ഡോൺ ബോസ്‌കോ മ്യൂസിയവും ഇന്ത്യയിലെ തന്നെ മികച്ച ഹൈവേയായ ഷില്ലോങ് ബൈപാസും…

മേഘാലയയിലെ അടുത്ത ദിവസം പുലർന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കറങ്ങുവാൻ പോകാൻ തയ്യാറായി നിന്നു. അപ്പോഴേക്കും ഞങ്ങളോടൊപ്പം ചേരുവാനായി പങ്കജ് അവിടെ എത്തിയിരുന്നു. ഡോൺബോസ്‌കോ മ്യൂസിയം കാണുവാനായിരുന്നു ഞങ്ങൾ ആദ്യം പോയത്. മ്യൂസിയത്തിലേക്ക് കയറുവാൻ 100 രൂപയാണ് ഒരാൾക്ക് പ്രവേശിക്കുവാനായുള്ള ഫീസ്. മ്യൂസിയത്തിനകത്ത് സ്റ്റിൽ ഫോട്ടോസ് അനുവദനീയമായിരുന്നുവെങ്കിലും വീഡിയോ എടുക്കുവാൻ പാടില്ല എന്ന് ഞങ്ങൾ അറിഞ്ഞു. അവസാനം ഞങ്ങൾ മ്യൂസിയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ ഒരു ഫാദറിനെ (ക്രിസ്ത്യൻ പുരോഹിതൻ) കണ്ട് കാര്യങ്ങൾ പറഞ്ഞു വീഡിയോ എടുക്കുവാനുള്ള പെർമിഷൻ ഒപ്പിച്ചു. അങ്ങനെ ഞങ്ങൾ മ്യൂസിയത്തിലേക്ക് കയറി.

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ പരമ്പരാഗതമായ വേഷവിധാനങ്ങളും മറ്റുമൊക്കെ ഈ മ്യൂസിയത്തിൽ കാണുവാൻ സാധിക്കും. ഏഴു നിലകളായിട്ടാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കൂടുതലായി അവയൊന്നും ഞാൻ വിശദീകരിക്കുന്നില്ല. കുറച്ചൊക്കെ ഈ ലേഖനത്തോടൊപ്പമുള്ള വീഡിയോയിൽ കാണുവാൻ സാധിക്കും. ബാക്കിയെല്ലാം നിങ്ങൾ നേരിട്ട് വന്നു ആസ്വദിക്കേണ്ടതാണ്. മ്യൂസിയത്തിനകത്തെ കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞു ഞങ്ങൾ ഏറ്റവും മുകളിലെ നിലയിലുള്ള സ്‌കൈ വാക്കിലൂടെ നടക്കുവാൻ തുടങ്ങി. അവിടെ നിന്നാൽ ഷില്ലോംഗ് നഗരത്തിന്റെ മനോഹരമായ ദൃശ്യം നമുക്ക് കാണുവാൻ സാധിക്കും. അങ്ങനെ മ്യൂസിയം കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും അടുത്ത സ്ഥലം നോക്കി യാത്രയായി.

അങ്ങനെ പോയിപ്പോയി ഞങ്ങൾ ഏതോ ഒരു മാർക്കറ്റിന്റെ അടുത്തായി ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു. എന്നിട്ട് ലോത്ത എന്ന് പേരുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങൾ കയറി. നാഗാ ഫുഡ് കഴിക്കുവാനായാണ് പങ്കജ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയത്. പോർക്ക്, ബീഫ് ഐറ്റങ്ങളുടെ വ്യത്യസ്തങ്ങളായ വിഭവങ്ങളായിരുന്നു ഞങ്ങൾക്ക് അവിടത്തെ മെനുവിൽ കാണുവാൻ സാധിച്ചത്. ഹോട്ടലിലെ വിഭവങ്ങളുടെ മണം ഒന്നും എനിക്ക് അത്ര പിടിച്ചിരുന്നില്ല. ചോറ്, പോർക്ക്, ചിക്കൻ, വെജിറ്റബിൾസ് എന്നിവയൊക്കെ ഞങ്ങളുടെ ടേബിളിൽ ഇടംപിടിച്ചു.

പോർക്ക് എനിക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ഞാൻ ചിക്കനും വെജിറ്റബിൾസും കൂടിയായിരുന്നു ചോറ് കഴിച്ചത്. മനസില്ലാമനസ്സോടെയായിരുന്നു പുഴുങ്ങിയ പോലുള്ള ചിക്കൻ ഞാൻ കഴിച്ചത്. പക്ഷെ കറിയ്ക്ക് അത്യാവശ്യം നല്ല രുചിയുണ്ടായിരുന്നു. എമിലും പങ്കജ്ഉം ചേർന്ന് പോർക്ക് വിഭവങ്ങൾ നന്നായി അടിച്ചുകേറ്റി. എന്തായാലും വ്യത്യസ്ത അനുഭവങ്ങൾ ആയിരുന്നു അവ. ഭക്ഷണം കഴിച്ചശേഷം ഞങ്ങൾ അവിടെ നിന്നും കാഴ്ചകൾ കണ്ടുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ തുടങ്ങി. അവിടെ നിന്നും പങ്കജ് ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. പച്ചപ്പാർന്ന മലമടക്കുകൾക്കിടയിലൂടെ ഞങ്ങൾ കാഴ്ചകൾ കണ്ടും തണുപ്പ് ഏറ്റുവാങ്ങിയും യാത്ര തുടർന്നു.

പങ്കജ് അസാധ്യ പറപ്പിക്കൽ ആയിരുന്നു. അവിടത്തെ റോഡുകളുടെ കണ്ടീഷനൊക്കെ മികച്ചതായിരുന്നതിനാൽ വളരെ നന്നായി ഡ്രൈവ് ചെയ്യുവാൻ സാധിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ കയറിക്കയറി ഒരു മുകൾഭാഗത്ത് എത്തിച്ചേർന്നു. അവിടെ നിന്നും താഴെ താഴ്വാരത്തിന്റെ ദൃശ്യം വളരെ മനോഹരം തന്നെയായിരുന്നു. വഴിയരികിൽ ചോളവും തക്കാളിയുമൊക്കെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. അപ്പോഴേക്കും ഹൈവേയുടെ വീതി നന്നായി കൂടിയിരുന്നു. ഷില്ലോംഗ് ടൌൺ ഒഴിവാക്കി മേഘാലയയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുവാനുള്ള ഒരു ബൈപ്പാസ് ഹൈവേ ആയിരുന്നു അത്. ഹൈവേയുടെ പല ഭാഗങ്ങളിലായി വണ്ടി നിർത്തി ഞങ്ങൾ ഫോട്ടോസ് എടുക്കുവാൻ മത്സരിച്ചു.

അങ്ങനെ ഞങ്ങൾ തിരികെ, താമസിച്ചിരുന്ന RI Kanaan Guest House ൽ എത്തിച്ചേർന്നു. ഇനി ബാക്കി കറക്കമെല്ലാം നാളെ.. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ… To contact, RI Kanaan Guest House: ,9562348253, 97743 65447.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.