നൈറോബിയിലെ കിടിലൻ ‘ഡിസ്കോ ബസു’കളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഉച്ചത്തിൽ പാട്ട് വെച്ച് മതിമറന്നു ഉല്ലസിക്കാൻ പബ്ബിലും ലോഞ്ചിലും ഒക്കെ പോകുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ നെയ്‌റോബിയിൽ അങ്ങനെയല്ല. അവിടെ ഡിസ്കോ, പബ് പോലെയുള്ളതൊക്കെ ആഘോഷിക്കാൻ ക്ലബ്ബിലോ ലോഞ്ചിലോ ഒന്നും പോകേണ്ട ആവശ്യമില്ല. അതിനായി അവിടെ ബസ്സുണ്ട്.

“എന്ത്, ഇതിനായി ബസ്സോ” എന്ന് അത്ഭുതപ്പെടുന്നവർ ഉണ്ടാകും. അതെ ബസ് തന്നെ. ഈ ബസ്സുകളുടെ പേര് ‘മറ്റാറ്റു’ എന്നാണ്. നൈറോബി സന്ദർശിക്കാൻ വരുന്നവരൊക്കെ ഈ ബസ്സിൽ കയറി ആഘോഷിക്കാറുണ്ട്. ഇത് സാധാരണ യാത്ര ചെയ്യുന്ന ബസ് തന്നെയാണ്. നൈറോബിയിലെ മറ്റു സ്ഥലങ്ങളിലെ ആളുകളെ അതിന്റെ തലസ്ഥാന നഗരിയിലേക്ക് എത്തിക്കുന്ന ബസ്സുകളാണ് ഇവ.

എന്നാൽ മിന്നി മറിയുന്ന ഡിസ്കോ ലൈറ്റുകളും, വൈഫൈയും, കാതുപൊട്ടുന്ന പാട്ടും, നൈറോബിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ട്രാഫിക്കിൽ കണ്ണും നോട്ടവും ഇല്ലാതെ ഡ്രൈവർമാർ ഇത് ഓടിക്കുമ്പോൾ ആളുകൾക്ക് സംശയം തോന്നും ബസിലാണോ അതോ ഏതെങ്കിലും ഡിസ്‌കോയിലോ അതോ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിലോ എന്ന്. അത് കൊണ്ടാണ് ഈ ബസ്സുകളെ ഡിസ്കോ ബസ് എന്ന് വിളിക്കുന്നത്.

ഇത്തരം ബസ്സുകൾ പുറത്ത് നിന്ന് കാണാൻ തന്നെ ക്ലബ്ബ്കളുടെ പോലെയുള്ള ഗ്രാഫിക് ഡിസൈനുകളാണ്. കൂടാതെ ഇരുണ്ട ലൈറ്റിംഗ് ആണ് അകത്ത്. ഓടുന്ന ബസ്സിൽ ഡാൻസ് കളിക്കുകയും പാട്ടു പാടുകയും ചെയ്യാം. ഏകദേശം നമ്മുടെ നാട്ടിൽ സ്‌കൂളിലും കോളേജിലും നിന്നൊക്കെ ടൂർ കൊണ്ടുപോകുന്ന ബസ്സിലെ സെറ്റപ്പ് ആണ് ഇത്. എന്നാൽ അതിനേക്കാൾ കുറച്ച് വെറൈറ്റി ആണെന്ന് മാത്രം. എന്തൊക്കെയായാലും നെയ്‌റോബിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പൊതുഗതാഗത മാർഗം ആണ് ഇത്.

കടപ്പാട് – Nidasha Ali.