പാമ്പൻ പാലവും, രാമേശ്വരവും കടന്ന് ‘പ്രേതനഗര’മായ ധനുഷ്കോടിയിലേക്ക്

എഴുത്ത് – പ്രശാന്ത് പറവൂർ.

കുറെ നാളുകൾക്കു ശേഷം ഒരു യാത്ര പോകുകയാണ്… കേരള അതിർത്തിയും കടന്ന് അങ്ങ് തെക്കേ അറ്റത്തുള്ള രാമേശ്വരത്തേക്ക്… തൃശ്ശൂരിൽ നിന്നും വെളുപ്പിനെ തന്നെ യാത്രയാരംഭിച്ചു. ഡ്രൈവറടക്കം ഞങ്ങൾ മൊത്തം 11 പേർ. ജീവിതത്തിലാദ്യമായാണ് രാമേശ്വരത്തേക്ക് പോകുന്നത്. ആ ഒരു ആകാംക്ഷയും കൂടെയുണ്ട്. ഇടദിവസം ആയിരുന്നിട്ടു കൂടിയും തമിഴ്‌നാട്ടിലെ വഴികളിൽ തിരക്ക് നന്നേ കുറവായിരുന്നു. അവിടത്തെ കാലാവസ്ഥയാകട്ടെ ഇരുണ്ടുകൂടിയ കാർമേഘങ്ങളും പൊടിമഴയും തണുത്ത കാറ്റുമൊക്കെയായിരുന്നു.

പൊള്ളാച്ചിയും പഴനിയും പിന്നിട്ട് ഉച്ചയോടെ ഞങ്ങൾ മധുരയിൽ എത്തിചേർന്നു. ഈ യാത്രയിൽ നല്ലൊരു തിരക്ക് അനുഭവപ്പെട്ടത് മധുര നഗരത്തിലായിരുന്നു. ക്ഷേത്രനഗരിയാണെങ്കിലും മധുരയിലെ തെരുവുകൾ വൃത്തിഹീനമായിരുന്നു. നല്ല മഴ കൂടി പെയ്താൽ പിന്നെ പറയുകയേ വേണ്ട. മധുരയിലെ തിരക്കുകളിൽ നിന്നും ഒരുകണക്കിന് രക്ഷപ്പെട്ട് ഞങ്ങൾ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങി. ഇനിയങ്ങോട്ട് നീണ്ടുകിടക്കുന്ന, വളരെ തിരക്ക് കുറഞ്ഞ ഹൈവേയാണ്. ഞങ്ങളുടെ ട്രാവലറിനു സ്പീഡ് ഗവർണർ ഉണ്ടായിരുന്നതിനാൽ 80 കിലോമീറ്ററിനു മുകളിൽ വേഗതയെടുക്കുവാനാകുമായിരുന്നില്ല.

രാമേശ്വരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്തോറും കാഴ്‌ചകളിലും ഭൂമികദനയിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. നീണ്ടു കിടക്കുന്ന റോഡിനു അപ്പുറം കടലാണ്. വൈകുന്നേരം നാലുമണിക്ക് മുൻപേ ധനുഷ്കോടിയിൽ പ്രവേശിക്കണം എന്നുള്ളതിനാൽ ഞങ്ങൾ വഴിയിൽ എവിടെയും നിർത്തിയില്ല. അങ്ങനെ രാമേശ്വരത്തേക്കുള്ള കവാടമായ പാമ്പൻ പാലം എത്തിച്ചേർന്നു. ഒരുവശത്ത് റെയിൽപ്പാലത്തിൻ്റെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടായിരുന്നു. ടൂറിസ്റ്റുകൾ പാമ്പൻ പാലത്തിൽ ഇറങ്ങി കാഴ്ചകൾ കണ്ടും ഫോട്ടോകൾ എടുത്തുമൊക്കെ ആസ്വദിക്കുകയാണ്.

മഴ ചാറുന്നുണ്ടായിരുന്നുവെങ്കിലും ഞങ്ങളും പാലത്തിൽ വണ്ടി നിർത്തിയിറങ്ങി. നല്ല കാറ്റുണ്ടായിരുന്നതിനാൽ കടൽ അൽപ്പം വാശിയോടെയായിരുന്നു കാണപ്പെട്ടിരുന്നത്. കുറച്ചകലെയായി ധാരാളം മൽസ്യബന്ധന ബോട്ടുകൾ നങ്കൂരമിട്ടു കിടക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. മഴ കനത്തതോടെ ഞങ്ങൾ പാമ്പൻ പാലത്തിനോട് വിടപറഞ്ഞുകൊണ്ട് രാമേശ്വരത്തേക്ക് പ്രവേശിച്ചു. ഈ വഴി നേരെ ചെല്ലുന്നത് ക്ഷേത്രത്തിലേക്കാണ്. അതിനു മുൻപായി ഇടതുവശത്താണ് മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ Dr. APJ അബ്ദുൽ കലാമിന്റെ മെമ്മോറിയൽ. ഞങ്ങൾ ചെല്ലുമ്പോൽ അവിടെ പ്രവേശനം അനുവദനീയമല്ലായിരുന്നു. അതിനാൽ നേരെ ധനുഷ്കോടിയിലേക്ക് ഞങ്ങൾ വണ്ടി തിരിച്ചു.

കുറച്ചു ദൂരങ്ങൾ താണ്ടിയപ്പോൾ പിന്നെ കടലുകൾക്ക് നടുവിലൂടെയായി വഴി. അതങ്ങു നീണ്ടു കിടക്കുകയാണ്. ഈ വഴി അവസാനിക്കുന്നത് ധനുഷ്‌കോടി മുനമ്പിലേക്കാണ്. വാഹനങ്ങൾ അവിടം വരെയും പോകുമെന്നതിനാൽ വരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഇവിടെ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരമേയുള്ളൂ ശ്രീലങ്കയിലേക്ക്. ധനുഷ്കോടിയിൽ എത്തുന്നവരുടെ മൊബൈൽ ഫോണുകൾ റേഞ്ച് പിടിക്കുന്നത് ശ്രീലങ്കയിലെ ടവറിൽ നിന്നുമാണ് എന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്.

ഇനി ധനുഷ്കോടിയെക്കുറിച്ച് പറയുകയാണെങ്കിൽ, ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമായണപ്രകാരം ശ്രീരാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്നാണ് ഐതിഹ്യം. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നുണ്ട്.

ഒരു പഴയ തുറമുഖ പട്ടണമായിരുന്നു മുൻകാലത്ത് ധനുഷ്കോടി. എന്നാൽ 1964 ഡിസംബറിൽ വീശിയടിച്ച ചുഴലിക്കാറ്റ് ധനുഷ്കോടിയെ ആകെ തകർത്തെറിയുകയായിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 1,800 പേർ മരണമടഞ്ഞിട്ടുണ്ട്. ആ സമയത്ത് സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാരും ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു എന്നത് ദുരന്തത്തിന്റെ ആഴം എത്രയെന്ന് ഭീതിയോടെ മനസ്സിലാക്കിത്തരുന്ന ഒരുദാഹരണമാണ്. ദുരന്തത്തെത്തുടർന്ന് ധനുഷ്‌കോടി പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

പഴയ ഈ പള്ളി ഉൾപ്പെടെ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ധനുഷ്കോടിയിൽ കാണാം. ഒരൊറ്റ ദിനംകൊണ്ട് എത്രയെത്ര മനുഷ്യജീവനുകളെയാണ് പ്രകൃതി കാര്‍ന്നുതിന്നത്, എത്രയെത്ര സ്വപ്നങ്ങള്‍… ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനങ്ങള്‍ നിലംപരിശാകാന്‍ വേണ്ടിയിരുന്നത് കുറച്ച് നിമിഷങ്ങള്‍ മാത്രം…

പഴയകാല പ്രതാപത്തിന്റെ സ്മാരകശിലകളും പേറി നിൽക്കുന്ന ഒരു ശവപ്പറമ്പായി ധനുഷ്‌കോടി ഇന്നും ഒരു ഭീതിയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. പക്ഷേ, ധനുഷ്‌കോടിയില്‍ നിരവധി മുക്കുവ കുടുംബങ്ങള്‍ ഇന്നും അധിവസിക്കുന്നു. ദൈന്യത നിറഞ്ഞ അവരുടെ കണ്ണുകള്‍ ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നു. തുച്ഛമായ വരുമാനത്തിന് അപ്പുറം ശംഖും, പവിഴവും പോലുള്ള വസ്തുക്കള്‍ വിറ്റ് ഇവര്‍ ഇന്നും ഇവിടെ ജീവിക്കുന്നു. സമയം വേറെ വൈകി, സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മഴയുടെയും തിരമാലകളുടെയും ശക്തി ഏറിയതോടെ ഞങ്ങൾ ധനുഷ്കോടിയിൽ നിന്നും രാമേശ്വരത്തേക്ക് യാത്രയായി. ദൂരെ എല്ലാറ്റിനും മൂകസാക്ഷിയായി രാവണന്റെ ലങ്ക വിഹരിക്കുന്നു.