ഡൽഹിയിൽ നിന്നും ആഗ്ര, രാജസ്ഥാൻ ബോർഡർ വഴി ഗ്വാളിയാറിലേക്ക്

മണാലിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായപ്പോൾ ഞങ്ങൾ ചണ്ടീഗഡിനു സമീപത്തായി ഒരു ഹോട്ടലിൽ താമസിക്കുകയുണ്ടായി. പിറ്റേന്ന് അവിടുന്ന് ഡൽഹിയിലേക്ക് ഞങ്ങൾ യാത്രയായി. ഡൽഹി എയർപോർട്ടിൽ ഹാരിസ് ഇക്കയെ ഡ്രോപ്പ് ചെയ്യേണ്ടതായുണ്ട്. എന്നിട്ട് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് റോഡ് മാർഗ്ഗം പോകണം.

പോകുന്ന വിഷമം മറക്കുവാനായി എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹാരിസ് ഇക്കയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. കുറച്ചു സമയത്തെ ഡ്രൈവിംഗിന് ശേഷം ഹാരിസ് ഇക്ക സ്റ്റീയറിങ് എമിലിനു കൈമാറി. എയർപോർട്ടിൽ എത്തുന്നതിനു മുൻപായി ഞങ്ങൾ ഒരുമിച്ച് ഒരിക്കൽക്കൂടി ഹോട്ടലിൽക്കയറി ഭക്ഷണം കഴിക്കുവാൻ തീരുമാനിച്ചു. ഹാരിസ് ഇക്കയ്ക്ക് KFC കഴിക്കണമെന്ന് ഭയങ്കര വാശി. ഞങ്ങളും ആ വാശിയ്ക്ക് മുന്നിൽ കീഴടങ്ങി.

KFC ചിക്കനെല്ലാം കഴിച്ചു വിശപ്പടക്കിയ ശേഷം ഞങ്ങൾ എയർപോർട്ടിലേക്ക് യാത്രയായി. അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ എത്തിച്ചേർന്നു. ഭൂട്ടാൻ ട്രിപ്പിൽ ഞങ്ങളുടെ കൂടെ സലീഷേട്ടനും നേപ്പാൾ, കശ്മീർ, മണാലി ട്രിപ്പിൽ ഹാരിസ് ഇക്കയും തകർപ്പനായിത്തന്നെ എൻജോയ് ചെയ്യുകയുണ്ടായി. സലീഷേട്ടൻ തിരികെ പോയ സമയത്ത് വളരെയധികം വികാരഭരിതനായിരുന്നു. ആ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും അത്. ഹാരിസ് ഇക്ക പിരിയുന്ന സമയത്ത് നല്ല വിഷമം ഉണ്ടെങ്കിലും കരച്ചിൽ വരാതിരിക്കുവാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളും.

അങ്ങനെ ഹാരിസ് ഇക്ക ബൈ പറഞ്ഞുകൊണ്ട് ടെർമിനലിനുള്ളിലേക്ക് കയറിപ്പോയി. കാറിൽ വീണ്ടും ഞങ്ങൾ രണ്ടുപേർ മാത്രമായി. അറുപതോളം ദിവസങ്ങൾ പിന്നിട്ട ഞങ്ങളുടെ INB ട്രിപ്പ് ഇതോടെ അവസാനിക്കുകയാണ്. ഇനി പ്രത്യേകിച്ച് കാഴ്ചകളൊന്നും കാണുവാനില്ല. ഡൽഹിയിൽ നിന്നും നാഗ്‌പൂർ – ഹൈദരാബാദ് – ബെംഗളൂരു വഴി കൊച്ചിയിലേക്ക് ആണ് ഞങ്ങളുടെ മടക്കയാത്ര.

ഡൽഹിയിൽ നിന്നും ആഗ്ര യമുന എക്സ്പ്രസ്സ് വെയിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. എമിലായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഞാൻ ആ സമയത്ത് ലാപ്ടോപ്പിൽ വീഡിയോ എഡിറ്റ് ചെയ്യുവാൻ സമയം കണ്ടെത്തി. എക്സ്പ്രസ്സ് വേയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞങ്ങൾ ഗൂഗിൾ മാപ്പ് കാണിച്ചു തന്ന ഏതൊക്കെയോ ഊടുവഴിയിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്.

അങ്ങനെ പോയിപ്പോയി ഞങ്ങൾ ഒരു ആർമി ക്യാമ്പിനു മുന്നിൽ എത്തിച്ചേർന്നു. അവിടെയുണ്ടായിരുന്ന മൂന്നാലു സൈനികർ തോക്കുകളൊക്കെയായി ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോഴാണ് ഞങ്ങൾ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. ഗൂഗിൾ അമ്മാവൻ ഞങ്ങളെ നൈസായി തേച്ചതാണ്. വഴിതെറ്റി. സൈനികർ ഞങ്ങൾക്ക് വഴി പറഞ്ഞു തന്നതനുസരിച്ച് ഞങ്ങൾ അവിടെ നിന്നും തിരികെ യാത്രയായി.

അങ്ങനെ ഒടുവിൽ ഞങ്ങൾ കറക്ട് വഴിയിൽ എത്തിച്ചേർന്നു. ഞങ്ങൾക്ക് ഗ്വാളിയോറിലേക്ക് ആയിരുന്നു പോകേണ്ടിയിരുന്നത്. അവിടെ രാത്രി തങ്ങിയശേഷം പിറ്റേന്ന് യാത്ര തുടരുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. പോകുന്ന വഴി വണ്ടിയുടെ വീൽ അലൈൻമെന്റ് ഒക്കെ പരിശോധിച്ച് കൃത്യമാക്കി. ആ കടയിലെ അവസാനത്തെ കസ്റ്റമർ ആയിരുന്നു ഞങ്ങൾ. ഞങ്ങളുടെ യാത്രാവിശേഷങ്ങളൊക്കെ കേട്ടപ്പോൾ അവർ ഞങ്ങൾക്ക് ഡിസ്‌കൗണ്ട് ഒക്കെ തന്നു.

ഗ്വാളിയോറിൽ നാരായണം എന്നൊരു സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസം ബുക്ക് ചെയ്തിരുന്നത്. ആഗ്രയിൽ നിന്നും ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ ഏതാണ്ട് പത്തിരുപത് കിലോമീറ്ററോളം ഞങ്ങൾ രാജസ്ഥാൻ സംസ്ഥാനത്തു കൂടി യാത്ര ചെയ്തിരുന്നു. പിന്നീട് മധ്യപ്രദേശിൽ കയറുകയും പിന്നീട് ഞങ്ങൾ ഗ്വാളിയോറിൽ എത്തിച്ചേരുകയും ചെയ്തു. ആഗ്രയിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ കൊണ്ടാണ് ഞങ്ങൾ ഗ്വാളിയോറിൽ എത്തിച്ചേർന്നത്.

അതിനിടെ ഹാരിസ് ഇക്കയുടെ കോൾ വന്നു. നിർഭാഗ്യവശാൽ ഹാരിസ് ഇക്കയുടെ ഫ്‌ളൈറ്റ് അന്ന് ക്യാൻസൽ ആയി. അവസാനം എയർ ഇന്ത്യ ഹാരിസ് ഇക്കയെയും മറ്റു യാത്രക്കാരെയും ഒരു ഹോട്ടലിൽ റൂമെടുത്തു താമസിപ്പിച്ചിരിക്കുകയാണ്. ഇനി അടുത്ത ദിവസം ഉച്ചയോടെയാണ് അവരുടെ കൊച്ചിയിലേക്കുള്ള യാത്ര. എന്തായാലും വേഗം നാട്ടിലെത്തുവാനായി ഫ്‌ളൈറ്റ് ബുക്ക് ചെയ്തു പോയ ഹാരിസ് ഇക്കയെ എയർ ഇന്ത്യ ചതിച്ചു.

ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ നാരായണം ഒരു കിടിലൻ ഹോട്ടൽ തന്നെയായിരുന്നു. പുതിയ ഹോട്ടൽ ആയതിനാൽ നല്ല അടിപൊളി സെറ്റപ്പ് തന്നെയായിരുന്നു. ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിയപ്പോൾ രാത്രി 11 മണി ആയിരുന്നു. ഭാഗ്യവശാൽ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ഡിന്നർ ലഭിച്ചു. റൊട്ടിയും ബട്ടർ ചിക്കനും ആയിരുന്നു ഞങ്ങളുടെ ഡിന്നർ. അങ്ങനെ ഡിന്നറൊക്കെ കഴിച്ച ശേഷം ഒരു വീഡിയോ കൂടി എഡിറ്റ് ചെയ്തു തീർത്തിട്ട് ഞങ്ങൾ ഉറങ്ങുവാനായി കിടന്നു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.