വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളെ എളുപ്പത്തിൽ തിരിച്ചറിയാം

എല്ലാ വാഹനങ്ങൾക്കും നമ്പർ പ്ളേറ്റുകൾ നിർബന്ധമാണ്. വാഹനങ്ങളെ നമ്പർ പ്ളേറ്റുകൾ നോക്കിയാണ് എല്ലാവരും തിരിച്ചറിയുന്നതും. പൊതുവെ വെള്ളയിൽ കറുപ്പ് നിറത്തിലെഴുതിയതും മഞ്ഞയിൽ കറുപ്പ് നിറത്തിൽ എഴുതിയതുമായ നമ്പർ പ്ളേറ്റുകൾ മാത്രമാണ് എല്ലാവർക്കും പരിചയമുള്ളത്. എന്നാൽ ഇപ്പോൾ പല നിറങ്ങളിലുള്ള നമ്പർ പ്ളേറ്റുമായി ചില വാഹനങ്ങൾ റോഡിൽ കണ്ടിട്ടുമുണ്ടാകും. വിവിധ നിറത്തിലുള്ള നമ്പർ പ്ളേറ്റുകൾ കണ്ട് ഇനി കൺഫ്യൂഷൻ ആകേണ്ട.

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? എന്നതിനുള്ള ഉത്തരമാണ് ഈ പോസ്റ്റ്. രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ ഈ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ വിവിധ തരത്തിലുള്ള നമ്പർ പ്ളേറ്റുകളും അവയുടെ നിറങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.

വെള്ള നമ്പർ പ്ലേറ്റ് – വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാധാരണ പ്രൈവറ്റ് വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകളാണ് വെള്ള പ്രതലത്തിൽ കറുത്ത അക്ഷരങ്ങളും അക്കങ്ങളും കൊണ്ട് എഴുതുന്നവ. ഇത്തരത്തിലുള്ള നമ്പർ പ്ളേറ്റുകൾ കണ്ടാൽ ഉറപ്പിക്കാം അവ സ്വകാര്യ വാഹനങ്ങളാണെന്ന്.

മഞ്ഞ നമ്പർ പ്ലേറ്റ് – മഞ്ഞ പ്രതലത്തിൽ കറുത്ത മഷി കൊണ്ട് എഴുതിയ നമ്പർ പ്ളേറ്റുള്ള വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. ബസ്, ലോറി, ഓട്ടോറിക്ഷ, ടാക്‌സികൾ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള വാഹനങ്ങൾ ഗുഡ്‌സ്, പാസഞ്ചർ (ട്രാൻസ്‌പോർട്ട്) ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുക.

പച്ച നമ്പർ പ്ലേറ്റ് – ഈയിടെയായി ചില വാഹനങ്ങൾ പച്ച നിറത്തിലെ നമ്പർ പ്ളേറ്റുമായി കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പച്ച നമ്പർ പ്ളേറ്റ് ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്. കാർബൺ വാതകങ്ങൾ പുറന്തള്ളാത്ത വണ്ടികളായിരിക്കും ഇവ.

കറുത്ത നമ്പർ പ്ലേറ്റ് – കറുത്ത നമ്പർ പ്ളേറ്റിൽ മഞ്ഞ അക്കങ്ങളിൽ എഴുതുന്ന നമ്പർ പ്ളേറ്റുകൾ സെല്ഫ് ഡ്രൈവിനായി വാടകയ്ക്ക് നല്കുന്നവയായിരിക്കും. അതായത് റെൻറ്റ് എ കാർ മോഡൽ. ലക്ഷ്വറി ഹോട്ടലുകളിലും മറ്റും ഇത്തരം വാഹനങ്ങൾ ധാരാളമായി കണ്ടു വരുന്നുണ്ട്. ഡ്രൈവർ ഇല്ലാതെ വാഹനം മാത്രമായി വാടകയ്ക്ക് നൽകുകയാണ് ഇതുവഴി ചെയ്യുന്നത്.

വെള്ള അക്കങ്ങളുള്ള ചുവന്ന നമ്പർ പ്ലേറ്റ് – പുതിയ വാഹനത്തിൽ ആർടിഒ ഒരു സ്ഥിരം രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കുന്നത് വരെ ഉപയോഗിക്കാവുന്ന ഒരു താൽക്കാലിക നമ്പർ പ്ളേറ്റ് ആണിത്. ഒരു മാസമായിരിക്കും ഇതിന്റെ കാലാവധി. പൊതുവെ വാഹന ഷോറൂമുകളിലെയും മറ്റും ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഇത്തരത്തിലുള്ള ചുവന്ന നമ്പർ പ്ലേറ്റ് ഉള്ളവയായിരിക്കുവാൻ സാധ്യതയുണ്ട്.

അമ്പിന്റെ ചിഹ്നമുള്ള നമ്പർ പ്ലേറ്റ് – സൈനിക വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ മറ്റുള്ളവയിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. ഇവയുടെ നമ്പറുകളുടെ തുടക്കം ഒരു അമ്പിന്റെ (arrow) ചിഹ്നത്തോടെയായിരിക്കും.

ചുവന്ന നമ്പർ പ്ളേറ്റിൽ ദേശീയ ചിഹ്നം – ഇന്ത്യൻ പ്രസിഡന്റിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ഗവര്ണര്മാരുടെയും ഔദ്യോഗിക വാഹനങ്ങളിലാണ് ചുവന്ന നമ്പർ പ്ളേറ്റുകൾ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളിൽ നമ്പറിന് പകരം ഇന്ത്യയുടെ ദേശീയ ചിഹ്നമായിരിക്കും പതിച്ചിട്ടുണ്ടാകുക. എന്നാൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ പ്ളേറ്റ് സാധാരണക്കാരുടേതു പോലത്തെ വെള്ള നമ്പർപ്ളേറ്റ് ആയിരിക്കും.

നീല നമ്പർ പ്ലേറ്റ് – വിദേശകാര്യ അംഗങ്ങൾക്കും അംബാസിഡർമാർക്കും വേണ്ടിയുള്ള വാഹനങ്ങളിലാണ് നീലനിറമുള്ള നമ്പർപ്ളേറ്റുകൾ ഉപയോഗിക്കുന്നത്. ഇതിൽ വെള്ള നിരത്തിലായിരിക്കും അക്കങ്ങൾ എഴുതിയിട്ടുണ്ടാകുക.

വിവരങ്ങൾക്ക് കടപ്പാട് – മോട്ടോർ വാഹന വകുപ്പ് കേരള.