അധികമാരും അറിയപ്പെടാതെ തിരുവനന്തപുരത്തെ പാവ മ്യൂസിയം…

വിവരണം – സുമയ്യ കബീർ.

കുട്ടികൾ അവരുടെ കുഞ്ഞുവാവയെ പോലെ നോക്കുന്ന പാവകളെപ്പറ്റി അറിയുമോ. പാവക്ക് ഉടുപ്പ് തുന്നുക, പാ ഒരുക്കുക, രാരീരം പാടിയുറക്കുക… അങ്ങനെ അവർക്കൊപ്പം കൂടുന്ന കുട്ടികൾ. ചിലരൊക്കെ പാവകളെ വളർന്ന് കഴിഞ്ഞും കെട്ടിപിടിച്ചു ഉറങ്ങും. പാവകൾ വെച്ച് പെൺകുട്ടികളല്ലേ കളിക്കുക എന്ന് പറഞ്ഞു വലിച്ചറിഞ്ഞതു കൊണ്ട് ആൺകുട്ടികൾക്കു പാവകളോട് പ്രകടമായ സ്നേഹം കാണിക്കാൻ ആകുന്നില്ലയിരിക്കും. എങ്കിലും കയ്യിൽ ഒരു പാവയെ കിട്ടിയാൽ അതിന്റെ ഓമനത്തം ആസ്വദിക്കാത്തതാരാണ്?

പാവകളുടെ മ്യൂസിയം തിരഞ്ഞാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എത്തിയത്. ചൈൽഡ്‌ലൈൻ പ്രവർത്തകയായിരുന്നപ്പോൾ ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞു പൈതലെ, അവിടെ ഏല്പിക്കേണ്ട ചുമതല എനിക്കായിരുന്നു. അന്ന് മ്യൂസിയമെന്നെ ബോർഡ്‌ കണ്ടിരുന്നു, പക്ഷേ കാണാനായില്ല. കഴിഞ്ഞദിവസം സിറ്റിയിൽ post ആകേണ്ട സിറ്റുവേഷനുണ്ടായി. വീണുകിട്ടിയ ഒരു മണിക്കൂർ.. അതു മുതലാക്കാൻ തീരുമാനിച്ചു. കോടതിയിലായിരുന്ന ഷേർളിയെയും വിളിച്ചു വരുത്തി.

തൈക്കാട് ആണ് മ്യൂസിയം. 5 പേരുള്ള ഗ്രൂപ്പിന് 50 രൂപ, ഒറ്റയ്ക്ക് പോയാലും 50 രൂപ. 5 പേരിൽ കൂടുതൽ ആണേൽ ഒരാൾക്ക് 10 രൂപ വെച്ച് കൂടും. ഇന്ത്യയിൽ ഡൽഹിയിലെ Doll Museum, രാജസ്ഥാനിലെ പാവ മ്യൂസിയം ഒക്കെ പ്രശസ്തമാണ്. പക്ഷേ ഇത് വളരെ ചെറിയ പാവ മ്യൂസിയമാണ്.

നാലു മുറികളിലാണ് പാവകളെ ഒരുക്കിയിരിക്കുന്നത്. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, ഞങ്ങൾ കയറിയ ആദ്യ മുറിയിൽ ലൈറ്റ് ഇല്ലായിരുന്നു. ഒരാൾ ഫോൺ ടോർച്ച് അടിച്ചും മറ്റൊരാൾ click എടുത്തും ഒക്കെ കണ്ടു തീർത്തു. നിഴൽ ചിത്രങ്ങൾ കിട്ടി. കഥകളിയുടെ പാവകൾ, സുന്ദരി പാവകൾ, ഡോറ, മുഖം മൂടികൾ, ക്രിക്കറ്റ് ടീമിന്റെ ചെറിയ പാവകൾ, തേങ്ങയിൽ ഉണ്ടാക്കി എടുത്ത കുരങ്ങൻമാർ അങ്ങനെ പോകുന്നു കാഴ്ചകൾ.

പിന്നെ ബുദ്ധ പാവകൾ, teddy bears, കുതിരകൾ, ആനകൾ, ഒട്ടകം.. പാവ വൈവിധ്യം, ഇടക്ക് ഷോകേസിൽ നാം വാങ്ങി നിറക്കുന്ന തരം മാർബിൾ പാവകളുമുണ്ട്. മീൻകാരി, കൃഷികാരൻ, പാൽക്കാരി തുടങ്ങി പല തൊഴിൽ ചെയ്യുന്ന കുഞ്ഞൻ പാവകൾ, വല്യ ബാർബി ഡോളുകളുമുണ്ട്. പുൽക്കൂട്ടിൽ രാജാക്കൻമാരും പാവ കൂട്ടത്തിലുണ്ട്.

ബൊമ്മെ കൊഴു പോലെ അടുക്കി വെച്ച ഒരു തട്ടിൽ ദൈവങ്ങൾക്ക് ഒത്ത നടുവിൽ ഒരുമതം ഒരുജാതി ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിന്റെ പാവ ഇരിക്കുന്ന കണ്ടു ഞാൻ ചിരിയായിരുന്നു. തഞ്ചാവൂർ പാവ ഒന്ന് തട്ടിയാൽ തലയാട്ടി നമ്മെ സന്തോഷിപ്പിക്കും.. മിലി എന്ന സിനിമയിൽ ഒരു പാവ പോലുമില്ല. Waste Basket അവളെ ചിരിപ്പിക്കുന്ന കണ്ടില്ലേ? പാവകൾക്കു അത്തരം കഴിവ് ഉണ്ട്. ഇനിയും എത്ര വേണമെങ്കിലും അവിടെ നിന്നും കാഴ്ചകൾ കാണം. ഓരോ പാവയും അത്രകണ്ടു ഭംഗിയുള്ളവയാണ്. ഓരോ പാവക്കും നമ്മെ ചിരിപ്പിക്കാനാകും.

എങ്കിലും പെട്ടന്ന് വീണു കിട്ടിയ സമയം മുതലാക്കാൻ പോയ എന്റെ സമയമില്ലായ്മ കൊണ്ട് തിരിച്ചുവന്നു. പാവ മ്യൂസിയം എന്ന തീം നല്ലതാണെങ്കിലും പാവകളുടെ വൈവിദ്ധ്യങ്ങൾ കുറവാണെന്ന് തോന്നിച്ചു. മിട്ടായി തൊലിയിലും, കയറിലും തുടങ്ങി പലതിലും പാവകളെ ഉണ്ടാക്കാനാകില്ലേ? അത്തരം കലാ സൃഷ്ടി കൂടെ ഉൾകൊള്ളിക്കണമായിരുന്നു. പേരും ഊരും ഒന്നും പാവകൾക്കു ഇല്ലായിരുന്നു എങ്കിലും 10 രൂപക്കുള്ള കാഴ്ച്ചയ്ക്കുണ്ടു താനും. ഭാവിയിൽ ഈ മ്യൂസിയം വികസിക്കട്ടെ…

മ്യൂസിയത്തിലേക്ക് പോകുന്ന പടിക്കെട്ടിലെ കണ്ണാടി 5 ആയും 10 ആയും നമ്മളെ കാണിക്കുന്നത് കൗതുകം തന്നെയാണ്. പക്ഷെ മ്യൂസിയത്തിന്റെ മുകളിൽ നിലയിൽ ചില പാവകളുണ്ട്. ഉണ്ടാക്കിയതാരെന്ന് അറിയാത്ത, ഉണ്ടാക്കിയവരാൽ ഉപേക്ഷിക്കപെട്ട, കാഴ്ചക്കാരെ ചിരിപ്പിച്ചും അപരിചിതരാൽ കൊഞ്ചിക്കപ്പെട്ടും കഴിയുന്ന പാവകൾ. താഴെത്തെ നിലയിലെ പാവകൾ കരയാതെ നിസ്സംഗമായി നിൽകുമ്പോൾ, ഇവർ കീറി വിളിച്ചു കരഞ്ഞു, അവരുടെ ശില്‌പികളെ തിരയുന്നു.

കുട്ടികളെ ഉപേക്ഷിക്കപ്പെടുവാനായി ഉണ്ടാകരുതേ, ഓമനിച്ചു വളർത്താൻ അറിയാമെങ്കിൽ മാത്രം ഉണ്ടാകുക. തെരുവിലേക്ക് വലിച്ചറിയേണ്ട ഗതികേടുവരുമ്പോൾ മാത്രം അമ്മതൊട്ടിലിൽ ഉപേക്ഷിക്കുക. സൃഷ്ടിക്കപ്പെട്ടവരുമായി ബന്ധമില്ലാതിരിക്കാൻ കേവലം കളിമണ്ണ് പാവകളല്ല, നിങ്ങളുടെ ചോരയിൽ പിറന്നവരാണ്.