ഡോൺ മുവാങ്; ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിലൊന്ന്

ഡോൺ മുവാങ്… പേര് കേട്ടിട്ട് ഏതെങ്കിലും ചൈനീഡ് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണെന്ന് വിചാരിക്കല്ലേ. ഇത് തായ്‌ലൻഡിലെ ബാങ്കോക്കിലെ പ്രധാനപ്പെട്ട ഒരു എയർപോർട്ടിന്റെ പേരാണ്. ഏഷ്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിൽ ഒന്നാണ് ബാങ്കോക്കിലെ ഈ ഡോൺ മുവാങ് എയർപോർട്ട്. DMK എയർപോർട്ട് എന്നാണ് ഈ വിമാനത്താവളം പൊതുവെ അറിയപ്പെടുന്നത്.

1914 മാർച്ച് 27 നു റോയൽ തായ് എയർഫോഴ്സ് ബേസ് ആയിട്ടാണ് ഈ എയർപോർട്ട് പ്രവർത്തനമാരംഭിക്കുന്നത്. 1924 ഓടുകൂടി ഇവിടെ നിന്നും യാത്രാവിമാനങ്ങൾ സർവ്വീസ് നടത്തുവാൻ ആരംഭിച്ചു. KLM റോയൽ ഡച്ച് എയർലൈൻസ് ആയിരുന്നു ഇവിടേക്ക് ആദ്യമായി സർവ്വീസ് നടത്തിയ എയർലൈൻസ്. 1933 കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ പോരാട്ടങ്ങൾക്ക് ഈ എയർപോർട്ടും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്കാലയളവിൽ ജപ്പാൻ സൈന്യമായിരുന്നു എയർപോർട്ട് ഏറ്റെടുത്തത്. അതിനു ശേഷം വിയറ്റ്നാം യുദ്ധസമയത്ത് യു.എസ്. എയർഫോഴ്‌സിന്റെ കമാൻഡ് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബ് ആയും ഡോൺ മുവാങ് എയർപോർട്ട് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 സെപ്റ്റംബർ മാസത്തിൽ സുവർണ്ണഭൂമി എയർപോർട്ട് പ്രവർത്തനമാരംഭിച്ചതോടു കൂടി DMK എയർപോർട്ട് പ്രവർത്തനം നിർത്തുകയും പിന്നീട് 2007 ൽ ആഭ്യന്തര സർവ്വീസുകൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. 2011 ൽ തായ്‌ലാൻഡിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് DMK എയർപോർട്ട് വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായി. പിന്നീട് 2012 മാർച്ചിലാണ്‌ എയർപോർട്ട് വീണ്ടും തുറന്നത്. ഇത്തവണ സുപ്രധാനമായ ഒരു വഴിത്തിരിവുണ്ടായതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

ആഭ്യന്തര സർവ്വീസുകൾ കൂടാതെ മറ്റ് ലോകോസ്റ്റ് (ബഡ്‌ജറ്റ്‌) വിമാനസർവ്വീസുകളൊക്കെ DMK എയർപോർട്ടിലേക്ക് റീലൊക്കേറ്റ് ചെയ്യപ്പെട്ടു. സുവർണ്ണഭൂമി എയർപോർട്ടിന് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള യാത്രക്കാരുടെ വർദ്ധനവും മറ്റും ഇതിനു പ്രധാന കാരണമായി. തായ് എയർഏഷ്യ, നോക് എയർ തുടങ്ങിയ എയർലൈനുകൾ തങ്ങളുടെ ഭൂരിഭാഗം സർവ്വീസുകളും DMK യിലേക്ക് മാറ്റി. നിലവിൽ എയർഏഷ്യ, തായ് എയർഏഷ്യ, നോക് എയർ, തായ് ലയൺ എയർ, തായ് സ്‌മൈൽ എന്നീ എയർലൈനുകളാണ് ഡോൺ മുവാങ് എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്നത്.

ഡോൺ മുവാങ് എയർപോർട്ടിന് നിലവിൽ മൂന്ന് ടെർമിനലുകൾ ആണുള്ളത്. ടെർമിനൽ 1 അന്താരാഷ്ട്ര വിമാനങ്ങൾക്കും ടെർമിനൽ 2 ആഭ്യന്തര സർവ്വീസുകൾക്കുമാണ് ഉപയോഗിക്കുന്നത്. നവീകരണ പ്രക്രിയകൾക്കുശേഷം ടെർമിനൽ 3 അധികം വൈകാതെ തന്നെ പ്രവർത്തനമാരംഭിക്കും.