ഇന്ത്യയിൽ എന്നെന്നേക്കുമായി നിലച്ചു പോയ എയർലൈനുകൾ; അവയിലേക്ക് ജെറ്റ് എയർവേയ്‌സും?

എഴുത്ത് – Ravisankar KV.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനി വരെ ഒരു കാലത്ത് ഉയർന്നു വന്ന ജെറ്റ് എയർവെയ്‌സ് തൽക്കാലത്തേക്ക് സർവീസുകൾ നിർത്തുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ വിപണി ആയി ഉയരുന്ന എന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വിലയിരുത്തുന്ന രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനത്തു അമേരിക്കയും, രണ്ടാം സ്ഥാനത്തു ചൈനയുമാണ് ഇപ്പോൾ. ആഗോള വൽക്കരണത്തിന്റെ ഭാഗമായുള്ള വികസന പ്രക്രിയയിൽ വളർന്നു വന്ന രണ്ടു മേഖലകൾ ആയിരുന്നു ടൂറിസവും, ഏവിയേഷനും. രണ്ടും പരസ്പര പൂരകങ്ങൾ. ഒന്ന് തളർന്നാൽ മറ്റതും തളരും, ഏവിയേഷൻ മേഖലക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അത് ടൂറിസ്റ്റുകൾ മാത്രമല്ലല്ലോ ഉപയോഗിക്കുന്നത്. വ്യവസായികളും , ഉദ്യോഗസ്ഥരും, ബിസിനെസ്സു കാരും രാഷ്ട്രീയക്കാരും തുടങ്ങി സാധാരണക്കാർ വരെ ഇപ്പോൾ വിമാനയാത്രയെ ആശ്രയിക്കുന്നു. വിദേശ യാത്രക്കാണെങ്കിൽ പ്രവാസികൾക്കും മേൽ പറഞ്ഞ മിക്ക മേഖലയിൽ ഉള്ളവർക്കും വിമാനയാത്ര ഒഴിവാക്കാനാവാത്തത്.

ഒരു കാലത്തു സാധാരണക്കാർക്ക് വിമാന യാത്ര സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല. അത് പണമുള്ളവരുടെ മാത്രം യാത്ര സൗകര്യമായിരുന്നു. എന്നാൽ 1990 കളോടെ ഇന്ത്യയിലെ വ്യോമയാന മേഖല പതുക്കെ ആഗോള വൽക്കരണത്തിന്റെ പാതയിൽ വികസിച്ചു തുടങ്ങി. നിരവധി സ്വകാര്യ വിമാന കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. അത് വരെ പൊതുമേഖലയിലെ എയർ ഇന്ത്യ ( അന്താരാഷ്ട്ര സർവീസുകൾ ) യും ഇന്ത്യൻ എയർലൈൻസ് ( ആഭ്യന്തര സർവീസുകൾ) സും മാത്രമുള്ള മേഖലയിലേക്ക് ജെറ്റ് എയർവേസ്‌, സഹാറ എയർലൈൻസ്, ഡെക്കാൻ ഏവിയേഷൻ തുടങ്ങിയ പല കമ്പനികളും വന്നു കയറി.

ഇന്ത്യ 1992 ൽ ആണ് വ്യോമയാന മേഖലയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഓപ്പൺ എയർ പോളിസി പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ നിരവധി ചാർട്ടർ വിമാനകമ്പനികൾക്കാണ് ലൈസൻസ് നൽകിയതെങ്കിലും 1994 മൂന്നിലധികം വിമാനങ്ങൾ ഉള്ള 9 കമ്പനികൾക്ക് ആഭ്യന്തര സെർവീസുകൾ നടത്താൻ അനുമതി നൽകുകയും ചെയ്തു. അതിലൊന്ന് ഒരു മലയാളി സംരംഭം ആയിരുന്നു എന്നത് മലയാളിക്ക് അക്കാലത്തു അഭിമാനിക്കാൻ ഇടനൽകി.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന വിമാന കമ്പനി തലസ്ഥാന ജില്ലക്കാരനായ തഖിയുദ്ധീൻ വാഹിദ് എന്ന പ്രവാസി വ്യവസായിയുടെ മുൻകൈയിൽ ആയിരുന്നു ഇത്.

മൂന്ന് ബോയിങ് 737 – 200 ശ്രേണിയിലുള്ള യാത്ര വിമാനങ്ങളുമായാണ് 1994 ൽ ഈസ്റ്റ് വെസ്റ്റ് എയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഗോവ തുടങ്ങിയ സെർവീസുകളുമായി നന്നായി പ്രവർത്തനം പുരോഗമിക്കുന്നതിനിടയിൽ, ഇന്ത്യൻ എയർലൈൻസ് പൈലറ്റുകൾ അവരുടെ സേവന വേതന വ്യവസത്തകൾ പരിഷ്കരിക്കാനായി സമരം ആരംഭിക്കുന്നു. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി അന്തരിച്ച മാധവ റാവു സിന്ധ്യ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും സമരം തീർക്കാനായില്ല.

അപ്പോഴാണ് അദ്ദേഹം തഖിയുദീൻ വാഹിദിനോട് കൂടുതൽ വിമാനങ്ങൾ കൊണ്ട് വന്ന് പ്രശ്ന പരിഹാരത്തിനായി വ്യത്യസ്തമായ മാർഗം തേടുന്നത്. ഉടൻ തന്നെ 4 ബോയിങ് 737 – 200 വാടകക്കെടുത്തു കൊണ്ട് ഈസ്റ്റ് വെസ്റ്റ് എയർ ലൈൻ സാഹചര്യത്തിനനുസരിച്ചു ഉയർന്നു. ഒരു ഘട്ടത്തിൽ 11 വിമാനങ്ങൾ വരെ കമ്പനി സ്വന്തമാക്കുകയുണ്ടായി. 8 ബോയിങ് 737 – 200 വിമാനങ്ങളും, 3 ഫോക്കർ F 27 വിമാനങ്ങളും ആയിരുന്നു അത്. ഇന്ത്യൻ വ്യോമയാന മേഖലക്ക് പുതിയ ഉണർവ് നൽകി കൊണ്ടിരിക്കുമ്പോഴാണ് 1995 നവംബർ 13 ന് അപ്രതീക്ഷിതമായി തഖിയുദീൻ വാഹിദ് അജ്ഞാതരുടെ വെടിയേറ്റ് വീഴുന്നത്. അതോടെ ഈസ്റ്റ് വെസ്റ്റ് എയർ ലൈൻ കമ്പനി പ്രതിസന്ധിയിലായി. ഒടുവിൽ 1996 ഓഗസ്റ് 8 നു ഈസ്റ്റ് വെസ്റ്റ് എയർ ലൈൻ പ്രവർത്തനം നിർത്തി.

നരേഷ് ഗോയൽ എന്ന പ്രവാസി വ്യവസായി 1993 ൽ എയർ ടാക്സി സംരംഭം ആയി തുടങ്ങിയ ജെറ്റ് എയർവേസ്‌ 1995 ൽ ആണ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത്. 2004 ൽ അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിച്ചു.
കഴിഞ്ഞ 25 വർഷത്തെ ഇന്ത്യൻ വ്യോമയാന മേഖല പരിശോധിക്കുകയാണെങ്കിൽ നഷ്ടങ്ങളുടെയും, നിരാശയുടെയും കഥകളാണ് കൂടുതൽ. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പറക്കാം എന്ന അവസ്ഥ വന്നെങ്കിലും, ഈ രംഗത്തെ വ്യവസായികൾക്കും, മുതൽ മുടക്കിയ സംരംഭകർക്കും ഒരിക്കലും സന്തോഷിക്കാനുള്ള വക കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരുകളുടെയും വ്യോമയാന നയങ്ങൾ കാരണം കഴിഞ്ഞില്ല. എത്രയെത്ര വിമാന കമ്പനികളാണ് ഇക്കാലയളവിൽ വിപണിയിൽ നിന്നും കെട്ടും കെട്ടി പോകേണ്ടി വന്നത്. ആയിരകണക്കിന് കോടികൾ പലർക്കും നഷ്ടമായി. അതിന്റെ അവസാന ശ്രേണിയിൽ ഇപ്പോൾ ജെറ്റ് എയർവെയ്‌സ് എത്തി എന്ന് മാത്രം.

എല്ലാവർക്കും അറിയുന്ന ഏവിയേഷൻ മേഖലയിലെ പരാജയം ഒരു പക്ഷെ വിജയ് മല്യയുടെ കിംഗ് ഫിഷർ മാത്രമായിരിക്കും. 2003 ൽ പ്രവർത്തനം തുടങ്ങിയ കിംഗ് ഫിഷർ എയർ ലൈൻ 2005 മെയ് 9 നായിരുന്നു ആദ്യത്തെ ആഭ്യന്തര വിമാന സർവീസ് തുടങ്ങിയത്. നാല് പുതു പുത്തൻ എയർ ബസ് A 320 – 200 വിമാനങ്ങളുമായി തുടങ്ങിയ കമ്പനി അക്ഷരാത്ഥത്തിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വര്ഷങ്ങളായിരുന്നു പിന്നീട്. എയർ ഹോസ്റ്റസ്മാരുടെ വസ്ത്ര ധാരണം തൊട്ട് സേവനത്തിലെ അത്യുന്നത നിലവാരം വരെ വാർത്തകളിൽ ഇടം പിടിച്ചു. നിർഭാഗ്യവശാൽ നമ്മുടെ വ്യോമയാന നയങ്ങൾ അവിടെയും പ്രതിസന്ധി സൃഷ്ടിച്ചു.

വളരെ വലിയ വില കൊടുത്തു കൊണ്ട് ഏവിയേഷൻ ഫ്യൂവൽ വാങ്ങുന്ന കമ്പനികളുടെ മൊത്തം ചെലവിന്റെ 75 % ത്തോളം ഈ ഒരു ഇനത്തിൽ മാത്രമാണ് ചെലവായത്. ആന്ധ്ര പ്രദേശ് ഒഴികെയുള്ള ഒരു സംസ്ഥാനം പോലും ഈ ഇനത്തിലുള്ള വലിയ ടാക്‌സ് ( 24 മുതൽ 28 % വരെ ) കുറക്കാൻ തയ്യാറായില്ല. നമ്മുടെ കേരളം പോലും കണ്ണൂർ എയർപോർട്ട് തുടങ്ങിയപ്പോഴാണ് ഇക്കാര്യത്തെ പറ്റി ആലോചിച്ചത്. അതെ സമയം തന്നെ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അതിഭീമമായ ലാൻഡിംഗ് , പാർക്കിംഗ് ഫീസുകൾ എല്ലാം വിമാന കമ്പനികളുടെ നിലനിൽപ്പിനു കനത്ത ഭീഷണി സൃഷ്ടിച്ചു. മത്സരം കനത്തത് കാരണം യാത്രാക്കൂലി കുറച്ചതിലൂടെ നഷ്ടം കൂടുകയും ചെയ്തു.

ഇന്ത്യയിലെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ പറക്കാനായി വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ലോ കോസ്റ്റ എയർ ലൈൻ എന്ന ആശയവുമായി ക്യാപ്റ്റൻ ഗോപിനാഥ് തുടങ്ങിയ എയർ ഡെക്കാൻ എന്ന കമ്പനി 2007 ൽ കിംഗ് ഫിഷർ ഏറ്റെടുത്തു കൊണ്ട് ഈ മേഖലയിൽ തങ്ങളുടെ ഭാവി പ്രവർത്തനങ്ങളുടെ ദിശയെന്തായിരിക്കും എന്ന് പ്രഖ്യാപിച്ചു എങ്കിലും വിവിധ കരണങ്ങളാൽ 2012 ൽ കിംഗ് ഫിഷർ പ്രവർത്തനം നിർത്തി. ഇന്ത്യയിലെ പ്രമുഖ എയർ ലൈൻ കമ്പനികളിൽ ഒന്നായ എയർ സഹാറയെ 2007 ൽ ജെറ്റ് എയർവെയ്‌സ് ഏറ്റെടുക്കുകയും ജെറ്റ് ലൈറ്റ് എന്ന് പേരു മാറ്റുകയുണ്ടായി. ബാംഗ്ലൂർ ആസ്ഥാനമായുള്ള കിംഗ് ഫിഷർ, എയർ ഡെക്കാൻ എന്നിവക്കു പുറമെ മറ്റൊരു മലയാളി സംരംഭമായ എയർ പെഗാസസ് 2016 ൽ പ്രവർത്തനം നിർത്തി. അതിനു മുൻപായി ചെന്നൈ ആസ്ഥാനമായുള്ള പാരാമൗണ്ട് എയർവെയ്‌സ് 2010 ൽ നഷ്ടം സഹിയ്ക്കാൻ വയ്യാതെ അതെ പാത പിന്തുടർന്നിരുന്നു.

ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള എം ഡി ർ എൽ (2009), അർച്ചന എയർവെയ്‌സ് ( 2000 ), മോഡിലുഫ്ട് ( 1996 ), ഡമാനിയ എയർവെയ്‌സ് (1997 ), എൻ ഇ പി ( 1997 ), എയർ കോസ്റ്റ, കാർണിവൽ എയർ, മന്ത്ര എയർ, ദ്രാവിഡ എയർ, ഒഡിഷ എയർ, അംബിക എയർ ലൈൻ, ഡെക്കാൻ 360, ഛത്തിസ്‌ഗർ എയർ ലിങ്ക്, ക്രെസന്റ് എയർ, ദർഭംഗ ഏവിയേഷൻ, എൽബി എയർലൈൻസ്, ഗുജറാത്ത് എയർവേസ്‌, ഹിമാലയൻ ഏവിയേഷൻ, ഇന്ഡസ് എയർ, ജാമ് എയർ, കലിംഗ എയർലൈൻസ്, NEPC എയർലൈൻസ്, പുഷ്പക് എയർ ലൈൻസ്, ടാറ്റ എയർ ലൈൻസ്, സൂം എയർ തുടങ്ങിയ നിരവധി യാത്ര വിമാന കമ്പനികളും, എയർ ഇന്ത്യ കാർഗോ, ആര്യൻ കാർഗോ എക്സ്പ്രസ്സ്, എയർ ഡെക്കാൻ കാർഗോ തുടങ്ങിയ കാർഗോ വിമാന കമ്പനികളും കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ നഷ്ടം സഹിക്കാനാവാതെ പറക്കൽ നിർത്തിയ കമ്പനികളാണ്.

പൊതുമേഖലയിലെ ഇന്ത്യൻ ( ഇന്ത്യൻ എയർ ലൈൻസ് എയർ ഇന്ത്യയുമായി ലയിപ്പിച്ചു ), വായുദൂത് (1987) എന്നിവയുടെ പ്രവർത്തനം നിർത്താൻ ഇതേ കാലയളവിൽ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും നല്ല സർവീസ് നടത്തിയിരുന്ന രണ്ടു വിമാന കമ്പനികൾ ആയിരുന്നു കിംഗ് ഫിഷർ എയർ ലൈൻസും, പാരാമൗണ്ട് എയർവെയ്‌സും. ലോകോത്തരം എന്ന് പറയാവുന്ന സേവന നിലവാരം. വിമാനത്തിന്റെ സാങ്കേതികത്വം തൊട്ട് യാത്രക്കാരുടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വരെ അവർ കാണിച്ച മാതൃക പിന്നീട് ഇന്ത്യയിലെ ഒരു അമ്പനിക്കും തുടരാനായില്ല . രണ്ടു കമ്പനികളും തകർന്നത് എ ടി എഫ് ടാക്‌സ് വളരെ കൂടുതൽ ആയതു കൊണ്ട് മാത്രം ഒപ്പം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അമിത ഫീസുകളും, ഡി ജി സി എ യുടെ തല തിരിഞ്ഞ നയങ്ങളും. ഈ വസ്തുത മനസ്സിലാക്കി തങ്ങളുടെ ഭാവി കൃത്യമായി ആസൂത്രണം ചെയ്യാനായാതാണ് ഇൻഡിഗോ എന്ന വിജയ ഗാഥ. മറ്റൊന്ന് ചന്ദ്രബാബു നായിഡു എന്ന രാഷ്ട്രീയക്കാരനും, ഭരണാധികാരിയുമാണ്.

ഇന്ത്യൻ വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ വലുതാണ്. ഗൗരവമേറിയതാണ്. ഇക്കണക്കിന് പോയാൽ സാധാരണക്കാർക്കും, ഇപ്പോൾ വിമാനയാത്ര ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം മധ്യ വർഗ – സ്വകാര്യ, പൊതുമേഖലാ ഉദ്യോഗസ്ഥർക്കും സമീപ ഭാവിയില്ല് തന്നെ വിമാനയാത്ര പണ്ടത്തെ പോലെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആഭ്യന്തര യാത്ര നിരക്കിലെ കുതിച്ചു കയറ്റം മാത്രം നിരീക്ഷിച്ചാൽ ഇത് മനസ്സിലാകും. അത് ഏറെ തളർത്തുന്നത് ടൂറിസം മേഖലയെ ആയിരിക്കും. പ്രത്യേകിച്ചും കേരളത്തെ.

നമുക്ക് കാലാനുസൃതമായി വ്യോമയാന രംഗത്ത് മാറ്റങ്ങൾ ഉടനടി നടപ്പിലാക്കാനായില്ല. കേന്ദ്രവും, സംസ്ഥാനങ്ങളും ഒരേ പോലെ ഇക്കാര്യത്തിൽ അക്ഷന്തവ്യമായ നിലപാടുകളാണ് സ്വീകരിച്ചത്. ചന്ദ്ര ബാബു നായിഡു മാത്രമാണ് അതിനു ഒരു അപവാദം. അത് കൊണ്ട് മാത്രമാണ് ഹൈദരാബാദ് എന്ന നഗരം കഴിഞ്ഞ 25 വർഷങ്ങൾ കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ എത്തിയത്. പല ആഭ്യന്തര – വിദേശ വിമാന കമ്പനികളും എ ടി എഫ് ഫിൽ ചെയ്യുന്നത് ഹൈദരാബാദിൽ നിന്നാണ്. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയവയുടെ ദക്ഷിണേന്ത്യൻ ഹബ് പോലും അവിടെയവനും കാരണം അവരുടെ പോളിസിയിലെ സ്വീകാര്യത കാരണമാണ്.

ഇന്നത്തെ വ്യോമയാന മേഖലയിലെ എയർ പോർട്ടുകൾ വികസിപ്പിച്ചു മാനേജ് ചെയ്യുന്ന ജി എം ആർ, ജി വി കെ തുടങ്ങിയ കമ്പനികൾ അതിൽ നിന്നും ഉയർന്നു വന്നതാണ്. ആന്ധ്രയുടെ വിഭജന ശേഷം ഇപ്പോൾ നായിഡു ചെയ്യുന്നതും അതാണ്. രാജമുദ്രി എന്ന ജില്ലയെ എങ്ങനെ ഹോളണ്ട് ആക്കാം എന്ന് അദ്ദേഹം പരീക്ഷിക്കുകയാണിപ്പോൾ. ഇന്ന് ജപ്പാൻ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് പൂക്കൾ കയറ്റു മതി ചെയ്യാൻ മാത്രം ഒരു ഇന്ത്യൻ ഗ്രാമം വളർന്ന കഥയാണ് അത്. അതിനു ഒരു ഘടകമായി തീർന്നത് വ്യോമയാന മേഖലയിലെ പരിഷ്കാരങ്ങളും. അവയുടെ കൂട്ടത്തിലേക്ക് ജെറ്റ് എയർവെയ്‌സ് പെടാതിരിക്കട്ടെ എന്ന് മാത്രമാന് ഇപ്പോൾ മനസ്സിൽ തോന്നുന്ന ആശയും ആഗ്രഹവും…