അതി സാഹസികമായ ഞങ്ങളുടെ ‘ധൂത് സാഗർ’ ട്രെക്കിംഗ് കഥ…

വിവരണം – പ്രണവ് സുകൃതം (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്).

അതിലൊരു ത്രില്ലില്ലെടാ…. ടാ കോപ്പേ നീയല്ലെ കഴിഞ്ഞ കൊല്ലം പോയേച്ചും വന്നേ…? ആഹ്… പോയി.. ലൈഫ് ജാക്കറ്റുമിട്ട് മുങ്ങിക്കുളിം പൊളപ്പൻ ജീപ്പ് റൈഡും കാടും എല്ലാം സൂപ്പറാര്ന്നു… പിന്നെന്നെ ഇപ്പോ… ടാ … ചിലത് നമ്മൾ സ്വപ്നം കണ്ടപോലെ തന്നെ നടക്കണം. അപ്പോളെ അതിലൊരു ത്രില്ല്ള്ളൂ. ഓഹോ… ന്നാ സാറെ സ്വപ്നം ഒന്ന് പറഞ്ഞാലും.. അത്ര വലുതൊന്നുമല്ല… ഗോവ പോകുന്നു..11km റെയ്ൽ ട്രാക്ക് ലൂടെ ട്രെക്കിങ്…. ദൂത് സാഗറെന്ന സുന്ദരിയെ കാണുന്നു… തിരിച്ചു പോരുന്നു… പോടാ പ്രാന്താ…നിനക്കെ വല്യ എന്തോ കുഴപ്പം ഇണ്ട് ട്ടാ…. ഇപ്പം തന്നെ കാണിച്ചേക്ക്.

ഇനി ശരിക്കും എനിക്കെന്തെല്ലും കുഴപ്പമുണ്ടാകോ…? അപ്പോ വേറേം കാണല്ലോ ന്നെപ്പോലെ… തപ്പി നോക്കിയപ്പോ ദേ കെടക്ക്ണ് രണ്ടെണ്ണം.. Albin Mathew, Adhil Safvan. ആൽബിൻ എറണാകുളത്തിന്ന് രാവിലെ കോഴിക്കോടെത്തി, വയലടെം കറങ്ങി വന്നപ്പോഴേക്കും ആദിൽ കാസർക്കോട് പണീം കഴിഞ്ഞെത്തി. ബാക്കിയൊക്കെ വന്നിട്ട് ഫയലും ലാപ്പു മെല്ലാം ചുരുട്ടിക്കൂട്ടി വെച്ച് ഞാനും ഓഫീസിൽ നിന്നിറങ്ങി.
ഓടിക്കിതച്ച് ഒന്നര മണിക്കൂർ ലേറ്റായെത്തിയ നേത്രാവതിയിൽ കേറിയപ്പോഴേക്കും മൂന്നും മൂന്നിടത്തായി… ന്നാലും നമ്മള് ഓരോ ബർത്തൊപ്പിച്ച് രാത്രി അങ്ങട് ഉഷാറാക്കി..

സൂര്യന്റെ ആ ലൈറ്റങ്ങ്ട് കണ്ടപ്പോ തന്നെ മ്മള് എണീറ്റ് ….ന്താ ഒരു ഭംഗി.പച്ചപ്പും കൊങ്കണും തുരങ്കങ്ങളും ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ സഞ്ചാരികൾക്ക് അറിയാൻ…
ടാ എറങണ്ടെ ടൈം 7 കഴിഞ്ഞ്… ആഹാ… എങ്ങോട്ടിറങ്ങനാണ് മിസ്റ്റർ കാർവാർ കഴിഞ്ഞതെ ഒള്ളൂ…. അങ്ങനെ മഡ്ഗോൺ ഇറങ്ങുമ്പോ ടൈം 8.20. അടിപൊളി ആദ്യ 3gൽ അവിടെ തുടങ്ങുകയാണ് സുർത്തുക്കളെ…. അപ്പോഴാണ് ഞങ്ങൾക്കായി ദൈവദൂതനെപ്പൊലെ കുലെം ലോക്കൽ ട്രെയ്ൻ തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോമിൽ പാഞ്ഞെത്തിയത്.. പിന്നൊന്നും നോക്കീല്ല.. ആൽബിനെ ടിക്കറ്റിനോടിച്ച് ചാടിക്കേറി.
വീണ്ടും സുന്ദര സ്വപ്നങ്ങൾ പങ്കുവെച്ച് പലഹാരവും കൊറിച്ച് ഒരു മണിക്കൂർ…

ഞാൻ നോക്കി അതെ ആളൊഴിഞ്ഞ കുലെം സ്റ്റേഷൻ ഒരു മാറ്റവുമില്ല… കുരങ്ങൻമാരുടെ എണ്ണത്തിൽ മാത്രം വർദ്ധനവുണ്ടായിണ്ടോന്ന് സംശയം…!
ഒരുത്തനും അഞ്ചിന്റെ പൈസ കൊടുക്കൂലാന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതാണ്…. ക്യാൻവാസിങ്ങിന് വന്നോരെയൊന്നും മൈൻഡാക്കാതെ നേരെ ബ്രിഡ്ജ് കേറി ഫ്രൂട്സ് കടേലേക്ക്… വെള്ളവും ഭക്ഷണവും ബാഗിലാക്കി.. വഴിയരികിലെ പളളി നോക്കി കുരിശും വരച്ച് ഒറ്റ നടത്തം.. ശ്ശെടാ ഇനി റെയ്ൽവെ ട്രാക്കിലേക്കെങ്ങനെ കേറും… ദോ ലെവൽ ക്രോസ്… അടച്ചിട്ടിരിക്കുന്നതിനാൽ ഞങ്ങൾ മൂന്നും അവിടെ ചുറ്റിപ്പറ്റി നിന്നു..

പതിയെ നടക്കാൻ തുടങ്ങിയപ്പോ തന്നെ വിളി വന്നു… ഉം എങ്ങോട്ടാ….? വെർതെ ഇവ്ടെക്കെ… ഇങ്ങനെ….. ഫാൾസിലേക്കൊന്നും എൻട്രി ഇല്ലട്ടാ… അതിനാര് ഫാൾസി പോണ്…. ഞങ്ങൾ അങ്ങോട്ടാ.. പിന്നെ തിരിഞ്ഞു നോക്കാതെ നേരെ റെയ്ൽവെ കോളനിയിലേക്ക് നടന്നു… അവരുടെ കാഴ്ച മറഞ്ഞതും ലെഫ്റ്റ് ടേൺ എട്ത്ത് കാടിനുള്ളിലേക്ക്…. തൽക്കാലം കണ്ണിൽ പെടാതെ നടക്കാൻ കാട് തന്നെ ശരണം.. ചെടികൾ വകഞ്ഞു മാറ്റിയും വഴികളുണ്ടാക്കി കുറച്ച് ദൂരം ട്രാക്കിനോട് ചേർന്ന്ള്ള കാട് യാത്ര.. പിന്നെ പതിയെ ട്രാക്ക് പിടിച്ചായി നടപ്പ്… നീ ണ്ട് കിടക്കുന്ന റെയിൽപ്പാത. ഓരോ ട്രയ്ൻ കൂക്കിവിളി കേൾക്കുവോളേക്കും ചെടികൾക്കിടയിൽ മറഞ്ഞിരിപ്പായി ഞങ്ങൾ.

പിന്നെ പിന്നെ ധൈര്യം വച്ച് തുടങ്ങിയതോടെ പാട്ടായി സംസാരമായി ഫോട്ടോയെടുപ്പായി… ട്രെയ്ന്റെ ശബ്ദമൊഴിച്ചാൽ കിളികളും അരുവികളും തന്നെയാണ് അവിടമാകെ.. പതിയെ ഓരോ ആപ്പിളും കടിച്ച് നടപ്പായി … പച്ചപ്പാർന്ന റയിൽപ്പാത പലപ്പോഴും നിലമ്പൂർ ഷൊർണൂർ റൂട്ട് ഓർമിപ്പിച്ചു. മെറ്റലും പാളവും കാലും തമ്മിൽ ഒരിക്കലും സെറ്റാവുന്നില്ല… കൂടെ മഴ പ്രതീക്ഷ ഞങ്ങൾക്ക് കൂട്ടായി നല്ല വെയിലും. കൊണ്ടുവന്ന വെള്ളമൊക്കെ മടുമടാന്ന് കുടിച്ച് തീർത്തതോടെ അരുവികളിൽ നിന്ന് റീഫില്ലിംഗായി.. ശരിക്കും മിനറൽ വാട്ടർ.

പിന്നീടങ്ങോട്ട് പാസഞ്ചറും ഗുഡ്സ് ട്രെയ്നുമെല്ലാം കടന്ന് പോയി…. പക്ഷേ ശരിക്കും ബഹുമാനം തോന്നിയത് ആ നട്ട പൊരിവെയിലത്തും പാളത്തിൽ പണിയെട്ക്കുന്നവരെ കണ്ടപ്പോളാണ്.. എത്ര ക്കൂലി കൊട്ത്താലും ഈ വെയിലത്ത് പണിയെട്കണോരെ കാണുമ്പോ എനിക്ക് വല്ലാത്തൊരു മതിപ്പാ.. അങ്ങനെ ആദ്യ തുരങ്കം കണ്ടപ്പോ തന്നെ ഞങ്ങളങ്ങ് ചാർജായി…. അത് കടന്ന് അധികം പോകും മുൻപെ സൊണെലിയം സ്റ്റേഷനായി. സ്റ്റേഷൻ ന്ന് പേരെ ഒള്ളൂ.. രണ്ട് ചെറിയ കെട്ടിടവും പിന്നെ .. പിന്നെ..കണ്ടുമുട്ടരുതേ ന് ആഗ്രഹിച്ച രണ്ട് RPF ഉദ്യോഗസ്ഥരും..
ഞങ്ങളെ കണ്ടതും വിളിപ്പിച്ചു…

“ന്താ സാർ” (ദശമൂലം ദാമു.jpg) 6 മാസം തടവും 1000 പിഴയും മാത്രം കേട്ടു ചെവിയിൽ. അറിയാവുന്ന ഹിന്ദിയൊക്കെ പയറ്റിയിട്ടും പഹയൻമാര് അമ്പിനും വില്ലിനും അടക്ക്ണില്ലന്നെ…. ഇത്രേം ദൂരം നടന്നിട്ട് തിരിച്ച് പോകാനോ.. ഞാൻ പോവൂല.
ഞങ്ങൾ മൂന്നും അവടത്തന്നെ നിൽപ്പ് സമരത്തിലായി.. അവസാനം അതിലൊരാൾ തിരിച്ച് കുറച്ച് നടന്നാൽ ഒരു മന്ദിർ ലേക്കുള്ള വഴിയുണ്ടെന്നും അവിടന്ന് കാട്ടിലൂടെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടു പോക്കുമെന്ന് പറഞ്ഞ് വിട്ടു… ആ വഴിയായി പിന്നെ നടപ്പ്.. മഴയായതോടെ പണിയില്ലാതായ ജീപ്പ് ഡ്രൈവർമാർ കൊണ്ട് പോകണ സെറ്റപ്പാരുന്നു അത്.. അതും താഴെ വെള്ളച്ചാട്ടത്തില്.

ന്നാ പിന്നെ അത് നോക്കിയാലോന്ന് കൂടെയുള്ളവന്മാര്…. ടാ മൈ മൈ.. മൈഡിയർ ഓമനക്കുട്ടാ അതിനാണാടാ നമ്മളിത്രേം കഷ്ടപ്പെട്ട് വന്നത്… നിങ്ങളിവടിരി ഞാനിപ്പം വരാട്ടാ.. പതിയെ ചുറ്റുപാടും വീക്ഷിച്ച് ഒന്ന് നടന്ന് നോക്കി… ജീപ്പ് ട്രാക്ക് വിട്ട് കാട്ടിലേക്ക് കയറി പോണ നടവഴി അപ്പോഴാണ് കണ്ണിൽ പെട്ടത്. രണ്ടും കൽപ്പിച്ച് കുറച്ചു ദൂരം പോയി നോക്കി.ഇത് സെറ്റാണ്.. ഞാൻ പതിയെ അവന്മാർടെത്തേക്ക് തിരിച്ച് പോയി. ഞങ്ങൾ ഒന്നൂടി അലോചിച്ചും വരാന്ന് പറഞ്ഞ് അവടന്ന് മന്ദിർ ലക്ഷ്യമാക്കി നടന്നു… നേരെ പിറക് വശത്തൂടെ ജീപ്പ് ട്രാക്കിൽക്ക് ച്ചാടി കാട്ടിലേക്ക് കടന്നു.

അരുവി കടന്ന് കാടിൻ ഉള്ളിലേക്ക്… എങ്ങനെലും തിരിച്ച് റയിൽ ട്രാക്കിലെത്തുകയും വേണം ലവന്മാർടെ കണ്ണിൽ പെടാനും പാടില്ല… ഈ കാട് മൊത്തം മുൾ ചെടികളാണല്ലോ ദൈവമെ… കുത്തനെ യുള്ള കയറ്റം കയറി പാളത്തിനരികെത്താനായി പിന്നെ ശ്രമം.. നടപ്പില്ല.. ട്രാക്കരികെയുള്ള ബിൽഡിങ്ങിലാണെൽ ഒരു വാച്ചറുമുണ്ട്… ഒരു ഗുഡ്സ് കിടക്കുന്നതിനാൽ അതിന് പിറകിലായി വേറെയും റയിൽവേ ഉദ്യോഗസ്ഥർ.

പെട്ടോ ദൈവമെ… പലപ്പോഴും പൊന്തക്കാടുകൾക്കുള്ളിലും മരങ്ങൾക്ക് പിറകിലും മറഞ്ഞായി നടത്തം… ഇനി ചോര പൊടിയാത്തതായി കൈ കാലിൽ സ്ഥലമില്ല… അത്രയ്ക്ക് കൈത ചെടികളാണിവടെ… പോരാത്തതിന് അട്ട കടിയും. ഓരോ തവണയും കയറ്റം കയറി ട്രാക്കിലേക്ക് നോക്കുമ്പോഴും അവർക്ക് കാണാവുന്ന ദൂരത്തെ ഞങ്ങളെത്തിയിട്ടുണ്ടാകൂ… വിണ്ടും ചരിഞ്ഞിറങ്ങി കയറി വരും… ശരിക്കും തളർന്നു… പേടിയും ആയി തുടങ്ങി.

അവനവൻ കുഴിക്കണ കുരുക്കഴിചെട്ക്കുമ്പോൾ ഗുലുമാൽ… ഗുലുമാൽ
ടാ നീയെന്തേലും കേട്ടാ…. എന്ത്….ഏയ് നീയോടാ ആദിലെ എനിക്ക് ഇപ്പോ കേൾക്കണത് 6 മാസം തടവ് 1000 രൂപ മാത്രമേയുള്ളൂ. ഏറെക്കുറെ…
അവസാന ശ്രമം കണക്കെ വീണ്ടും ഇറങ്ങി കേറുമ്പോഴതാ ഗുഡ്സ് എടുക്കുന്നു… ഒന്നും നോക്കാനില്ല ട്രെയ്ൻ എത്തിയ ഉടൻ സൈഡിലൂടെ ചാടി ഓടിക്കോള്ളണം…
വൺ … ടൂ… ത്രീ പിന്നെയൊരു ചാട്ടവും ട്രെയ്ൻ ശബ്ദവും മാത്രമെ ഓർമയുള്ളൂ സാറെ… തൊട്ടപ്പുറത്തെ വളവിൽ കിതച്ചിരുന്നപ്പോ ചിരിക്കണോ കരയണോ ന്നായിപ്പോയി.

അടുത്ത തുരങ്കം കടന്ന് ഏറെ ദൂരം പോകും മുൻപെ ഞങ്ങളാ വിസ്മയിപ്പിക്കുന്ന കാഴ്ച കണ്ടു… ചുറ്റും പച്ചപുതച്ച് കിടക്കുന്ന മലകൾക്കിടയിലെ പാറക്കെട്ടുകൾക്കിടയിൽ പാൽ പുഞ്ചിരി വിടർത്തി ഒഴുകുന്നവൾ.. ഒറ്റ നോട്ടത്തിൽ ഞങ്ങൾ മൂന്നും ഫ്ലാറ്റ്.. പിന്നെയങ്ങോട്ടുള്ള ദൂരം താണ്ടാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ വേണ്ടി വന്നുള്ളൂ… അതിനിടയ്ക്ക് കയറിയിറങ്ങിയ തുരങ്കങ്ങളും കടന്നു പോയ പാസഞ്ചറുമൊന്നും ഒരു മിന്നായം പോലെ.

ഒടുവിൽ സ്വപ്ന സാക്ഷാത്കാരമെന്ന പോലെ ഞങ്ങളെത്തി അവൾക്ക് മുന്നിൽ… ഉച്ച വെയിലിൽ തട്ടി ആർത്തലച്ച് പതഞ്ഞൊഴുക്കുന്നവർക്ക് മുൻപിൽ ഞങ്ങൾ ഒന്നുമല്ലാതായപ്പോലെ വണ്ടറടിച്ച് നോക്കി നിന്ന നിമിഷങ്ങൾ. എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത ക്ലിക്കുകൾ…. മിനിമം കണ്ണിന്റെ പവറുള്ള ക്യാമറയെങ്കിലും ഇല്ലാതെ നടക്കുല ഇത്. പാലത്തിനടിയിലൂടെ ഒഴുകി പോണ വെള്ളത്തിൽ ചുവന്ന പൊട്ടു പോലെ കാട്ടിൽ കുറച്ച് പേരെ കാണാമായിരുന്നു…. ചെറുതായി ഒരു ചിരി വന്നോ… എത് മറ്റേ നേടിയെടുത്തവന്റെ….. ഹാ.. അത്..

സമയം പോയതറിഞ്ഞില്ല… എന്ന് അറിഞ്ഞത് ഞങ്ങൾക്ക് മുൻപിലൂടെ നാട്ടിലേക്ക് പോണ പൂർണ എക്സ്പ്രസ് പാഞ്ഞു പോയപ്പഴാണ്. അവടെ കിട്ടി അടുത്ത പണി… ആ ട്രെയ്ൻൽ കുറെ പേർ കുടുംബസമേതം വെള്ളച്ചാട്ടം കാണാൻ എത്തിയാരുന്നു… അടുത്ത തുരങ്കം കടന്ന് ദൂത് സാഗർ സ്റ്റേഷനിലെത്തിയപ്പോൾ ആ സന്തോഷ വാർത്ത ഞങ്ങളറിഞ്ഞു.. 5 മണിക്ക്ള്ള വണ്ടി കുലമിൽ നിന്ന് കിട്ടിയില്ലേൽ ഇന്ന് ഇവടക്കെ തന്നെ കഴിഞ്ഞ് കൂടാം.ഒരു നെറ്റ്വർക്കും കിട്ടാതോണ്ട് ആകെ പെട്ടു.. കുലെം സൈഡ് പോണ എഞ്ചിൻ ഡ്രൈവറോട് ന്തൊക്കെ പറഞ്ഞിട്ടും നോ രക്ഷ…

അവസാനം ഗുഡ്സ് കുറച്ചപ്പ് റത്തായി വരുമെന്നും പറഞ്ഞ് അവിടെ ട്രാക്കിൽ കുത്തിയിരിപ്പായി…. ഇരുന്ന് തളർന്ന് ക്ഷീണം കാരണം ട്രാക്കിനരികിൽ കിടപ്പായി..
തെളിഞ്ഞ ആകാശവും മേഘവും ഇളം ചൂടുള്ള വെയിലും ഇതിനേക്കാൾ സ്വസ്ഥമായി കിടക്കാൻ കഴിയുന്ന ഒരു സ്ഥലം ആ നിമിഷം വേറെയില്ലെന്ന് തോന്നി. സമയം കടന്ന് പോയി. തീയും ജോതീം ട്രെയ്നും ഒരു കുന്തോം വന്നില്ല. കുലെം ടെയ്ൻ കിട്ടില്ലന്നുറപ്പായതോടെ ഓപ്പോസിറ്റ് സൈഡ് പോണ ടെയ്ൻ പിടിക്കാമെന്നായി… അതിനിടയ്ക്ക് അവിടത്തെ പയ്യൻമാരുമായി നല്ല കമ്പനിയായി… മന്ദേഷും സംഘത്തോടും യാത്ര പറഞ്ഞ് കാസിൽ റോക്കും കടന്ന് ലോണ്ട സ്റ്റേഷനിലേക്ക്… ആ യാത്രയ്ക്ക് ഒരു വല്ലാത്ത സുഖമായിരുന്നു… കാടും മലയും പാടങ്ങളും പച്ചപ്പും ചെറിയ വീടുകളും അസ്തമയ സൂര്യനും അതങ്ങനെ നീണ്ടു പോയെങ്കിലെന്ന് ആശിച്ച് പോയി..

ലോണ്ടയിൽ നിന്ന് മഡ്ഗോണിലേക്ക് രാത്രി 2 മണിക്കെ വണ്ടിയുള്ളൂ… സൂപ്പർ അപ്പോ 7 മണിക്കൂർ പോസ്റ്റ്.. ന്നാ ബസ് ഒരു കൈ നോക്കാ.. 24 മണിക്കൂറും ഗോവയ്ക്ക് ബസ് ഉണ്ടെന്നും പറഞ്ഞ് രാം നഗറിലെത്തി.. ഓരോ വടപാവും കഴിച്ച് കാത്തിരിപ്പായി.. 8..8.30….9 ആയി അങ്ങാടിയിൽ ലൈറ്റൊക്കെ ഓഫാക്കി തുടങ്ങിയതോടെ ഏകദേശം തീരുമാനായി.. പിന്നെ ഒന്നും നോക്കീല്ല… നല്ല അന്തസ്സായി ട്രക്കിന് കൈകാട്ടി തുടങ്ങി… അങ്ങനൊരു 90 km നല്ല കിടിലൻ റൈഡ്”….. അങ്ങനെ രാത്രി 11.30 നാട്ടിലേക്ക് വണ്ടി കേറുമ്പോൾ ഞങ്ങൾക്ക് തന്നെ അത്ഭുതമായിരുന്നു ….ഈ യാത്ര

Then I remembered “It’s not an adventure until something goes wrong” മുകളിൽ പറഞ്ഞ യാത്ര ഇച്ചിരി സാഹസികത വേണ്ടവർ മാത്രം ട്രൈ ചെയ്യുക… അല്ലാത്തവർക്ക് സിംപിളായി 7.50 നിന്ന് കുലെംന്ന് ട്രെയ്ൻ കേറി ദൂത് സാഗർ ഇറങ്ങുക….ശേഷം സമയം ചിലവഴിച്ച് ഉച്ചയ്ക്ക് 2.40 ന്റെ പൂർണ എക്സ്പ്രസ് ൽ നാട്ടിലോട്ട് പോരുക..
ഇല്ലേൽ കുറച്ചുടെ സിംപിളായി അടുത്ത് തന്നെ കാട്ടിലൂടുള്ള ജീപ്പ്/ ട്രക്കിങ്ങ് റൂട്ട് ഓപ്പണാക്കുമ്പോൾ പോകുക.