ഗോവയിലെ ദൂധ്സാഗറെന്ന സർപ്പ ഗാമിനിയേയും തേടി

വിവരണം – Anees Venniyoor.

വിവിധ യാത്രകളിൽ വച്ച് എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും, സന്തോഷിപ്പിച്ചതുമായ യാത്രയായിരുന്നു ദൂധ്സാഗർ ലേക്കുള്ള യാത്ര. ഹോസ്റ്റൽ സായാഹ്നങ്ങളിലെ ഏറെ നാളത്തെ ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം ഒക്ടോബർ 19 ചൊവ്വ വൈകുന്നേരം 5.30ന് ഞങ്ങൾ നാല് പേരടങ്ങുന്ന സംഘം കോഴിക്കോട് നിന്നും മഡ്ഗോവ(Madgoan)ലേക്ക് ട്രെയിൻ കയറി. പശ്ചിമഘട്ട മലനിരകളും, നെൽപ്പാടങ്ങളും, തുരങ്കങ്ങളും താണ്ടി ട്രെയിൻ ചീറിപ്പാഞ്ഞു.

യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വപ്നം പോലെ തന്നെ ഞങ്ങളുടെയും സ്വപ്നമായിരുന്നു കൊങ്കൺ റെയിൽവേ യാത്ര. ദൃശ്യ മനോഹാരിത കൊണ്ട് ജന ഹൃദയം കീഴടക്കുന്ന ചുരുക്കം ചില റെയിൽവേ പാതകളിൽ ഒന്ന്. അങ്ങനെ സുന്ദരവും ജൈവവൈവിധ്യവുമാർന്ന പശ്ചിമഘട്ട മലനിരകളും, ദൃശ്യ മനോഹാരിത കൊണ്ട് പറുദീസയായ കൊങ്കൺ റെയിൽവേ യും കടന്നു പുലർച്ചെ നാലുമണിയോടെ ഞങ്ങൾ മഡ്ഗോവ റെയിൽവേ സ്റ്റേഷനിൽ എത്തി.

കിഴക്കിന്റെ റോം എന്ന വിശേഷണമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ സംസ്ഥാനം. ബീച്ചുകൾക്ക് പേരുകേട്ട, ചിത്രകലകൾ കൊണ്ട് സ്പഷ്ടമായ ചെറിയ നഗരം. രുചികരമായ കടൽ വിഭവങ്ങൾ കൊണ്ടും ജല വിനോദങ്ങൾ കൊണ്ടും സംപുഷ്ടമായ തീരപ്രദേശം. ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള ട്രെയിൻ രാവിലെ 7.10 ന് ആയതുകൊണ്ടുതന്നെ പ്രഭാതകൃത്യങ്ങൾ എല്ലാം തീർത്ത് സ്റ്റേഷനിൽ തന്നെയുള്ള റസ്റ്റോറന്റ് ഇൽ നിന്നും വടാപാവും, ചായയും കുടിച്ചു. ശേഷം പുറത്തിറങ്ങി കറങ്ങിയ ശേഷം പത്തു രൂപയുടെ ടിക്കറ്റും എടുത്ത് kulem ലേക്ക് ട്രെയിൻ കയറി.

സാധാരണ ട്രെയിൻ യാത്രകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്ര. വിരലിലെണ്ണാവുന്ന സ്കൂൾ വിദ്യാർഥികളും നാട്ടുകാരും മാത്രം.അവരോടെല്ലാം സംസാരിച്ച തീരും മുന്നേ ട്രെയിൻ കുലേം സ്റ്റേഷനിലെത്തി. ഇവിടെനിന്നും 12 കിലോമീറ്റർ റെയിൽവേ ട്രാക്ക് ലൂടെ നടന്നു വേണം ദൂധ്സാഗർ എത്താൻ. ട്രക്കിങ് ജീപ്പ് സൗകര്യം ലഭ്യമായിരുന്നു എങ്കിലും കാട്ടിലൂടെയുള്ള മധുരമാർന്ന കാൽനടയായാണ് ഞങ്ങൾ തെരഞ്ഞെടുത്തത്.

വഴിയിൽ നിന്നും പരിചയപ്പെട്ട ഡൽഹിയിലുള്ള ആര്യൻ ഭായിയുമൊത്തുള്ള സൊറ പറഞ്ഞുള്ള നടത്തം ശരീരത്തിന് ക്ഷീണം തോന്നിച്ചതേയില്ല. നടത്തത്തിൽ ഉള്ള നുറുക്ക് കുറുക്കലുകളും, ഇടയ്ക്കിടെയുള്ള കാട്ടുചോല കളിലെ കൈകാൽ കഴുകലുകളും, റെയിൽവേ ട്രാക്കിലിരുന്നുള്ള വിശ്രമവും മറക്കാനാവാത്തത് തന്നെ. “പോകുന്ന ദൂരമല്ല,കാണുന്ന കാഴ്ചകളാണ് യാത്രയെ സമ്പുഷ്ടമാക്കുന്നത്” എന്ന് ഉറച്ച് വിശ്വസിച്ച് രണ്ടരമണിക്കൂർ ട്രക്കിങ്ങിന് ശേഷം ഞങ്ങൾ ദൂധ്സാഗർ വെള്ളച്ചാട്ടത്തിന് മുന്നിലെത്തി.

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വെള്ളച്ചാട്ടം തന്നെയാണ് ദൂധ്സാഗർ. ഒരുപാട് കാത്തിരിപ്പിനുശേഷം പാൽക്കടലിന് മുന്നിൽ നിൽക്കുമ്പോയുണ്ടാവുന്ന ആവേശം അതീതമായിരുന്നു. ഭഗവാൻ മനാസീൻ നാഷണൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ദൂധ്സാഗർ മാണ്ഡവി നദിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ദൂധ്സാഗർ എന്ന പാൽക്കടലിൽ മലർന്നുകിടന്ന് മുകളിലൂടെ നീങ്ങുന്ന ട്രെയിനും നോക്കി നീന്തി കുളിക്കാനുള്ള ആനന്ദവും കുളിർമയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അനുഭവങ്ങൾ കൊണ്ട് സമ്പന്നമായ ഈ യാത്രക്ക് വിരാമമിട്ടുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്കുള്ള ട്രെയിനിൽ നാട്ടിലേക്ക്.

ഒരുപാട് നാളത്തെ സ്വപ്നസാഫല്യം, ഒരിക്കലുംമറക്കാൻ കഴിയാത്ത യാത്ര, ഓർത്തു ചിരിക്കാനും ചിരിപ്പിക്കാനും എല്ലാമായി ഒരു ദിനം, ജീവിതത്തിൽ ഏറ്റവും കൂടുതൽ ട്രക്ക് ചെയ്ത നിമിഷം. ഓരോ യാത്രയും നമ്മെ മാറ്റിയെഴുതും,പുതിയ ഓർമകളും കാഴ്ചകളും സൗഹൃദങ്ങളും കൊണ്ട് മനോഹരമാക്കും.