനുകളെ പിടിച്ച് ബോട്ടിൽ വെച്ച് തന്നെ വെട്ടിനുറുക്കി ബംഗാരം ദ്വീപിൽ പോയി പാചകം ചെയ്ത് ഞങ്ങൾ കഴിച്ചു. ശരിക്കും ഈ ബോട്ട് യാത്രയും മീൻപിടുത്തവും ഒക്കെ സഞ്ചാരികൾക്കായുള്ള ഒരു പാക്കേജ് ടൂർ ആണ്. ലക്ഷദ്വീപിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചിരിക്കേണ്ട ഒന്ന്.